“കൊറോണ പൊട്ടിപ്പുറപ്പെട്ടതില്‍പ്പിന്നെ കോചിയ [ഇടനിലക്കാരന്] ഞങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കുന്നത് നിര്‍ത്തി”, ജമുനാ ബായ് മണ്ഡാവി പറഞ്ഞു. “കുട്ടകള്‍ വാങ്ങാന്‍ അദ്ദേഹം ഇവിടെ അവസാനമായി വന്നിട്ട് ഇപ്പോള്‍ മൂന്ന് ആഴ്ചകള്‍ ആയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും വില്ക്കാന് കഴിയില്ല, എന്തെങ്കിലും വാങ്ങാന്‍ ഞങ്ങള്‍ക്ക് പണവുമില്ല.”
ധംതരി ജില്ലയിലെ നഗ്രി ബ്ലോക്കിലെ കോഹാബഹ്റ ഗ്രാമത്തില്‍ വസിക്കുന്ന ജമുനാ ബായ് നാല് മക്കളുള്ള ഒരു വിധവയാണ്. ഏകദേശം 40 വയസ്സുള്ള അവര്‍ കമാര് ഗോത്രത്തില്‍ പെടുന്ന ആദിവാസിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഛത്തീസ്ഗഢിലെ ‘പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗ’ത്തില്‍ (Particularly Vulnerable Tribal Group) അഥവാ പി.വി.റ്റി.ജി.യില്‍ (PVTG) പെടുത്തിയിരിക്കുന്നവരാണ് കമാറുകള്‍. ഈ ഗ്രാമ കൂട്ടായ്മയില്‍ അവരെപ്പോലെ മറ്റ് 36 കമാര് കുടുംബങ്ങള്‍ കൂടിയുണ്ട്. അവരെല്ലാവരും ജമുനാ ബായിയെപ്പോലെ ചുറ്റുപാടുമുള്ള വനങ്ങളില്‍നിന്നും മുളകള്‍ ശേഖരിച്ച് കുട്ടകള്‍ നെയ്ത് ജീവിക്കുന്നു.
ജമുനാ ബായ് പറയുന്ന കോചിയ അവര്‍ ഉള്‍പ്പെടെ മറ്റ് കുട്ടനെയ്ത്തുകാര്ക്കെല്ലാം വളരെ പ്രധാനപ്പെട്ട ആളാണ്. എല്ലാ ആഴ്ചയിലും ഗ്രാമം സന്ദര്‍ശിച്ച് കുട്ടകള്‍ വാങ്ങുന്ന ഇടനിലക്കാര്‍ അഥവാ കച്ചവടക്കാരാണവര്‍. ഈ മദ്ധ്യവര്‍ത്തികള്‍ പിന്നീടവ പട്ടണത്തിലെ ചന്തകളിലും ഗ്രാമങ്ങളിലെ ഹാടുകളിലും ചില്ലറയായി വില്‍ക്കുന്നു.
അവരെ അവസാനമായി കൊഹാബഹ്റയില് കണ്ടതിനുശേഷം ഒരു മാസം തികയാന്‍ കുറച്ചു ദിവസങ്ങള്‍ മതി. കോവിഡ്-19 മൂലമുള്ള ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം അവര്‍ വരവ് നിര്‍ത്തി.
ജമുനയ്ക്ക് നാല് മക്കള്‍ ഉണ്ട് - ലാലേശ്വരി, 12, തുലേശ്വരി, 8, ലീല, 6, ലക്ഷ്മി, 4 എന്നിവരാണവര്‍. ലാലേശ്വരി 5-ാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. ജമുനയേയും മക്കളേയും വളരെ ഭീഷണമായ നിലനില്‍പ്പിന്റെ പോരാട്ടത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അവരുടെ ഭര്‍ത്താവ് 4 വര്‍ഷങ്ങള്‍ക്കുമുന്‍പ് അതിസാരം പിടിപെട്ടു മരിച്ചു. അപ്പോള്‍ നാല്‍പ്പതുകളുടെ മദ്ധ്യേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. കുട്ട വിറ്റ് ലഭിക്കുന്ന വരുമാനത്തെ കൂടാതെ മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള അവരുടെ വരുമാനത്തെയും ലോക്ക്ഡൗണ്‍ ബാധിക്കുന്നു.
