“പരവതാനികളുടെ ജില്ലയാണ് ഭദോഹി. ഇവിടെ മറ്റൊരു തൊഴിലുമില്ല”, 40 വയസ്സ് കഴിഞ്ഞ അഖ്തർ അലി പറയുന്നു. “ഞാൻ കുട്ടിക്കാലം ചിലവഴിച്ചത് ഇവിടെയാണ്. അങ്ങിനെയാണ് നെയ്ത്ത് പഠിച്ചത്”, എന്നാൽ, പരവതാനി നെയ്ത്തിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ, അലി ഇപ്പോൾ തുന്നലിലേക്ക് ചുവട് മാറ്റിയിരിക്കുന്നു.

രാജ്യത്തെ പരവതാനി നെയ്ത്ത് ശൃംഖലകളുടെ ഏറ്റവും വലിയ കേന്ദ്രമാണ് ഉത്തർ പ്രദേശിലെ മിർസാപുർ ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ഭദോഹി ജില്ല. മിർസാപുർ, വാരാണസി, സോണാഭദ്ര, കൌശാംബി, അലഹബാദ്, ജൌൻപുർ, ഗാസിപുർ, ചന്ദൌലി തുടങ്ങിയ ജില്ലകളാണ് ഈ ശൃംഖലയിൽ ഉൾപ്പെടുന്നത്. വലിയൊരു വിഭാഗം സ്ത്രീകളടക്കം രണ്ട് ദശലക്ഷം ഗ്രാമീണ കൈത്തൊഴിലുകാർക്കാണ് ഈ വ്യവസായം തൊഴിൽ നൽകുന്നത്.

ലംബമാനമായ തറികളിൽ നിർമ്മിക്കുന്ന പൈൽ കാർപ്പറ്റുകളിൽ, ഓരോ ചതുരശ്ര ഇഞ്ചിലും 30 മുതൽ 300 കെട്ടുകൾ ഉണ്ടെന്നുള്ളതാണ് ഇവിടെയുള്ള നെയ്ത്തിന്റെ പ്രത്യേകത.

നെയ്ത്തുരീതിയിലെ ഈ അനന്യതയ്ക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഭദോഹി പരവതാനികൾക്ക് 2010-ൽ ഭൌമസൂചികാ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഈ ജി.ഐ. ടാഗ്, വ്യവസായത്തിന് ഉത്തേജകമാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അത്, പരവതാനി നെയ്ത്തുകാരുടെ കച്ചവടത്തിനെ ഒട്ടും മെച്ചപ്പെടുത്തിയില്ല.

ഉദാഹരണത്തിന്, 1935-ൽ സ്ഥാപിതമായ മുബാറക് അലി ആൻഡ് സൺസ്, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, യൂറോപ്പ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ഭദോഹി പരവതാനികൾ കയറ്റിയയച്ചിരുന്നു. എന്നാൽ അവിടെനിന്നുള്ള ആവശ്യക്കാർ കുറഞ്ഞതോടെ, 2016-ൽ അവർ സ്ഥാപനം പൂട്ടി. ഈ കയറ്റുമതിസ്ഥാപനത്തിന്റെ സ്ഥാപകനായ മുബാറക്കിന്റെ പൌത്രനും, മുൻ ഉടമസ്ഥനുമാണ് 67 വയസ്സുള്ള ഖാലിദ് ഖാൻ. “എന്റെ മുത്തച്ഛനും അച്ഛനുമൊക്കെ ചെയ്തത് ഇതേ കച്ചവടമായിരുന്നു. ‘ബ്രിട്ടീഷ് ഇന്ത്യയിൽ നിർമ്മിതം’ എന്ന പേരിൽ ബ്രിട്ടീസുകാരുടെ കാലത്തുതന്നെ പരവതാനി കയറ്റുമതി ആരംഭിച്ച സ്ഥാപനമാണ് ഞങ്ങളുടേത്”

വീഡിയോ കാണുക: ഭദോഹിയിലെ മായുന്ന ചിത്രവേലകൾ

ഇന്ത്യയിലെ പരവതാനി നിർമ്മാണം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു. ചരിത്രരേഖകൾപ്രകാരം, മുഗൾ കാലഘട്ടത്തിലാണ് ഈ കരകൌശലവിദ്യ ആരംഭിച്ചത്. പ്രത്യേകിച്ചും, 16-ആം നൂറ്റാണ്ടിൽ അക്ബറിന്റെ കാലത്ത്. 19-ആം നൂറ്റാണ്ടുമുതൽ, ചെമ്മരിയാടിന്റെ രോമംകൊണ്ടുണ്ടാക്കിയ, കൈകൊണ്ട് നിർമ്മിച്ച, പൈൽ കാർപ്പറ്റുകൾ ഭദോഹി മേഖലയിൽനിന്ന് വൻതോതിൽ ഉത്പാദിപ്പിക്കാൻ തുടങ്ങി.

ഇവിടെനിന്നുണ്ടാക്കിയ പരവതാനികൾ ലോകമെമ്പാടും ഇപ്പോൾ പോകുന്നുണ്ട്. ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന പരവതാനികളിൽ ഏതാണ്ട് 90 ശതമാനവും കയറ്റുമതി ചെയ്യപ്പെടുകയാണെന്നും, അതിൽ പകുതിയും അമേരിക്കയിലേക്കാണെന്നും കാർപ്പറ്റ് എക്സ്പോർട്ട് പ്രൊമോഷൻ കൌൺസിൽ പറയുന്നു. 2021-2022-ൽ ഇന്ത്യയിൽനിന്നുള്ള പരവതാനി കയറ്റുമതി 2.23 ബില്ല്യൺ ഡോളറിന്റേതായിരുന്നു (16,640 കോടി രൂപ). ഇതിൽ, കൈകൊണ്ട് നിർമ്മിച്ച പരവതാനികൾ 1.51 ബില്ല്യൺ ഡോളറിന്റേതായിരുന്നു (11,231 കോടി രൂപ).

എന്നാൽ, ഭദോഹിയിലെ പരവതാനി നെയ്ത്ത് വ്യവസായം വലിയ മത്സരത്തെയാണ് അഭിമുഖീകരിക്കുന്നത്. വിലകുറഞ്ഞ ബദലുകളും, പ്രത്യേകിച്ച്, ചൈന പോലുള്ള രാജ്യങ്ങളിൽനിന്ന് യന്ത്രമുപയോഗിച്ച് നിർമ്മിക്കുന്ന അനുകരണങ്ങളുംകൊണ്ട്. “പരവതാനികളുടെ വ്യാജ അനുകരണങ്ങൾ ഇപ്പോൾ കമ്പോളത്തിൽ സുലഭമാണ്. കച്ചവടക്കാരും, പൈസ കൈയ്യിലുള്ളവരും അധികം പരിശോധനകളൊന്നും നടത്താറില്ല, അഥവാ, അതൊന്നും കാര്യമാക്കാറില്ല”, ചൈനയെ ഉദ്ദേശിച്ചുകൊണ്ട് അലി വിശദീകരിക്കുന്നു.

പരവതാനി നെയ്ത്തിന്റെ കല സ്വായത്തമാക്കിയ മറ്റൊരാളാണ് ഭദോഷിയിലെ 45 വയസ്സുള്ള ഊർമ്മിള പ്രജാപതി. എന്നാൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന  വരുമാനവും, ആരോഗ്യപ്രശ്നങ്ങളും അവരെ ആ തൊഴിലിൽനിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതയാക്കി. “എന്റെ അച്ഛനാണ് ഈ കൈത്തൊഴിൽ എന്നെ വീട്ടിൽ‌വെച്ച് പഠിപ്പിച്ചത്. ജോലി ചെയ്ത് ഞങ്ങൾ സ്വന്തം നിലയ്ക്ക് വരുമാനമുണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കണ്ണുകളിൽ എപ്പോഴും വെള്ളം നിറയുന്ന ഒരവസ്ഥയുണ്ടായിരുന്നു എനിക്ക്. ഈ നെയ്ത്തിന്റെ തൊഴിൽ നിർത്തിയാൽ കാഴ്ചശക്തി മെച്ചപ്പെടുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഞാനത് നിർത്തി.

ഇപ്പോൾ കണ്ണടകൾ ധരിക്കുന്ന ഊർമ്മിള വീണ്ടും പരവതാനി നെയ്ത്ത് ആരംഭിക്കാൻ ആലോചിക്കുന്നു. ഭദോഹിയിലെ മറ്റുപലരേയും‌പോലെ, അവർക്കും, താൻ സ്വായത്തമാക്കിയ തൊഴിലിൽ അഭിമാനമുണ്ട്. എന്നാൽ, ഈ വീഡിയോയിൽ കാണുന്നതുപോലെ, ചുരുങ്ങുന്ന കയറ്റുമതിയും, അനിശ്ചിതാവസ്ഥയിലായ കമ്പോളവും, അതിനാൽത്തന്നെ, ഇത്തരം പരമ്പരാഗത തൊഴിലിൽനിന്ന് സാവധാനം അകന്നുകൊണ്ടിരിക്കുന്ന തൊഴിലാളികളും എല്ലാം ചേർന്ന്, ഭദോഹി എന്ന സുപ്രധാന പരവതാനി നെയ്ത്തുകേന്ദ്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുള്ള അതിന്റെ പ്രശസ്തി നഷ്ടപ്പെടാൻ ഇടയാക്കുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Mohammad Asif Khan

মহম্মদ আসিফ খান নয়াদিল্লি-কেন্দ্রিক সাংবাদিক। সংখ্যালঘু মানুষদের সমস্যা তথা সংঘর্ষের কথা তুলে ধরতে তিনি আগ্রহী।

Other stories by Mohammad Asif Khan
Sanjana Chawla

সঞ্জনা চাওলা নয়াদিল্লি-কেন্দ্রিক সাংবাদিক। তাঁর কাজ জুড়ে রয়েছে সমাজ, কৃষ্টি, লিঙ্গ তথা ভারতের মানবাধিকার ও সংস্কৃতির বিশ্লেষণ।

Other stories by Sanjana Chawla
Text Editor : Sreya Urs

বেঙ্গালুরু-নিবাসী শ্রেয়া উর্স একজন স্বতন্ত্র লেখক ও সম্পাদক। প্রিন্ট ও দূরদর্শন মাধ্যমে তাঁর অভিজ্ঞতা ৩০ বছরেরও বেশি।

Other stories by Sreya Urs
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat