ജയ്പാലിന്‍റെ, തകരത്തിന്‍റെ മേൽക്കൂരയുള്ള രണ്ട് മുറി ഇഷ്ടികവീടിനകത്ത് വേറെയും ധാരാളം വീടുകളുണ്ട്. ഒന്നിലധികം നിലകളുള്ളതും, വലിയ തൂണുകളും മുകപ്പുകളും താഴികക്കുടങ്ങളുമുള്ള വീടുകൾ.

പശയുപയോഗിച്ച് കടലാസ്സുകൊണ്ട് കെട്ടിപ്പൊക്കിയ വീടുകൾ

മധ്യപ്രദേശിലെ ഖണ്ട്‌വ ജില്ലയിലെ കരോലി ഗ്രാമത്തിലെ വീട്ടിലിരുന്ന് 19 വയസ്സുള്ള ജയ്പാൽ ചൗഹാൻ കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി, പകലുകളും ഉച്ചകളും ചിലവഴിക്കുന്നത് ഇങ്ങനെയാണ്. കടലാസുകൾകൊണ്ട് ചുരുളുകളുണ്ടാക്കി പശയുപയോഗിച്ച് ഒന്നിനുമീതെ ഒന്നായൊട്ടിച്ച് ഭിത്തികൾ നിർമ്മിച്ച് വീടുകളുടേയും കോട്ടകളുടേയും മാതൃകകളുണ്ടാക്കിക്കൊണ്ട്.

“കെട്ടിടങ്ങളും അതുണ്ടാക്കുന്ന വിധവും എനിക്ക് എപ്പോഴും താത്പര്യമുള്ള വിഷയമായിരുന്നു” അവൻ പറഞ്ഞു.

13 വയസ്സുള്ളപ്പോഴാണ് ജയ്പാൽ കാർഡ്ബോർഡുകൊണ്ട് ക്ഷേത്രങ്ങളുടെ മാതൃകകളുണ്ടാക്കാൻ ആരംഭിച്ചത്. മറ്റൊരു ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ആരുടേയോ വീട്ടിൽ സ്ഫടികംകൊണ്ട് ഉണ്ടാക്കിയ ഒരു ക്ഷേത്രമാതൃക കണ്ടത്. അതവനെ അതിശയിപ്പിക്കുകയും കാർഡ്ബോർഡ്കൊണ്ട് സ്വന്തമായി ചിലത് ഉണ്ടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അങ്ങിനെ ഉണ്ടാക്കിയവയിൽ ചിലത് അവൻ ബന്ധുക്കൾക്ക് സമ്മാനിച്ചു. 2017-ൽ സ്കൂളിലെ നടന്ന ഒരു പ്രദർശനത്തിൽ സമ്മാനം കിട്ടുകയുമുണ്ടായി.

കാർഡ്ബോർഡുകൊണ്ട് മോട്ടോർബൈക്കുണ്ടാക്കിയതിന് സ്കൂളിൽനിന്ന് ഒരിക്കൽ സമ്മാനം കിട്ടി. ഒരു ടേബിൾ ഫാൻ, പന്തയക്കാർ, പഴയൊരു കളിപ്പാട്ടത്തിൽനിന്നെടുത്ത ചക്രങ്ങൾകൊണ്ട് ഉണ്ടാക്കിയ ഒരു ക്രെയിൻ എന്നിവയും അവന്‍റെ സൃഷ്ടികളിലുൾപ്പെടും.

