എല്ലാദിവസവും രാവിലെ ശേഖ് കുടുംബം മുഴുവന്‍ ജോലിക്ക് തയ്യാറാകുന്നു. മദ്ധ്യശ്രീനഗറിലെ ബടര്‍മാലൂ പ്രദേശത്തെ ചേരികോളനിയില്‍ സ്ഥിതിചെയ്യുന്ന തന്‍റെ വീട്ടില്‍നിന്നും ഫാത്തിമ രാവിലെ 9 മണിക്കിറങ്ങി വൈകുന്നേരം 5 മണിവരെ ഏതാണ്ട് 20 കിലോമീറ്ററോളം ഒഴിഞ്ഞ കുപ്പികളും കാര്‍ഡ്ബോര്‍ഡുകളും പെറുക്കാൻ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടുന്നു. അവരുടെ ഭര്‍ത്താവ് മൊഹമ്മദ് കുര്‍ബാന്‍ ശേഖ്, ചിലപ്പോള്‍, ഒഴിവാക്കപ്പെട്ട സാധനങ്ങള്‍ അന്വേഷിച്ച് നഗരപരിധിക്കപ്പുറം 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള പട്ടണങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിക്കുന്നു. ഒരുമുച്ചക്ര സൈക്കിള്‍റിക്ഷയാണ് അതിനായി ഉപയോഗിക്കുന്നത്. അതിന്‍റെ പിന്നില്‍ സാധനങ്ങള്‍ ശേഖരിക്കാനായി ടെമ്പോ പോലെയുള്ള ഒരു പെട്ടിയും കാണും. 17 മുതല്‍ 21 വയസ്സുവരെ പ്രായമുള്ള അവരുട രണ്ട് പുത്രന്മാരും മകളും ശ്രീനഗറില്‍നിന്നും പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നു.
ശ്രീനഗറിലെ വീടുകളും ഹോട്ടലുകളും നിര്‍മ്മാണ സ്ഥലങ്ങളും പച്ചക്കറിച്ചന്തകളും മറ്റുസ്ഥലങ്ങളും പ്രതിദിനം ഉത്പാദിപ്പിക്കുന്ന 450-500 ടണ്‍ മാലിന്യങ്ങളുടെ (ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ കണക്ക് പ്രകാരം) ചെറിയൊരുഭാഗം നീക്കംചെയ്യാന്‍ ഈ 5 പേരുടെയും പ്രവൃത്തികൾ സഹായകരമാകുന്നു
ശേഖ് കുടുംബം (കൂടാതെ പാഴ്വസ്തുക്കൾ പെറുക്കുന്ന മറ്റനേകരും) മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ മാലിന്യ നിയന്ത്രണ പ്രക്രിയയുമായി ഔപചാരികമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരല്ല. നഗരത്തിലെ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും നീക്കംചെയ്യുന്നതിനുമായി ഏകദേശം 4,000 ശുചീകരണ തൊഴിലാളികളെ മുഴുവന്‍ സമയത്തേക്കോ കരാറടിസ്ഥാനത്തിലോ നിയമിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ കമ്മീഷണറായ അത്ഹര്‍ ആമിര്‍ ഖാന്‍ പറഞ്ഞു. “പഴയ വസ്തുക്കള്‍ ശേഖരിക്കുന്നവരാണെങ്കിലും ഞങ്ങളുടെ ഏറ്റവുംനല്ല സുഹൃത്തുക്കളാണ്”, ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ചീഫ് സാനിറ്റേഷന്‍ ഓഫീസറായ നസീര്‍ അഹ്മദ് പറഞ്ഞു. “100 വര്‍ഷങ്ങള്‍കൊണ്ടുപോലും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവര്‍ നീക്കുന്നു.”
പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ ‘സ്വയംതൊഴില്‍’ ചെയ്യുന്നവരാണെന്ന് മാത്രമല്ല ഒരുതരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് വളരെ അപകടകരമായ അവസ്ഥകളില്‍ അവര്‍ ജോലി ചെയ്യുന്നത്. കോവിഡ്-19 മഹാമാരിനിമിത്തം അവ ഒട്ടും സുരക്ഷിതമല്ലാതാകുന്നു. “ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ജോലി പുനരാരംഭിച്ചു [2021 ജനുവരിയില്‍ ലോക്ക്ഡൗണുകള്‍ക്ക് ഇളവുകള്‍ ആരംഭിച്ചശേഷം]. എന്‍റെ കുടുംബത്തെ ഊട്ടുക എന്ന ശുദ്ധമായ ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ജോലി ചെയ്യുന്നത്, അസുഖം എന്നെ ബാധിക്കില്ലെന്നും അറിയാം...”, 40-കാരിയായ ഫാത്തിമ പറഞ്ഞു.
അതേഭയവും വിശ്വാസവുമാണ് 35-കാരനായ മൊഹമ്മദ് കബീറിനെയും നയിക്കുന്നത്. 2002 മുതല്‍ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന അദ്ദേഹം മദ്ധ്യ ശ്രീനഗറിലെ സോര പ്രദേശത്തുള്ള ചേരി കോളനിയിലാണ് ജീവിക്കുന്നത്. “എന്നെ [കോവിഡ്] ബാധിക്കുകയാണെങ്കില്‍ അത് എന്‍റെ കുടുംബത്തെയും ബാധിക്കുമെന്ന ദുഃഖത്തിലാണ് ഞാന്‍. പക്ഷെ എനിക്കവരെ വിശക്കാന്‍ വിടാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ എന്‍റെ ജോലി ചെയ്യാന്‍ പോകുന്നു. കൊറോണ തുടങ്ങിയപ്പോള്‍ ഠേക്കേദാറില്‍നിന്നും [പാഴ്വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നയാള്‍] ഞാന്‍ 50,000 രൂപ വായ്പയെടുത്തു. ഇപ്പോള്‍ എനിക്കത് തിരിച്ചടയ്ക്കണം. അതുകൊണ്ട് അപകടമുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ ജോലിക്കിറങ്ങി.” ഭാര്യയും രണ്ട് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും അടങ്ങുന്ന ആറംഗ കുടുംബത്തെ പോറ്റുന്നതിനുള്ള ഒരേയൊരു വരുമാനം നേടുന്നത് കബീർ മാത്രമാണ്.
അദ്ദേഹവും മറ്റ് ശുചീകരണ തൊഴിലാളികളും വേറെ അപകടസാദ്ധ്യതകളും നേരിടുന്നു. “മാലിന്യങ്ങളിലെന്താണുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല. ചിലപ്പോള്‍ ബ്ലേഡ്കൊണ്ടുള്ള മുറിവുകള്‍ ഉണ്ടാകുന്നു, ചിലപ്പോള്‍ കുത്തിവയ്ക്കുന്ന സൂചി കൊണ്ടുകയറുന്നു”, 45-കാരനായ ഈമാന്‍ അലി പറഞ്ഞു. വടക്കന്‍ ശ്രീനഗറിലെ എച്.എം.റ്റി. പ്രദേശത്താണ് അദ്ദേഹം ജീവിക്കുന്നത്. ഈ മുറിവുകള്‍ക്കെതിരെ ദുര്‍ബലമായ സംരക്ഷണം എന്നനിലയില്‍ കുറച്ചുമാസങ്ങള്‍ കൂടുമ്പോള്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നോ അല്ലെങ്കില്‍ ക്ലിനിക്കില്‍ നിന്നോ അദ്ദേഹം ആന്‍റി-ടെറ്റനസ് മരുന്നെടുക്കുന്നു.
എല്ലാദിവസവും 50-80 കിലോ ശേഖരിച്ചശേഷം തൊഴിലാളികള്‍ ഒഴിഞ്ഞ സാധനങ്ങള്‍ തങ്ങളുടെ കുടിലുകള്‍ക്ക് സമീപം ഒരു തുറസ്സായ സ്ഥലത്തിട്ടശേഷം വേര്‍തിരിക്കുന്നു. പിന്നീടവര്‍ പ്ലാസ്റ്റിക്കുകള്‍, കാര്‍ഡ്ബോര്‍ഡ്, അലുമിനിയം തകരങ്ങള്‍, എന്നിവയും മറ്റു വസ്തുക്കളും പ്ലാസ്റ്റിക് ചാക്കുകളിലാക്കുന്നു. “ടണ്‍ കണക്കിനുണ്ടെങ്കില്‍ പാഴ്വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നവര്‍ അവരുടെ ട്രക്ക് അയയ്ക്കുന്നു. പക്ഷെ മിക്കപ്പോഴും ഞങ്ങള്‍ ശേഖരിച് സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാറില്ല. ശേഖരിച്ചതെന്തോ അത് ഞങ്ങള്‍ വില്‍ക്കുന്നു. അതിനായി ഞങ്ങള്‍ അടുത്ത 4-5 കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടണം”, മൊഹമ്മദ് കുര്‍ബാന്‍ ശേഖ് പറഞ്ഞു. പാഴ്വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നവര്‍ പ്ലാസ്റ്റിക്കിന് കിലോഗ്രാമിന് 8 രൂപയും കാര്‍ഡ്ബോര്‍ഡിന് കിലോഗ്രാമിന് 5 രൂപയും നല്‍കുന്നു.
പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ മാസത്തില്‍ 15-20 ദിവസങ്ങള്‍ പണിയെടുക്കുന്നു. ബാക്കിയുള്ള ദിവസങ്ങളില്‍ ശേഖരിച്ചവ വേര്‍തിരിക്കുന്നു. അദ്ദേഹത്തിന്‍റെ അഞ്ചംഗ കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് പ്രതിമാസം ഏകദേശം 20,000 രൂപ പാഴ്വസ്തുക്കള്‍ വിറ്റ് നേടുന്നു. “ഇതില്‍നിന്നാണ് ഞങ്ങള്‍ [വീടിന്‍റെ] മാസവാടക 5,000 രൂപ അടയ്ക്കുന്നതും ഭക്ഷണം വാങ്ങുന്നതും സൈക്കിള്‍ [മുച്ചക്രം] നന്നാക്കുന്നതും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതും. ചുരുക്കത്തില്‍, എന്താണോ കിട്ടുന്നത് അത് ഞങ്ങള്‍ കഴിച്ചു തീര്‍ക്കുന്നു. ഞങ്ങളുടേത് പണം സമ്പാദിക്കാന്‍ പറ്റുന്ന പണിയല്ല”, ഫാത്തിമ പറഞ്ഞു.
ഫാത്തിമയുടെ കുടുംബത്തിനും പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന മറ്റുള്ളവര്‍ക്കും അവ ക്രയവിക്രയം ചെയ്യുന്ന ഏതെങ്കിലും പ്രത്യേക ആളുമായി വില്‍പ്പന ക്രമീകരണങ്ങളുണ്ട്. ശ്രീനഗറിന്‍റെ വ്യത്യസ്ത ഭാഗങ്ങളിലായി പാഴ്വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്ന ഏകദേശം 50-60 ആളുകളുണ്ടെന്ന് 39-കാരനായ അതേ ബിസിനസ്സ് ചെയ്യുന്ന റിയാസ് അഹ്മദ് കണക്കുകൂട്ടുന്നു. നഗരത്തിന്‍റെ വടക്ക് ഭാഗമായ ബേമിനയില്‍ നിന്നുള്ളയാളാണ് അദ്ദേഹം. “അവര്‍ ഏകദേശം ഒരു ടണ്ണോളം പ്ലാസ്റ്റിക്കുകളും ഒന്നര ടണ്ണോളം കാര്‍ഡ്ബോര്‍ഡുകളും പാഴ്വസ്തുക്കള്‍ നിക്ഷേപിക്കുന്ന എന്‍റെ സ്ഥലത്ത് എത്തിക്കുന്നു”, അദ്ദേഹം പറഞ്ഞു.്‍റെഗറിന്റെteളുടക്രമീകരണങ്ങളുടെ
ചില സമയങ്ങളില്‍ ഈമാന്‍ ഹുസൈനെപ്പോലുള്ള മദ്ധ്യവര്‍ത്തികള്‍ ഈ പുനചംക്രമണ ശൃംഖലയുടെ ഭാഗമാകുന്നു. “ഈ മുഴുവന്‍ കോളനിയുടെയും കാര്യത്തിൽ ഞാനാണ് അവരുടെയും [പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നവര്‍] കബാഡിവാലകളുടെയും [പാഴ്വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നവര്‍] മദ്ധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നത്”, വടക്കന്‍ ശ്രീനഗറിലെ എച്.എം.റ്റി. പ്രദേശത്തെ തന്‍റെ ചേരിയുടെ കാര്യം പരാമര്‍ശിച്ചുകൊണ്ട് 38-കാരനായ ഈമാന്‍ പറഞ്ഞു. “ശേഖരിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക്കുകളുടെയും കാര്‍ഡ്ബോര്‍ഡുകളുടെയും ഗുണമേന്മക്കനുസരിച്ച് എനിക്ക് അവരില്‍നിന്നും [പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നവരില്‍നിന്നും] ഒരു കിലോഗ്രാമിന് 50 പൈസ മുതല്‍ 2 രൂപവരെ കമ്മീഷനായി ലഭിക്കുന്നു. സാധാരണയായി എനിക്ക് പ്രതിമാസം 8,000 മുതല്‍ 10,000 രൂപവരെ ലഭിക്കുന്നു.”
പുനചംക്രമണം നടത്താത്ത പാഴ്വസ്തുക്കള്‍ (അവയില്‍ ഭൂരിഭാഗവും) നിക്ഷേപിക്കുന്നത് മദ്ധ്യ ശ്രീനഗറിലെ സൈദപോര പ്രദേശത്തെ അചന്‍ സോര നിക്ഷേപ സ്ഥലത്താണ്. ഏതാണ്ട് 65 ഏക്കര്‍വരുന്ന സ്ഥലത്ത് 1965-ല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഇത് തുടങ്ങിയത്. ശ്രീനഗറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങളുടെ അളവ് വര്‍ദ്ധിച്ചിതിനാല്‍ പിന്നീടിത് 175 ഏക്കറിലേക്ക് വ്യാപിപ്പിച്ചു.
പാഴ്വസ്തുക്കള്‍ ശേഖരിക്കാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ “അനൗദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന” ഏകദേശം 120 പേര്‍ക്ക് നിക്ഷേപസ്ഥലത്തുനിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും, “അവര്‍ എല്ലാദിവസവും ഏകദേശം 10 ടണ്ണോളം ശേഖരിക്കുന്നു” എന്നും ചീഫ് സാനിറ്റേഷന്‍ ഓഫീസറായ നസീര്‍ അഹ്മദ് പറഞ്ഞു.
വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം മുടക്കംവരാതെ തുടര്‍ച്ചയായി പ്ലാസ്റ്റിക്കും മറ്റ് പാഴ്വസ്തുക്കളും ഉത്പാദിപ്പിക്കുമ്പോൾ കാശ്മീരിലെ അടിക്കടിയുള്ള പ്രശ്നകാരികളായ സംഭവങ്ങളും ലോക്ക്ഡൗണുകളും പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന നിരവധിപേരെ അവ കച്ചവടം ചെയ്യുന്നവരില്‍നിന്നും വായ്പകള്‍ തേടാന്‍ നിര്‍ബന്ധിതരാക്കി. അല്ലെങ്കില്‍ അവര്‍ പഞ്ഞമാസങ്ങളില്‍ പ്രദേശത്തെ പള്ളികളെ ഭക്ഷണത്തിനായി ആശ്രയിച്ചു.
ഈ കഷ്ടപ്പാടുകള്‍ക്കെല്ലാം അപ്പുറം മറ്റൊരു പ്രശ്നമാണ് അവരെ ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത്: “ഞങ്ങളുടെ തൊഴില്‍കാരണം ആളുകളില്‍നിന്നും ഞങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ല”, ഈമാന്‍ ഹുസൈന്‍ പറഞ്ഞു. “ഞങ്ങള്‍ മോഷ്ടിക്കുമെന്ന കുറ്റാരോപണം ചിലര്‍ നടത്തുന്നു, ഞങ്ങള്‍ ഒരിക്കലും മോഷ്ടിക്കില്ലെങ്കില്‍പ്പോലും. ആളുകള്‍ എറിഞ്ഞുകളയുന്ന കാര്‍ഡ്ബോര്‍ഡുകള്‍ ശേഖരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. പക്ഷെ അതുകൊണ്ടെന്താകാന്‍? സത്യസന്ധമായാണ് ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നതെന്ന് മുകളിലുള്ള ദൈവത്തിനറിയാം.”
പരിഭാഷ: റെന്നിമോന്‍ കെ. സി.