ഉച്ചകഴിഞ്ഞ സമയത്ത് മായ ഒരു അലുമിനിയം പാത്രത്തിൽ നിന്നും അവശേഷിക്കുന്ന അരിയും എടുത്തു. ഇതു മാത്രമായിരിക്കും അന്നത്തെ അവരുടെ ഭക്ഷണം. മായയ്ക്കും ശിവയ്ക്കും അവരുടെ കലത്തിലെ ചുവന്ന പരിപ്പും തീര്‍ന്നു.
“ഞങ്ങൾ ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. പക്ഷെ കുട്ടികൾക്കുവേണ്ടി രണ്ടുനേരം പാചകം ചെയ്യും", 23-കാരിയായ മായ പറഞ്ഞു. "മഹാമാരി തുടങ്ങിയതിൽപ്പിന്നെ കുറച്ചു റേഷനെ ഞങ്ങൾ വാങ്ങുന്നുള്ളൂ”, അവരുടെ മുളങ്കുടിലിൽ ഇരുന്ന് 25-കാരനായ ശിവ പറഞ്ഞു. പഴയ സാരികളും ഷീറ്റുകളും കൊണ്ടാണ് കുടിലിന്‍റെ ഭിത്തിയും മേൽക്കൂരയുമൊക്കെ മറച്ചിരിക്കുന്നത്.
2020 മാർച്ചിൽ മഹാമാരിയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകൾ തുടങ്ങിയതിൽ പിന്നെ മായയും ഭർത്താവ് ശിവ ഗണ്ഡാഡെയും സ്വയം ഭക്ഷണം കഴിക്കാനും 2 മുതൽ 7 വയസ്സ് വരെ പ്രായമുള്ള 4 മക്കളെ കഴിപ്പിക്കാനും പാടുപെടുന്നു.
ബീഡ് ജില്ലയിലെ ബീഡ് താലൂക്കില്‍ അവര്‍ താമസിക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ഗ്രാമമായ പന്ധാര്യചിവാഡിയിൽ നിന്നും 6-7 കിലോമീറ്റർ അകലെ ഒരു തുറസ്സായ സ്ഥലത്താണ് അവരുടെ താത്കാലിക കുടിൽ സ്ഥിതി ചെയ്യുന്നത്. മഴ പെയ്യുമ്പോൾ സുഷിരങ്ങൾ നിറഞ്ഞ വർണ്ണാഭമായ ഭിത്തികളിലൂടെയും മേൽക്കൂരയിലൂടെയും വെള്ളം കിനിഞ്ഞിറങ്ങും.
പരമ്പരാഗതമായി ഭിക്ഷാടകരായിരുന്ന മസൻജോഗി സമുദായത്തിൽപെട്ട നാടോടി ഗോത്ര വിഭാഗങ്ങങ്ങള്‍ (മഹാരാഷ്ട്രയിൽ അവരെ ഓ.ബി.സി. പട്ടികയിൽ പെടുത്തിയിരിക്കുന്നു) സ്ഥലത്തുള്ള 14 കുടിലുകളില്‍ വസിക്കുന്നു. ഇവരുടെ കുടുംബങ്ങൾ ഒന്നാകെ സംസ്ഥാനത്തെ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കുടിയേറുന്നു. പലപ്പോഴും തൊഴിലും വേതനവും അന്വേഷിച്ച് വർഷത്തിൽ ഒന്നായിരിക്കും ഇങ്ങനെ ചെയ്യുന്നത്.