വനത്തില്‍ മഹുവ പൂക്കള്‍ (ഇതില്‍നിന്നും പ്രാദേശിക മദ്യം ഉണ്ടാക്കുന്നു) ഉണ്ടാകുന്ന കാലമാണിത്. വരുമാനം കുറവുള്ള സമയങ്ങളില്‍ ഇവിടുത്തെ ആദിവാസികളുടെ വരുമാന മാര്‍ഗ്ഗമാണ് മഹുവ പൂക്കള്‍ ശേഖരിക്കല്‍.
“ചന്തകളും പ്രതിവാര ഹാടുകളും കൊറോണ കാരണം അടച്ചിരിക്കുന്നു”, ജമുനാ ബായ് പറഞ്ഞു. “അതുകൊണ്ട് ഞങ്ങള്‍ ശേഖരിക്കുന്ന മഹുവ പൂക്കള്‍ നല്ല വിലയ്ക്ക് വില്‍ക്കാന്‍പോലും സാധിക്കുന്നില്ല. ഇതിനര്‍ത്ഥം, ഇത് ഞങ്ങളെ പണമില്ലാതാക്കുകയും ഞങ്ങള്‍ക്ക് ഒന്നും വാങ്ങാന്‍ പറ്റാതാവുകയും ചെയ്യും എന്നാണ്.”
ജമുനാ ബായ് വിധവാ പെന്ഷന് അര്‍ഹയാണ് - ഛത്തീസ്ഗഢില്‍ പ്രതിമാസം 350 രൂപയാണ് പെന്ഷന് തുക. പക്ഷെ പദ്ധതിക്കായി ഇതുവരെ അവരുടെ പേര് ചേര്‍ക്കപ്പെട്ടിട്ടുമില്ല അതുകൊണ്ടുതന്നെ ഒന്നും ലഭിക്കുന്നുമില്ല.
രണ്ടു മാസത്തേക്ക് തികച്ചും സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത മുഴുവന്‍ റേഷന്‍ വിഹിതത്തിലുള്ള അരിയും സംസ്ഥാനത്തുടനീളം ബി.പി.എല്‍. (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങള്‍ക്ക് നല്കാന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഗൗരവതരമായി ശ്രമിച്ചിട്ടുണ്ട്. സൗജന്യമായും മുന്‍കൂറായും 70 കിലോഗ്രാം അരി (ഓരോ മാസവും 35 കിലോഗ്രാം വീതം) അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് പഞ്ചസാര പോലെയുള്ള സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ (കിലോഗ്രാമിന് 17 രൂപ) ലഭിക്കുന്നു. ഇതൊക്കെയാണ് ജമുനാ ബായിയുടെ കുടുംബത്തെ ഇപ്പോള്‍ മുന്നോട്ട് നീക്കുന്നത്.
പക്ഷെ വരുമാനം പൂര്‍ണ്ണമായും നിലച്ചിരിക്കുന്നു, മറ്റ് അവശ്യ വസ്തുക്കളൊന്നും വാങ്ങാന്‍ പണവുമില്ല. പക്ഷെ വളരെ വ്യക്തമായി ദാരിദ്ര്യം അനുഭവിക്കുന്ന ചില കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ ഇല്ല. ഒറ്റപ്പെട്ട ഈ ഗ്രാമത്തിലുള്ള മുഴുവന്‍ കമാര് കുടുംബങ്ങളുടെയും കാര്യങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടുകൂടി കൂടുതല്‍ ബുദ്ധിമുട്ട് നിറഞ്ഞതായിത്തീര്‍ന്നു.
തടി, ചെളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ തങ്ങളുടെ വീട് ജമുനാ ബായിയും കുടുംബവും ഭര്‍തൃമാതാപിതാക്കളുമായി പങ്കിടുന്നു. വീടിന്റെ പിറകു ഭാഗത്ത് അവര്‍ പ്രത്യേകമായി താമസിക്കുന്നു (അവര്‍ക്ക് വേറെ റേഷന്‍ കാര്‍ഡുണ്ട്).
“കുട്ടകളുണ്ടാക്കിയും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഞങ്ങളും ഉപജീവനം നടത്തുന്നത്”, അവരുടെ ഭര്‍തൃമാതാവായ സമരി ബായ് പറഞ്ഞു. “പക്ഷെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത് കൊറോണ കാരണം വനത്തില്‍ പ്രവേശിക്കരുതെന്നാണ്. അതുകൊണ്ട് ഞാനവിടെ പോകുന്നില്ല, പക്ഷെ മഹുവ പൂക്കളും ചിലപ്പോള്‍ കുറച്ച് വിറകുകളും ശേഖരിക്കാനായി ഭര്‍ത്താവ് പോകുന്നുണ്ടായിരുന്നു.”
“മഹുവ എല്ലാ ദിവസവും കൃത്യസമയത്ത് പെറുക്കിയില്ലെങ്കില്‍ മൃഗങ്ങള്‍ തിന്നുകയോ മോശമായി പോവുകയോ ചെയ്യുന്നതുമൂലം നഷ്ടപ്പെടാം”, സമരി ബായ് പറഞ്ഞു. മഹുവ പ്രതിവാര ഹാടുകളില് വില്‍ക്കുന്ന ആദിവാസി നാണ്യവിളയായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ ലഭിക്കുന്ന പണം, കുട്ടകള്‍ വിറ്റ് ഉണ്ടാക്കുന്ന പണത്തിനു പുറമെ, അവരുടെ ക്രയശേഷിയെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്.
“ കോചിയ അവസാനം വന്നപ്പോള്‍ 300 രൂപയ്ക്ക് ഞാന്‍ കുട്ടകള്‍ വിറ്റതാണ്. എണ്ണയും മസാലയും സോപ്പും മറ്റു സാധനങ്ങളും വാങ്ങാന്‍ ആ പണം ഉപയോഗിച്ചു”, സമരി ബായ് പറഞ്ഞു. “പക്ഷെ കൊറോണ വന്നതില്‍പ്പിന്നെ ഏറ്റവും വേണ്ടപ്പെട്ട ആവശ്യങ്ങള്‍ക്കായി ഞങ്ങള്‍ക്കു വേണ്ടിവരുന്ന ചിലവ് ഇരട്ടിയായി.”
സമരി ബായിയുടെ നാല് മക്കളും – ജമുനാ ബായിയുടെ ഭര്‍ത്താവായ സിയാറാം ഉള്‍പ്പെടെ – മരിച്ചുപോയി. അവര്‍ അതെക്കുറിച്ച് ഞങ്ങളോടു പറഞ്ഞപ്പോള്‍ വളരെയധികം വൈകാരികമായി. 65 വയസ്സിലധികം പ്രായം തോന്നിക്കുന്ന അവര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷനായ 350 രൂപ കിട്ടേണ്ടതാണ് – പക്ഷെ പേര് ചേര്‍ക്കാത്ത അവര്‍ക്ക് അത് ലഭിക്കുന്നില്ല.
2011-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 26,530 കമാറുകള്‍ മാത്രമേയുള്ളൂ (പക്ഷെ 1025 എന്ന മികച്ച ലിംഗാനുപാതമാണുള്ളത്). അവരില്‍ കുറച്ചധികം ആളുകള്‍, ഏകദേശം 8,000 പേര്, തൊട്ടടുത്ത് ഓഡീഷയിലും ജീവിക്കുന്നു. പക്ഷെ അവിടെ അവരെ പി.വി.റ്റി.ജി.യായി സാക്ഷ്യപ്പെടുത്തുന്നതു പോയിട്ട് ആദിവാസി വിഭാഗമായിപ്പോലും അംഗീകരിക്കുന്നില്ല.
കോഹാബഹ്റയിലെ പ്രായമുള്ള മറ്റൊരാള്‍, 65-ലധികം പ്രായമുള്ള സുനാറാം കുഞ്ഞം, പറഞ്ഞത് അദ്ദേഹത്തിനും വാര്‍ദ്ധക്യ പെന്ഷന് ലഭിക്കുന്നില്ല എന്നാണ്. “പ്രായമായി വയ്യാതായ എനിക്ക് ജോലി ചെയ്യാനും സാദ്ധ്യമല്ല. മകന്റെ കുടുംബത്തെയാണ് ഞാന്‍ ആശ്രയിക്കുന്നത്”, തന്റെ മണ്വീട്ടില്വച്ച് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. “എന്റെ മകന് ദിവസവേതനക്കാരനായ കര്‍ഷകത്തൊഴിലാളിയാണ്. പക്ഷെ ഈ ദിവസങ്ങളില്‍ പണിയൊന്നും ലഭിക്കുന്നില്ല. അതുകൊണ്ട് ഇന്ന് അവനും എന്റെ മരുമകളും മഹുവ പൂക്കള്‍ പറിക്കാനായി വനത്തില്‍ പോയിരിക്കുകയാണ്.”
ആദിവാസികള്‍ വളരെകുറഞ്ഞ നിരക്കില്‍ മഹുവ വില്ക്കാന് നിര്‍ബ്ബന്ധിക്കപ്പെടുന്നു – പരിതാപകരമായ കച്ചവടം. “ഇപ്പോള്‍ അടുത്തുള്ള ഗ്രാമവാസികള്‍ക്ക് ഞങ്ങളുടെ കുട്ടകള്‍ വാങ്ങാന്‍ പണമില്ല. അതുകൊണ്ട് അവയുണ്ടാക്കുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു”, 35-കാരനായ ഘാസിറാം നേതം പറഞ്ഞു. “ഞാനും എന്റെ ഭാര്യയും മഹുവ ശേഖരിക്കുന്നു. ഹാടുകള് പൂട്ടിയതുകൊണ്ട് അടുത്തുള്ള ഒരു കടയില്‍ കിലോഗ്രാമിന് 23 രൂപയ്ക്ക് ഏകദേശം 9 കിലോ ഞാന്‍ വിറ്റു.” ഹാടില് ഒരു കിലോഗ്രാമിന് 30 രൂപവരെ അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഘാസിറാമിന് 5 മക്കള്‍ ഉണ്ട്. അവരിലൊരാളായ മായാവതി 5-ാം ക്ലാസില്‍ സ്ക്കൂള് പഠനം അവസാനിപ്പിച്ചു. അവള് പഠനം നിര്‍ത്തുന്നത് അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. “ഞാന്‍ ഒരുപാട് ശ്രമിച്ചു, പക്ഷെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ബോര്‍ഡിംഗ് സ്ക്കൂളിലും മായാവതിക്ക് സീറ്റ് ലഭിച്ചില്ല. അങ്ങനെ അവള് മുന്നോട്ടുള്ള പഠനം അവസാനിപ്പിച്ചു”, അദ്ദേഹം പറഞ്ഞു. അവളെപ്പോലെ മറ്റുള്ളവര്‍ക്കും പ്രവേശനം ലഭിക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറ്റുന്നില്ല.
പോഷകാഹാരക്കുറവുമൂലം ക്ഷീണിതരായ, ദാരിദ്ര്യത്തില്‍ മുങ്ങിയ, സാമൂഹ്യ സേവനങ്ങളില്‍ നിന്നും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഇവിടുത്തെ ഗ്രാമവാസികള്‍ മഹാമാരിയുടെ സമയത്ത് പ്രത്യേകിച്ചും ദുര്‍ബലരാകുന്നു. ലോക്ക്ഡൗണ്‍ അവരുടെ ഉപജീവനച്ചങ്ങല ഭേദിച്ചിരിക്കുന്നു. എന്നിരിക്കിലും പലരും അതിന്റെ കുറച്ചു ഭാഗങ്ങളൊക്കെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. മഹുവപ്പൂക്കള്‍ തേടി അവര്‍ വനത്തിലേക്ക് പോയിരിക്കുകയാണ്.
പരിഭാഷ: റെന്നിമോന്‍ കെ. സി.