മഹേന്ദ്ര ഫുടാനെ മെയ് 5-ന് രാവിലെയാണ് ആദ്യ ഡോസ് കോവിഡ്-19 വാക്സിന് ലഭിക്കുന്നതിനായി വീട്ടില്‍നിന്ന് ഇറങ്ങിയത്. തിരിച്ചുവന്നത് 12 ദിവസങ്ങള്‍ക്കു ശേഷവും. “വളരെ സന്തോഷകരമായ ഒന്നായിട്ടായിരുന്നു ആ ദിവസം സങ്കല്‍പ്പിക്കപ്പെട്ടത്. പകരം അതൊരു പേടിസ്വപ്നമായി മാറി”, ആദേഹം പറഞ്ഞു.
വാക്സിനേഷന് കേന്ദ്രത്തില്‍ നിന്ന് തന്റെ വിഹിതം ലഭിക്കുന്നതിനു മുന്‍പ് അദ്ദേഹം പൊലീസിന്റെ പിടിയിലായി.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ നെക്ക്നൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 43-കാരനായ മഹേന്ദ്രക്ക് നീണ്ട പരിശ്രമങ്ങള്‍ക്കു ശേഷമാണ് വാക്സിന് ലഭിക്കുന്നതിനുള്ള അവസരം കോവിന്‍ (CoWIN) പ്ലാറ്റ്ഫോമിലൂടെ ഉറപ്പിക്കാനായത്. “[മെയ് 5-ന്] രാവിലെ 9 മുതല്‍ 11 മണി വരെയുള്ള സമയത്താണ് അവസരം ലഭിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്ന എസ്.എം.എസ്.ഉം എനിക്കു ലഭിച്ചു”, അദ്ദേഹം പറഞ്ഞു. “ആദ്യ ഡോസ് ലഭിക്കുന്നതിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോവിഡ്-19 രണ്ടാം തരംഗം ഭീതിതമായിരുന്നു”, മഹേന്ദ്ര പറഞ്ഞു.
നെക്ക്നൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ബീഡ് നഗരത്തിലെ [വാക്സിന്] കേന്ദ്രത്തില്‍ എത്തിയപ്പോള്‍ കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. [വാക്സിന്] കേന്ദ്രത്തിലെ വാക്സില്‍ ക്ഷാമം മൂലം 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്കുള്ള വിതരണം നിര്‍ത്തിവച്ചിരുന്നു. “അവിടെ പോലീസ് ഉണ്ടായിരുന്നു”, മഹേന്ദ്ര പറഞ്ഞു. “അവസരം സ്ഥിരീകരിച്ചുകൊണ്ട് ഞങ്ങള്‍ക്ക് ലഭിച്ച സന്ദേശം അവര്‍ക്ക് കാണിച്ചു കൊടുത്തു. പക്ഷെ അവര്‍ മോശമായാണ് പ്രതികരിച്ചത്.”
വരിയില്‍ നില്‍ക്കുന്നവരും പോലീസും തമ്മില്‍ വഗ്വാദം ഉണ്ടായി. അത് ലാത്തിച്ചാര്‍ജില്‍ അവസാനിക്കുകയും മഹേന്ദ്രയും മകന് പാര്‍ത്ഥും സഹോദരന് നിധിനും ബന്ധുവായ വിവേകും ഉള്‍പ്പെടെ 6 പേര് പോലീസ് കസ്റ്റഡിയില്‍ ആവുകയും ചെയ്തു.
അപ്പോള്‍ [വാക്സിന്] കേന്ദ്രത്തില്‍ ഉണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളായ അനുരാധാ ഗൗഹാനെ സംഭവത്തെക്കുറിച്ച് ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്.) ഈ 6 പേര് വരി അലങ്കോലപ്പെടുത്താനും പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചെന്ന കുറ്റം ആരോപിക്കുന്നു. അവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരെ അസഭ്യം പറഞ്ഞെന്നും അപമാനിച്ചെന്നും അവരെ ആക്രമിച്ചെന്നും എഫ്.ഐ.ആര്. പറയുന്നു. നിയമവിരുദ്ധമായ കൂടിച്ചേരല്‍, കലാപശ്രമം, പൊതുസേവകരെ ഉപദ്രവിക്കല്‍, സമാധാനം തകര്‍ക്കല്‍ എന്നിങ്ങനെ 11 വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തപ്പെട്ടത്.
പക്ഷെ മഹേന്ദ്ര എല്ലാ കുറ്റങ്ങളും നിഷേധിച്ചു. “അവിടെ തര്‍ക്കുമുണ്ടായി. പക്ഷെ പോലീസാണ് ആദ്യം ബലപ്രയോഗം നടത്തിയത്. അവര്‍ ഞങ്ങളെ പോലീസ് സ്റ്റേഷനില്‍ വച്ചും അടിച്ചു”, അദ്ദേഹം പറഞ്ഞു. മാനസിക പ്രശ്നം അനുഭവിക്കുന്ന 39-കാരന് നിധിനെപ്പോലും അവര്‍ വെറുതെ വിട്ടില്ലെന്ന് മഹേന്ദ്ര കൂട്ടിച്ചേര്‍ത്തു. “അവര്‍ അവനേയും അടിച്ചു. സംഭവം നടന്നതുമുതല്‍ അവന് വിഷാദത്തിലാണ്. ഞങ്ങള്‍ അവനെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജയിലില്‍ വച്ച് അവന് കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചു.”
ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം മെയ് 17-ന് മഹേന്ദ്ര അദ്ദേഹത്തിന്റെ മുറിവുകളുടെ ഫോട്ടോഗ്രാഫുകള്‍ എന്നെ കാണിച്ചു. കരിനീലിച്ച പാടുകള്‍ മെയ് 5-നുണ്ടായ ലാത്തിച്ചാര്‍ജിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു. “ഇതെല്ലാം തികച്ചും അനാവശ്യം ആയിരുന്നു”, അദ്ദേഹം പറഞ്ഞു. “അവരുടെ പക്കല്‍ ആവശ്യത്തിന് വാക്സിന് ഇല്ലായിരുന്നെങ്കില്‍ എന്തിന് അവര്‍ ഞങ്ങള്‍ക്കത് തുറന്നു തന്നു?”
ഇന്ത്യയില്‍ 2021 ജനുവരി 16-ന് തുടങ്ങിയ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ വാക്സിന്റെ അപര്യാപ്തത പ്രശ്നത്തിലാക്കിയിട്ടുണ്ട്. ആരോഗ്യ രക്ഷാപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കുമായിരുന്നു ആദ്യം കുത്തിവയ്പ്പ് നല്‍കിയത്.
മാര്‍ച്ച് 1 മുതല്‍ 60 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ വാക്സിന് ലഭിക്കുന്നതിന് യോഗ്യരായിത്തീര്‍ന്നു. പക്ഷെ പ്രശ്നങ്ങള്‍ തുടങ്ങിയത് 45 മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ വാക്സിന് ലഭിച്ചു തുടങ്ങിയപ്പോഴായിരുന്നു. ഡോസുകളുടെ എണ്ണത്തില്‍ കുറവ് വന്നു.
നീതിയുക്തമല്ലാത്ത രീതിയില്‍ കേന്ദ്രം വാക്സിന് വിതരണം ചെയ്യുന്നതു മൂലമുണ്ടാകുന്ന ക്ഷാമത്തെ കുറ്റപ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്രയുടെ ആരോഗ്യ മന്ത്രിയായ രാജേഷ് ടോപെ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയോട് ഇങ്ങനെ പറഞ്ഞു: “മഹാരാഷ്ട്രയ്ക്ക് 7.5 ലക്ഷം ഡോസ് വാക്സിനാണ് വ്യാഴാഴ്ച [ഏപ്രില്‍ 8] നല്‍കിയത്. അതേസമയം ഉത്തര്‍പ്രദേശിന് 48 ലക്ഷം വാക്സിന് ഡോസുകളും മദ്ധ്യപ്രദേശിന് 40 ലക്ഷവും ഗുജറാത്തിന് 30 ലക്ഷവും ഹരിയാനയ്ക്ക് 24 ലക്ഷവും നല്കി.” രാജ്യത്ത് ഏറ്റവും കൂടുതല്‍ ശക്തമായ കോവിഡ് കേസുകള്‍ ഉണ്ടായിരുന്നതും ഏറ്റവും കൂടുതല്‍ വാക്സിന് വിതരണം നടത്തിയതും സംസ്ഥാനത്തായിരുന്നു.
വാക്സിന് ക്ഷാമം സംസ്ഥാനത്ത് ഏപ്രില്‍-മെയ് മാസങ്ങളിലും തുടര്‍ന്നു. 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ച് (മെയ് 1 മുതല്‍) ദിവസങ്ങള്‍ക്കുള്ളില്‍ അത് താത്കാലികമായി നിര്‍ത്തിവച്ചു. ലഭ്യമായ വാക്സിന് പ്രായമുള്ളവര്‍ക്ക് നല്‍കുന്നത് തുടരാന്‍ അങ്ങനെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
വാക്സിന് ക്ഷാമംമൂലം ഉള്‍നാടുകളില്‍ വാക്സിന് നല്‍കുന്നത് മന്ദഗതിയിലായി.
മെയ് 31 വരെയുള്ള സമയത്തിനകം ബീഡ് ജില്ലയില്‍ 14.4 ശതമാനം ആളുകള്‍ – ഏകദേശം 2.94 ലക്ഷം പേര് – മാത്രമാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വെറും 4.5 ശതമാനം ആളുകള്‍ മാത്രമാണ് രണ്ട് ഡോസുകളും സ്വീകരിച്ചത്.
എല്ലാ പ്രായവിഭാഗത്തിലുംപെട്ട 20.4 ലക്ഷം ആളുകള്‍ക്ക് വാക്സിന് നല്കാന് ബീഡ് ജില്ല ലക്ഷ്യമിടുന്നുവെന്നാണ് ഡിസ്ട്രിക്റ്റ് ഇമ്മ്യൂണൈസേഷന്‍ ഓഫീസറായ സഞ്ജയ് കടം പറഞ്ഞത്. മെയ് 31 വരെയുള്ള സമയത്തിനകം ബീഡ് ജില്ലയില്‍ 14.4 ശതമാനം ആളുകള്‍ – ഏകദേശം 2.94 ലക്ഷം പേര് – മാത്രമാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വെറും 4.5 ശതമാനം, അതായത് 91,700 ആളുകള്‍, മാത്രമാണ് രണ്ട് ഡോസുകളും സ്വീകരിച്ചത്.
45 മുതല്‍ മുകളിലേക്ക് പ്രായമുള്ള ആകെ 9.1 ലക്ഷം ആളുകളില്‍ 25.7 ശതമാനം ആളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചു, പക്ഷെ 7 ശതമാനത്തിന് മാത്രമെ രണ്ടാമത്തേത് ലഭിച്ചുള്ളൂ. 18 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള ആകെ 11 ലക്ഷം ആളുകളില്‍, 11,700 പേര് - ഏകദേശം ഒരു ശതമാനം - മാത്രമെ മെയ് 31 വരെ ആദ്യ ഡോസ് സ്വീകരിച്ചുള്ളൂ.
കോവിഷീല്‍ഡ്, കോവാക്സിന് എന്നീ രണ്ടു വാക്സിനുകളും മഹാരാഷ്ട്രയില്‍ നല്കുമ്പോള് ഭൂരിപക്ഷം ഡോസുകളും കോവിഷീല്‍ഡ് ആണ്. ബീഡില്‍ സര്‍ക്കാര്‍ നടത്തുന്ന വാക്സിനേഷന് കേന്ദ്രത്തില്‍ സംസ്ഥാന വിഹിതത്തില്‍ നിന്നുമാണ് വാക്സിന് എത്തുന്നത്. ഇവ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി നല്കുന്നു.
പക്ഷെ, 400 കിലോമീറ്ററുകള്‍ക്കപ്പുറം മുബൈയിലെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 800 മുതല്‍ 1,500 രൂപവരെയാണ് ഈടാക്കുന്നത്. സമ്പന്നരും നഗര മദ്ധ്യവര്‍ഗ്ഗവും കൂടിയ വിലനല്‍കി വാക്സിന് സ്വീകരിക്കുന്നു. ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് കോവിഷീല്‍ഡ് സംഭരിക്കാന്‍ ചിലവാകുന്ന പണത്തിന്റെ 16 മുതല്‍ 66 ശതമാനം അധികവും കോവാക്സിനു ചിലവാകുന്ന പണത്തിന്റെ 4 ശതമാനം അധികവും നല്‍കിയാണ് അവര്‍ വാക്സിന് സ്വീകരിക്കുന്നത്.
രാജ്യത്തുത്പ്പാദിക്കുന്ന വാക്സിന്റെ 25 ശതമാനം വാങ്ങാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ മെയ് 1-ന് നിലവില്‍വന്ന പുതിയ ദേശീയ വാക്സിനേഷന് തന്ത്രത്തിന്റെ ഭാഗമാണ്. സ്വകാര്യ ആശുപത്രികള്‍ സംഭരിക്കുന്ന ഡോസുകള്‍ 18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്കു വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
എന്നിരിക്കിലും സുപ്രീം കോടതി കേന്ദ്രത്തിന്റെ വാക്സിനേഷന് തന്ത്രത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികളെപ്പോലെ 25 ശതമാനം വിഹിതമെ നല്‍കൂ എന്നത് “ഒട്ടും ആനുപാതികവുമല്ല, സാമൂഹ്യ യഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതുമല്ല” എന്ന് ജൂണ്‍ 2-ന് കോടതി പരാമര്‍ശിച്ചു . ഭൂരിപക്ഷം ജനങ്ങള്‍ക്കും വാക്സിന് നല്‍കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നുണ്ടെങ്കില്‍ “സ്വകാര്യ ആശുപത്രികള്‍ക്കു ലഭ്യമാക്കിയിട്ടുള്ള വിഹിതം കുറയ്ക്കുക തന്നെവേണം” എന്ന് കോടതി പറഞ്ഞു.
നഗര ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിലെ അസമത്വം 18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്കിടയില്‍ വാക്സിന് ലഭിക്കുന്നതിലെ അസമത്വത്തിനും കാരണമായിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ കോവിന്‍ (CoWIN) പ്ലാറ്റ്ഫോമിലൂടെ മാത്രമാണ് അവര്‍ക്ക് അവസരം ലഭ്യമാകുന്നത്. സുപ്രീം കോടതി ഇപ്രകാരം നിരീക്ഷിക്കുന്നു: “ഒരു രാജ്യത്തെ വലിയൊരു ജനവിഭാഗമായ 18-നും 44-നും ഇടയ്ക്കു പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കുന്നതിനുവേണ്ടി ഒരു ഡിജിറ്റല്‍ പോര്‍ട്ടലിനെ മാത്രം ആശ്രയിക്കുന്ന വാക്സിനേഷന് നയം, ഇത്തരത്തിലുള്ള ഡിജിറ്റല്‍ വിഭജനം നിമിത്തം, സാര്‍വത്രിക പ്രതിരോധവത്കരണം (universal immunization owing to such a digital divide) എന്ന അതിന്റെ ലക്ഷ്യം നേടാന്‍ പ്രാപ്തമായിരിക്കില്ല.”
നാഷണല്‍ സാമ്പിള്‍ സര്‍വെ 2017-18-ല്‍ രേഖപ്പെടുത്തിയ പ്രകാരം മഹാരാഷ്ട്രയിലെ വെറും 18.5 ശതമാനം ഗ്രാമീണ വീടുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിട്ടുള്ളത്. ഗ്രാമീണ മഹാരാഷ്ട്രയിലെ ആറില്‍ ഒരാള്‍ക്കു മാത്രമാണ് “ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള കഴിവ്” ഉള്ളത്. സ്ത്രീകളുടെയിടയില്‍ അത് പതിനൊന്നില്‍ ഒരാള്‍ക്കു മാത്രമാണ്.
ഈ നിരക്ക് പ്രകാരമാണെങ്കില്‍ മഹാമാരിയുടെ മൂന്നാം തരംഗം എത്തുന്ന സമയത്ത് സാങ്കേതിക വൈദഗ്ദ്യമുള്ള, ഇന്‍ഡ്യന്‍ സമ്പന്ന നഗര മദ്ധ്യവര്‍ഗ്ഗം സംരക്ഷിക്കപ്പെടും. “പക്ഷെ ബീഡ് പോലെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മഹാമാരിയ്ക്ക് കീഴ്പ്പെടും”, ഉസ്മാനാബാദ് ജില്ല ആശുപത്രിയിലെ മുന്‍ സിവില്‍ സര്ജന് ഡോ. രാജ്കുമാര് ഗാലന്‍ഡെ പറഞ്ഞു.
വാക്സിന് നല്‍കുന്നതിന്റെ വേഗത കൂട്ടുന്നില്ലെങ്കില്‍ നിരവധിപേരുടെ അവസ്ഥ അപകട സാദ്ധ്യതയുള്ളതായിരിക്കുമെന്ന് ഗാലന്‍ഡെ വിശ്വസിക്കുന്നു. “ഗ്രാമ പ്രദേശങ്ങളില്‍ ഇത് കൂടുതല്‍ അപകട സാദ്ധ്യത നിറഞ്ഞതായിരിക്കും, എന്തുകൊണ്ടെന്നാല്‍ ഗ്രാമ പ്രദേശങ്ങളിലെ ആരോഗ്യ പശ്ചാത്തല മേഖല നഗര പ്രദേശങ്ങളിലേതുപോലെ മെച്ചപ്പെട്ടതായിരിക്കില്ല”, അദ്ദേഹം പറഞ്ഞു. “കോവിഡ്-19-ന്റെ വ്യാപനം തടയാന്‍ മതിയായ വാക്സിന് നമ്മള് ഗ്രാമങ്ങള്‍ക്ക് ഉറപ്പാക്കണം
സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായി തോന്നാത്തപ്പോള്‍ ബീഡിലെ ജനങ്ങള്‍ക്ക് ഇത് ആവശ്യമായി തോന്നുന്നു. “ആദ്യം ജനങ്ങള്‍ വിമുഖരും ഉറപ്പില്ലാത്തവരുമായിരുന്നു. അതുകൊണ്ടുതന്നെ ഞാനും”, നെക്നൂരില്‍ 18 ഏക്കര്‍ സ്ഥലത്തിന് ഉടമയും കര്‍ഷകനുമായ പ്രസാദ് സര്‍വജ്ഞ്യ പറഞ്ഞു. “പനിയും ശരീര വേദനയും എങ്ങനെയാണ് കോവിഡിന്റെ ലക്ഷണമാകുന്നത് എന്നതിനെപ്പറ്റി നിങ്ങള്‍ ആദ്യം കേള്‍ക്കുന്നു, വാക്സിന് സ്വീകരിച്ചു കഴിഞ്ഞാല്‍ പനി പിടിക്കുമെന്ന് പിന്നീട് നിങ്ങള്‍ അറിയുന്നു, അപ്പോള്‍ നിങ്ങള്‍ക്കത് വേണ്ടെന്നു തോന്നും”, അദ്ദേഹം വിശദീകരിച്ചു.
പക്ഷെ, ഏകദേശം മാര്‍ച്ച് അവസാനത്തോടെ കേസുകള്‍ കൂടാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ പരിഭ്രാന്തരായെന്ന് പ്രസാദ് പറഞ്ഞു. “ഇപ്പോള്‍ എല്ലാവര്ക്കും വാക്സിന് സ്വീകരിക്കണം.”
മാര്‍ച്ച് അവസാനം തന്റെ വീട്ടില്‍നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള വാക്സിനേഷന് കേന്ദ്രത്തിലേക്ക് പോയപ്പോള്‍ വാക്സിന് ലഭിക്കാനായി കടുത്ത വാഞ്ഛയോടു കൂടി തടിച്ചുകൂടിയിരിക്കുന്ന ആളുകളെ കണ്ടു. അവിടെ ആരും ശാരീരിക അകലം പാലിക്കുന്നില്ലായിരുന്നു. “ഇവിടെയാരും കോവിന്‍ [CoWIN പ്ലാറ്റ്ഫോം] ഉപയോഗിക്കുന്നില്ല. സ്മാര്‍ട്ട്ഫോണ്‍ ഉള്ളവര്‍ക്കു പോലും മുന്‍കൂട്ടി അവസരം ഉറപ്പിക്കാന്‍ ഇവിടെ ബുദ്ധിമുട്ടാണ്”, അദ്ദേഹം പറഞ്ഞു. “ആധാര്‍ കാര്‍ഡുകളുമായി ഞങ്ങള്‍ [വാക്സിന്] കേന്ദ്രത്തിലേക്കു പോകുന്നു, അവസരം ഉറപ്പിക്കുന്നു.”
ഏതാനും മണിക്കൂറുകള്‍ കാത്തിരുന്നതിനു ശേഷമാണ് പ്രസാദിന് ആദ്യ ഡോസ് ലഭിച്ചത്. തന്നോടൊപ്പം കേന്ദ്രത്തിലുണ്ടായിരുന്ന ചിലര്‍ പരിശോധനയില്‍ കോവിഡ്-19 ബാധിതരായെന്ന് പിന്നീടദ്ദേഹം അറിഞ്ഞു. “അതന്നെ വിഷമിപ്പിച്ചു”, അദ്ദേഹം പറഞ്ഞു. “എനിക്ക് പനിയുണ്ടായിരുന്നു, പക്ഷെ അത് വാക്സിന് കൊണ്ടാകാമായിരുന്നു. മൂന്നുദിവസം കഴിഞ്ഞതിനു ശേഷവും അത് കുറയാതായപ്പോള്‍ ഞാന്‍ തനിയെ പോയി പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയിരുന്നു. ഒരു കുഴപ്പവും കൂടാതെ സുഖപ്പെട്ടതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.” മെയ് രണ്ടാം വാരം അദ്ദേഹത്തിന് രണ്ടാം ഡോസ് വാക്സിന് ലഭിച്ചു.
ആളുകള്‍ കൂടുന്നത് ഒഴിവാക്കാനായി ബീഡിലെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ടോക്കന്‍ നല്‍കുന്നുണ്ട് – ഒരുദിവസം ഏകദേശം 100 എണ്ണം. ഇത് കഷ്ടിച്ചേ സഹായകരമാകുന്നുള്ളൂ എന്ന് 55-കാരിയായ സംഗീത കാലെ പറഞ്ഞു. നെക്നൂരില്‍ സ്വന്തമായുള്ള 5 ഏക്കറില്‍ അവര്‍ സോയാബീനും തുവരയും കൃഷി ചെയ്യുന്നു. “നേരത്തെ ആളുകള്‍ വാക്സിന് വേണ്ടിയായിരുന്നു തടിച്ചു കൂടിയിരുന്നത്, ഇപ്പോള്‍ ടോക്കണു വേണ്ടിയാണ് കൂടുന്നത്”, അവര്‍ പറഞ്ഞു. “ടോക്കണ്‍ വിതരണം കഴിഞ്ഞാല്‍ ആളുകള്‍ പിരിഞ്ഞു പോകുന്നു. അതുകൊണ്ട് ദിവസം മുഴുവനും ആള്‍ക്കൂട്ടം ഉണ്ടാകാറില്ല, പകരം രാവിലെ ഏതാനും മണിക്കൂറുകള്‍ മാത്രമേ ഉണ്ടാവൂ.”
സംഗീതയ്ക്ക് ഇപ്പോഴും ആദ്യ ഡോസ് ലഭിച്ചിട്ടില്ല, എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് ഭയമാണ്. ടോക്കന്‍ ലഭിക്കണമെങ്കില്‍ രാവിലെ 6 മണിക്ക് കേന്ദ്രത്തില്‍ ചെല്ലണം. “രാവിലെ ഒരുപാടാളുകള്‍ വരിയില്‍ നില്ക്കുന്നു. അത് ഭയമുണ്ടാക്കുന്നു. ആദ്യ ഡോസ് ഞാന്‍ ഇതുവരെ എടുത്തിട്ടില്ല, എന്തുകൊണ്ടെന്നാല്‍ പിന്നീടുണ്ടാകാവുന്ന പനിയെ ഞാന്‍ ഭയപ്പെടുന്നു.”
“ഒന്നും സംഭവിക്കില്ല”, സംഗീതയുടെ അയല്‍വാസിയായ രുക്മിണി ഷിന്‍ഡെ അവരോട് പറഞ്ഞു. “നിങ്ങള്‍ക്ക് ചിലപ്പോള്‍ ചെറിയൊരു ശരീര വേദന ഉണ്ടാകുമായിരിക്കും. അത്രേയുള്ളൂ. എനിക്കതുപോലും ഉണ്ടായില്ല.”
രുക്മിണിക്ക് 94 വയസ്സുണ്ട്, 100 കടക്കുന്നത് അവര്‍ കാണുന്നു. “100 തികയാന്‍ 6 വര്‍ഷം കൂടി”, എത്രവയസ്സായെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ഏപ്രില്‍ പകുതിയോടെയാണ് അവര്‍ക്ക് ആദ്യത്തെ വാക്സിന് ലഭിച്ചത്. “രണ്ടാമത്തേതിനു വേണ്ടി ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുന്നു. രണ്ട് ഡോസുകള്‍ക്കും ഇടയിലുള്ള സമയം അവര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്”, അവര്‍ എന്നോട് പറഞ്ഞു.
കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള സമയം 6-8 ആഴ്ചകളില്‍ നിന്ന് 12-16 ആഴ്ചകളാക്കി ദീര്‍ഘിപ്പിച്ചിരിക്കുന്നു. ഡോസുകള്‍ക്കിടയിലുള്ള നീണ്ട ഇടവേള ഫലസിദ്ധി കൂട്ടുമെന്ന് നിരീക്ഷിച്ചുകൊണ്ടുള്ള പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനം എടുക്കുകയായിരുന്നു. നിര്‍മ്മാതാക്കള്‍ക്കും സര്‍ക്കാരിനും വാക്സിന് ഉത്പാദിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിനും ഇത് കൂടുതല്‍ അവസരം നല്കുന്നു.
പക്ഷെ വാക്സിനേഷന്റെ വേഗത പെട്ടെന്നുതന്നെ കൂട്ടേണ്ടതുണ്ട്.
ജില്ലയിലുടനീളം 350 വാക്സിനേഷന് കേന്ദ്രങ്ങള്‍ ബീഡില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു പ്രസവ സഹായക നഴ്സിന് (എ.എന്‍.എം.) പ്രതിദിനം 300 പേര്‍ക്ക് വാക്സിന് നല്കാന് കഴിയുമെന്ന് പേര് വെളിപ്പെടുത്തില്ലെന്ന ഉപാധിയിന്മേല് ഒരു ജില്ലാ ഉദ്യോഗസ്ഥന് പറഞ്ഞു. “ഓരോ വാക്സിനേഷന് സ്ഥലത്തും ഓരോ എ.എന്‍.എം.നെ നിയമിച്ചാല്‍ ഒരു ദിവസം 1.05 ലക്ഷം പേര്‍ക്ക് വാക്സിന് നല്കാന് നമുക്ക് കഴിയും”, അദ്ദേഹം പറഞ്ഞു. “പക്ഷെ വാക്സിന് ആവശ്യത്തിനില്ലാത്തതിനാല്‍ പ്രതിദിനം 10,000 പേര്‍ക്ക് നല്‍കാനേ സാധിക്കുന്നുള്ളൂ.”
“ഇതിങ്ങനെ പോവുകയാണെങ്കില്‍ ജില്ലയിലെ ജനങ്ങള്‍ക്ക് വാക്സിന് നല്കാന് ഒരു വര്‍ഷം മുഴുവന്‍ വേണ്ടിവരും”, ഉദ്യോഗസ്ഥന് പറഞ്ഞു. “മൂന്നാം തരംഗം ഏതാനും മാസങ്ങള്‍ മാത്രം അകലെയാണ്.”
പിന്കുറിപ്പ്: ജൂണ്‍ 7-ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തോടുള്ള തന്റെ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ വാക്സിനേഷന് തന്ത്രത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്രം വാക്സിന് സംഭരണത്തിലെ സംസ്ഥാന വിഹിതം ഏറ്റെടുക്കുകയും രാജ്യത്തുത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനം വാങ്ങുകയും ചെയ്യും. സ്വകാര്യ ആശുപത്രികള്‍ക്ക് തുടര്‍ന്നും അവരുടെ വിഹിതമായ 25 ശതമാനം നല്‍കും. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും വാക്സിന് ലഭിക്കും. പക്ഷെ നിലവിലുള്ള വിതരണ മാനദണ്ഡങ്ങള്‍ മാറുമോ എന്നുള്ള കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല. പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും (18 വയസ്സും അതിനു മുകളില്‍ പ്രായമുള്ളവരും) സര്‍ക്കാര്‍ നടത്തുന്ന കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി വാക്സിന് ലഭിക്കുമ്പോള്‍, വാക്സിന് ചിലവിനോടൊപ്പം 150 രൂപ മാത്രം സേവനച്ചിലവായി വാങ്ങാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കും. പുതിയ നയം ജൂണ്‍ 21-ന് നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കൊവിന്‍ പ്ലാറ്റ്ഫോം അഭിനന്ദനമര്‍ഹിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിഭാഷ: റെന്നിമോന്‍ കെ. സി.