“1994-ലെ പ്ലേഗിന്റെ സമയത്തോ 2006-ല്‍ ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെട്ടപ്പോഴോ 1993-ല്‍ ഭൂകമ്പം ഉണ്ടായതിനെ തുടര്‍ന്നോ ഈ ക്ഷേത്രം അടച്ചിട്ടിട്ടില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവവത്തിനു സാക്ഷ്യം വഹിക്കുന്നത്,” വിഷമം മറച്ചുവയ്ക്കാതെ സഞ്ജയ് പെണ്ഡേ പറഞ്ഞു. തെക്കന്‍ മഹാരാഷ്ട്രയിലെ പട്ടണമായ തുല്ജാപൂരിലെ തുല്‍ജാ ഭവാനി ദേവീ ക്ഷേത്രത്തിലെ പ്രധാന പൂജാരിമാരില്‍ ഒരാളാണ് അയാള്‍.
കൊവിഡ്-19 വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 17 ചൊവ്വാഴ്ച ക്ഷേത്രം അടച്ചു. ആദ്യം ആള്‍ക്കാര്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. “എന്തുതരം രോഗമാണിത്? സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിശ്വാസികള്‍ ഇവിടെ വരുന്നുണ്ട്. ദര്‍ശനം നടത്താനാകാതെ അവര്‍ ക്ഷേത്രത്തിനു പുറത്തുനിന്ന് തൊഴുതു മടങ്ങുകയാണ്. അതിനും പോലീസിനോട് ഗുസ്തി പിടിക്കണം,” മുപ്പത്തിയെട്ടുകാരനായ സഞ്ജയ് പറഞ്ഞു. ദിവസവും ചെയ്തുകൊണ്ടിരുന്ന 10-15 സ്പെഷ്യല്‍ പൂജകളില്‍ നിന്നുള്ള വരുമാനം നഷ്ടമായതിലുള്ള സങ്കടം അയാളുടെ വാക്കുകളിലുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന അയ്യായിരത്തിലധികം പൂജാരിമാര്‍ തുല്ജാപൂരിലുണ്ടെന്ന് സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
മറാഠ് വാഡ മേഖലയിലെ ഒസ്മാനാബാദ് ജില്ലയില്‍ ഉള്‍പ്പെടുന്ന 34,000 ജനസംഖ്യയുള്ള ഈ പട്ടണത്തിന്റെ സമ്പദ്വ്യവസ്ഥ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന കുന്നിന്മുകളിലെ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്. മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നിരവധി വിശ്വാസികള്‍ തുല്‍ജാ ഭവാനി ദേവിയെ കുടുംബ ദേവതയായി കണക്കാക്കുന്നു. സംസ്ഥാനത്തെ തീര്‍ത്ഥാടനപാതയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.
മാര്‍ച്ച് 17-ന് ശേഷം പട്ടണം ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്. ക്ഷേത്രത്തിലേക്ക് നീളുന്ന ഇടുങ്ങിയ വഴികളില്‍ ആളുകളില്ല. ക്ഷേത്രത്തിന് സമീപം റോഡിന് മറുവശത്തുള്ള ചെരുപ്പുകളും മറ്റു സാധനങ്ങളും സൂക്ഷിക്കുന്ന സ്ഥലവും ഒഴിഞ്ഞു കിടക്കുകയാണ്.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരുമായി വരുന്ന സ്വകാര്യ കാറുകളുടെയും ടാക്സികളുടെയും '’കൾസർസ്’ എന്ന ലാൻഡ് ക്രൂയിസറുകളുടെയും ഓട്ടോറിക്ഷകളുടെയും മറ്റു വാഹനങ്ങളുടെയും ശബ്ദകോലാഹലങ്ങള്‍ക്ക് പകരം എങ്ങും ഭയാനകമായ നിശബ്ദത.
രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റാന്റും നിശബ്ദമാണ്. മുൻപ് മിനിറ്റുകളുടെ ഇടവേളയില്‍ വിശ്വാസികളെയും സന്ദര്‍ശകരെയും കയറ്റിയും ഇറക്കിയും ബസ്സുകളുടെ ശബ്ദത്താൽ ഇവിടം സജീവമായിരുന്നു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ ഒരു പ്രധാന സ്റ്റോപ്പ് ആണ് തുല്ജാപൂര്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മാത്രമല്ല അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലേക്കും ആന്ധ്രാപ്രദേശിലേക്കും ഇവിടെ നിന്ന് ബസ് സര്‍വ്വീസുകളുണ്ട്.
ഈ പട്ടണത്തിന്റെ 'ക്ഷേത്ര സമ്പദ്വ്യവസ്ഥയെ' നിലനിര്‍ത്തുന്നത് ഭക്തര്‍, വിനോദസഞ്ചാരികള്‍, ട്രാന്‍സ്പോര്‍ട്ട് ഏജന്‍സികള്‍, ലോഡ്ജുകള്‍, പൂജാസാധനങ്ങളൾ, പ്രസാദം, ദേവിക്ക് സമര്‍പ്പിക്കാനുള്ള സാരി തുടങ്ങിയവ വില്‍ക്കുന്ന അസംഖ്യം ചെറിയ കടകളും കുങ്കുമം, മഞ്ഞള്‍, ശംഖ്, ഫോട്ടോ ഫ്രെയിമുകള്‍, ഭക്തിഗാന സിഡികള്‍, വളകള്‍ മുതലായവ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരുമാണ്. ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ 550-600 കടകളുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. ഭക്തര്‍ക്ക് സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് അന്നന്നത്തെ കാര്യങ്ങള്‍ നിറവേറ്റുന്ന തെരുവ് കച്ചവടക്കാര്‍ വേറെ.
മാര്‍ച്ച് 20-ന് ഉച്ചയോടെ പകുതിയോളം കടകള്‍ അടച്ചു. മറ്റുള്ളവരും കടകള്‍ പൂട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു. വഴിയോര കച്ചവടക്കാരെ കാണാനേയില്ല.
“എന്തുതരം രോഗമാണിത്?”, അറുപതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ചോദിച്ചു. അടഞ്ഞുകിടക്കുന്ന ഒരു കടയുടെ മുന്നിൽ ഇരിക്കുകയായിരുന്നു അവര്‍. “എല്ലാം അടച്ചു. ചൊവ്വാഴ്ചയ്ക്കു ശേഷം ഇതുവരെ വളരെ കുറച്ച് ആളുകളാണ് വന്നത്. അവര്‍ (ക്ഷേത്രഅധികാരികളും പോലീസും) ഞങ്ങളെ ഇവിടെ ഇരിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഞങ്ങള്‍ ക്ക് എങ്ങനെയെങ്കിലും വിശപ്പടക്കണ്ടേ?” (അവര്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. എന്നോട് പേര് പറയാന്‍ അവര്‍ തയ്യാറായില്ല. ഫോട്ടോ എടുക്കാനുള്ള അഭ്യര്‍ത്ഥനയും അവര്‍ നിരസിച്ചു. അവരുടെ കൈയില്‍ നിന്ന് ഞാന്‍ ഒരു ഡസണ്‍ കുപ്പിവളകള്‍ വാങ്ങി 20 രൂപ കൊടുത്തു. ഉച്ചയോടെ വീട്ടിലേക്കു പോകുന്നതിന് മുമ്പ് അവര്‍ക്ക് അന്ന് ലഭിച്ച ഏക വരുമാനം ആ 20 രൂപയായിരുന്നു.)
അവരില്‍ നിന്ന് അധികം അകലെയല്ലാതെ നിന്ന അറുപതുകാരനായ സൂര്യവംശി പറഞ്ഞു, 'മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാല മാസങ്ങളായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പഡ്വവക്കും (ഗുഡി പഡ്വവ - ഹിന്ദു ചാന്ദ്ര പഞ്ചാംഗത്തിലെ ആദ്യ ദിവസം) ചൈത്ര പൂര്‍ണ്ണിമയ്ക്ക് (ഏപ്രില്‍ 8) ചൈത്രയാത്ര ആരംഭിച്ചതിനു ശേഷവും പ്രതിദിനം ശരാശരി 30,000 മുതല്‍ 40,000 വരെ വിശ്വാസികള്എത്താറുണ്ട്.” പേഡയും പൊരി, വറുത്ത കടല തുടങ്ങിയ മറ്റു പ്രസാദങ്ങളും വിൽക്കുന്ന സൂര്യവംശിയുടെ കട ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് സമീപത്തായാണ്. ആളുകള്‍ വാങ്ങുന്ന സാധനങ്ങളുമാണ് അയാള്‍ വില്‍ക്കുന്നത്. “യാത്രയുടെ സമയത്ത് ശനിയും ഞായറും ഒരു ലക്ഷം ആളുകള്‍ വരെ ദര്‍ശനത്തിന് എത്താറുണ്ട്. യാത്ര റദ്ദാക്കിയതായാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി,” അദ്ദേഹം പറഞ്ഞു.
സൂര്യവംശിയുടെ കടയുടെ തൊട്ടടുത്ത് ലോഹവിഗ്രഹങ്ങളും ഫ്രെയിമുകളും മറ്റ് അലങ്കാരവസ്തുക്കളും വില്‍ക്കുന്ന അനില്‍ സോലാപൂരിന്റെ കടയാണ്. അയാള്‍ക്ക് എല്ലാ മാസവും 30,000 രൂപ മുതല്‍ 40,000 രൂപ വരെ വരുമാനം കിട്ടിക്കൊണ്ടിരുന്നതാണ്. ക്ഷേത്രദര്‍ശനത്തിന് വരുന്നവര്‍ രാത്രിയും പകലും സാധനങ്ങള്‍ വാങ്ങാന്‍ എത്തുമായിരുന്നു. ആ ദിവസം ഉച്ചയായിട്ടും ഒരു സാധനം പോലും അയാള്‍ വിറ്റിട്ടില്ല. “38 വര്‍ഷമായി ഞാന്‍ ഈ കടയില്‍ ജോലി ചെയ്യുന്നു. എല്ലാ ദിവസവും ഇവിടെ വരുന്നു. ഞാന്‍ എങ്ങനെ വീട്ടിലിരിക്കും?,” കണ്ണീരോടെ അയാള്‍ ചോദിച്ചു.
അറുപതിനോടടുത്ത് പ്രായമുള്ള നാഗുര്ബായ് ഗായ്ക്വാഡിനെയും ലോക്ഡൗണ്‍ ബാധിച്ചിരിക്കുന്നു. ഇപ്പോഴും അവർ ജോഗ്വ ( ഭിക്ഷ ) എടുത്ത് ജീവിക്കാൻ ശ്രമിക്കുകയാണ്. (വിശ്വാസികള്‍, കൂടുതലും സ്ത്രീകള്‍, എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഭിക്ഷ യാചിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്നത് പരമ്പരാഗത രീതിയാണ്. അവര്‍ ധാന്യപ്പൊടി, ഉപ്പ്, പണം മുതലായവ ചോദിക്കാറുണ്ട്). വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈദ്യുതാഘാതമേറ്റ് അവരുടെ ഇടത് കൈപ്പത്തിക്ക് സ്വാധീനമില്ലാതായി. അതോടെ കൂലിപ്പണി ചെയ്ത് ജീവിക്കാന്‍ കഴിയാതെ വന്നു. “ചൈത്രയാത്ര കൊണ്ടാണ് ഞാന്‍ ജീവിച്ചിരുന്നത്. ഇപ്പോള്‍ ആരെങ്കിലും ഒരു ചായ വാങ്ങിത്തന്നാല്‍ ഭാഗ്യമെന്ന് ഞാൻ കരുതുന്നു,” അവര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ നിന്ന് അകലെയല്ലാതെ യാണ് തുല്ജാപൂര് പട്ടണത്തിലെ ചൊവ്വാഴ്ച ചന്ത സ്ഥിതി ചെയ്യുന്നത്. അത് സമീപ ഗ്രാമങ്ങളിലെ 450-500-ല്‍ അധികം കര്‍ഷകരുടെ ജീവിത മാര്‍ഗ്ഗമായിരുന്നു. ചന്ത അടച്ചതോടെ തങ്ങളുടെ ഉല്പന്നങ്ങള് വില്ക്കാന് കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അവരില്‍ അധികവും സ്ത്രീകളാണ്. ഉല്പന്നങ്ങളില് കുറച്ച് ഗ്രാമങ്ങളില്‍ വില്ക്കാന് കഴിഞ്ഞാല്‍ തന്നെ അതുകൊണ്ട് അവര്‍ക്ക് ജീവിച്ചുപോകാന്‍ സാധിക്കുകയില്ല.
മറാഠ്വാഡയില് മുന്തിരിയുടെ സമയമാണെന്ന് കര്‍ഷകനും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവറുമായ സുരേഷ് റൊകഡെ പറയുന്നു. ചന്ത അടച്ചതിനാല്‍ മുന്തിരിയുടെ വിളവെടുപ്പ് രണ്ട് ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. “തിങ്കളാഴ്ച (മാര്‍ച്ച് 23) ചന്ത പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ,” അയാള്‍ പറഞ്ഞു. (എന്നാല്‍ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി). മറാഠ്വാഡയിലെ മറ്റ് ജില്ലകളിലും സമീപ ബ്ലോക്ക് ആയ കാലംബിലും മാര്‍ച്ച് 17-18 തീയതികളിലുണ്ടായ ആലിപ്പഴവര്‍ഷവും കാറ്റും കര്‍ഷകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
തൂല്ജാപൂരില് കൊവിഡ്-19 പരിശോധനാ സംവിധാനങ്ങള്‍ ഇതു വരെയില്ല. അതുകൊണ്ട് തന്നെ ഇവിടെ ആര്‍ക്കെങ്കിലും രോഗബാധ ഉണ്ടായിട്ടുണ്ടോയെന്നോ രോഗ സാധ്യതയുണ്ടോയെന്നോ അറിയാനാകാത്ത സ്ഥിതിയാണ്. പത്രവാര്‍ത്തകള്‍ അനുസരിച്ച്, സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള ഹോസ്റ്റല്‍ 80 മുറികളുള്ള ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
പരിഭാഷ: സ്മിതേഷ് എസ്