Jaypal with one of his paper creations; he also designs doors made by father Dilawar Chouhan (right), who works as a carpenter
PHOTO • Nipun Prabhakar

തന്‍റെ ഒരു കടലാസ് മാതൃകയോടൊപ്പം ജയ്പാൽ ; ആശാരിയായ അച്ഛൻ ദിലവർ ചൗഹാൻ (വലത്ത്) നിർമ്മിക്കുന്ന വാതിലുകളിൽ രൂപങ്ങൾ വരയ്ക്കാനും ജയ്പാൽ സഹായിക്കാറുണ്ട്

“കാർഡ്ബോർഡുകൾ പക്ഷേ ഈർപ്പം തട്ടിയാൽ പെട്ടെന്ന് വളഞ്ഞുപോവും. പിന്നെ ഒരു ദിവസം പെട്ടെന്നാണ്, ആക്രിക്കാരന് കൊടുക്കാൻ വെച്ച പഴയ സ്കൂൾ പുസ്തകങ്ങൾ ഉപയോഗിക്കാമല്ലോ എന്ന് എനിക്ക് തോന്നിയത്. അവയുടെ പുറങ്ങള്‍കൊണ്ട് കുഴലുകളുണ്ടാക്കുകയും ഈ വലിയ [വീടിന്‍റെ] മാതൃകകള്‍ ഉണ്ടാക്കുകയും ചെയ്തു.”

പുനാസ തെഹ്സിലിലെ തന്‍റെ കരോലി ഗ്രാമത്തിൽ ആളുകൾ സിമന്‍റ് വീടുകൾ നിർമ്മിക്കാൻ തുടങ്ങിയപ്പോഴാണ് ജയ്പാലിന് പുതിയ ആശയമുദിച്ചത്. “ഗ്രാമത്തിനകത്തുള്ളവർ പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ അവരുടെ പാടത്ത് പണിയെടുക്കുന്ന ഞങ്ങൾ ഇപ്പൊഴും ഗ്രാമത്തിന് പുറത്ത് കൂരകളിലാണ് കഴിയുന്നത്”, ജയ്പാൽ പറഞ്ഞു. “പക്ഷേ ഈ സിമന്‍റ് വീടുകളുടെയൊന്നും രൂപകല്പന എനിക്ക് മുഴുവനായും ദഹിക്കുന്നില്ല. അതുകൊണ്ട് രണ്ടോ അതിലധികമോ രൂപങ്ങളെടുത്ത് സംയോജിപ്പിക്കുന്നു. ലളിതമായ രൂപകല്പനയാവുമ്പോൾ കാണാൻ അത്ര നന്നായിരിക്കില്ല. എന്നാൽ വ്യത്യസ്തമായ ഒരു രൂപകല്പന കാണുമ്പോൾ ഞാനാ രൂപം കടലാസ്സിലേക്ക് പകർത്തും”.

പതിവുമട്ടിലുള്ള വാതിലുകളും ജനലുകളുമുള്ള വീടുകൾക്ക് പകരം, അലങ്കാരപ്പണികളും സവിശേഷാകൃതികളുമുള്ള വീടുകളാണ് ജയ്പാൽ നോക്കുന്നത്. താൻ പകർത്തിയ ഒരു മാതൃക കാണിച്ചുകൊണ്ട് അവൻ പറഞ്ഞു: “ഇതിന്‍റെ മുകൾഭാഗത്തിന്, ഗ്രാമത്തിലെ ഒരു വീടിന്‍റെ അതേ ആകൃതിയാണ്. എന്നാൽ താഴെയുള്ള ഭാഗം വേറെ ഒന്നിൽനിന്നെടുത്തതാണ്”. സ്കൂളിൽനിന്ന് പഴയ നോട്ട്ബുക്കുകൾ തന്ന ഒരു ടീച്ചറിന്‍റെ വീടിന്‍റെ മാതൃകയായിരുന്നു അത്. പക്ഷേ ആ പുസ്തകങ്ങളിൽ ധാരാളം ചിത്രങ്ങളും കാർട്ടൂണുകളും ഉണ്ടായിരുന്നു. വീടുകളുടെ മാതൃകകളിൽ അത് കാണുന്നത് നന്നായിരിക്കില്ല. അതിനാൽ, അടുത്തുള്ള മറ്റൊരു സർക്കാർ സ്കൂളിൽനിന്നാണ് അവൻ പഴയ പുസ്തകങ്ങളും നോട്ട്ബുക്കുകളും വാങ്ങുന്നത്.

