“ആരോടെങ്കിലും ഈ പാട്ടുകൾ വായിക്കാൻ പറയൂ. അതിനുശേഷം ഞാനതിന് സംഗീതം നൽകി വീണ്ടും നിങ്ങൾക്കുവേണ്ടി പാടാം”, ദാദു സാൽവെ ഞങ്ങളോട് പറയുന്നു.
എഴുപതുകളിലെത്തിയ, പ്രായം ചെന്ന ഈ അംബേദ്കർ പ്രസ്ഥാനത്തിന്റെ പോരാളി, ഇപ്പോഴും തന്റെ ശബ്ദവും ഹാർമ്മോണിയവുമുപയോഗിച്ച്, അസമത്വത്തിനെതിരേ പൊരുതാനും നിർണ്ണായകമായ സാമൂഹ്യമാറ്റങ്ങൾ കൊണ്ടുവരാനും സദാ പ്രതിജ്ഞാബദ്ധനാണ്
അഹമ്മദ്നഗർ നഗരത്തിലെ ഒറ്റമുറി വീട്ടിൽ, അംബേദ്ക്കറിന് സംഗീതാഞ്ജലി നൽകിയ ഒരു ജീവിതകാലം ഞങ്ങൾക്കുമുമ്പിൽ ചുരുളഴിഞ്ഞു. ചുമരിലെ ഷെൽഫിനെ അലങ്കരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ഗുരു, ഇതിഹാസതുല്യനായ ഭീം ഷാഹിർ വാമൻദാദ കർദാക്കിന്റെ ഒരു ചിത്രമുണ്ടായിരുന്നു. കൂടെ, അദ്ദേഹത്തെ വിശ്വസ്തതയോടെ അനുഗമിച്ചിരുന്ന ചില വസ്തുക്കളും: ഹാർമ്മോണിയം, തബല, ധോലക് എന്നിവ.
ഭീമിനെക്കുറിച്ചുള്ള പാട്ടുകൾ പാടി ആറ് ദശാബ്ദത്തോളം സഞ്ചരിച്ച തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ദാദു സാൽവെ തയ്യാറായി.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ (അഹമ്മദനഗർ എന്നും പേരുണ്ട്) ജില്ലയിലെ നാൽഗാംവിൽ (ഗൌതംനഗർ എന്നും അറിയപ്പെടുന്നു) 1952 ജനുവരി 9-നാണ് സാൽവെയുടെ ജനനം. അച്ഛൻ നാനാ യാദവ് സാൽവെ സൈന്യത്തിലായിരുന്നു സേവനമനുഷ്ഠിച്ചത്. അമ്മ തുളസബായി വീട്ടുപണികളും കൂലിപ്പണിയും ചെയ്തു.
ദാദുവിന്റെ അച്ഛനെപ്പോലെ ബ്രിട്ടീഷ് സൈന്യത്തിൽ ജോലിചെയ്തിരുന്ന ആളുകളാണ് ദളിതരുടെ അവബോധത്തിൽ മാറ്റങ്ങൾ വരാൻ കാരണക്കാരായത്. സ്ഥിരമായ ജോലിയും ശമ്പളവും ഭക്ഷണവും കിട്ടിത്തുടങ്ങിയതോടെ, ഔപചാരികമായ വിദ്യാഭ്യാസം അവർക്ക് പ്രാപ്യമാവുകയും ലോകത്തിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും ചെയ്തു. അത് അവരുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും, ചൂഷണത്തോട് പൊരുതാനും അതിനെ ചെറുക്കാനും അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.
ദാദുവിന്റെ അച്ഛൻ സൈന്യത്തിൽനിന്ന് വിരമിച്ച് ഇന്ത്യൻ പോസ്റ്റൽ സർവ്വീസിൽ പോസ്റ്റ്മാനായി ജോലിക്ക് കയറി. അക്കാലത്ത്, മൂർദ്ധന്യത്തിലെത്തിയിരുന്ന അംബേദ്ക്കർ പ്രസ്ഥാനത്തിൽ സജീവമായിരുന്നു അദ്ദേഹം. അച്ഛന്റെ പ്രവർത്തനം കാരണം, ആ പ്രസ്ഥാനത്തെ ഉള്ളിൽനിന്ന് നിരീക്ഷിക്കാനും അനുഭവിക്കാനും ദാദുവിന് സാധിച്ചു.
അച്ഛനമ്മാർക്ക് പുറമേ, കുടുംബത്തിലെ മറ്റൊരാളും ദാദുവിനെ സ്വാധീനിക്കുകയുണ്ടായി. കാദുബാബ എന്നറിയപ്പെട്ടിരുന്ന മുത്തച്ഛൻ യാദവ് സാൽവെ.
താടി നീട്ടിവളർത്തിയിരുന്ന ഒരു വൃദ്ധനെക്കുറിച്ചുള്ള കഥ അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞുതന്നു. വിദേശത്തുനിന്ന് വന്ന ഒരു ഗവേഷകൻ ആ വൃദ്ധനോട് ചോദിച്ചുവത്രെ, “എന്തിനാണ് ഇത്ര വലിയ താടി വളർത്തുന്നതെന്ന്”. 80 വയസ്സായ ആ മനുഷ്യൻ കരയാൻ തുടങ്ങി. അല്പം കഴിഞ്ഞ്, ശാന്തനായി അയാൾ അയാളുടെ കഥ പറയാൻ തുടങ്ങി.