അവരിൽ നിരവധിപേർ ഇപ്പോൾ മാലിന്യങ്ങൾ ശേഖരിക്കുന്നവരായി പ്രവർത്തിക്കുന്നു. റിസൈക്കിള്‍ ചെയ്യുന്നതിനായി സ്ത്രീകൾ സാധാരണയായി വിവിധ ഗ്രാമങ്ങളിൽ നിന്നും മുടിയും പഴയ വസ്ത്രങ്ങളും ശേഖരിക്കുന്നു. പുരുഷന്മാർ പ്ലാസ്റ്റിക്, ഇരുമ്പ്, അലുമിനിയം പാഴ്വസ്തുക്കള്‍ ചവറ്റുകൊട്ടകളില്‍ നിന്നും വീടുകളിൽ നിന്നും ശേഖരിക്കുന്നു. "ഒരു ദിവസം ഞങ്ങൾ എത്ര ശേഖരിക്കുന്നു എന്നതിനനുസരിച്ച് പാഴ്വസ്തുക്കൾ കൈകാര്യം ചെയ്യുന്നയാൾ ഞങ്ങൾക്ക് പണം നൽകുന്നു”, മായ പറഞ്ഞു. മുടിക്കും തുണികൾക്കും പകരമായി അവർ ചെറു പ്ലാസ്റ്റിക് വീപ്പകളും ബക്കറ്റുകളും കൈമാറ്റം നടത്തുകയും ചെയ്യുന്നു.
"ഒരു സ്ഥലതതുനിന്നു പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിലയ്ക്കുമ്പോൾ മറ്റൊരു താലൂക്കിലേക്ക് ഞങ്ങൾ നീങ്ങുന്നു”, അവർ കൂട്ടിച്ചേർത്തു. "ഒരു വർഷത്തിലധികം ഒരു സ്ഥലത്ത് ഞങ്ങൾ തങ്ങില്ല.”
പക്ഷെ കോവിഡ് -19-മായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ വന്നതോടെയും അവശേഷിക്കുന്ന ഗതാഗത സൗകര്യങ്ങൾ കുറവായതുകൊണ്ടും അവരുടെ കുടിയേറ്റത്തിന് ഭംഗം വന്നു. "2019 നവംബർ മുതൽ ഞങ്ങൾ ബീഡിലാണ്. വേണ്ട പണമില്ലാത്തതിനാൽ ഒരു ടെമ്പോ വിളിക്കുക ബുദ്ധിമുട്ടാണ്. എല്ലാ യാത്രാ സാധനങ്ങളുമായി എസ്.റ്റി. (സംസ്ഥാന ഗതാഗത) ബസുകളിൽ യാത്രചെയ്യുക അസാദ്ധ്യവുമാണ്”, ശിവ പറഞ്ഞു. മുൻപ് പോളിയോ വന്നതിനാൽ അദ്ദേഹം ചൂരൽവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.
"എത്രമാത്രം പാഴ്വസ്തുക്കളും പഴയ തുണികളും മുടിയും ഞങ്ങൾ ശേഖരിക്കുന്നു എന്നതിനെ ഞങ്ങളുടെ വരുമാനം ആശ്രയിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. മഹാമാരിക്കു മുമ്പുതന്നെ ഒന്നുംതന്നെ കിട്ടാത്തതെന്നു പറയാവുന്ന ദിനങ്ങൾ അദ്ദേഹത്തിനും മായയ്ക്കും ഉണ്ടായിരുന്നു. അവരുടെ ഒരുമിച്ചു ചേർത്തുള്ള പ്രതിമാസ വരുമാനം ഒരിക്കലും 7,000-8,000 രൂപയിൽ കുറഞ്ഞിട്ടില്ല.
ഇപ്പോൾ ഒരു വർഷത്തിലധികമായി പ്രതിമാസം 4,000 രൂപയിലധികം ലഭിക്കില്ല.
കുറവു വരികയെന്നാൽ റേഷനും ഭക്ഷണവും കുറയ്ക്കുക എന്നാണർത്ഥം. 6 പേരുള്ള അവരുടെ കുടുംബത്തിന് ഭക്ഷണത്തിനുമാത്രം നേരത്തെ പ്രതിമാസം 4000 -5,000 രൂപ ചിലവാകുമായിരുന്നു എന്ന് മായയും ശിവയും പഞ്ഞു.
മഹാമാരിക്കുമുമ്പ് ആഴ്ചതോറും വാങ്ങിയിരുന്ന ഭക്ഷ്യധാന്യത്തിന്‍റെ അളവ് (2 കിലോ വിവിധ തരത്തിലുള്ള പരിപ്പുകളും 8-10 കിലോ അരിയും) ഇപ്പോൾ കുറഞ്ഞിരിക്കുന്നു. വില കുറഞ്ഞ ഒരു കിലോ ചുവന്ന പരിപ്പും രണ്ട് കിലോ അരിയുമാണ് ഇപ്പോള്‍ അഴ്ചതോറും വാങ്ങുന്നത്. "കൂടാതെ, മാസത്തിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും കോഴിയിറച്ചി അല്ലെങ്കിൽ ആട്ടിറച്ചി, ചിലപ്പോൾ മുട്ട, പച്ചക്കറികൾ, കുട്ടികൾക്കുള്ള പഴങ്ങൾ എന്നിവയൊക്കെ ഞങ്ങൾ ഉപയോഗിച്ചിരുന്നു”, വിരലുകളിൽ കണക്കുകൂട്ടി മായ പറഞ്ഞു. പക്ഷെ ലോക്ക്ഡൗണുകൾ മുതൽ അവർ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും ഗുണമേന്മയും കുറഞ്ഞു. "ഞങ്ങൾ നേരത്തെ സദ്യ കഴിക്കുകയായിരുന്നു എന്നല്ല ഇതിനർത്ഥം. പക്ഷെ ഏറ്റവും കുറഞ്ഞത് ഞങ്ങൾക്ക് വയർ നിറച്ച് കഴിക്കാനുണ്ടായിരുന്നു”, മായ പറഞ്ഞു.
"ഇപ്പോൾ എണ്ണ മുതൽ പരിപ്പ് വരെ എല്ലാത്തിനും വിലയാണ്. ഇതെല്ലാം ഞങ്ങൾ എങ്ങനെ താങ്ങും? മുമ്പത്തേതുപോലെ ഞങ്ങൾക്ക് പണമുണ്ടാക്കാൻപോലും പറ്റുന്നില്ല”, ശിവ കൂട്ടിച്ചേർത്തു.
എന്നിരിക്കിലും, മഹാമാരി തുടങ്ങുന്നതിന് ഒരു ദശകം മുമ്പുപോലും ഇന്ത്യയിലുള്ള നിരവധിപേരുടെയും ഭക്ഷണച്ചിലവ് കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു - 1993-ൽ 63.2 ശതമാനം ആയിരുന്നതിൽ നിന്നും 48.6 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് നാഷണൽ സാമ്പിൾ സർവെ ഓഫീസിന്‍റെ ഹൗസ്ഹോൾഡ് കൺസ്യൂമർ എക്സ്പെൻഡിച്ചർ സർവെ 2011-12 ചൂണ്ടിക്കാണിക്കുന്നു. (അടുത്ത തവണത്തെ പഞ്ചവത്സര സർവെയുടെ ഫലങ്ങൾ സ്ഥിതിവിവര-പദ്ധതി നിർവ്വഹണ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.)
മഹാമാരി വന്നതുമുതൽ രാജ്യത്തെ സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ ദാരിദ്ര്യം വീണ്ടും കുതിച്ചുയർന്നുവെന്ന് റാപ്പിഡ് റൂറൽ കമ്മ്യൂണിറ്റി റെസ്പോൺസ് റ്റു കോവിഡ് -19 എന്ന ഡൽഹിയിൽ നിന്നുള്ള ഒരു സംഘം നടത്തിയ പഠനത്തിൽ ചൂണ്ടികാണിക്കുന്നു . മറ്റു പല കാര്യങ്ങളോടുമൊപ്പം റേഷൻ അവശ്യ സാധനങ്ങളുടെ കാര്യങ്ങളിലും വ്യാപൃതരായിരിക്കുന്ന ഒരു സംഘമാണിത്. 2020 ഡിസംബർ 12 മുതൽ 2021 ജനുവരി 5 വരെയുള്ള കാലഘട്ടത്തിൽ "ജനസംഖ്യയുടെ 40 % [11 സംസ്ഥാനങ്ങളിലെ സാമ്പിൾ നില 11,800 ആളുകൾക്കടുത്താണ്] ഭക്ഷ്യ ഉപഭോഗം കുറച്ചു”, പഠനം പ്രസ്താവിക്കുന്നു. തുടര്‍ന്ന് 25 ശതമാനം ആളുകള്‍ മുട്ട, ഇറച്ചി, പച്ചക്കറികൾ, എണ്ണ എന്നിവ പോലുള്ള സാധനങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ തുടങ്ങി.
