അമോൾ ബർഡെയുടെ ‘ഐസൊലേഷൻ മുറി’ പൊട്ടിയ വാതിലോടു കൂടിയ ഒരു ഉണങ്ങിയ വൈക്കോൽ കൂരയാണ്. കീറിയ കറുത്ത പ്ലാസ്റ്റിക് ഷീറ്റ് വെച്ച്, നാശമായ ഉത്തരം മറച്ചിരിക്കുന്നു. പരുപരുത്ത മൺനിലത്ത് കല്ലുകൾ വിതറിയിട്ടിരിക്കുന്നു.
മേയ് 1ന് കോവിഡ് പോസിറ്റീവ് ആയപ്പോൾ അയാൾ മഹാരാഷ്ട്രയിലെ ശിരൂർ താലൂക്കിലുള്ള ഒറ്റപ്പെട്ട പ്രദേശത്തെ ഈ ഒഴിഞ്ഞ കൂരയിലേക്ക് മാറി.
മേയിലെ ചൂട് അസഹ്യമാകുമ്പോൾ അയാൾ പുറത്തിറങ്ങി തൊട്ടടുത്തുള്ള അരയാല്‍ മരത്തിനു താഴെ തണൽ കണ്ടെത്തും. “രാവിലെ 11 തൊട്ട് വൈകുന്നേരം 4 വരെ ഞാൻ ആ മരത്തിനു താഴെ ഒരു പ്ലാസ്റ്റിക് പായയും വിരിച്ച് കിടന്നുറങ്ങും,” അയാൾ പറയുന്നു.
മേയ് 1ന് 19 വയസ്സുകാരൻ അമോൾ പനിയും തലവേദനയും മേലുവേദനയുമെടുത്താണ് ഉണർന്നത്. ഉടനെ തന്നെ 12 കിലോമീറ്റർ അകലെയുള്ള ശിരൂർ ഗ്രാമീണ ആശുപത്രിയിലേക്ക് ഷെയർ ജീപ്പിൽ (കൂലി പങ്കിട്ട് നല്‍കുന്ന ജീപ്പില്‍) തിരിച്ചു.
ആന്‍റിജൻ പരിശോധനയില്‍ പോസിറ്റീവ് എന്നു കാണിച്ചതോടെ ഇനിയെന്തു ചെയ്യണം എന്നയാൾ ഡോക്ടറോട് ചോദിച്ചു. “10 ദിവസത്തെക്കുള്ള മരുന്ന് വാങ്ങിച്ച് 14-15 ദിവസത്തേക്ക് കുടുംബത്തിൽ നിന്ന് അകന്ന് പ്രത്യേകം മുറിയിൽ കഴിയാൻ ഡോക്ടർ പറഞ്ഞു,” അമോൾ പറഞ്ഞു.
“ഒരു കിടക്ക പോലും അവശേഷിച്ചിരുന്നില്ല,” അയാൾ കൂട്ടിച്ചേർത്തു. ശിരൂർ ഗ്രാമീണ ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള 20 കിടക്കകളും 10 ഐസൊലേഷൻ കിടക്കകളും ആണുള്ളത് (അവിടത്തെ മെഡിക്കൽ സൂപ്രണ്ട് എന്നോട് പറഞ്ഞു). ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് അമോൾ ആശുപത്രിക്കടുത്തുള്ള മരുന്നു കടയിൽ നിന്ന് മരുന്നുകൾ വാങ്ങി. അയാളുടെ സ്വന്തം കൊച്ചുകൂരയിൽ ഐസൊലേറ്റ് ചെയ്യുന്നത് പ്രായോഗികമല്ല എന്നുള്ളതുകൊണ്ട്, അയൽവാസിയുടെ ഒഴിഞ്ഞ കുടിലിലേക്ക് അയാൾ മാറി. “ഏപ്രിലിൽ പുറംപണിക്കായി അവർ കുറച്ചു മാസം പുറത്തേക്ക് പോയതായിരുന്നു. എന്‍റെ ചികിൽസ കഴിയും വരെ ഞാൻ അവിടെ നിന്നോട്ടെ എന്ന് ഞാൻ അവരെ ഫോൺ വിളിച്ച് ചോദിച്ചു,” അമോൾ പറഞ്ഞു.
ഗ്രാമീണ ശിരൂരിലെ 115 ഗ്രാമങ്ങളിലായി വസിക്കുന്ന ആകെ 3,21,644 ജനങ്ങളിലെ (സെൻസസ് 2011) നേരിയ ലക്ഷണങ്ങളുള്ളവർക്കായി 9 സർക്കാർ കോവിഡ് ശുശ്രൂഷ കേന്ദ്രങ്ങളില്‍ 902 കിടക്കകളും, ഗുരുതരമായ രോഗികൾക്കായി 3 പ്രത്യേക കോവിഡ് ആശുപത്രികളുമാണ് ഉള്ളത് - താലൂക്കിലെ ആരോഗ്യ ഉദ്യോഗസ്ഥൻ ഡോ. ഡി. ബി. മോർ വ്യക്തമാക്കി. എന്നാൽ ഏപ്രിൽ മുതൽ മേയ് 10 വരെ ഇവിടെ പ്രതിദിനം 300 മുതൽ 400 വരെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിടക്കയില്ലാത്തതിനാൽ അമോൾ അയൽവാസിയുടെ കുടിലിൽ സ്വയം ഐസൊലേറ്റ് ചെയ്തപ്പോൾ അയാളുടെ അമ്മ സുനിതയും (35), സഹോദരി പൂജയും (13), സഹോദരൻ ഭയ്യയും (15) അവരുടെ സ്വന്തം കൊച്ചുകുടിലിൽ തന്നെ കഴിഞ്ഞു. ഈ കുടിലുകൾ മറ്റ് ഇരുപത്തഞ്ചോളം കുടിലുകൾ ചേർന്ന ഒരു ഒറ്റപ്പെട്ട കുടിയേറിപ്പാർപ്പിന്‍റെ ഭാഗമാണ്. അടുത്തുള്ള ഗ്രാമമായ ചൗഹാൻവാടി ഇവിടെ നിന്നും 8 കിലോമീറ്റർ അകലെയാണ്.
നാടോടികളായ പാര്‍ധി ഗോത്രവിഭാഗത്തിലെ ഉപവിഭാഗമായ ഭിൽ പാര്‍ധി ആദിവാസി സമൂഹത്തിൽ ഉൾപ്പെടുന്നതാണ് ബർഡെ കുടുംബം. ക്രിമിനൽ ട്രൈബ്‌സ് ആക്റ്റ് പ്രകാരം അധിനിവേശ ബ്രിട്ടീഷ് സർക്കാർ “കുറ്റവാളികൾ” എന്ന് മുദ്ര കുത്തിയവരായിരുന്നു പാര്‍ധികൾ അടങ്ങുന്ന മറ്റ് ആദിവാസി വിഭാഗങ്ങൾ. 1952ൽ ഭാരത സർക്കാർ നിർദ്ദിഷ്ട ആക്ട് റദ്ദ് ചെയ്യുകയും ഈ ഗോത്രങ്ങളുടെ പേരുകൾ നീക്കം (denotify) ചെയ്യുകയുമുണ്ടായി. ഇവര്‍ ഇന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗം എന്നിങ്ങനെ വിവധ വിഭാഗങ്ങളില്‍ പെടുന്നു.
പാരസെറ്റമോളും കഫ് സിറപ്പും മൾട്ടി വിറ്റമിൻസും അടങ്ങുന്ന 10 ദിവസത്തേക്കുള്ള മരുന്നിന് ഏകദേശം 2,500 രൂപ ചെലവായിരുന്നു അമോളിന്. “എന്‍റെ കൈവശം 7,000 രൂപയുണ്ടായിരുന്നു,” അയാൾ പറഞ്ഞു. കൃഷിയിടത്തിൽ നിന്നും 9 മാസത്തോളമെടുത്താണ് 5,000 രൂപയെങ്കിലും അയാൾ സമ്പാദിക്കുന്നത്. “ഒരൊറ്റ ദിവസം കൊണ്ട് അതിന്‍റെ പകുതിയിൽ കൂടുതൽ ഞാൻ ചെലവാക്കുകയും ചെയ്തു,” അയാൾ കൂട്ടിച്ചേർത്തു. ബാക്കി 2,000 അയാളുടെ അമ്മ അയൽവാസിയിൽ നിന്നും കടം വാങ്ങിച്ചാണ് തരപ്പെടുത്തിയത്.
അമോളും അമ്മ സുനിതയും അടുത്തുള്ള ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ മാസത്തിൽ 20 ദിവസം പണിയെടുത്ത് 150 രൂപ ദിവസക്കൂലി ഉണ്ടാക്കുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് സുനിതയുടെ ഭർത്താവ് അവരെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ്. “അയാൾ മറ്റാരെയോ വിവാഹം ചെയ്തു,” അവർ പറഞ്ഞു. അമോൾ ഐസൊലേഷനിലായതോടെ അയാളെ ശുശ്രൂഷിക്കാനുള്ളതു കാരണം അവർക്ക് കൂലിപ്പണിക്ക് പോകാനാകുന്നില്ല. “അവന്‍റെ കുടിലിലേക്ക് വെള്ളവും ഭക്ഷണവും എത്തിക്കും ഞാൻ,” അവർ പറഞ്ഞു.
ഭിൽ പാര്‍ധികൾക്കിടയിലുള്ള പതിവ് തെറ്റിക്കാതെ ഈ കുടുംബം വർഷത്തിലൊരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ മറ്റു സ്ഥലങ്ങളിലേക്ക് പലായനം നടത്തും. ശിരൂരിലെ അവരുടെ നിലവിലെ വാസസ്ഥലത്തെ താമസക്കാർക്കാർക്കും തന്നെ റേഷൻ കാർഡോ വോട്ടർ ഐഡിയോ ആധാർ കാർഡോ ഇല്ല. സർക്കാറിന്‍റെ ഒരു പദ്ധതികളും ഇവരിലേക്കെത്തുന്നില്ല.
അമോൾ തിരിച്ചു വന്നപ്പോൾ അവശേഷിച്ച 4,500 രൂപയുമായി സുനിത അടുത്ത 20 ദിവസത്തേക്കുള്ള റേഷൻ വാങ്ങാനായി 8 കിലോമീറ്റർ അകലെയുള്ള പലചരക്കു കടയിൽ പോയി – എപ്പോഴത്തേയും പോലെ ഗോതമ്പ് മാവും അരിയും, കൂടെ തുവരപ്പരിപ്പും ചെറുപയർ പരിപ്പും മൺപയറും വാങ്ങിച്ചു. “ദിവസം മൂന്നു നേരം അവൻ ഒത്തിരി മരുന്ന് എടുക്കുന്നുണ്ട്. അതിനാവശ്യമായ ഊർജ്ജവും അവന് കിട്ടണമല്ലോ. അല്ലാതെ ഞങ്ങൾക്കിത്രേം സാധനങ്ങളൊന്നും താങ്ങാനാവില്ല,” സുനിത പറഞ്ഞു. “പരിപ്പെല്ലാം ഇപ്പൊള്‍ തീർന്നു, കുറച്ച് അരി മാത്രമുണ്ട് ബാക്കി,” അവർ കൂട്ടിച്ചേർക്കുന്നു. “ഞങ്ങൾ ഇപ്പോൾ അത് ഉപ്പും ചുവന്ന മുളക് പൊടിയും ഇട്ട് വറുത്തു കഴിക്കുന്നു.”
ഐസൊലേഷൻ തുടങ്ങിയപ്പോൾ അമോൾ താൻ പാലിക്കേണ്ട പെരുമാറ്റചട്ടത്തെ പറ്റി ഒന്നും പൂർണ ബോധവാനല്ലായിരുന്നു. “മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, മരുന്ന് എടുക്കുക- ഇത്രയേ എനിക്ക് അറിയുമായിരുന്നുള്ളൂ. മറ്റെന്ത് ചെയ്യാനാ ഞാൻ?” അയാൾ ചോദിച്ചു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ പരിഷ്കരിച്ച മാർഗ്ഗനിർദേശകരേഖയിൽ നേരിയ ലക്ഷണമോ ലക്ഷണമില്ലാത്തതോ ആയ കോവിഡ്19 രോഗിയുടെ വീട്ടിലെ ഐസൊലേഷനെ സംബന്ധിച്ച് അനുശാസിക്കുന്നത്: “രോഗി എല്ലായ്പ്പോഴും മൂന്ന് പാളികളുള്ള മുഖാവരണം ഉപയോഗിച്ചിരിക്കണം. 8 മണിക്കൂർ ഉപയോഗത്തിന് ശേഷമോ, മാസ്‌ക് നനയുകയോ പ്രത്യക്ഷത്തിൽ പൊടി പറ്റുകയോ ചെയ്താൽ അതിനു മുന്നേ തന്നെയോ ഉപേക്ഷിക്കണം. ശുശ്രൂഷക മുറിയിൽ കയറുമ്പോൾ രോഗിയും ശുശ്രൂഷകയും N-95 മാസ്‌ക് ധരിക്കേണ്ടതാണ്.”
അമോളും സുനിതയും കഴുകാവുന്ന പൊളിപ്രോപ്പലീൻ മാസ്‌ക് ആണ് ഉപയോഗിക്കുന്നത്. “ശിരൂർ മാർക്കറ്റിൽ നിന്ന് 50 രൂപയ്ക്ക് ജനുവരിയിൽ മേടിച്ചതാണ് ഞാൻ ഇത്,” അയാൾ പറഞ്ഞു. അന്നു തൊട്ട് അയാൾ ഇതേ മാസ്‌ക് ആണ് ധരിക്കുന്നത്. “ഇത് ചെറുതായൊന്ന് കീറിയിട്ടുണ്ട്. ഞാൻ ഇത് പകൽ മുഴുവൻ ഉപയോഗിക്കും, രാത്രി കഴുകിയിട്ടിട്ട് രാവിലെ വീണ്ടും എടുത്ത് ധരിക്കും.”
മാർഗ്ഗനിർദ്ദേശങ്ങളിൽ ശക്തമായി നിർദ്ദേശിക്കുന്നുണ്ട് “പൾസ് ഓക്സിമീറ്റർ വെച്ച് രക്തത്തിലെ ഓക്സിജന്‍റെ അളവ് സ്വയം പരിശോധിക്കണം” എന്ന്. “ഞങ്ങളുടെ കൈവശം അതില്ല,” അമോൾ പറയുന്നു. “ഇനിയിപ്പൊ അതുണ്ടായാൽ തന്നെ എന്‍റെ വീട്ടിൽ ആർക്കും വായിക്കാൻ അറിയില്ല.” കുടുംബം സ്ഥിരമായുള്ള പലായനത്തിലായതിനാൽ അയാളും സഹോദരങ്ങളും ഒരിക്കലും സ്കൂളിൽ പോയിട്ടില്ല.
ഇവിടെയുള്ള 25 ഭിൽ പാര്‍ധി കുടുംബങ്ങളില്‍ ഓരോരുത്തരുടെയും കുടിലുകളിൽ ഏതാണ്ട് നാല് അംഗങ്ങൾ കാണും. പൂനെ നഗരത്തിൽ നിന്നും 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ കുടിയേറ്റ ഭൂമിയിൽ മേയ് 20 വരെ 3 പേർ കോവിഡ് പോസിറ്റീവായി. അമോൾ ആയിരുന്നു മൂന്നാമത്തെ ആൾ.
ശിരൂർ ഗ്രാമീണ ആശുപത്രിയിൽ ആന്‍റിജൻ പരിശോധന നടത്തി ഇവിടെ ആദ്യം പോസിറ്റീവാണെന്ന് സ്ഥിരീച്ചത് സന്തോഷ് ധൂലേയുടെ കാര്യത്തിലായിരുന്നു, ഏപ്രിൽ 29ന്. വൈകാതെ അയാളുടെ ഭാര്യ സംഗീത ഏപ്രിൽ 30നും പോസിറ്റീവ് ആയി. “ഞങ്ങൾ രണ്ടു പേർക്കും പനിയും ചുമയും മേലുവേദനയും ഉണ്ടായിരുന്നു,” സംഗീത പറഞ്ഞു. “കിടക്ക ലഭ്യമല്ലെന്ന് ഞങ്ങളോടും പറഞ്ഞു.”
വീട്ടിൽ ഐസൊലേറ്റ് ചെയ്യുക എന്നത് മാത്രമായിരുന്നു മാർഗ്ഗം. അത്തരം സാഹചര്യങ്ങളിൽ ജില്ലാ അധികാരികൾ കൈക്കൊള്ളേണ്ട നടപടികളെ പറ്റി ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശകരേഖയിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്: “വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന രോഗികളുടെ ആരോഗ്യ നില അന്വേഷിക്കാൻ ജീവനക്കാർ പ്രത്യേക സന്ദർശനം നടത്തിയിരിക്കണം, കൂടാതെ ദിനവും വിവരങ്ങൾ അന്വേഷിക്കാൻ കാൾ സെന്‍റർ സംവിധാനവും ഉണ്ടായിരിക്കണം.”
പക്ഷേ ചൗഹാൻവാടിയിൽ നിന്നും ഒരു ആരോഗ്യ പ്രവർത്തകനും ഇതുവരെ വന്നില്ലെന്ന് സന്തോഷ് പറഞ്ഞു. “കോറോണയുടെ ലക്ഷണങ്ങളെ പറ്റി ബോധവൽക്കരിക്കാൻ ഗ്രാമ സേവകും ആശാ പ്രവർത്തകയും ഇവിടെ വന്നത് 2020 ഏപ്രിലിലാണ്.”
എന്നിരുന്നാലും ആരോഗ്യ ഉദ്യോഗസ്ഥൻ ഡോ. ഡി ബി മോർ പറയുന്നു, “വീട്ടിൽ ഐസൊലേഷൻ ആയ രോഗികളുമായി ആശാ, അങ്കണവാടി പ്രവർത്തകരുടെ സഹായത്തോടെ ഞങ്ങൾ സ്ഥിരം സംവദിക്കുന്നുണ്ട്. ഗ്രാമത്തിലെ ഏതെങ്കിലും കോണിലെ കുറച്ചു രോഗികൾ അവഗണിക്കപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ അത് പരിഹരിക്കുന്നതാണ്.”
സംഗീതയും (26) സന്തോഷും (28) രണ്ടാഴ്ചത്തെ ഐസൊലേഷൻ അവരുടെ ഓല മേഞ്ഞ കുടിലിൽ മെയ് പകുതിയായപ്പോഴേക്കും പൂർത്തിയാക്കി. അവർക്ക് 10 വയസ്സുള്ള ഒരു മകനും, 13 വയസ്സുള്ള മകളും ഉണ്ട്. രണ്ടു പേരും ഒമ്പത് കിലോമീറ്റർ അകലെയുള്ള നിമോൻ ഗ്രാമത്തിലെ ജില്ലാ പരിഷദ് സ്കൂളിൽ പോകുന്നു. ഈ കുടിലുകളുടെ കൂട്ടത്തിൽ നാലാം ക്ലാസ് വരെ പഠിച്ച ഏക വ്യക്തിയാണ് സന്തോഷ്. അയാളുടെ ഭിൽ പാര്‍ധി കുടുംബവും വർഷം കൂടുന്തോറും പുതിയ കൂടുകൾ ചേക്കേറുമെങ്കിലും മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ അയാൾ ശ്രദ്ധിക്കും.
“ഇപ്പോൾ എല്ലാം ഓണ്‍ലൈന്‍ ആയതോടെ മക്കളുടെ പഠനവും നിലച്ചു,” സംഗീത പറഞ്ഞു. ഭർത്താവ് സന്തോഷിനോടൊപ്പം ചേർന്ന് അവർ കുടിലിനടുത്തുള്ള ഒരു തുണ്ട് തുറസ്സായ ഭൂമിയിൽ പച്ചമുളകും മുരിങ്ങക്കായയും കൃഷി ചെയ്യുന്നു. “എല്ലാ മാസവും ഇതിൽ ഏതെങ്കിലുമൊരു പച്ചക്കറി ഞങ്ങൾ 20-25 കിലോയോളം ഉണ്ടാക്കും,” സംഗീത പറഞ്ഞു. ശിരൂർ മാർക്കറ്റിലെ ചില്ലറവ്യാപാരികൾക്ക് അവർ ഇത് വിൽക്കും. വിളവിനും വിലയ്ക്കും അനുസരിച്ച് 3,000 മുതൽ 4,000 രൂപ വരെ മാസവരുമാനം അവർക്ക് കിട്ടും.
നാല് പേരടങ്ങുന്ന ആ കുഞ്ഞു കൂരക്കുള്ളിൽ പുകയെരിയുന്ന മണ്ണുകൊണ്ടുള്ള അടുക്കളയ്ക്കും തുണികൾക്കും പാത്രങ്ങൾക്കും കിടക്കവിരിക്കും കൃഷി ആയുധങ്ങൾക്കും മറ്റ് വീട്ടു സാമഗ്രികൾക്കും ഇടയിൽ സാമൂഹ്യ അകലമൊക്കെ അപ്രായോഗികമാണ്.
മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങളിൽ സൂചിപ്പിക്കുന്നതെന്തെന്നാൽ: ‘വായുസഞ്ചാരമുള്ള മുറിയിൽ ജനലുകൾ എപ്പോഴും തുറന്നിട്ട് വായുപ്രവേശം ഉറപ്പാക്കിയിട്ടായിരിക്കണം രോഗിയെ താമസിപ്പിക്കേണ്ടത്.’
“ഞങ്ങളുടെ കുടിൽ വളരെ ചെറുതാണ്. ജനലില്ല. ഞങ്ങൾക്ക് രണ്ടു പേർക്കും പോസിറ്റീവ് ആയപ്പോൾ കുട്ടികളെക്കുറിച്ചോർത്തായിരുന്നു ആശങ്ക,” സംഗീത പറഞ്ഞു. ഏപ്രിൽ 28ന് അവർ കുട്ടികളെ സന്തോഷിന്‍റെ അടുത്തു തന്നെയുള്ള സഹോദരന്‍റെ വീട്ടിലേക്കയച്ചു.
“ഞങ്ങളുടെ വാസസ്ഥലത്ത് വൈദ്യുതിയോ വെള്ളമോ പോലുമില്ല. ശുചിത്വ പാലനം ഞങ്ങൾക്ക് അസാധ്യമാണ്,” സന്തോഷ് പറയുന്നു. നിർദ്ദേശങ്ങളിൽ നിഷ്കർഷിക്കുന്നു: ‘കുറഞ്ഞത് 40 സെക്കന്‍റ് എങ്കിലും എടുത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. പൊടി പറ്റിയിട്ടില്ലാത്ത കൈകളാണെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ആയാലും മതി.’
അര കിലോമീറ്റർ അകലെയുള്ള കിണറിൽ നിന്നുവേണം ഈ കുടുംബത്തിന് വെള്ളമെടുത്തു കൊണ്ടുവരാന്‍. “എപ്പോഴും ഇവിടെ ജലക്ഷാമം ആണ്, വേനലിൽ രൂക്ഷമാകും,” സംഗീത പറഞ്ഞു.
അമോളിനെപ്പോലെ ഇവർക്കും നേരിയ ലക്ഷണങ്ങളെ പരിചരിക്കാൻ 10 ദിവസത്തേക്ക് മരുന്നുണ്ടായിരുന്നു, 10,000 രൂപയാണ് അതിനായി ചെലവായത്. “എന്‍റെ കയ്യിൽ 4,000 രൂപയെ ഉണ്ടായിരുന്നുള്ളു. ശിരൂരിലെ ഒരു സുഹൃത്ത് 10,000 രൂപ കടം തന്നു.” സന്തോഷ് പറഞ്ഞു. “അത്യാവശ്യം വന്നെങ്കിലോ എന്ന് വെച്ച് അവൻ കുറച്ചധികം തന്നു.”
മേയ് 22 വരെ പൂനെ ജില്ലയിലാകെ 9,92,671 കേസുകൾ റിപ്പോർട്ട് ചെയ്തു (2020 മാർച്ച് മുതൽ). ഇതിൽ 2,10,046 എണ്ണം ഗ്രാമീണ മേഖലയിൽ നിന്നാണ്, 2,755 മരണങ്ങളും ഉണ്ടായി : ജില്ലാ പരിഷദിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ആയുഷ് പ്രസാദ് എന്നോട് പറഞ്ഞു. “കേസുകൾ കുറഞ്ഞു വരുകയാണ്,” അദ്ദേഹം പറഞ്ഞു. ഡോ. ഡി ബി മോറും പറയുന്നത് ഗ്രാമീണ ശിരൂരിൽ പോസിറ്റീവ് കേസുകൾ കുറയുന്നു എന്നാണ്.
മേയ് 22ന് അമോൾ എന്നെ ഫോൺ വിളിച്ച് പറഞ്ഞു: “ഞങ്ങളുടെ പ്രദേശത്ത് ഒരു സ്ത്രീ കൂടി പോസിറ്റീവ്‌ആയിരിക്കുന്നു.”
അയാളുടെ രണ്ടാഴ്ചത്തെ ഐസൊലേഷൻ കാലം അവസാനിച്ചിരിക്കുന്നു. അമ്മക്കും സഹോദരങ്ങൾക്കും ലക്ഷണമൊന്നുമില്ല. എങ്കിലും അയാൾ അയൽവാസിയുടെ ഒഴിഞ്ഞ കുടിലിൽ തന്നെ തുടരുകയാണ്. “എനിക്കിപ്പോൾ ഭേദമുണ്ട്,” അയാൾ പറയുന്നു. “പക്ഷെ ഒരു മുൻകരുതൽ എന്ന നിലക്ക് രണ്ടാഴ്ച കൂടെ ഞാൻ ഇവിടെ കഴിയാമെന്ന് കരുതി.”
ഈ ലേഖനം ആദ്യം ഞങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം കുടുംബത്തിൽ നിന്ന് കൂടുതൽ വിശദീകരണങ്ങൾ ലഭിക്കുകയും, മരുന്നുകൾക്കും കുടുംബത്തിന്‍റെ സാമ്പത്തിക കാര്യങ്ങൾക്കുമായി അമോൽ ബാർദെ എത്രമാത്രം ചെലവഴിച്ചു എന്നതുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ അതേത്തുടര്‍ന്ന് ഞങ്ങൾ പരിഷ്‌കരിക്കുകയും ചെയ്തു.
പരിഭാഷ: അഭിരാമി ലക്ഷ്മി