“ബാബാസാഹേബ് അംബേദ്കർ അഹമ്മദ്നഗർ ജില്ല സന്ദർശിക്കുകയായിരുന്നു. അദ്ദേഹത്തെ ഞാൻ എന്റെ ഗ്രാമമായ ഹാരെഗാംവിലേക്ക് ക്ഷണിച്ചു. അവിടെ ഒരാൾക്കൂട്ടം അദ്ദേഹത്തെ കാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു”. എന്നാൽ തിരക്കിലായിരുന്നതുകൊണ്ട് ബാബാസാഹേബിന് ഗ്രാമത്തിൽ വരാൻ സമയം കിട്ടിയില്ല. പിന്നെയൊരിക്കൽ വരാമെന്ന് ഉറപ്പ് കൊടുത്തു. ബാബാസാഹേബ് ഗ്രാമത്തിൽ വന്നാൽ മാത്രമേ ഇനി താൻ താടി വടിക്കൂ എന്ന് ആ മനുഷ്യൻ പ്രതിജ്ഞയെടുത്തു.
വർഷങ്ങളോളം അദ്ദേഹം കാത്തിരുന്നു. താടി വളർന്ന് വലുതായിക്കൊണ്ടിരുന്നു. 1956-ൽ ബാബാസാഹേബ് അന്തരിച്ചു. “താടി വളർന്നുകോണ്ടേയിരുന്നു. ഞാൻ മരിക്കുമ്പോഴും ഇത് ഇതുപോലെയുണ്ടാവും”, പ്രായമായ ആ മനുഷ്യൻ പറഞ്ഞു. ആ ഗവേഷകൻ എലീനോർ സെല്ലിയോട്ട് ആയിരുന്നു. അംബേദ്ക്കർ പ്രസ്ഥാനത്തെക്കുറിച്ച് ഏറെ പഠിച്ച പ്രശസ്തനായ പണ്ഡിതൻ. ആ വൃദ്ധൻ, ദാദു സാൽവെയുടെ മുത്തച്ഛൻ കാദുബാബയും.
*****
അഞ്ച് ദിവസം പ്രായമായപ്പോൾ ദാദുവിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. ആരോ രണ്ട് കണ്ണിലും ഒരു മരുന്നൊഴിച്ചതാണ് കണ്ണിന് ഗുരുതരമായ നാശം വരുത്തിയത്. ഒരു ചികിത്സയും ഫലിച്ചില്ല. പിന്നീടൊരിക്കലും കാഴ്ചശക്തി തിരിച്ചുകിട്ടിയതുമില്ല. വീട്ടിൽ ഒതുങ്ങിപ്പോയതുകൊണ്ട് സ്കൂൾ വിദ്യാഭ്യാസത്തിനും അവസരമുണ്ടായില്ല.
ഏക്താരി ഭജൻ ആലപിക്കുന്ന ചുറ്റുവട്ടത്തെ ഗായകരുടെ കൂടെ, ദിംഡി വായിക്കാൻ ചേർന്നു ദാദു. മരവും തോലും ലോഹവുംകൊണ്ട് നിർമ്മിച്ച ഒരു കൊട്ടുവാദ്യമാണ് ദിംഡി.
“ആരോ വന്ന്, ബാബാസാഹേബ് മരിച്ചുപോയ വിവരം അറിയിച്ചത് എനിക്ക് ഓർമ്മയുണ്ട്. അദ്ദേഹം ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ ആളുകൾ കരയുന്നത് കേട്ടപ്പോൾ, വലിയ ഏതോ ആളാണെന്ന് മനസ്സിലായി”, ദാദു ഓർത്തെടുക്കുന്നു.
ബാബാസാഹേബ് ദീക്ഷിത് എന്നൊരാൾ അഹമ്മദ്നഗറിൽ ദത്ത ഗായൻ മന്ദിർ എന്ന് പേരുള്ള ഒരു സംഗീതവിദ്യാലയം നടത്തുന്നുണ്ടായിരുന്നു. എന്നാൽ ഫീസടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ ദാദുവിന് അതിൽ ചേരാൻ സാധിച്ചില്ല. ആ സമയത്ത്, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു എം.എൽ.എ, ആർ.ഡി. പവാർ എന്നൊരാൾ സാമ്പത്തിക സഹായം നൽകിയതുകൊണ്ട് ദാദുവിന് ആ സ്കൂളിൽ ചേരൻ സാധിച്ചു. പവാർ ദാദുവിന് ഒരു പുത്തൻ ഹാർമ്മോണിയവും വാങ്ങിക്കൊടുത്തു. അങ്ങിനെ 1971-ൽ ദാദു സംഗീത് വിശാരദ് എന്ന പരീക്ഷയിൽ വിജയിച്ചു.