ഒരു റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ മായയ്ക്കും ശിവയ്ക്കും കുറച്ചൊക്കെ സഹായകരമാകുമായിരുന്നു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം 2013 ഓരോ മാസവും കുടുംബത്തിലെ ഓരോ വ്യക്തിക്കും 5 കിലോഗ്രാം ഭക്ഷ്യധാന്യം വീതം സബ്സിഡി നിരക്കില്‍ (അരി കിലോഗ്രാമിന് 3 രൂപ, ഗോതമ്പ് 2 രൂപ, അസംസ്കൃത ഭക്ഷ്യധാന്യം 1 രൂപ എന്നിങ്ങനെ) ലഭ്യമാക്കുന്നു. പക്ഷെ കുടുംബത്തിന് റേഷന്‍കാര്‍ഡ് ഉണ്ടായിരിക്കണം.
“ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡില്ല”, മായ പറഞ്ഞു, “എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ ഒരു സ്ഥലത്തും വളരെക്കാലം താമസിക്കുന്നില്ല.” അതുകൊണ്ട് അവരുടെ കുടുംബത്തിനും അവരുടെ താമസ സ്ഥലത്തെ മറ്റ് 14 കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കീഴില്‍ മഹാമാരിയുടെ സമയത്ത് അധിക 5 കിലോ ഭക്ഷ്യധാന്യം അനുവദിക്കുന്നതുപോലെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍പോലും ലഭ്യമാക്കാന്‍ കഴിയില്ല.
“വ്യാപകമായ പട്ടിണി ഞങ്ങള്‍ കാണുന്നു. ഈ സമയത്ത്, രണ്ടാം തരംഗത്തില്‍, പട്ടിണി മോശം അവസ്ഥയിലെത്തിയിരിക്കുന്നു”, റൈറ്റ് റ്റു ഫുഡ് ക്യാംപയിനിന്‍റെ ഡല്‍ഹിയില്‍ നിന്നുള്ള അംഗമായ ദീപ സിന്‍ഹ പറഞ്ഞു. “വലിയൊരു സംഖ്യ ആളുകള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ ഇല്ല, സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒരു ക്രമീകരണങ്ങളും നടത്തുന്നില്ല.”
“ഞങ്ങളുടെ സമുദായത്തില്‍ [മസന്‍ജോഗി] പെടുന്ന 50 ശതമാനത്തിലധികം ആളുകള്‍ക്കും റേഷന്‍ കാര്‍ഡോ മറ്റേതെങ്കിലും തിരിച്ചറിയാല്‍ രേഖകളോ ഇല്ല”, നാന്ദേഡില്‍നിന്നുള്ള 48-കാരനായ സമുദായ പ്രവര്‍ത്തകന്‍ ലക്ഷ്മണ്‍ ഘന്‍സര്‍വാഡ് പറഞ്ഞു. വിദ്യാഭ്യാസം, വിവിധ രേഖകള്‍ ലഭ്യമാക്കല്‍, മറ്റു പ്രശ്നങ്ങള്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മസന്‍ജോഗി മഹാസംഘ് എന്ന സംഘടന നടത്തുകയാണദ്ദേഹം. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിനടുത്ത് മസന്‍ജോഗികള്‍ ഉണ്ടെന്നാണ് അദ്ദേഹം കണക്കാക്കുന്നത്. അവരില്‍ 80 ശതമാനം ആളുകളും പാഴ്വസ്തുകകള്‍ ശേഖരിക്കുകയും ഒരു സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്ക് കുടിയേറുകയും ചെയ്യുന്നു.