“ഞാൻ പ്രത്യേകമായി രൂപകല്പനയോ ഒന്നും ചെയ്യുന്നില്ല. നേരിട്ട് വീടുകൾ ഉണ്ടാക്കിത്തുടങ്ങുകയാണ് ചെയ്യുന്നത്” ജയ്പാൽ പറഞ്ഞു. ആദ്യത്തേത് ചിലത് ബന്ധുക്കൾക്ക് സമ്മാനിച്ചുവെങ്കിലും, പിന്നീട്, മാതൃകകൾ കാണാൻ ആളുകൾ സന്ദർശനം തുടങ്ങിയപ്പോൾ, കൊടുക്കുന്നത് നിർത്തി. ഇതുവരെ ഒന്നും വിറ്റിട്ടില്ല. ചിലത്, വീട്ടിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

He looks for houses that have some ornamentation. This design (right) was inspired by the house (left) of a local teacher who gave him waste notebooks
PHOTO • Jaypal Chouhan
He looks for houses that have some ornamentation. This design (right) was inspired by the house (left) of a local teacher who gave him waste notebooks
PHOTO • Jaypal Chouhan

ചിത്രപ്പണിയൊക്കെയുള്ള വീടുകളാണ് ജയ്പാൽ അന്വേഷിക്കുന്നത് . ഈ (വലതുഭാഗത്തെ) മാതൃക, പഴയ നോട്ട്പുസ്തകങ്ങൾ തന്നിരുന്ന സ്ഥലത്തെ ഒരു ടീച്ചറിന്‍റെ ഈ വീട്ടിൽനിന്ന് (ഇടത്ത്) പ്രചോദനം കൊണ്ടതാണ്

മാതൃകയുടെ സങ്കീർണ്ണതയെയും ജോലി ചെയ്യാനുള്ള സാവകാശത്തെയും ആശ്രയിച്ച്, കടലാസ്സിൽനിന്ന് 2x2 പൊക്കവും നീളവും 2.5 അടി വീതിയുമുള്ള ഒരു വീട് നിർമ്മിക്കാൻ ജയ്പാൽ നാലുമുതൽ 20 ദിവസം വരെ എടുക്കാറുണ്ട്.

മാളികകൾ നിർമ്മിക്കുന്ന വിനോദസമയമൊഴിച്ച് ബാക്കി സമയങ്ങളിൽ ജയ്പാൽ വിദ്യാഭ്യാസവും ചെയ്യുന്നുണ്ട്. അടുത്തുള്ള ഗ്രാമത്തിലെ ഒരു സ്കൂളിൽനിന്ന് പന്ത്രണ്ടാം ക്ലാസ്സ് പൂർത്തിയാക്കിയിട്ടുണ്ട് അവൻ. കോവിഡ് കാലമായതിനാൽ ഓൺലൈൻ ക്ലാസ്സുവഴിയായിരുന്നു പഠനം. ഇതിനുപുറമേ, കരോലിയിലും അയൽ‌പ്പക്കത്തുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും പോയി മേശയും, കസേരയും, ഊഞ്ഞാലുകളും, വാതിൽ‌പ്പടികളും മറ്റ് മരസ്സാധനങ്ങളും ഉണ്ടാക്കുന്ന 45 വയസ്സുള്ള അവന്‍റെ അച്ഛൻ ദിലാവർ ചൗഹാനെ ആശാരിപ്പണികളിൽ സഹായിക്കാനും അവൻ പോകാറുണ്ട്.

മരപ്പണികളിൽ താത്പര്യമില്ലെന്ന് പറയുന്ന ജയ്പാൽ പക്ഷേ, വാതിലുകളും ജനലുകളും രൂപകല്പന ചെയ്യുന്നതിലും, പണിസാമഗ്രികൾ ഉപയോഗിക്കുന്നതിലും, തകരമേൽക്കൂരകൾ വെച്ചുപിടിപ്പിക്കാനും അച്ഛനെ സഹായിക്കാറുണ്ട്. “അടുത്തുള്ള ഗ്രാമത്തിലെ മൂന്ന് വാതിലുകളും, കരോലിയിൽ രണ്ട് വാതിലുകളും ഞാൻ രൂപകല്പന ചെയ്തു” എന്ന് ജയ്പാൽ പറയുന്നു.  “ഇന്‍റെർനെറ്റും ഓൺലൈൻ മാസികകളും നോക്കി, ചിലപ്പോൾ കടലാസ്സിൽ പുതിയ ഡിസൈനുകൾ ഞാൻ ഉണ്ടാക്കും. ചിലപ്പോൾ നേരിട്ട് മരത്തിലും ചെയ്തുനോക്കും. അച്ഛൻ അവ ഉപയോഗിക്കുകയും പതിവാണ്”.

60 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമത്തിൽ തുന്നൽക്കാരനായി ജോലി ചെയ്യുന്ന സഹോദരീഭർത്താവിന്‍റെ കൂടെ പോയി, തുണികൾ വെട്ടിക്കൊടുക്കാനും മറ്റും സഹായിക്കാറുമുണ്ട് ജയ്പാൽ.

ജയ്പാലിന്‍റെ അമ്മ, 41 വയസ്സുള്ള രാജു ചൗഹാൻ വീട്ടമ്മയാണ്. കുടുംബത്തിന്‍റെ ആശാരിപ്പണികളിൽ, പണ്ട് അവരും സഹായിച്ചിരുന്നു. “അവർ കട്ടിലുകൾ നിർമ്മിക്കുമ്പോൾ അമ്മ, അതിനുള്ള കാലുകൾ ഉണ്ടാക്കാറുണ്ടായിരുന്നു. അച്ഛന്‍ എല്ലാ ജോലിയും ചെയ്യുമായിരുന്നു” എന്ന് ജയ്പാൽ പറഞ്ഞു. കുടുംബത്തിന്‍റെ സ്ഥിതി അല്പം ഭേദപ്പെട്ടപ്പോൾ അവർ ആ ജോലി ചെയ്യുന്നത് നിർത്തി.

Japyal's collection of hand-made items includes a table fan; he also designs some of the doors that his father makes in wood
PHOTO • Jaypal Chouhan
Japyal's collection of hand-made items includes a table fan; he also designs some of the doors that his father makes in wood
PHOTO • Jaypal Chouhan

കൈകൊണ്ട് നിർമ്മിച്ച ടേബിൾ ഫാനുകളടക്കമുള്ള വസ്തുക്കൾ ജയ്പാലിന്‍റെ ശേഖരത്തിലുണ്ട് . അച്ഛൻ നിർമ്മിക്കുന്ന വാതിലുകളുടെ രൂപകല്പന ചെയ്യുന്നതും ചിലപ്പോൾ ജയ്പാലാണ്

ജയ്പാലിന് ഏറ്റവുമധികം പിന്തുണ നൽകിയത്, അവന്‍റെ അമ്മാവൻ മനോഹർ സിംഗ് തൻ‌വാറാണ്. അയാൾ ഒരു കർഷകനാണ്. ജയ്പാലിന്‍റെ വീടിന്‍റെ തൊട്ടടുത്തായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ വരുന്ന വിരുന്നുകാരെയൊക്കെ അയാൾ ജയ്പാലിന്‍റെ സൃഷ്ടികൾ കാണിച്ചുകൊടുക്കുമായിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹം മരിച്ചു. ഡെങ്കിപ്പനിയായിരുന്നു കാരണമെന്ന് തോന്നുന്നു.

മാതൃകകളുണ്ടാക്കുന്നതിൽ മകൻ പ്രകടിപ്പിക്കുന്ന കഴിവിനെ ദിലാവറും രാജുവും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. “എനിക്ക് വിദ്യാഭ്യാസമൊന്നുമില്ല. പക്ഷേ അവൻ ശരിയായ പാതയിലാണെന്ന് എനിക്ക് തോന്നുന്നു. അവന്‍റെ സൃഷ്ടികൾ കാണാൻ നിരവധി പേർ വരാറുണ്ട്” ദിലാവർ പറഞ്ഞു. “എത്രകാലം അവൻ പഠിക്കാൻ ആഗ്രഹിക്കുന്നോ അത്രയും കാലം അവനുവേണ്ട എന്ത് സഹായം ചെയ്യാനും ഞാനൊരുക്കമാണ്. അതിനുവേണ്ടി ഇനി എന്‍റെ വീടും പറമ്പും വിൽക്കേണ്ടിവന്നാലും സാരമില്ല. പറമ്പൊക്കെ ഇനിയും ഉണ്ടാക്കാവുന്നതേയുള്ളു, പക്ഷേ പഠിക്കാനുള്ള സമയം ഇനി തിരിച്ചുവരില്ല”, ദിലാവർ പറഞ്ഞു. “അവനെ നിങ്ങൾ നല്ലപോലെ നോക്കണം. കുട്ടിയെന്ന് പറയാൻ അവൻ മാത്രമാണുള്ളത്. അവന്‍റെ മൂത്ത രണ്ട് സഹോദരിമാരും വിവാഹിതരാണ്” എന്നുമാത്രമാണ് ജയ്പാലിന്‍റെ അമ്മ രാജുവിന് എന്നോട് പറയാനുണ്ടായിരുന്നത്.

ജയ്പാലിന്‍റെ സൃഷ്ടികൾ ഇന്ന് അവരുടെ വീടിനെ അലങ്കരിക്കുമ്പോൾ, കുടിയൊഴിക്കലുകളാൽ അടയാളപ്പെട്ടതായിരുന്നു അവന്‍റെ കുടുംബത്തിന്‍റെ സഞ്ചാരം. ഓംകരേശ്വർ അണക്കെട്ട് കരകവിഞ്ഞപ്പോൾ, കരോലിയിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തുള്ള ടോക്കി എന്ന ഗ്രാമത്തിൽനിന്ന് അവർക്ക് ഒഴിഞ്ഞുപോകേണ്ടിവന്നു.

10 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറ്റാൻ അവരോട് ആവശ്യപ്പെട്ടെങ്കിലും, ആ സ്ഥലം വിദൂരവും തരിശുമായിരുന്നതിനാൽ, ദിലാവർ അതിന് സമ്മതിച്ചില്ല. “അവിടെ കടകളും തൊഴിലും ഒന്നും ഉണ്ടായിരുന്നില്ല”, ജയ്പാൽ പറഞ്ഞു. സർക്കാർ നൽകിയ നഷ്ടപരിഹാരം വാങ്ങി, അച്ഛൻ കരോലിൽ ഒരു ചെറിയ സ്ഥലം വാങ്ങി. അവിടെയാണ് ഇപ്പോളവർ താമസിക്കുന്ന വീട്. കരോലിൽനിന്ന് 80 കിലോമീറ്റർ അകലെ, ദിലാവറിന്‍റെ അച്ഛന് 2 ഏക്കർ സ്ഥലം സ്വന്തമായുണ്ടായിരുന്നു. അവിടെ ഇപ്പോളവർ സോയാബീനും, ഗോതമ്പും, സവാളയും കൃഷിചെയ്യുന്നു.

'I don't make any [architectural] plans or designs, I just start making the houses directly', Jaypal says. The first few were gifted to relatives, but when people started visiting his home to look at the models, he stopped giving them away
PHOTO • Jaypal Chouhan
'I don't make any [architectural] plans or designs, I just start making the houses directly', Jaypal says. The first few were gifted to relatives, but when people started visiting his home to look at the models, he stopped giving them away
PHOTO • Jaypal Chouhan

“പ്രത്യേകമായെന്തെങ്കിലും രൂപമോ ആകൃതിയോ ഒന്നും ഞാൻ ആലോചിക്കാറില്ല. നേരിട്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്” എന്ന് ജയ്പാൽ പറഞ്ഞു. ആദ്യം ഉണ്ടാക്കിയ ചില വീട്ടുമാതൃകകൾ ബന്ധുക്കൾക്ക് സമ്മാനമായി അവൻ കൊടുത്തിരുന്നു. പിന്നീട്, താനുണ്ടാക്കുന്ന മാതൃകകൾ കാണാൻ ആളുകൾ വന്നുതുടങ്ങിയപ്പോൾ, സമ്മാനങ്ങൾ കൊടുക്കുന്നത് അവൻ അവസാനിപ്പിച്ചു

ടോക്കി ഗ്രാ‍മത്തിൽ താൻ താമസിച്ചിരുന്ന തകരവും കളിമണ്ണും കൊണ്ട് ഉണ്ടാക്കിയിരുന്ന ചെറിയ വീടിനെക്കുറിച്ച് നേരിയ ഓർമ്മ മാത്രമേ അവനുള്ളു. “വലിയ ഓർമ്മയില്ല ആ വീടിനെക്കുറിച്ച്. ഇന്ന് വീടുകളുടെ മാതൃകകളുണ്ടാക്കുമ്പോൾ തിരിച്ചുപോയി ആ പഴയ വീട് പോയി നോക്കിക്കാണാൻ സാധിക്കില്ല. അത് വെള്ളത്തിൽ മുങ്ങിപ്പോയി. എന്നാൽ ഇപ്പോൾ താമസിക്കുന്ന വീടിന്‍റെ മാതൃക ഉണ്ടാക്കണമെന്നുണ്ട് എനിക്ക്”.

ഇപ്പോൾ താമസിക്കുന്ന വീടിനോട് ചേർന്നുള്ള വഴി, സർക്കാർ നിർമ്മിക്കാൻ പോകുന്ന ഒരു ആറുവരിപ്പാതയായി വികസിക്കാനുള്ള സാധ്യതയുള്ളതിനാൽ, അതും ഒഴിയേണ്ടിവരുമെന്ന് അവർ ഭയപ്പെടുന്നുണ്ട്. “അപ്പോൾ വീണ്ടും വേറെ എവിടേക്കെങ്കിലും മാറേണ്ടിവരും”, ജയ്പാൽ പറയുന്നു.

നിർമ്മാണമേഖലയിലുള്ള താത്പര്യം മൂലം, കൂടുതൽ പഠിച്ച്, ഒരു സിവിൽ എൻ‌ജിനീയറാവണമെന്നാണ് അവന്‍റെ ആഗ്രഹം. ആ യോഗ്യതവെച്ച് സർക്കാർ ജോലി ലഭിക്കാൻ എളുപ്പമാണെന്നും അവൻ കരുതുന്നു.

ഈയടുത്തകാലത്തായി, താജ് മഹളിന്‍റെ ഒരു മാതൃക അവൻ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. “വീട്ടിൽ വന്ന് ഞാനുണ്ടാക്കിയ മാതൃകകൾ കാണുന്നവരൊക്കെ ആദ്യം ചോദിക്കുന്നത്, ഞാൻ താജ്മഹൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നാണ്”. അതിനായി, ധാരാളം കടലാസ്സ് ആവശ്യമാണെങ്കിലും, ആ മഹദ് സൃഷ്ടി പതുക്കെ രൂപം കൊള്ളുന്നുണ്ട്. അതോടൊപ്പം മറ്റ് മാതൃകകളും ഉയർന്നുവരും. ധാരാളം ക്ഷമയും, ശേഷിയും പശയും, ഉപയോഗശൂന്യമായ കടലാസ്സുമൊക്കെ ആവശ്യം വരുന്ന മാതൃകകൾ.

പരിഭാഷ: രാജീവ് ചേലനാട്ട്

Nipun Prabhakar

নিপুণ প্রভাকর কচ্ছ, ভোপাল এবং দিল্লি ভিত্তিক দস্তাবেজি ফটোগ্রাফার। প্রশিক্ষিত স্থপতি হিসেবে তিনি স্থানীয় জনগোষ্ঠীগুলির সঙ্গে নিবিড়ভাবে কাজ করেন।

Other stories by Nipun Prabhakar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat