2020 ഓഗസ്റ്റില്‍ തന്‍റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് അഞ്ജനി യാദവ് അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോന്നു. അതിനുശേഷം അവര്‍ ഭര്‍ത്താവിന്‍റെയോ അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെയോ അടുത്തേക്ക് പോയിട്ടില്ല. 31-കാരിയായ അഞ്ജനി തന്‍റെ രണ്ട് മക്കളോടൊപ്പം ബീഹാറിലെ ഗയ ജില്ലയിലെ ബോധ്ഗയ ബ്ലോക്കിലെ ബക്രൗര്‍ ഗ്രാമത്തില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. അരമണിക്കൂറില്‍ താഴെ യാത്രചെയ്യേണ്ട ദൂരമേ ഉള്ളൂവെങ്കിലും അവര്‍ ഭര്‍ത്താവിന്‍റെ ഗ്രാമത്തിന്‍റെ പേര് പറയാന്‍ താത്പര്യപ്പെടുന്നില്ല.
“സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം ഭാഭി [ഭര്‍തൃസഹോദര ഭാര്യ] എന്നോട് പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും ആവശ്യപ്പെട്ടു. പ്രസവശേഷം വീട്ടിലെത്തിക്കഴിഞ്ഞ് ഇതേകാര്യം അവര്‍ (ഭാഭി) ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അവര്‍ക്ക് എന്നേക്കാള്‍ 10 വയസ്സ് കൂടുതലുണ്ട്. പ്രസവസമയത്ത് എനിക്ക് അമിതമായി രക്തം നഷ്ടപ്പെട്ടിരുന്നു. പ്രസവത്തിനു മുമ്പുതന്നെ എനിക്ക് രക്തംവളരെ കുറവുള്ള അവസ്ഥ [കടുത്ത വിളര്‍ച്ച] ഉണ്ടായിരുന്നെന്നും പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും നഴ്സ് പറഞ്ഞിരുന്നു. ഭര്‍തൃമാതാപിതാക്കളുടെ വീട്ടില്‍ നിന്നിരുന്നെങ്കില്‍ എന്‍റെയവസ്ഥ മോശമാകുമായിരുന്നു.”
മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞ അര ദശകത്തില്‍ കുട്ടികളിലെയും സ്ത്രീകളിലെയും വിളര്‍ച്ചയുടെ അവസ്ഥ വഷളായിട്ടുണ്ടെന്ന് ഏറ്റവും അവസാനത്തെ ദേശീയ കുടുംബാരോഗ്യ സര്‍വെ - എന്‍. എഫ്.എച്.എസ്.-5 - (National Family Health Survey - NFHS-5) പറയുന്നു.
ഭര്‍ത്താവ് 32-കാരനായ സുഖിറാം ഗുജറാത്തിലെ സൂറത്തില്‍ ഒരു തുണിക്കമ്പനിയില്‍ ജോലി ചെയ്യുകയാണെന്ന് അഞ്ജനി കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷമായി അദ്ദേഹം വീട്ടില്‍ വന്നിട്ടില്ല. “എന്‍റെ പ്രസവത്തിന് അദ്ദേഹം വരേണ്ടതായിരുന്നു. പക്ഷെ രണ്ടു ദിവസത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍ പുറത്താക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ഈ കൊറോണ മഹാമാരിക്കുശേഷം സാമ്പത്തികമായും, വൈകാരികമായും, ആരോഗ്യപരമായും ഞങ്ങള്‍ പാവങ്ങളുടെ കാര്യങ്ങള്‍ വളരെ മോശമായിരിക്കുന്നു. അതുകൊണ്ട്, എല്ലാകാര്യങ്ങളും സ്വയംചെയ്തുകൊണ്ട്, ഞാന്‍ ഒറ്റയ്ക്കായിരുന്നു.
“അതുകൊണ്ട് അദ്ദേഹത്തിന്‍റെ അഭാവത്തില്‍ സംഭവിക്കുമായിരുന്ന ഭയാനകമായ അവസ്ഥയില്‍നിന്നും എനിക്ക് രക്ഷപെടണമായിരുന്നു. പ്രസവാനന്തരമുള്ള പരിചരണം പോകട്ടെ, വീട്ടിലെ പണികള്‍ ചെയ്യാനോ കുഞ്ഞിനെ നോക്കാന്‍ പോലുമോ ആരും സഹായിക്കില്ലായിരുന്നു”, അവര്‍ പാരിയോട് പറഞ്ഞു. അഞ്ജനി യാദവിന് ഇപ്പോഴും കടുത്ത വിളര്‍ച്ചയുണ്ട്. ഈ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് മറ്റു സ്ത്രീകളെപ്പോലെ.
എന്‍.എഫ്.എച്.എസ്.-5 പറയുന്നത് ബീഹാറിലെ 64 ശതമാനത്തിനടുത്ത് സ്ത്രീകള്‍ക്ക് വിളര്‍ച്ചയുണ്ടെന്നാണ്.
കോവിഡ്-19-ന്‍റെ സാഹചര്യത്തില്‍ 2020 ഗ്ലോബല്‍ ന്യൂട്രിഷന്‍ റിപ്പോര്‍ട്ട് പറയുന്നത് “15 മുതല്‍ 49 വയസ്സ് വരെ പ്രായത്തിലുള്ള 51.4 ശതമാനം സ്ത്രീകളെ നിലവില്‍ വിളര്‍ച്ച ബാധിച്ചിട്ടുള്ളതിനാല്‍, പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകള്‍ക്കിടയിലെ വിളര്‍ച്ച കുറയ്ക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ ഒരു പുരോഗമനവും ഇന്ത്യ നേടിയിട്ടില്ല” എന്നാണ്
ആറു വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹാനന്തരം അടുത്തുള്ള ഗ്രാമത്തില്‍ ഭര്‍തൃമാതാപിതാക്കളോടൊപ്പമാണ് അവര്‍ താമസിച്ചത് - വിവാഹിതരായ മറ്റ് മിക്ക ഇന്ത്യന്‍ സ്ത്രീകളെയുംപോലെ. ഭര്‍തൃഗൃഹത്തിലുള്ളത് അദ്ദേഹത്തിന്‍റെ മാതാപിതാക്കളും മുതിര്‍ന്ന രണ്ട് സഹോദരന്മാരും ആവരുടെ ഭാര്യമാരും കുട്ടികളുമാണ്. അഞ്ജനി 8-ാം ക്ലാസ്സിനുശേഷം പഠനം നിര്‍ത്തിയതാണ്, അവരുടെ ഭര്‍ത്താവ് 12-ാം ക്ലാസ്സിലും.
എന്‍.എഫ്.എച്.എസ്.-5 പറയുന്നതനുസരിച്ച് ബീഹാറിലെ 15 മുതല്‍ 19 വരെ പ്രായത്തിലുള്ള സ്ത്രീകളുടെ പ്രത്യുത്പാദനനിരക്ക് 77 ശതമാനമാണ്. സംസ്ഥാനത്തെ 25 ശതമാനത്തിലധികം സ്ത്രീകളുടെയും ബോഡി മാസ് സൂചിക (Body Mass Index - BMI) ശരാശരിയിലും താഴെയാണ്. 15-നും 49-നും ഇടയില്‍ പ്രായമുള്ള 63 ശതമാനത്തിലധികം ഗര്‍ഭിണികളായ സ്ത്രീകളും വിളര്‍ച്ച ബാധിതരാണെന്നും സര്‍വെ പറയുന്നു.
ബക്രൗരിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ അഞ്ജനി അമ്മയോടും സഹോദരനോടും അദ്ദേഹത്തിന്‍റെ ഭാര്യയോടും രണ്ട് കുട്ടികളോടുമൊപ്പം താമസിക്കുന്നു. സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ആളായി ഗയ പട്ടണത്തില്‍ 28-കാരനായ അവരുടെ സഹോദരന്‍ അഭിഷേക് ജോലി ചെയ്യുമ്പോള്‍ അഞ്ജനിയുടെ അമ്മ വീട്ടുജോലിക്കാരിയായി പണിയെടുക്കുന്നു. “ഞങ്ങളുടെ കുടുംബത്തിന്‍റെ പ്രതിമാസ മൊത്തവരുമാനം ഏകദേശം 15,000 രൂപവരും. ഞാനവിടെ ജീവിക്കുന്നതില്‍ ആര്‍ക്കും പ്രശ്നമില്ലെങ്കിലും ഒരു അധികഭാരമായി എനിക്കു തോന്നുന്നു”, അവര്‍ പറഞ്ഞു.
“മറ്റ് മൂന്നു സഹജോലിക്കാര്‍ക്കൊപ്പം മുറി പങ്കുവച്ചാണ് എന്‍റെ ഭര്‍ത്താവ് സൂറത്തില്‍ ജീവിക്കുന്നത്. അദ്ദേഹം ആവശ്യത്തിന് സമ്പാദിച്ച് വേറൊരു വീട് വാടകയ്ക്ക് എടുക്കുന്നതുവരെ ഞാന്‍ കാത്തിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കവിടെ [സൂറത്തില്‍] ഒരുമിച്ചു താമസിക്കാന്‍ കഴിയും”, അഞ്ജനി പറഞ്ഞു.
*****
“വരൂ, ഞാന്‍ നിങ്ങളെ എന്‍റെ സുഹൃത്തിന്‍റെ അടുത്തേക്ക് കൊണ്ടുപോകാം. അവളുടെ ജീവിതവും ഭര്‍തൃമാതാവ് ഒരു നരകമാക്കി തീര്‍ത്തിരിക്കുന്നു”, അഞ്ജനി പറഞ്ഞു. ഞാന്‍ ഗുഡിയയുടെ, യഥാര്‍ത്ഥത്തില്‍ ഗുഡിയയുടെ ഭര്‍ത്താവിന്‍റെ, വീട്ടിലേക്ക് അവരെ പിന്തുടര്‍ന്നു. 29-കാരിയായ ഗുഡിയ 4 കുട്ടികളുടെ അമ്മയാണ്. അവരുടെ ഏറ്റവും ഇളയ കുട്ടി ആണ്‍കുഞ്ഞാണ്. അവരുടെ ഭര്‍തൃമാതാവ് അവരെ വന്ധ്യംകരണ ശാസ്ത്രക്രിയയ്ക്ക് സമ്മതിക്കുന്നില്ല, കാരണം ഒരു ആണ്‍കുഞ്ഞുകൂടിയെങ്കിലും വേണമെന്നാണ് അവരുടെ ആഗ്രഹം. തന്‍റെ പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന ഗുഡിയ ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്.
മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞ അര ദശകത്തില്‍ കുട്ടികളിലെയും സ്ത്രീകളിലെയും വിളര്‍ച്ച വഷളായിട്ടുണ്ടെന്ന് എന്‍.എഫ്.എച്.എസ്.-5 പറയുന്നു
“മൂന്നു പെണ്‍കുട്ടികള്‍ ഉണ്ടായതിനുശേഷം ഒരു മകന്‍ വേണമെന്ന് എന്‍റെ ഭര്‍തൃമാതാവിനുണ്ടായിരുന്നു. അങ്ങനെ ഒരു ആണ്‍കുഞ്ഞുണ്ടായതിനുശേഷം ഞാന്‍ വിചാരിച്ചു ജീവിതം മെച്ചമായിരിക്കുമെന്ന്. പക്ഷെ ഇപ്പോള്‍ അവര്‍ എന്നോട് പറയുന്നത് നിനക്ക് മൂന്ന് പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ രണ്ട് ആണ്‍കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നാണ്. ശാസ്ത്രക്രിയയ്ക്ക് അവരെന്നെ അനുവദിക്കുന്നില്ല”, ഗുഡിയ പാരിയോട് പറഞ്ഞു.
2011-ലെ സെന്‍സസ് അനുസരിച്ച് ലിംഗാനുപാതത്തിന്‍റെ കാര്യത്തില്‍ ഗയയ്ക്ക് സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണുള്ളത്. സംസ്ഥാന ശരാശരി 935 ആയിരിക്കുമ്പോള്‍ 0-6 പ്രായവിഭാഗത്തിലുള്ളവരുടെ ജില്ലയിലെ അനുപാതം 960 ആണ്.
തകരവും ആസ്ബറ്റോസും കൊണ്ടു മറച്ചുണ്ടാക്കിയിരിക്കുന്ന രണ്ട് മുറികളുള്ള വീട്ടിലാണ് ഗുഡിയ താമസിക്കുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയിരിക്കുന്ന ആ വീടിന് കക്കൂസില്ല. 34-കാരനായ അവരുടെ ഭര്‍ത്താവ് ശിവ്സാഗര്‍, അയാളുടെ അമ്മ, അവരുടെ കുട്ടികള്‍ എന്നിവരാണ് ഈ ചെറിയ വീട്ടില്‍ താമസിക്കുന്നവര്‍. ശിവ്സാഗര്‍ പ്രദേശത്തെ ഒരു ഭക്ഷണശാലയില്‍ സഹായിയായി ജോലി ചെയ്യുകയാണ്.
17-ാം വയസ്സില്‍ വിവാഹിതയായ ഗുഡിയ ഒരിക്കലും സ്ക്കൂളില്‍ പോയിട്ടില്ല. “എന്‍റെ കുടുംബത്തിലെ 5 പെണ്‍മക്കളില്‍ ആദ്യത്തെയാളായിരുന്നു ഞാന്‍, എന്നെ സ്ക്കൂളിലയയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല”, അവര്‍ ഞങ്ങളോടു പറഞ്ഞു. “പക്ഷെ എന്‍റെ രണ്ട് സഹോദരിമാരും ഒരേയൊരു സഹോദരനും, ഞങ്ങളില്‍ ഏറ്റവും ഇളയയാള്‍, സ്ക്കൂളില്‍ പോയിട്ടുണ്ട്.”
ഗുഡിയയുടെ വീടിന്‍റെ പ്രധാന മുറി കഷ്ടിച്ച് നാലടി വീതിയുള്ള ഒരു ചെറിയ വഴിയിലേക്കാണ് തുറക്കുന്നത് – എതിരെയുള്ള വീടിന് ഏതാണ്ട് നേര്‍ക്ക്. മുറിയിലെ ഭിത്തിയില്‍ രണ്ട് സ്ക്കൂള്‍ ബാഗുകള്‍ തൂങ്ങിക്കിടക്കുന്നു, ഇപ്പോഴും അതില്‍ പുസ്തകങ്ങള്‍ ഉണ്ട്. “ഇവ എന്‍റെ മൂത്ത പുത്രിമാരുടേതാണ്. ഒരുവര്‍ഷത്തിലധികമായി അവരതില്‍ തൊട്ടിട്ടില്ല”, ഗുഡിയ പറഞ്ഞു. ആ പെണ്‍മക്കള്‍ക്ക്, 10 വയസ്സുകാരി ഖുശ്ബുവിനും 8 വയസ്സുകാരി വര്‍ഷയ്ക്കും, പഠനം നഷ്ടമായിക്കൊണ്ടിരിക്കുന്നു. കോവിഡ്-19 മഹാമാരിമൂലം ആദ്യത്തെ ദേശീയ ലോക്ക്ഡൗണിന്‍റെ സമയത്ത് അടച്ച സ്ക്കൂള്‍ ഇതുവരെയും തുറന്നിട്ടില്ല.
“എന്‍റെ രണ്ട് കുട്ടികള്‍ക്കെങ്കിലും ഉച്ചഭക്ഷണം എന്നനിലയില്‍ ഒരു നേരം നല്ല ഭക്ഷണം ലഭിക്കുമായിരുന്നു. പക്ഷെ, സാധിക്കുന്നത് മാത്രം വാങ്ങി ഇപ്പോള്‍ ഞങ്ങളെല്ലാവരും കഴിഞ്ഞുകൂടുന്നു”, ഗുഡിയ പറഞ്ഞു.
സ്ക്കൂള്‍ അടച്ചത് അവരുടെ പട്ടിണി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മൂത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ ഉച്ചഭക്ഷണം ലഭിക്കാത്തതിനാല്‍ വീട്ടിലുള്ള എല്ലാവര്‍ക്കും ഇപ്പോള്‍ തികയുന്നില്ല. അഞ്ജനിയുടെ കുടുംബത്തെപ്പോലെ ഗുഡിയയുടെ കുടുംബത്തിനും സ്ഥിരമായ ജോലിയോ ഭക്ഷ്യസുരക്ഷയോ ഇല്ല. സ്ഥിരതയില്ലാത്ത ജോലിയില്‍നിന്നും ഭര്‍ത്താവിന് പ്രതിമാസം ലഭിക്കുന്ന 9,000 രൂപയെയാണ് ഈ ഏഴംഗ കുടുംബം പൂര്‍ണ്ണമായും ആശ്രയിക്കുന്നത്.
2020 ഗ്ലോബല്‍ ന്യൂട്രിഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു: “അനൗപചാരിക സാമ്പത്തിക മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ പ്രത്യേകിച്ച് മോശമാണ്. എന്തുകൊണ്ടെന്നാല്‍ അവരിലെ ഭൂരിപക്ഷത്തിനും സാമൂഹ്യസുരക്ഷയും മികച്ച ആരോഗ്യ സുരക്ഷയും ലഭിക്കുന്നില്ല. ഉത്പാദനക്ഷമമായ ആസ്തികളുടെ ലഭ്യതയും ഇല്ലാതായിരിക്കുന്നു. ലോക്ക്ഡൗണ്‍ സമയത്ത് വരുമാനം നേടാന്‍ മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ പലര്‍ക്കും സ്വന്തമായോ കുടുംബത്തിനുവേണ്ടിയോ ഭക്ഷിക്കാനുള്ളത് കണ്ടെത്താന്‍ പറ്റാതായിരിക്കുന്നു. മിക്കവര്‍ക്കും വരുമാനമില്ല എന്നതിനര്‍ത്ഥം ഭക്ഷണമില്ല എന്നാണ്, അഥവാ, കുറഞ്ഞ ഭക്ഷണവും കുറഞ്ഞ പോഷകാഹാരവും.”
റിപ്പോര്‍ട്ട് നല്‍കുന്ന ചിത്രത്തോട് പൂര്‍ണ്ണമായും ചേരുന്നതായി കാണാന്‍ പറ്റുന്നതാണ് ഗുഡിയയുടെ കുടുംബം. അവര്‍ പട്ടിണിയോട് പടവെട്ടുന്നു, ദളിതരെന്ന നിലയില്‍ മുന്‍വിധികളോടും. അവരുടെ ഭര്‍ത്താവിന്‍റെ ജോലി ഒട്ടും സുരക്ഷിതമല്ല. കുടുംബത്തിന് ഒരുതരത്തിലും ആരോഗ്യസുരക്ഷ പ്രാപ്യവുമല്ല.
*****
സൂര്യനസ്തമിച്ച് ബോധ്ഗയ ബ്ലോക്കിലെ മുസഹര്‍ ടോലയിലെ (ചെറുഗ്രാമം അല്ലെങ്കില്‍ കോളനി) ജീവിതം പതിവു പോലെയാകുന്നു. അന്നത്തെ ദിവസത്തെ വീട്ടുജോലികള്‍ തീര്‍ത്തശേഷം ഈ സമുദായത്തിലെ (സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളിലെ താഴേക്കിടയിലുള്ള ഒരു വിഭാഗം) സ്ത്രീകള്‍ വൈകുന്നേരം ഒത്തുകൂടി സമയം ചിലവഴിക്കുന്നു - വര്‍ത്തമാനം പറഞ്ഞുകൊണ്ടും, മക്കളുടെ തലയിലെ പേന്‍ പെറുക്കിയും, പരസ്പരം പേന്‍ പെറുക്കിയുമൊക്കെ.
അവരെല്ലാവരും വാതില്‍പ്പടികളിലോ അവരുടെ ചെറുവീടുകളുടെ പ്രവേശന ഭാഗത്തോ ഇരിക്കുന്നു. ഇരുവശവും കവിഞ്ഞൊഴുകുന്ന ഓടകളുള്ള ഇടുങ്ങിയ തെരുവിനോട് ചേര്‍ന്ന് നിരയായിട്ടാണ് വീടുകളിരിക്കുന്നത്. “ഓ, മുസഹര്‍ ടോലകളെ അവര്‍ ഇങ്ങനെയാണല്ലേ വിശേഷിപ്പിക്കുന്നത്? പട്ടികളുടെയും പന്നികളുടെയും ഇടയില്‍ ജീവിച്ച് ഞങ്ങള്‍ക്ക് പരിചയമാണ്”, 32-കാരിയായ മാലാദേവി പറഞ്ഞു. കഷ്ടിച്ച് 15 വയസ്സുള്ളപ്പോള്‍ വിവാഹിതയായതുമുതല്‍ അവര്‍ ഇവിടെ ജീവിക്കുന്നു.
ഗയ ജില്ലയുടെ പ്രവര്‍ത്തനകേന്ദ്രത്തിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ശുചീകരണ പ്രവര്‍ത്തകനാണ് അവരുടെ ഭര്‍ത്താവ് 40-കാരനായ ലല്ലന്‍ ആദിബാസി. വന്ധ്യംകരണം ചെയ്യാന്‍ ഒരവസരവും തനിക്കുണ്ടായിട്ടില്ലെന്നും 4 കുട്ടികള്‍ക്ക് പകരം ഒരാള്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും മാല പറഞ്ഞു.
അവരുടെ ഏറ്റവും മൂത്തമകന്‍ 16-കാരനായ ശംഭുവാണ് ഇപ്പോള്‍ സ്ക്കൂളില്‍ പഠിക്കുന്ന ഒരേയൊരാള്‍ - 9-ാം ക്ലാസ്സില്‍ പഠിക്കുന്നു. “3-ാം ക്ലാസ്സിനുശേഷം പെണ്‍മക്കളെ പഠിക്കാന്‍ വിടാന്‍ എനിക്കു സാധിച്ചില്ല. ലല്ലന് വെറും 5,500 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. ഞങ്ങള്‍ 6 പേരാണ്. ഇത് ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് തികയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?”, അവര്‍ ചോദിച്ചു. മാലയുടെ ഏറ്റവും മൂത്തതും ഏറ്റവും ഇളയതുമായ കുട്ടികള്‍ ആണ്‍കുട്ടികളാണ്. മറ്റുരണ്ടുപേര്‍ പെണ്‍കുട്ടികളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതുകൊണ്ട് സ്ക്കൂളില്‍ പോയിക്കൊണ്ടിരുന്ന കുറച്ചു കുട്ടികള്‍ക്ക് ഈ ടോലയിലും സ്ക്കൂളില്‍ പോകാന്‍ സാധിക്കുന്നില്ല. അതിനര്‍ത്ഥം ഉച്ചഭക്ഷണം ലഭിക്കില്ലെന്നും പട്ടിണി കൂടുമെന്നുമാണ്. ഏറ്റവും നല്ല സമയത്തുപോലും ഈ സമുദായത്തില്‍ നിന്നും കുറച്ചുകുട്ടികളാണ് സ്ക്കൂളില്‍ പോകുമായിരുന്നത്. സാമൂഹ്യമായ മുന്‍വിധി, വിവേചനം, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയുടെയൊക്കെ ഫലമായി മുസഹര്‍ കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, നേരത്തെതന്നെ പഠിപ്പ് നിര്‍ത്താനുള്ള പ്രവണത കാണിക്കുന്നു. മറ്റു മിക്ക സമുദായങ്ങളിലെയും കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നതിനേക്കാള്‍ വളരെ വേഗത്തിലാണിത്.
2011-ലെ സെന്‍സസ് പ്രകാരം ബീഹാറില്‍ 2.72 ദശലക്ഷത്തിനടുത്ത് മുസഹറുകള്‍ ഉണ്ട് . ദുസാധ്, ചമാര്‍ വിഭാഗങ്ങള്‍ക്കുശേഷം അവരാണ് മൂന്നാമത്ത ഏറ്റവും വലിയ പട്ടികജാതി വിഭാഗം. സംസ്ഥാനത്തെ 16.57 ദശലക്ഷം ദളിതരില്‍ ആറിലൊരു ഭാഗം ഇവരാണ്. പക്ഷെ ബീഹാറിലെ ആകെ ജനസംഖ്യയായ 104 ദശലക്ഷത്തില്‍ (2011) വെറും 2.6 ശതമാനമാണ് ഇവര്‍.
2018-ലെ ഒരു ഒക്സ്ഫാം റിപ്പോര്‍ട്ട് ( OXFAM Report of 2018 ) ഇങ്ങനെ പറയുന്നു: “ഏകദേശം 96.3 ശതമാനം മുസഹറുകള്‍ ഭൂരഹിതരും 92.5 ശതമാനം പാടത്ത് പണിയെടുക്കുന്നവരുമാണ്. ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാര്‍ ഇപ്പോഴും തൊട്ടുകൂടാത്തവരായിക്കാണുന്ന ഈ സമുദായത്തിന്‍റെ സാക്ഷരത നിരക്ക് വെറും 9.8 ശതമാനമാണ് - രാജ്യത്തെ ദളിതര്‍ക്കിടയിലെ ഏറ്റവും കുറഞ്ഞനിരക്ക്. സമുദായത്തിലെ സ്ത്രീകളുടെ സാക്ഷരത നിരക്ക് 1-2 ശതമാനമാണ്.”
ഗൗതമ ബുദ്ധന് ഒരിക്കല്‍ ജ്ഞാനോദയം ഉണ്ടായ സ്ഥലമായ ബോധ്ഗയയിലെ ഈ സാക്ഷരതനിരക്കിന്‍റെ ശോചനീയാവസ്ഥ നിങ്ങളെ ഞെട്ടിക്കുന്നതാണ്.
“ഞങ്ങള്‍ വെറുതെ കുട്ടികളെ ഉണ്ടാക്കാനും അവരെ ഊട്ടാനും ഉള്ളവരാണ്. പക്ഷെ ഒരു പണവുമില്ലാതെ ഞാനത് എങ്ങനെ ചെയ്യും?” തലേദിവസം രാത്രിയില്‍ മിച്ചംവന്ന ഒരുപാത്രം ചോറ് തന്‍റെ ഏറ്റവും ഇളയ മകന് നല്‍കിക്കൊണ്ട് മാല ചോദിച്ചു. “ഇതാണ് ഇപ്പോള്‍ എനിക്ക് തരാനുള്ളത്. തിന്നുക, അല്ലെങ്കില്‍ പട്ടിണി കിടക്കുക”, അവര്‍ അവനോട് പറഞ്ഞു. അവരുടെ നിസ്സഹായാവസ്ഥ ദേഷ്യമായി പുറത്തുവന്നു.
ഈ സംഘത്തിലെ മറ്റൊരു സ്ത്രീ 29-കാരിയായ ശിബാനി ആദിബാസിയാണ്. ശ്വാസകോശാര്‍ബുദം ബാധിച്ച് ഭര്‍ത്താവ് മരിച്ചതില്‍പ്പിന്നെ, രണ്ട് മക്കളും ഭര്‍ത്താവിന്‍റെ കുടുംബവും അടങ്ങുന്ന 8 അംഗങ്ങള്‍ ഉള്ള വീട്ടിലാണ് അവര്‍ താമസിക്കുന്നത്. ശിബാനിക്ക് ഒരു വരുമാന മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ ഭര്‍ത്താവിന്‍റെ സഹോദരനെയാണ് അവര്‍ ജീവിക്കാനായി ആശ്രയിക്കുന്നത്. എന്‍റെ മക്കള്‍ക്കോ എനിക്കോ മാത്രമായി പച്ചക്കറികളും പാലും പഴവുമൊന്നും കൊണ്ടുവരാന്‍ അദ്ദേഹത്തോട് പറയാന്‍ എനിക്കാവില്ല. ഞങ്ങള്‍ക്കെന്താണോ തരുന്നത് അതില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്. മിക്കദിവസങ്ങളിലും ഞങ്ങള്‍ കഴിഞ്ഞു പോകുന്നത് മാഡ്-ഭാത് (ഉപ്പൊഴിച്ച കഞ്ഞി) കഴിച്ചാണ്”, ശിബാനി പാരിയോട് പറഞ്ഞു.
“ബീഹാറിലെ ഏതാണ്ട് 85 ശതമാനം മുസഹര്‍ ജനങ്ങളും പോഷകാഹാരക്കുറവിന്‍റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു...”, ഒക്സ്ഫാം റിപ്പോര്‍ട്ട് പറയുന്നു.
മാലയുടെയും ശിബാനിയുടെയും കഥകള്‍ ചെറിയ അളവില്‍ മാത്രമെ ബീഹാറിലെ ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന എണ്ണമറ്റ ദളിത് സ്ത്രീകളുടേതില്‍നിന്നും വ്യത്യാസപ്പെടുന്നുള്ളൂ.
ബീഹാറിലെ പട്ടികജാതി ജനവിഭാഗങ്ങളിലെ 93 ശതമാനത്തിനടുത്ത് വരുന്നവര്‍ ഗ്രാമ പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. സംസ്ഥാനത്തെ ജില്ലകളില്‍ ദളിതരുടെ അനുപാതം ഏറ്റവും കൂടുതലുള്ളത് ഗയയിലാണ് - 30.39 ശതമാനം. മുസഹറുകള്‍ ‘മഹാദളിത്’ എന്ന സംസ്ഥാന വിഭാഗത്തില്‍ പെടുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ദരിദ്രരായ സാമൂഹ്യ വിഭാഗങ്ങളാണ് മഹാദളിതുകള്‍.
അഞ്ജനി, ഗുഡിയ, മാല, ശിബാനി എന്നിവരൊക്കെ ഏതൊക്കെയോ തരത്തില്‍ വ്യത്യസ്തങ്ങളായ സാമൂഹ്യ സാമ്പത്തിക പാശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. പക്ഷെ അവര്‍ക്കെല്ലാം സമാനമായി ഒരുകാര്യമുണ്ട് – സ്വന്തം ശരീരത്തിനും, ആരോഗ്യത്തിനും, യഥാര്‍ത്ഥത്തില്‍ ജീവിതത്തിനുമേല്‍ തന്നെ, ഒരു തരത്തിലും നിയന്ത്രണമില്ലാത്ത അവസ്ഥ. ഒരുപക്ഷെ പട്ടിണിയെ നേരിടുന്ന കാര്യത്തില്‍ അവര്‍ വ്യത്യസ്തരാണ്. അഞ്ജനി ഇപ്പോഴും, തന്‍റെ അവസാന പ്രസവത്തിന് മാസങ്ങള്‍ക്കുശേഷവും വിളര്‍ച്ചയുമായി പടവെട്ടുന്നു. തനിക്കു വന്ധ്യംകരണം നടത്തുക എന്ന ആശയം ഗുഡിയ ഉപേക്ഷിച്ചിരിക്കുന്നു. മാലയും ശിബാനിയും വളരെക്കാലം മുമ്പുതന്നെ ഏതെങ്കിലും തരത്തിലുള്ള മികച്ച ഭാവിയെ ലക്ഷ്യം വയ്ക്കുന്നത് ഉപേക്ഷിച്ചിരിക്കുന്നു. ഉപജീവനം ബുദ്ധിമുട്ടേറിയതാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ആളുകളുടെ സ്വകാര്യത മാനിക്കുന്നതിനായി അവരുടെ യഥാര്‍ത്ഥ പേരുകളല്ല നല്‍കിയിരിക്കുന്നത്.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ
[email protected]
എന്ന മെയിലിലേക്ക്
,
[email protected]
എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക
.
താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.
പരിഭാഷ: റെന്നിമോന്‍ കെ. സി.