മറ്റു നാടോടി സമുദായങ്ങളും സമാനമായ വിഷമാവസ്ഥയിലാണ്. അവരില്‍പ്പെട്ടവരാണ് യവത്മാല്‍ ജില്ലയിലെ നേര്‍ താലൂക്കിലെ സുവര്‍ണയും നരേഷ് പവാറും അവരുടെ 5 വയസ്സുകാരനായ മകനും 4 വയസ്സുകാരിയായ മകളും. ഞാനവരെ 2019-ല്‍ കണ്ടിരുന്നു (ഈ കഥയ്ക്കു വേണ്ടി ഫോണിലൂടെ സംസാരിക്കുകയും ചെയ്തു). ഫാംസെ പാര്‍ധി നാടോടി സമുദായത്തില്‍ (മഹാരാഷ്ട്രയില്‍ പട്ടികവര്‍ഗ്ഗത്തിന്‍റെ പട്ടികയില്‍ പെടുന്നു) നിന്നുള്ള അവരുടെ താമസസ്ഥലത്ത് സാധാരണ മേല്‍ക്കൂര മേഞ്ഞ 70 കുടിലുകളും 35 കുടുംബങ്ങളുമാണ് ഉള്ളത്. അവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ ഇല്ല.
26-കാരിയായ സുവര്‍ണ തന്‍റെ ചെറിയ മകളോടൊപ്പം അടുത്തുള്ള ഗ്രാമങ്ങളില്‍ എല്ലാദിവസവും രാവിലെ ഭിക്ഷയെടുക്കാന്‍ പോകും. “എല്ലാ വാതില്‍പ്പടികളിലും ഞാന്‍ മുട്ടിവിളിക്കും... പക്ഷെ ഭിക്ഷാടനം ഇപ്പോള്‍ എളുപ്പമല്ല”, അവര്‍ പറഞ്ഞു, “എന്തുകൊണ്ടെന്നാല്‍ കൊറോണ പിടിക്കുമെന്ന് ഗ്രാമവാസികള്‍ ഭയപ്പെടുന്നു. ഒരുപാടുപേരും ഞങ്ങളെ ഗ്രാമത്തിനകത്തു കടക്കാന്‍ അനുവദിക്കില്ല. ഞങ്ങളോട് കരുണ തോന്നുന്ന ചിലര്‍ കുറച്ച് അരി നല്‍കും, ചിലപ്പോള്‍ മിച്ചംവരുന്ന ഭാക്രി.” (കാണുക പാര്‍ധി ആദിവാസികള്‍ ലോക്ക്ഡൗണില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ )
സുവര്‍ണ ഭക്ഷണം അന്വേഷിച്ച് ചുറ്റുപാടുകളും അലയുമ്പോള്‍ അവരുടെ ഭര്‍ത്താവ് 28-കാരനായ നരേഷും സ്ഥലത്തുനിന്നുള്ള മറ്റുചില പുരുഷന്മാരും അടുത്തുള്ള വനപ്രദേശങ്ങളില്‍ തിത്തിരിപക്ഷികളെ (patridge) വേട്ടയാടാന്‍പോകും. പക്ഷികളെ ഒന്നുകില്‍ തിന്നും അല്ലെങ്കില്‍ വില്‍ക്കും. “വേട്ട അനുവദനീയമല്ല. ഒരുപാടുതവണ ഫോറസ്റ്റുകാര്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പലപ്പോഴും ഞങ്ങള്‍ വെറുംകൈയോടെ തിരിച്ചുവരുന്നു”, നരേഷ് പറഞ്ഞു.
ഒരുനീണ്ട ദിവസത്തിന്‍റെയവസാനം അവരുടെ ഭക്ഷണം വിവിധ വീടുകളില്‍നിന്നും ശേഖരിച്ച കുറച്ച് ചോറും അതിന്‍റെകൂടെ മുളകുപൊടിയും അല്ലെങ്കില്‍ കറുത്ത എള്ള് കൊണ്ടുള്ള ചട്ണിയും മാത്രമായി തീരുന്നു. വളരെ അപൂര്‍വ്വമായി അവര്‍ക്ക് കുറച്ച് പച്ചക്കറികള്‍ ലഭിക്കുന്നു. “ചോദിച്ചാല്‍ ചില കര്‍ഷകര്‍ വഴുതനങ്ങയോ ഉരുളക്കിഴങ്ങോ തരും”, സുവര്‍ണ പറഞ്ഞു.
മഹാമാരി തുടങ്ങുന്നതിന് ഒരു ദശകം മുമ്പുതന്നെ ഇന്ത്യയിലുള്ള നിരവധിപേരുടെയും ഭക്ഷണച്ചിലവ് കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു - 1993-ൽ 63.2 ശതമാനം ആയിരുന്നതിൽ നിന്നും 48.6 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് നാഷണൽ സാമ്പിൾ സർവെയുടെ ഹൗസ്ഹോൾഡ് കൺസ്യൂമർ എക്സ്പെൻഡിച്ചർ സർവെ 2011-12 ചൂണ്ടിക്കാണിക്കുന്നു
അവരുടെയും മറ്റുള്ളവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ പ്രാപ്യമാകാന്‍ സഹായിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഡിനോട്ടിഫൈഡ്, നോമാഡിക് ആന്‍ഡ് സെമി-നോമാഡിക് ട്രൈബ്സ് സ്വീകരിച്ച നിരവധി പരാതികളില്‍ വിശദീകരിച്ചിട്ടുണ്ട്. കമ്മീഷന്‍റെ 2017-ലെ ഒരു റിപ്പോര്‍ട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “തിരിച്ചറിയലിന്‍റെയും രേഖയുടെയും പ്രശ്നങ്ങളെ സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള 454 പരാതികളില്‍ 304 എണ്ണം മരണ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍. [റേഷന്‍] കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിങ്ങനെയുള്ള മറ്റു വ്യത്യസ്ത രേഖകളുമായി ബന്ധപ്പെടുന്നവയാണ്.
മഹാമാരി അവരുടെ അവസ്ഥ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കി.
“തെരുവ് നിവാസികള്‍, പാഴ്വസ്തുക്കള്‍ പെറുക്കുന്നവര്‍, നടന്ന് സാധനങ്ങള്‍ വില്‍ക്കുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിലെ മോശപ്പെട്ട അവസ്ഥയിലുള്ളവരും ഏറ്റവും ദുര്‍ബലരുമായവര്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ഏറ്റവും അര്‍ഹരും റേഷന്‍ കാര്‍ഡുകള്‍ നേടിയെടുക്കാന്‍ അപ്രാപ്തരുമാണ്” എന്നുള്ള വസ്തുതയിലേക്ക് സംസ്ഥാനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് 2021 ജൂണ്‍ 2-ന് കേന്ദ്രസര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.
മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നേരത്തെതന്നെ, 2020 ജനുവരി 26-ന്, ശിവ് ഭോജന്‍ യോജന അവതരിപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള രേഖയുമില്ലാതെ ആര്‍ക്കും 10 രൂപയ്ക്ക് പാചകം ചെയ്ത ഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. മഹാമാരിയുടെ സമയത്ത് ഈ ഭക്ഷണത്തിന്‍റെ ചിലവ് വീണ്ടുംകുറച്ച് പാത്രത്തിന് 5 രൂപ ആക്കിയിരുന്നു. ഇക്കണോമിക് സര്‍വെ ഓഫ് മഹാരാഷ്ട്ര 2020-21 അവകാശപ്പെടുന്നത് “തുടക്കംമുതല്‍ 2020 ഡിസംബര്‍ വരെ 2.81 കോടി ശിവ്ഭോജന്‍ താലി 906 ശിവ്ഭോജന്‍ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്തിട്ടുണ്ടെന്നാണ്.”
പക്ഷെ ഈ ഭക്ഷണങ്ങളൊന്നും ശിവയുടെയും നരേഷിന്‍റെയും താമസസ്ഥലങ്ങളിലെ കുടുംബങ്ങളില്‍ എത്തിയിട്ടില്ല. “ഞങ്ങള്‍ക്കിതിനെക്കുറിച്ചൊന്നും അറിയില്ല”, ശിവ പറഞ്ഞു. “അതിനെക്കുറിച്ച് അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ പാതിവയറുമായി ഇരിക്കില്ലായിരുന്നു”, നരേഷ് കൂട്ടിച്ചേര്‍ത്തു.
“ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒരു പ്രശ്നമായി മാറുകയും അതിന്‍റെ ഫലമായി ആളുകള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാവുകയും ചെയ്യുന്നു. ചില സംസ്ഥാനങ്ങള്‍ വ്യത്യസ്ത കാര്യങ്ങള്‍ക്കുവേണ്ടി ശ്രമിക്കുന്നു”, റൈറ്റ് റ്റു ഫുഡ് ക്യാംപയിനില്‍ നിന്നുള്ള ദീപ സിന്‍ഹ പറഞ്ഞു.
ഒരുതരത്തിലുള്ള സാമൂഹ്യസുരക്ഷ പദ്ധതികളുടെയും ഭാഗമല്ലാതിരുന്നിട്ടും നരേഷിന് എല്ലാ സമയത്തും വേട്ടയെ ആശ്രയിക്കേണ്ടി വന്നിട്ടില്ല, സുവര്‍ണയ്ക്ക് എല്ലായ്പ്പോഴും ഭിക്ഷാടനത്തെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. അവരുടെ വയറുകള്‍ എല്ലായ്പ്പോഴും ഇരമ്പിയിട്ടില്ല. അവര്‍ നല്ല ദിനങ്ങള്‍ കണ്ടിട്ടുണ്ട്.
“ഞങ്ങള്‍ എന്തുജോലിയും ചെയ്യും – കുഴിവെട്ടല്‍, റോഡ് നിര്‍മ്മാണം, ഓട വൃത്തിയാക്കല്‍”, നരേഷ് ഓര്‍മ്മിച്ചെടുത്തു. മുംബൈ, നാഗ്പൂര്‍, പൂനെ, പോലെയുള്ള നഗരങ്ങളില്‍ വര്‍ഷത്തില്‍ ഡിസംബര്‍ മുതല്‍ മെയ് വരെ 6 മാസത്തോളം ജോലി ചെയ്തിട്ടുണ്ട്. അവര്‍ ഫ്ലൈഓവറുകളുടെയും താത്കാലിക കുടിലുകളുടെയും അടിയില്‍ കിടന്നുറങ്ങുകയും 6 മാസത്തെ കഠിനാദ്ധ്വാനത്തിനുശേഷം ഏകദേശം 30,000 to Rs. 35,000 രൂപ സമ്പാദിക്കുകയും ചെയ്യുമായിരുന്നു.
ധാന്യങ്ങള്‍, എണ്ണ, പച്ചക്കറി എന്നിവയ്ക്കുവേണ്ടിയുള്ള അടുത്ത 6 മാസത്തെ ചിലവിന് അവര്‍ ഇതുപയോഗിക്കുമായിരുന്നു. “അത് ഞങ്ങള്‍ക്ക് നല്ല വരുമാനമായിരുന്നു. എല്ലാമാസവും ഞങ്ങള്‍ക്ക് 15-20 കിലോ അരി, 15 കിലോ ബജ്ര, 2-3 കിലോ ചെറുപയര്‍ എന്നിവയൊക്കെ വാങ്ങാന്‍ പറ്റുമായിരുന്നു [പൊതു വിപണിയില്‍ നിന്ന്]”
പിന്നീട് മഹാമാരിയുടെ വരവോടുകൂടി സാമ്പത്തിക ചിലവുകള്‍ വാര്‍ഷികമായി കൈകാര്യം ചെയ്തിരുന്നതിന്‍റെ താളംതെറ്റി. ലോക്ക്ഡൗണുകള്‍ അവരുടെ കാലിക കുടിയേറ്റത്തെ പരിമിതപ്പെടുത്തുകയും ഭിക്ഷാടനത്തെയും വേട്ടയെയും ആശ്രയിക്കാന്‍ അവരെ നിര്‍ബ്ബന്ധിതരാക്കുകയും ചെയ്തു. “സര്‍ക്കാര്‍ ഏതുസമയത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും, ഞങ്ങള്‍ക്ക് നഗരത്തില്‍ അകപ്പെട്ടു പോകണമെന്നില്ല. പട്ടിണിയാണെങ്കിലും വീട്ടിലായിരിക്കുന്നതാണ് നല്ലത്”, നരേഷ് പറഞ്ഞു. നഗരങ്ങളില്‍ ജോലിചെയ്ത് ഞങ്ങളുടെ ദിനങ്ങള്‍ മെച്ചപ്പെടുകയായിരുന്നു, പക്ഷെ ഇപ്പോള്‍... ഒന്നും അവശേഷിക്കുന്നില്ല.”
പരിഭാഷ: റെന്നിമോന്‍ കെ. സി.