ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മുളകുപാടങ്ങളിൽ കൊയ്ത്തുകാലമാകുമ്പോൾ, അയൽ സംസ്ഥാനങ്ങളായ ഛത്തീസ്ഗഡിൽനിന്നും ഒഡീഷയിൽനിന്നും കുട്ടികളായ തൊഴിലാളികൾ ഇവിടേയ്ക്ക് ഒഴുകുന്നത് കാണാം. അവർ വരുന്നത് ശമ്പളത്തിനല്ല, മറിച്ച് ഒരുവർഷത്തേയ്ക്ക് ആവശ്യമുള്ള മുളക് തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനാണ്. മുളക് വിളവെടുക്കാനുള്ള തൊഴിലാളിസംഘത്തിലേക്ക് പല കുട്ടികളും എത്തുന്നത് സ്കൂളിൽ നിന്ന് അവധിയെടുത്തിട്ടാണെന്നുകൂടി അറിയുമ്പോൾ, എരിവേറിയ ഈ രുചിക്കൂട്ട് സംഭരിച്ചുവെക്കാൻ ആളുകൾ കാണിക്കുന്ന ഉത്സാഹം വ്യക്തമാകും. ദൈനംദിന ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായ മുളക് ശേഖരിക്കാനും വീടുകളിലേക്ക് കൊണ്ടുവരാനും ഒരു വർഷത്തിൽ അവർക്ക് ലഭിക്കുന്ന ഒരേയൊരു അവസരമാണിത്.
കുടുംബത്തിലെ പ്രായപൂർത്തിയായവരെ സംബന്ധിച്ച് മുളക് അവരുടെ നിത്യഭക്ഷണത്തിലെ പ്രധാന ഇനമാണെങ്കിലും കുട്ടികൾ താരതമ്യേന വളരെ കുറച്ച് മുളകുമാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ പണിയിടങ്ങളിൽ മുൻപന്തിയിലുള്ളത് അവരാണ് - ഇവിടത്തെ പകുതിയോളം തൊഴിലാളികൾ കുട്ടികളാണ്. ഒരു വർഷത്തേയ്ക്കുവേണ്ട മുളക് മുഴുവൻ സംഭരിക്കുകയാണവർ. അടുത്ത വിളവെടുപ്പുകാലംവരെ പിടിച്ചുനില്ക്കാൻ ആവശ്യമായ വിലപ്പെട്ട മുളകുകൾ അവർ കഷ്ടപ്പെട്ട് 'സമ്പാദിക്കും'. ദിവസക്കൂലിയായ 120 രൂപയ്ക്ക് പകരം അതേ പണത്തിന് ലഭിക്കുന്ന മുളക് കൂലിയായി വാങ്ങാനാണ് അവർ താത്പര്യപ്പെടുന്നത്. ജോലി ചെയ്യുന്ന തോതനുസരിച്ച് ചില കുടുംബങ്ങൾ അര ക്വിന്റലോ ചിലപ്പോൾ ഒരു ക്വിന്റലോ പോലും മുളക് ശേഖരിക്കാറുണ്ട്. ഒരു കിലോ മുളകിന് 100 രൂപ കണക്കിൽ 10,000 രൂപയുടെ അടുത്ത് മൂല്യം വരും അതിന്.
തൊഴിലാളികുടുംബങ്ങൾക്ക് ഇത് ഏറെ വിലപ്പെട്ടതും കൂടുതൽ ലാഭകരവുമായ സമ്പാദ്യമാണ്. ഒരു കുടുംബം ഒരു വർഷം 12-20 കിലോ മുളക് ഉപയോഗിച്ചേക്കും. വീട്ടിലെ ആവശ്യം കഴിച്ച് ബാക്കി വരുന്ന മുളക് വിപണിയിൽ വിറ്റാൽ അവർക്ക് അധികവരുമാനം കണ്ടെത്താനാകും. പാടങ്ങളിൽനിന്ന് പറിച്ചെടുത്ത, ഗുണനിലവാരമുള്ള മുളകുകൾ വർഷം മുഴുവൻ വീട്ടാവശ്യത്തിന് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യാം.
"ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഇരുപതുപേരുടെ ഒരു സംഘമാണ് വന്നിരിക്കുന്നത്; മൂന്നാഴ്ച ഞങ്ങൾ ഇവിടെയുണ്ടാകും". ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിൽ ഉൾപ്പെട്ട ഗുതുമുട ഗ്രാമത്തിൽനിന്നുള്ള ഉമാശങ്കർ പൊദിയാമി പറഞ്ഞു. "ഞങ്ങളുടെ സംഘത്തിലെ എല്ലാവരുംതന്നെ പണത്തിനുപകരം മുളക് ശമ്പളമായി വാങ്ങുവാൻ താത്പര്യപ്പെടുന്നവരാണ്."
തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, പച്ചമുളകുപാടങ്ങൾക്കരികിലൂടെ പോകുന്ന റോഡിനിരുവശങ്ങളിലുമായി തിളങ്ങുന്ന ചുവപ്പ് നിറത്തിലുള്ള മുളകുകൾ വലിയ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഫെബ്രുവരിമുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിൽ മുളക് തഴച്ചുവളരും. കൊയ്ത്തുകാലമാകുമ്പോൾ ഒഡീഷയിൽനിന്നും ഛത്തീസ്ഗഡിൽ നിന്നുമെത്തുന്ന, ഏറിയപങ്കും ഗോത്രവർഗ്ഗക്കാരായ തൊഴിലാളികളാണ് മുളകുകൾ പറിച്ച്, വേർതിരിച്ച്, അടുക്കി വിപണിയിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കുന്നത്. ചില്ലറ വ്യാപാരത്തിനും കയറ്റുമതിക്കും ഇവിടെനിന്ന് മുളകുകൾ കൊണ്ടുപോകുന്നു.
മുളക്പാടങ്ങളിലെ തൊഴിലാളികളിൽ പകുതിയോളം പേർ കുട്ടികളാണ്. അവർ തികഞ്ഞ ഉത്സാഹത്തോടെ മുളക് കൂനകൾക്ക് ചുറ്റും ഓടിനടന്ന്, മുളകുകൾ വേർതിരിച്ച്, ചണച്ചാക്കുകളിൽ അടുക്കിയെടുക്കുന്നു. കുട്ടികൾ ഉത്സാഹത്തോടെ പണിയെടുക്കുന്നുണ്ടെങ്കിലും കുടുംബങ്ങളിലെ പട്ടിണിയാണ് അവരെ അതിന് നിർബന്ധിതരാക്കുന്നത് എന്നതാണ് വസ്തുത. മിക്കവരുടെയും കുടുംബങ്ങൾ ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. സ്വദേശത്ത് തൊഴിൽ ലഭ്യത ഇല്ലാത്തതിനാലാണ് ഇക്കൂട്ടർ അതിർത്തി കടന്ന്, മുളകുത്പാദനത്തിൽ ഇന്ത്യയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനങ്ങളിൽ ചേക്കേറുന്നത്.
ഇതിനുപുറമെ, പ്രാതൽ ഉൾപ്പെടെ അവരുടെ എല്ലാ ഭക്ഷണങ്ങളിലെയും ഒഴിവാക്കാനാവാത്ത ഒരേയൊരു ചേരുവയാണ് മുളക്. മറ്റു പല ഭക്ഷ്യസാധനങ്ങളുടെയും അഭാവത്തിലും, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അവർക്ക് മുളകിൽനിന്ന് ലഭിക്കും. പൊതുവെ രുചികരമല്ലാത്ത ചില വിഭവങ്ങൾക്ക് സ്വാദ് പകരാനും മുളക് സഹായിക്കും. ആചാരാനുഷ്ഠാനങ്ങളിലും മുളകിന് സ്ഥാനമുള്ളത് അവയുടെ ആവശ്യകത ഏറെ വർധിപ്പിക്കുന്നു.
14 വയസ്സുകാരനായ വെത്തി മോയെ, ഛത്തീസ്ഗഡ് അതിർത്തി കടന്ന് ആന്ധ്രയിലെ മുളക് പാടങ്ങളിൽ പണിയെടുക്കാനെത്തിയ തൊഴിലാളികളിലൊരാളാണ്. സുക്മ ജില്ലയിലെ ബഡേസിറ്റി ഗ്രാമവാസിയാണ് മോയെ. രണ്ടുവർഷം മുൻപ് അച്ഛൻ മലേറിയ ബാധിച്ച് മരിച്ചതോടെ, മോയെ പഠനമുപേക്ഷിച്ച് കുടുംബത്തിന് സ്വന്തമായുള്ള കുറച്ച് ഭൂമിയിൽ കൃഷി തുടങ്ങുകയായിരുന്നു. ഇടയ്ക്കെല്ലാം അവൻ കെട്ടിടം പണിക്കും പോകാറുണ്ട്. നാട്ടിലെ ഭൂമിയിൽ കൊയ്ത്തു കഴിഞ്ഞ്, മുളക് ശേഖരിക്കാൻ ആന്ധ്രയിൽ വന്നിരിക്കുകയാണ് മോയെ.
തന്റെ ഗ്രാമത്തിൽനിന്നുള്ള മറ്റ് 35 തൊഴിലാളികൾക്കൊപ്പമാണ് മോയെ വന്നത്. അവർ എല്ലാവരും പറഞ്ഞത് തങ്ങൾക്ക് പണത്തിനുപകരം മുളക് തിരികെ കൊണ്ടുപോയാൽ മതിയെന്നാണ്. "ഒരു ദിവസം മുളക് പറിക്കാൻ 120 രൂപയാണ് കൂലി.", മോയെ പറഞ്ഞു. "കൂലി മുളകായിട്ടാണ് വാങ്ങുന്നതെങ്കിൽ, ഞങ്ങൾ പറിക്കുന്ന ഓരോ 12 ചാക്ക് മുളകിലും ഒരു ചാക്ക് ഞങ്ങൾക്കെടുക്കാം. കൂലി മുളകായി വാങ്ങാനാണ് ഞങ്ങൾക്ക് താത്പര്യം,."
മുളകിന്റെ സീസൺ കഴിയുമ്പോൾ, അതിർത്തി കടന്നെത്തുന്ന കുഞ്ഞുതൊഴിലാളികൾ അവരുടെ വീടുകൾ പുലർത്താൻ ആവശ്യമായ മുളക് സമ്മാനമായി കൊണ്ടുപോകും. ജീവിതത്തിൽ അല്പം രസം പകരുന്ന മുളക് വീട്ടിൽ വരുന്ന കാലമാകുമ്പോൾ, വിദ്യാഭ്യാസവും മറ്റു ജോലികളുമെല്ലാം അവർ പിന്നേയ്ക്ക് മാറ്റിവയ്ക്കും.
പരിഭാഷ: പ്രതിഭ ആർ.കെ.