അതിനുശേഷം, അക്കാലത്തെ ഒരു പ്രമുഖ ഖവാലി ഗായകനായ മെഹ്മൂർ ഖവാൽ നിസാമിയുടെ കൂടെ ചേർന്നു ദാദു. അദ്ദേഹത്തിന്റെ പരിപാടികളിൽ പാടാനും തുടങ്ങി. അതായിരുന്നു ഒരേയൊരു വരുമാനം. പിന്നീട്, മറ്റൊരു സംഘത്തിന്റെ കൂടെ ചേർന്നു. സംഗമനേർ എന്ന പട്ടണത്തിൽ, സഖാവ് ദത്ത ദേശ്മുഖ ആരംഭിച്ച കാലാ പഥക് എന്ന ട്രൂപ്പിൽ. മറ്റൊരു സഖാവായ ഭാസ്കർ ജാദവ് സംവിധാനം ചെയ്ത വാസുദേവാച ദൌര എന്ന നാടകത്തിനുവേണ്ടി പാട്ടുകൾക്ക് സംഗീതസംവിധാനവും ചെയ്തു.
ലോഗ് കവി (ജനങ്ങളുടെ കവി) എന്ന് അറിയപ്പെടുന്ന കേശവ് സുഖ ആഹെറിനെയും ദാദു ശ്രവിക്കാറുണ്ടായിരുന്നു. നാസിക്കിലെ കാലാറാം മന്ദിറിൽ പ്രവേശനം നിഷേധിച്ചതിനെതിരേ പ്രതിഷേധിക്കുകയായിരുന്ന ഒരു സംഘം വിദ്യാർത്ഥികളെ ആഹെർ അനുഗമിക്കുകയുണ്ടായി. തന്റെ പാട്ടുകളിലൂടെ അംബേദ്ക്കർ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന ആഹെറിന്, ഭീംറാവു കർദാക്കിന്റെ ‘ ജൽസ ’ കേട്ടപ്പോൾ കുറച്ച് പാട്ടുകളെഴുതണമെന്ന് ആഗ്രഹം തോന്നി.
അതിൽപ്പിന്നെ, ജൽസയ്ക്കും ദളിത് അവബോധമുണർത്തുന്നതിനുംവേണ്ടി ആഹെർ തന്റെ പാട്ടുകൾ മുഴുവൻ സമയവും ഉഴിഞ്ഞുവെച്ചു.
1952-ലെ പൊതുതിരഞ്ഞെടുപ്പിൽ അംബേദ്ക്കർ മുംബൈയിൽനിന്ന് ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചു. ആഹെർ ‘നവ ഭാരത് ജൽസ മണ്ഡൽ’ ആരംഭിക്കുകയും ജൽസ യ്ക്കുവേണ്ടി പുതിയ പാട്ടുകളെഴുതുകയും ഡോ. അംബേദ്ക്കറിനുവേണ്ടി പ്രാചാരണത്തിൽ പങ്കെടുക്കുകയും ചെയ്തു. ഈ മണ്ഡൽ സംഘടിപ്പിച്ച പരിപാടികൾ ദാദു കേട്ടിരുന്നു.
സ്വാതന്ത്ര്യസമരകാലത്ത്, അഹമ്മദ്നഗർ, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടയായിരുന്നു. “പല നേതാക്കളും ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. എന്റെ അച്ഛൻ അവരോടൊത്ത് പ്രവർത്തിച്ചു. ദാദാസാഹേബ് രൂപവതെ, ആർ.ഡി. പവാർ തുടങ്ങിയവർ അംബേദ്ക്കർ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. അഹമ്മദ്നഗറിലെ പ്രസ്ഥാനത്തെ നയിച്ചത് അവരായിരുന്നു” എന്ന് ദാദു സാൽവെ പറയുന്നു.
ദാദു പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കുകയും ബി.സി. കാംബ്ലെയുടേയും ദാദാസാഹേബ് രൂപവതെയുടേയും പ്രസംഗങ്ങൾക്ക് കാതോർക്കുകയും ചെയ്തു. പിന്നീട്, ഈ രണ്ട് മഹാരഥന്മാരും വഴിപിരിയുകയും അത് അംബേദ്ക്കർ പ്രസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. പല പാട്ടുകളേയും സ്വാധീനിച്ചിരുന്നത് രാഷ്ട്രീയ സംഭവങ്ങളായിരുന്നുവെങ്കിലും, ‘ഇരു വിഭാഗങ്ങളും ‘ കൽഗി - തുര ’യിലും (ഒരു വിഭാഗം ചോദ്യം ചോദിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യുമ്പോൾ മറുവിഭാഗം അതിനെ ഖണ്ഡിക്കുന്ന ശൈലി) മിടുക്ക് കാണിച്ചിരുന്നു.
लालजीच्या घरात घुसली!!
ആ സ്ത്രീക്ക് വയസ്സുകാലത്ത് ബുദ്ധിഭ്രമം വന്നിരിക്കുന്നു
അവരിപ്പോൾ ലാൽജിയുടെ വീട്ടിലേക്ക് കയറി!
ബോധം നഷ്ടപ്പെട്ട് ദാദാസാഹേബ് കമ്മ്യൂണിസ്റ്റുകാരുടെ കൂടെ കൂടി എന്ന് വ്യംഗ്യം.
അതിന് ദാദാസാഹേബിന്റെ പക്ഷം മറുപടി നൽകി:
तू पण असली कसली?
पिवळी टिकली लावून बसली!
സ്ത്രീയേ, ഒന്ന് സ്വന്തം മുഖം നോക്ക്
മൂർദ്ധാവിലെ ആ മഞ്ഞ പൊട്ടും
“പാർട്ടി പതാകയിലെ നീല അശോകചക്രം മാറ്റി ബി.സി. കാംബ്ലെ അതിന്റെ സ്ഥാനത്ത് മഞ്ഞ നിറത്തിലുള്ള പൂർണ്ണചന്ദ്രനെ വെച്ചിരുന്നു. അതാണ് ഉദ്ദേശിച്ചത്”, ദാദു വിശദീകരിക്കുന്നു.
ദാദാസാഹേബ് രൂപവതെ ബി.സി. കാംബ്ലെയുടെ വിഭാഗത്തിന്റെ കൂടെയായിരുന്നു. പിന്നീട് അദ്ദേഹം കോൺഗ്രസ്സിൽ ചേർന്നു. മറ്റൊരു പാട്ടിൽ അദ്ദേഹത്തെയും കളിയാക്കുന്നുണ്ട്.
अशी होती एक नार गुलजार
अहमदनगर गाव तिचे मशहूर
टोप्या बदलण्याचा छंद तिला फार
काय वर्तमान घडलं म्होरं S....S....S
ध्यान देऊन ऐका सारं
അഹമ്മദ്നഗർ പട്ടണത്തിൽനിന്ന്
സുന്ദരിയും യുവതിയുമായ ഒരു സ്ത്രീ വരുന്നു
അവർക്ക് അവരുടെ താമസസ്ഥലം മാറണമെന്ന് ഒരാഗ്രഹം
അവർക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നല്ലേ?
ശ്രദ്ധിച്ച് കേൾക്കൂ, എല്ലാം അറിയൂ...
“അംബേദ്ക്കർ പ്രസ്ഥാനത്തിലെ ഈ കൽഗി - തുര കേട്ടാണ് ഞാൻ വളർന്നത്”, ദാദു പറയുന്നു.
*****
ദാദു സാൽവെയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു 1970. മഹാരാഷ്ട്രയുടെ വിദൂരസ്ഥമായ കോണുകളിലേക്കും അതിനുമപ്പുറത്തേക്കും ഡോ. അംബേദ്ക്കറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനത്തെ എത്തിച്ച ഗായകൻ വാമൻദാദ കർദാക്കിനെ ദാദു കണ്ടുമുട്ടി. തന്റെ അവസാന ശ്വാസംവരെ വാമൻദാദ ആ ദൌത്യത്തിലായിരുന്നു.
വാമൻദാദ കാർദാക്കുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയായിരുന്നു 75 വയസ്സായ മാധവ്‌റാവു ഗെയ്ൿവാഡ്. ദാദുവിനെ വാമൻദാദയുടെ അടുക്കലേക്ക് എത്തിച്ചത് മാധവ്‌റാവുവായിരുന്നു. വാമൻദാദ സ്വയം കൈപ്പടയിലെഴുതിയ 5,000-ത്തിൽപ്പരം ഗാനങ്ങൾ മാധവ്‌റാവുവും ഭാര്യ, 61 വയസ്സുള്ള സുമിത്രയും ശേഖരിച്ചിരുന്നു.
“അദ്ദേഹം 1970-ലാണ് നഗറിലേക്ക് വന്നത്. അംബേദ്ക്കറിന്റെ പ്രവർത്തനങ്ങളും സന്ദേശവും പ്രചരിപ്പിക്കുന്നതിനായി ഒരു ‘ ഗായൻ ’ സംഘം തുടങ്ങാൻ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു. ദാദു സാൽവെ അംബേക്കറിനെക്കുറിച്ച് പാടാറുണ്ടായിരുന്നെങ്കിലും നല്ല പാട്ടുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ വാമൻദാദയെ പോയിക്കണ്ട്, ‘ഞങ്ങൾക്ക് അങ്ങയുടെ ചില പാട്ടുകൾ വേണം’ എന്ന് പറഞ്ഞു”, മാധവ്‌റാവു പറഞ്ഞു.
താൻ എഴുതിയ പാട്ടുകളൊന്നും സൂക്ഷിക്കാറില്ലെന്ന് വാമൻദാദ മറുപടി പറഞ്ഞു. “ഞാൻ എഴുതും, അവതരിപ്പിക്കും, അവിടെത്തന്നെ ഉപേക്ഷിക്കും”.
“ഇത്ര വിലപിടിപ്പുള്ള ഒരു നിധി പാഴായിപ്പോകുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് വേദന തോന്നി. അദ്ദേഹം (വാമൻദാദ) ജീവിതം മുഴുവൻ അംബേക്കർ പ്രസ്ഥാനത്തിനുവേണ്ടി ചിലവഴിച്ചു”, മാധവ്‌റാവു പറഞ്ഞു.
അദ്ദേഹത്തിന്റെ കൃതികൾ ശേഖരിക്കാനായി, വാമൻദാദ പരിപാടികൾ അവതരിപ്പിക്കുന്ന സ്ഥലത്തെല്ലാം മാധവ്‌റാവു ദാദു സാൽവെയെയും കൂട്ടി പോകാൻ തുടങ്ങി. “ദാദുവാണ് അദ്ദേഹത്തിന് ഹാർമ്മോണിയം വായിച്ചിരുന്നത്. അദ്ദേഹം പാടുമ്പോൾ ആ പാട്ടുകൾ ഞാൻ എഴുതിയെടുത്തു. സജീവമായിരുന്നു അവ”.
5,000-ത്തിലധികം പാട്ടുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. വെളിച്ചം കാണാത്ത മറ്റൊരു 3,000 പാട്ടുകളും വേറെയുണ്ട്. “സാമ്പത്തിക ഞെരുക്കംകൊണ്ട് എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ഞാനൊരു കാര്യം പറയാം. ദാദു സാൽവെയുടെ സഹായംകൊണ്ട് മാത്രമാണ് അംബേദ്ക്കർ പ്രസ്ഥാനത്തിന്റെ വിജ്ഞാനവും അറിവും എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞത്”, മാധവ്‌റാവു പറഞ്ഞു.
വാമൻദാദയുടെ രചനകളുടെ സ്വാധീനത്തിൽപ്പെട്ട് ദാദു സാൽവെ ഒരു പുതിയ കാലാ പഥക് തുടങ്ങാൻ തീരുമാനിച്ചു. താബാജി ഗെയ്ൿവാഡ്, സഞ്ജയ് നാഥ ജാദവ്, രഘു ഗംഗാറാം സാൽവെ, മിലിന്ദ് ഷിൻഡെ എന്നിവരെ അദ്ദേഹം ഒരുമിച്ചുകൂട്ടി. ഈ സംഘത്തിന്റെ പേരാണ് ഭീം സന്ദേശ് ഗായൻ പാർട്ടി. അംബേക്കറിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സംഗീതസംഘം എന്നാണ് അതിന്റെ അർത്ഥം.
ഒരു ദൌത്യം പൂർത്തീകരിക്കാനാണ് അവർ പാടിയിരുന്നത്. അതുകൊണ്ട് അവരുടെ അവതരണങ്ങൾ ആരോടും പരിഭവം പ്രകടിപ്പിക്കാത്തതും കൃത്യതയുള്ളതുമായിരുന്നു.
ദാദു ഈ പാട്ട് ഞങ്ങൾക്കുവേണ്ടി പാടുന്നു:
उभ्या विश्वास ह्या सांगू तुझा संदेश भिमराया
तुझ्या तत्वाकडे वळवू आता हा देश भिमराया || धृ ||
जळूनी विश्व उजळीले असा तू भक्त भूमीचा
आम्ही चढवीला आता तुझा गणवेश भिमराया || १ ||
मनुने माणसाला माणसाचा द्वेष शिकविला
तयाचा ना ठेवू आता लवलेश भिमराया || २ ||
दिला तू मंत्र बुद्धाचा पवित्र बंधुप्रेमाचा
आणू समता हरू दीनांचे क्लेश भिमराया || ३ ||
कुणी होऊ इथे बघती पुन्हा सुलतान ह्या भूचे
तयासी झुंजते राहू आणुनी त्वेष भिमराया || ४ ||
कुणाच्या रागलोभाची आम्हाला ना तमा काही
खऱ्यास्तव आज पत्करला तयांचा रोष भिमराया || ५ ||
करील उत्कर्ष सर्वांचा अशा ह्या लोकशाहीचा
सदा कोटी मुखांनी ह्या करू जयघोष भिमराया || ६ ||
कुणाच्या कच्छपी लागून तुझा वामन खुळा होता
तयाला दाखवित राहू तयाचे दोष भिमराया || ७ ||
ഭീംരായാ, അങ്ങയുടെ സന്ദേശങ്ങൾ ഞങ്ങൾ
ലോകത്തേക്കെത്തിക്കട്ടെ
നമുക്കവയെ എല്ലാം അങ്ങയുടെ ആദർശങ്ങളിലേക്ക് എത്തിക്കാം
ഭീംരായാ [1]
മണ്ണിന്റെ മകനേ,
സ്വയം
കത്തിയെരിഞ്ഞ് നീ ലോകത്തിന് വെളിച്ചം കൊടുത്തു,
ഇവിടെയിതാ ഞങ്ങൾ അങ്ങയെ പിന്തുടർന്ന്, അങ്ങയുടെ വേഷം ധരിക്കുന്നു ഭീംരായാ (ശിഷ്യരെപ്പോലെ ഒരേ
വേഷത്തിൽ) [2]
അന്യനെ വെറുക്കാൻ മനു ഞങ്ങളെ പഠിപ്പിച്ചു.
ഭീംരായാ, അയാളെ ഉന്മൂലനം ചെയ്യുമെന്ന് ഞങ്ങളിതാ
പ്രതിജ്ഞയെടുക്കുന്നു [3]
ബുദ്ധന്റെ സാഹോദര്യം നീ ഞങ്ങളെ പഠിപ്പിച്ചു
ഞങ്ങൾ സമത്വം കൊണ്ടുവരും, ദരിദ്രരെ അവരുടെ വേദനകളിൽനിന്ന് മോചിപ്പിക്കും [4]
ചിലർ വീണ്ടും ഈ രാജ്യം ഭരിക്കാൻ ആഗ്രഹിക്കുന്നു
എല്ലാ ശക്തിയുമുപയോഗിച്ച് ഞങ്ങളതിനെ ചെറുക്കും ഭീംരായാ [5]
അവർ സന്തോഷിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യട്ടെ, ആര് ശ്രദ്ധിക്കുന്നു അതൊക്കെ
നമ്മുടെ സത്യം ഉറപ്പിക്കാൻ അവരുടെ ശത്രുതയെപ്പോലും നമ്മൾ
ക്ഷണിച്ചുവരുത്തും[6]
അവരുടെ വാക്കുകൾ കേട്ട് കുഴിയിൽ വീഴാൻ വാമൻ (കർദാക്ക്) വിഡ്ഡിയാണോ?
നമ്മൾ അവരെ കണ്ണാടി കാണിച്ചുകൊണ്ടിരിക്കും ഭീംരായാ [7]
ഒരു അവതരണം നടത്താൻ ദാദുവിനെ ക്ഷണിക്കുമ്പോഴൊക്കെ അദ്ദേഹം വാമൻദാദയുടെ പാട്ടുകൾ പാടാറുണ്ടായിരുന്നു. കുട്ടികൾ ജനിക്കുമ്പോഴും പ്രായമായവരും രോഗികളും മരണപ്പെടുമ്പോഴും, മറ്റ് കുടുംബ ചടങ്ങുകളിലുമൊക്കെ ആളുകൾ കാലാ പഥക്കിനെ അംബേദ്ക്കർ ഗാനങ്ങൾ പാടാൻ ക്ഷണിച്ചു.
അംബേദ്ക്കർ പ്രസ്ഥാനത്തിനെ വളർത്തുന്നതിനുവേണ്ടിയാണ് ദാദുവിനെപ്പോലുള്ളവർ പാടിയിരുന്നത്. ഗായകസംഘം ഒരിക്കലും പ്രതിഫലം പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷസൂചകമായി ആളുകൾ പ്രധാന കലാകാരന് നാളികേരവും സംഘത്തിന് ചായയും സത്ക്കരിക്കും. അത്രമാത്രം. “എനിക്ക് പാടാൻ അറിയാമല്ലോ. പ്രസ്ഥാനത്തിനുവേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നത് അതുമാത്രമാണ്. വാമൻദാദയുടെ പൈതൃകം ഞാൻ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നു”, ദാദു പറയുന്നു.
*****
മഹാരാഷ്ട്രയിലെ പല ഗായകരുടേയും ഗുരുവാണ് വാമൻദാദ. പക്ഷേ ദാദുവിന്റെ ജീവിതത്തിൽ അദ്ദേഹത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. കാഴ്ചശക്തിയില്ലാത്തതിനാൽ, വാമൻദാദയുടെ പാട്ടുകൾ സംരക്ഷിക്കുന്നതിന് ദാദുവിന് ഒരേയൊരു മാർഗ്ഗമേയുള്ളു. അവയെല്ലാം കേൾക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുക എന്നത്. 2,000-ലധികം പാട്ടുകൾ ദാദുവിന് മന:പാഠമാണ്, പാട്ട് മാത്രമല്ല, അതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും. എന്നാണ് എഴുതപ്പെട്ടത്, ഏത് പശ്ചാത്തലത്തിൽ, അതിന്റെ ആദ്യത്തെ ഈണം എങ്ങിനെയായിരുന്നു തുടങ്ങി എല്ലാം ദാദുവിന് ഇപ്പോഴും നല്ല നിശ്ചയമാണ്. മഹാരാഷ്ട്രയിൽ വ്യാപകമായി ഉപയോഗിക്കുന്ന വാമൻദാദയുടെ ജാതിവിരുദ്ധ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ദാദുവായിരുന്നു.
സംഗീതത്തിൽ പരിശീലനം കിട്ടിയതുകൊണ്ട്, ആ കാര്യത്തിൽ വാമൻദാദയേക്കാൾ ഒരടി മുന്നിലായിരുന്നു ദാദു. ഈണത്തിന്റെ സാങ്കേതികവശം, താളം, കവിതയുടെയു ഗാനത്തിന്റെയും വൃത്തം, തുടങ്ങി എല്ലാ വശങ്ങളും ദാദുവിന് അറിയാമായിരുന്നു. പലപ്പോഴും ഇവയെക്കുറിച്ചൊക്കെ ദാദു തന്റെ ഗുരുവുമായി ചർച്ചയും ചെയ്യാറുണ്ടായിരുന്നു. വാമൻദാദയുടെ മരണശേഷവും പല പാട്ടുകൾക്കും ഈണം നൽകിയിട്ടുണ്ട് ദാദു. പഴയ ചില ഈണങ്ങളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ടായിരുന്നു.
ആ വ്യത്യാസം ഞങ്ങൾക്ക് കാണിച്ചുതരാനായി, വാമൻദാദയുടെ പഴയൊരു രചനയും ഈണവും താൻ കൊടുത്ത ഈണവും അദ്ദേഹം പാടിത്തന്നു.
भीमा तुझ्या मताचे जरी पाच लोक असते
तलवारीचे तयांच्या न्यारेच टोक असते
ഓ, ഭീം, അങ്ങയോട് യോജിപ്പുള്ള അഞ്ചുപേർ മാത്രം ബാക്കിവന്നാലും
അവരുടെ ആയുധങ്ങൾക്ക് മറ്റുള്ളവരുടെ ആയുധങ്ങളേക്കാൾ മൂർച്ചകൂടും
തന്റെ മരണത്തെക്കുറിച്ചുള്ള ഒരു പാട്ടുപോലും, വാമൻദാദ ദാദുവീന് പാടിക്കൊടുത്തിരുന്നു. അതായിരുന്നു അവർക്കിടയിലെ ബന്ധം.
राहील विश्व सारे, जाईन मी उद्याला
निर्वाण गौतमाचे, पाहीन मी उद्याला
ലോകം അവശേഷിക്കും, ഞാൻ യാത്രയാവും
ഗൌതമന്റെ നിർവ്വാണത്തിന് ഞാൻ സാക്ഷിയാവുന്നു
ആർദ്രമായ ഒരു ഈണമാണ് ദാദു ഇതിന് നൽകിയത്. അത് ഒരു ജൽസയിൽ അവതരിപ്പിക്കുകയും ചെയ്തു.
*****
ദാദുവിന്റെ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അവിഭാജ്യമായ ഘടകമാണ് സംഗീതം
അംബേദ്ക്കറിനെക്കുറിച്ചുള്ള ജനകീയമായ നാടൻപാട്ടുകളും ഐതിഹ്യങ്ങളും പ്രാചാരത്തിലിരിക്കുമ്പോഴാണ് അദ്ദേഹം പാടിയിരുന്നത്. ഭീംറാവു കർദാക്ക്, ലോഗ്-കവി അർജുൻ ബലേറാവു, ബുൽദാനയിൽനിന്നുള്ള കേദാർ സഹോദരന്മാർ, പുനെയിൽനിന്നുള്ള രാജാനന്ദ് ഗഡ്‌പായലെ, ശ്രാവൺ യശ്വന്തെ, വാമൻദാദ കർദാക്ക് എന്നിവരായിരുന്നു ആ ജനപ്രിയ ഗാനശാഖയിലെ അതികായർ.
ഈ പാട്ടുകൾക്ക് തന്റെ സംഗീതവൈഭവവും ശബ്ദവും നൽകിക്കൊണ്ട് സ്വന്തം ഗായകസംഘവുമായി ദാദു നാട്ടിൻപുറങ്ങളിൽ അലഞ്ഞുനടന്നു. ഈ പാട്ടുകളിൽനിന്നാണ്, അംബേദ്ക്കറിന്റെ മരണാനന്തര തലമുറ, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും, പ്രവൃത്തികളെക്കുറിച്ചും സന്ദേശത്തെക്കുറിച്ചും മനസ്സിലാക്കിയത്. ആ തലമുറയെ പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്നതിലും അവരുടെ പ്രതിബദ്ധത വളർത്തുന്നതിലും ദാദു നിർണ്ണായകമായ പങ്ക് വഹിച്ചു.
പാടത്ത് പണിയെടുക്കുന്ന കർഷകന്റെ സംഘർഷവും, സ്വാഭിമാനത്തിനായുള്ള ദളിതന്റെ പോരാട്ടവും പല കവികളും വരികളിലാവിഷ്കരിച്ചു. തഥാഗത ബുദ്ധന്റേയും, കബീറിന്റേയും ജ്യോതിബാ ഫൂലെയുടേയും സന്ദേശങ്ങളും ഡോ. അംബേദ്ക്കറിന്റെ ജീവിതവും വ്യക്തിത്വവും പ്രതിഫലിക്കുന്ന പാട്ടുകളും എഴുതാൻ അവർ അദ്ധ്വാനിച്ചു. എഴുതാനും വായിക്കാനും സാധിക്കാതെ വന്ന ജനങ്ങൾക്ക് ഇതായിരുന്നു അവരുടെ വിദ്യാഭ്യാസം. കൂടുതൽക്കൂടുതൽ ആളുകളിലേക്ക് ഇതെത്തിക്കാൻ ദാദു തന്റെ സംഗീതത്തെയും ഹാർമ്മോണിയത്തെയും ഉപയോഗിച്ചു. ജനങ്ങളുടെ മനസ്സാക്ഷിയുടെ നിർണ്ണായകമായ ഭാഗമായി മാറി ആ ഗാനങ്ങൾ.
ഈ ഗാനങ്ങളിലെ സന്ദേശങ്ങളും ഷഹീറുകളുടെ ഉജ്ജ്വലമായ ആലാപനവും, ജാതിവിരുദ്ധ പ്രസ്ഥാനത്തെ ഉൾനാടുകളിലേക്കെത്തിച്ചു. അംബേദ്ക്കർ പ്രസ്ഥാനത്തിന്റെ ജീവോർജ്ജമാണ് ഈ പാട്ടുകൾ. സമത്വത്തിനായുള്ള പോരാട്ടത്തിലെ ഒരു എളിയ പോരാളിയായിട്ടാണ് ദാദു സ്വയം വിലയിരുത്തുന്നത്.
പൈസ സമ്പാദിക്കാനുള്ള മാർഗ്ഗമായി അദ്ദേഹം ഒരിക്കലും ഈ പാട്ടുകളെ കണ്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തൊളം ഇതൊരു ദൌത്യമായിരുന്നു. എന്നാലിന്ന്, 72-ആം വയസ്സിൽ, ആ പഴയ ആരോഗ്യവും ഊർജ്ജവുമൊക്കെ അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നു. 2005-ൽ മകൻ മരിച്ചതിനെത്തുടർന്ന്, പുത്രവധുവിന്റേയും മൂന്ന് പേരക്കുട്ടികളുടേയും സംരക്ഷണം അദ്ദേഹത്തിന്റെ ചുമലിലായി. പിന്നീട്, മകന്റെ ഭാര്യ പുനർവിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ, ദാദു ആ തീരുമാനത്തെ സർവാത്മനാ പിന്തുണച്ചു. അദ്ദേഹവും ഭാര്യ ദേവ്ബായിയും ഈ ഒറ്റമുറി വീട്ടിലേക്ക് മാറി. 65 വയസ്സായ ദേവ്ബായി രോഗാവസ്ഥയിലും കിടപ്പിലുമാണ്. നാടോടി കലാകാരന്മാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന തുച്ഛമായ പെൻഷനിലാണ് ഇപ്പോൾ ജീവിതം. ഈ ജീവിതദുരിതത്തിലും, അംബേദ്ക്കർ പ്രസ്ഥാനത്തോടും തന്റെ സംഗീതത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് ഒരു മാറ്റവുമില്ല.
പുതിയ പാട്ടുകളുടെ തരംഗത്തെക്കുറിച്ച് ദാദുവിന് വലിയ മതിപ്പില്ല. “ഇപ്പോഴത്തെ കലാകാരന്മാർ പാട്ടുകൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. അവർക്ക് പ്രതിഫലവും പ്രശസ്തിയുമാണ് ആവശ്യം. അത് കണ്ടുനിൽക്കുന്നത് വേദനാജനകമാണ്”, വിഷാദഗ്രസ്തമായ ശബ്ദത്തിൽ അദ്ദേഹം പറയുന്നു.
എന്നാൽ അംബേദ്ക്കറെക്കുറിച്ചും വാമൻദാദയെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ, താൻ ഹൃദിസ്ഥമാക്കിവെച്ച പാട്ടുകൾ പാടുകയും ഹാർമ്മോണിയത്തിലൂടെ വിരലോടിക്കുകയും ചെയ്യുന്ന ദാദു സാൽവെയെ നോക്കിയിരുന്നപ്പോൾ, ആ നിരാശയും വിഷാദവും ഞങ്ങളെ വിട്ടുപോയി.
ബാബാസാഹേബ് കൊണ്ടുവന്ന പുതിയ അവബോധത്തെ, ഷഹീറുകളുടെ അനശ്വര വാക്കുകളിലൂടെയും തന്റെ ഈണങ്ങളിലൂടെയും ദാദു പുനരവതരിപ്പിക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ, ഈ ദളിത് ഷഹീരികൾതന്നെ, മറ്റ് സാമൂഹികതിന്മകൾക്കും അനീതികൾക്കും മുൻവിധികൾക്കുമെതിരേ പടപൊരുതുകയും ചെയ്തു. അവയിലെല്ലാം ദാദു സാൽവെയുടെ ശബ്ദം തിളങ്ങുന്നുണ്ട്.
ഞങ്ങൾ അഭിമുഖം അവസാനിപ്പിക്കുമ്പോൾ ദാദു തന്റെ കട്ടിലിലേക്ക് ചാരിയിരുന്നു. ക്ഷീണിതനായതുപോലെ തോന്നി അദ്ദേഹം. പുതിയ പാട്ടുകളെക്കുറിച്ച് ഞാൻ ചോദിച്ചപ്പോഴേക്കും അദ്ദേഹം ഉത്സാഹവാനായി പറഞ്ഞു, “ആരോടെങ്കിലും ഈ പാട്ടുകൾ വായിക്കാൻ പറയൂ. അതിനുശേഷം ഞാനതിന് സംഗീതം നൽകി വീണ്ടും നിങ്ങൾക്കുവേണ്ടി പാടാം”,
തന്റെ ശബ്ദവും ഹാർമ്മോണിയവും ഉപയോഗിച്ച് വീണ്ടും
അസമത്വത്തിനെതിരേ പൊരുതാനും, സാമൂഹികമാറ്റങ്ങൾ കൊണ്ടുവരാനും,, അംബേക്കർ
പ്രസ്ഥാനത്തിന്റെ ഈ ഭടൻ ഇപ്പോഴും തയ്യാറാണ്.
ഈ റിപ്പോർട്ട് മറാത്തിയിൽ എഴുതപ്പെട്ടതാണ്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് മേധാ കാലെ
ഇന്ത്യാ ഫൌണ്ടേഷൻ ഫോർ ആർട്ട്സിന്റെ ആർക്കൈവ്സ് ആൻഡ് മ്യൂസിയംസ് പ്രോഗ്രാമും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയും ചേർന്ന് നടപ്പക്കിയതും ‘ഇൻഫ്ലുവെൻഷ്യൽ ഷഹീർസ്, നരേറ്റീവ്സ് ഫ്രം മറാത്ത്‌വാഡ – സ്വാധീനം ചെലുത്തിയ ഷഹീറുകൾ, മറാത്ത്‌വാഡയിൽനിന്നുള്ള ആഖ്യാനങ്ങൾ’ എന്ന് പേരിട്ടതുമായ സമാഹാരത്തിൽനിന്നുള്ള ഒരു വീഡിയോയാണ് ഇത്.
പരിഭാഷ: രാജീവ് ചേലനാട്ട്