എല്ലാദിവസവും രാവിലെ 10 മണിക്ക് വടക്കൻ സൂറത്തിലെ മിനാനഗർ പരിസരത്തുള്ള രേണുക പ്രധാന്റെ ഒറ്റമുറി വീട് അവരുടെ തൊഴിലിടമായി മാറും. വീട്ടുവാതിൽക്കൽ എത്തിച്ചുകൊടുക്കുന്ന വർണശബളമായ സാരിക്കെട്ടുകൾ അടുക്കളയിലെ തൊട്ടിക്കരികിലും പ്രവേശനവാതിൽക്കരികിലും കട്ടിലിന് താഴെയുമൊക്കെയായി എടുത്തുവെച്ചിരിക്കുകയാണ്. രേണുക വേഗത്തിൽ ഒരു കെട്ടഴിച്ച് അതിൽനിന്ന് ഇളംചുവപ്പും നീലയും കലർന്ന ശോഭയേറിയ ഒരു സാരി തിരഞ്ഞെടുത്തു. മുറിയുടെ പുറത്തുള്ള ഒരു വെള്ളക്കുഴലിന്റെ മുകളിൽ അവരത് തൂക്കിയിട്ടു.
തൊട്ടടുത്തുള്ള വേദ് റോഡിൽ സ്ഥിതിചെയ്യുന്ന വസ്ത്രനിർമ്മാണശാലകളിൽനിന്നാണ് സാരികൾ ഇവിടെ കൊണ്ടുവരുന്നത്. യന്ത്രവത്കൃത ചിത്രത്തുന്നൽ പ്രക്രിയയിൽ പോളിസ്റ്റർ തുണിയുടെ പിൻവശത്ത് നൂലറ്റങ്ങൾ ശേഷിക്കും. വസ്ത്രനിർമ്മാണശാലകളിലെ ഇസ്തിരിയിടൽ, തുണിമടക്കൽ ജോലികൾ ചെയ്യുന്ന വിഭാഗത്തിലേക്ക് വസ്ത്രം അയക്കുന്നതിനുമുൻപ് ഈ നൂലുകളെല്ലാം ശ്രദ്ധയോടെ വലിച്ചെടുക്കണം. അതാണ് രേണുകയെപ്പോലെയുള്ളവർ ചെയ്യുന്നത്.
തന്റെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ചു രേണുക ഒരുദിവസം എഴുപത്തിയഞ്ചിൽക്കൂടുതൽ സാരികളിൽനിന്ന്, അധികം വരുന്ന നൂലുകൾ വലിച്ചെടുക്കും. താരതമ്യേന വിലകൂടിയ പോളിസ്റ്റർ സിൽക്ക് സാരിയാണെങ്കിൽ അവർ ഒരു കത്തി ഉപയോഗിച്ച് നൂലറ്റങ്ങൾ മുറിച്ചുമാറ്റും. "ഞാൻ അഞ്ചുമുതൽ ഏഴുമിനിറ്റുവരെ ഒരു സാരിയിൽ ചിലവഴിക്കും," അവർ പറഞ്ഞു. "എങ്ങാനും അധികം നൂല് വലിച്ചെടുത്ത് തുണി കേടാക്കിയാൽ, സാരിയുടെ മൊത്തം വിലയും കരാറുകാരന് കൊടുക്കേണ്ടിവരും. അതുകൊണ്ടു വളരെയധികം ശ്രദ്ധിച്ച് ചെയ്യണം”.
ഒരു സാരിക്ക് രണ്ടുരൂപ എന്ന നിരക്കിൽ രേണുക ദിവസവും 150 രൂപയോളം സമ്പാദിക്കുന്നുണ്ട്. എന്തെങ്കിലും പിശകു പറ്റിയാൽ അഞ്ചുദിവസത്തെ കൂലിവരെ അവർക്കു നഷ്ടമാകും. " എട്ടുമണിക്കൂർ നീളുന്ന ദിവസത്തിന്റെ അവസാനം, എന്റെ വിരലുകൾ മരവിച്ചിട്ടുണ്ടാവും.," അവർ പറഞ്ഞു.
മുപ്പത്തിയഞ്ചുവയസുള്ള രേണുക ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽ പോളാസാറ ബ്ലോക്കിലെ സനാബരഗാം ഗ്രാമത്തിൽനിന്നുള്ള കുടിയേറ്റക്കാരിയാണ്. യന്ത്രത്തറി ജോലിക്കാരനായ തന്റെ ഭർത്താവിനും നാല് കുട്ടികൾക്കുമൊപ്പം കഴിഞ്ഞ 17 വർഷമായി സൂറത്തിൽ കഴിയുന്നു. സൂറത്തിൽ ഏകദേശം എട്ടുലക്ഷം ഒഡിയ കുടിയേറ്റക്കാരുണ്ടെന്നാണ് അപൂർണമായ കണക്കുകൾ സൂചിപ്പിക്കുന്നത് ( നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും , ലിവിംഗ് ഇൻ ദ് റൂംസ് ബൈ ദ് ലൂംസ് എ ന്നീ ലേഖങ്ങൾ വായിക്കുക). മിക്കവരും രാജ്യത്തെ വസ്ത്രവ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരത്തിലെ യന്ത്രത്തറിശാലകളിലും വസ്ത്രനിർമ്മാണശാലകളിലുമാണ് ജോലി ചെയ്യുന്നത്. ഫെഡറേഷൻ ഓഫ് ഗുജറാത്ത് വീവേഴ്സ് അസ്സോസിയേഷന്റെയും അനുബന്ധ സംഘടനയായ പാണ്ഡെസരാ വീവേഴ്സ് അസ്സോസിയേഷന്റെയും ജൂലൈ 2018-ലെ റിപ്പോർട്ട് പ്രകാരം ഈ വ്യവസായത്തിന്റെ വാർഷിക വിറ്റുവരവ് 50,000 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
വീട്ടിലിരുന്ന് ജോലിചെയ്യുന്ന ആയിരക്കണക്കിന് അദൃശ്യ തൊഴിലാളികളിൽ ഒരാളാണ് രേണുക. ഈ വിഭാഗം തൊഴിലാളികളിൽ കൂടുതൽപേരും ഒഡിഷയിൽനിന്നുള്ള യന്ത്രത്തറി ജോലിക്കാരുടെ ഭാര്യമാരാണ്. വടക്കൻ സൂറത്തിലെ വ്യാവസായിക ഇടനാഴിയിലോ അല്ലെങ്കിൽ അതിനരികത്തോ ഉള്ള സ്ഥലങ്ങളിലാണ് ഇവർ വസിക്കുന്നതും ജോലിചെയ്യുന്നതും. 'ധാഗാ' മുറിക്കൽ (അധിക നൂലുകൾ മുറിച്ചുമാറ്റൽ) വസ്ത്രങ്ങളിൽ രത്നങ്ങൾ (വർണാഭമായ സ്ക്വിൻസ്) പതിപ്പിക്കൽ മുതലായ പണികൾ അവരുടെ തൊഴിലിൽ ഉൾപ്പെടും. സുരക്ഷക്കുള്ള ഒരു സാമഗ്രികളും അവർക്ക് ലഭിക്കാറില്ല. മാത്രമല്ല, ഈ ജോലിയെത്തുടർന്നുണ്ടാകുന്ന കണ്ണുവേദന, മുറിവുകൾ, നടുവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കില്ല. വേതന കരാറുകളോ സാമൂഹിക സുരക്ഷാമാർഗ്ഗങ്ങളോ ഇല്ല. മികച്ച സാഹചര്യങ്ങൾക്കുവേണ്ടി വിലപേശാനുള്ള കഴിവും പൊതുവെ അവർക്കില്ല.
"ഞാൻ പതിനഞ്ച് വർഷത്തോളമായി ജോലിചെയ്യുന്നു. പക്ഷെ എനിക്ക് കമ്പനിയുടെ പേരോ അതിന്റെ ഉടമയുടെ പേരോ അറിയില്ല. ദിവസവും രാവിലെ കെട്ടുകൾ എത്തിക്കും. രണ്ടാഴ്ചകൂടുമ്പോൾ എനിക്ക് കൂലി കാശായി തരും," രേണുക പറഞ്ഞു.
രേണുകയുടെ വീട്ടിൽനിന്ന് കുറച്ച് മീറ്റർ അകലെ താമസിക്കുന്ന ശാന്തി സാഹുവും ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. ഗഞ്ചാം ജില്ലയിലെ ബ്രഹ്മപുർ സദർ ബ്ലോക്കിലെ ബുഡുക ഗ്രാമത്തിൽനിന്നാണ് അവർ സൂറത്തിലെത്തിയത്. 40 വയസ്സുള്ള ശാന്തി വെളുപ്പിന് അഞ്ചുമണിക്ക് എഴുന്നേറ്റ് മിനാനഗറിലെ കൂട്ടുകാരികളോടൊപ്പം അടുത്തുള്ള പണം നൽകി ഉപയോഗിക്കാവുന്ന ശൗചാലയത്തിലേക്ക് പോകും. പിന്നീടുള്ള കുറച്ചു മണിക്കൂറുകളിൽ വെള്ളം ശേഖരിക്കുക, പാചകം, തുണിയലക്കൽ മുതലായ വീട്ടുകാര്യങ്ങൾ പൂർത്തിയാക്കും. ഇതിനിടയിൽ യന്ത്രത്തറിശാലയിൽനിന്ന് രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞെത്തുന്ന ഭർത്താവ് അരിജിത്ത് സാഹുവിന്റെ കാര്യങ്ങളും നോക്കണം.
ഇതിനിടയിൽ ശാന്തിയുടെ മകൾ ആശാ സാരിക്കെട്ടുകൾ അഴിച്ചുതുടങ്ങിയിരുന്നു. "ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്," 13 വയസുള്ള മകളെ ചൂണ്ടിക്കാട്ടി ശാന്തി പറഞ്ഞു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന ഒഡിയ മീഡിയം സ്കൂളിൽ എട്ടാം ക്ലാസ്സുവരെ മാത്രമേ പഠനമുള്ളു എന്നതിനാൽ ആശയ്ക്ക് സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. സ്വകാര്യസ്കൂൾ വിദ്യാഭ്യാസത്തിന്റെ ചെലവ് അവർക്ക് താങ്ങാനാകില്ല. സങ്കീർണമായ നൂലൽപ്പണിയുള്ള താരതമ്യേന വിലകൂടിയ സാരികളിലാണ് അമ്മയും മകളും ഒരുമിച്ചു ജോലിചെയ്യുക. ഒരു സാരിക്ക് അഞ്ചുമുതൽ പത്തുരൂപവരെ ലഭിക്കും. തെറ്റുകളുടെ സാധ്യതയും കൂടുതലാണ്. "ഞങ്ങളുടെ മുറിയുടെ ഉയരം കുറവാണ്. ഇവിടെ വെളിച്ചവും കുറവാണ്. അതിനാൽ അകത്തു ജോലിചെയ്യുക ബുദ്ധിമുട്ടാണ്. ഞങ്ങൾ സാരികൾ പുറത്ത് ഉയരത്തിൽനിന്ന് തൂക്കിയിടും. ദിവസം മുഴുവൻ നിന്നാണ് പണിയെടുക്കുന്നത്. തുണിയിൽ എന്തെങ്കിലും കറപറ്റിയാൽ അത് ഞങ്ങളുടെ കൂലിയിൽനിന്ന് കുറയ്ക്കും," ശാന്തി പറഞ്ഞു.
വസ്ത്രവ്യവസായത്തിൽ വളരെ പാർശ്വവത്ക്കരിക്കപ്പെട്ട ഇവരുടെ സ്ഥാനവും ഔദ്യോഗികരേഖകളിൽ ഇവരുടെ പൂർണമായ അദൃശ്യതയും പരിഗണിക്കുമ്പോൾ വീടുകൾ കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നുമില്ല. "ഇവരിൽ ഒരാൾപോലും ഒരു എഴുതപ്പെട്ട കരാറിൽ ഒപ്പുവെച്ചിട്ടില്ല. നേരിട്ടുള്ള കരാറുകാരന്റെ പേരുപോലും അവർക്കറിയുമെന്ന് തോന്നുന്നില്ല," സൂറത്തിലെ ആജീവിക ബ്യൂറോ പ്രോഗ്രാം കോർഡിനേറ്റർ സഞ്ജയ് പട്ടേൽ പറഞ്ഞു. പടിഞ്ഞാറൻ ഇന്ത്യയിലുള്ള ഒഡിയ കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ആജീവിക ബ്യൂറോ. "വീട്ടിൽ ചെയ്യുന്ന പ്രവൃത്തിയായതിനാൽ പലപ്പോഴും ഇതൊരു തൊഴിലായി സ്ത്രീകളും അവരുടെ കുടുംബങ്ങളും കണക്കാക്കാറില്ല. ജോലിക്ക് കൂലി എന്ന വ്യവസ്ഥയുടെ കർശനമായ ദിവസക്കൂലി നിരക്കുകൾ പരിഗണിച്ച് കുട്ടികളേയും ഈ ജോലിയിലേക്ക് വലിച്ചിടുന്നു. ഇതൊക്കെക്കൊണ്ടാണ് അവർ അവരുടെ കൂലിക്കുപോലും വിലപേശാത്തത്."
റെഡിമേഡ് തുണിത്തരങ്ങൾ അല്ലെങ്കിൽ അവയുടെ അനുബന്ധ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതോ, തുന്നൽ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നതോ ആയ അവിദഗ്ദ്ധ തൊഴിലാളികൾക്ക് ഒരുദിവസത്തെ എട്ടുമണിക്കൂർ തൊഴിൽസമയത്തിന് ഏകദേശം 315 രൂപ ലഭിക്കാൻ അവകാശമുണ്ടെന്നാണ് ഗുജറാത്ത് മിനിമം കൂലി നിയമം ( 2019 ഏപ്രിൽ - സെപ്റ്റംബർ; ആറുമാസത്തിൽ ഒരിക്കൽ നിലവിലെ വിലകയറ്റ നിരക്കനുസരിച്ചു പുതുക്കും) അനുശാസിക്കുന്നത്. എന്നാൽ രേണുകയേയും ശാന്തിയേയുംപോലെയുള്ള ഒഡിഷയിൽനിന്നുള്ള സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലിക്ക് എണ്ണത്തിനനുസരിച്ചാണ് കൂലി നിശ്ചയിക്കുന്നത്. അതിനാൽ സർക്കാർ നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ കൂലിനിരക്കുകളേക്കാൾ അമ്പതുശതമാനത്തോളം കുറവ് കൂലിയാണ് അവർക്കു ലഭിക്കുന്നത്. മറിച്ച് തൊഴിൽശാലകളിൽ ഇതേ നൂൽമുറിക്കുന്ന ജോലിചെയ്യുന്ന സ്ത്രീകൾ മാസം ശരാശരി 5,000 - 7,000 രൂപവരെ നേടുന്നുണ്ട്. അവർക്കു ചിലപ്പോൾ സാമൂഹികസുരക്ഷ ആനുകൂല്യങ്ങളായ അധികസമയത്തിന് കൂലി, തൊഴിലാളി ഇൻഷുറൻസ് മുതലായവയും ലഭിക്കും. എന്നാൽ വീട്ടിൽ ജോലിചെയ്യുന്നവർ 3,000 രൂപയിലധികം നേടാറില്ല. അവർ തൊഴിലിന്റെ ചെലവുകൾ വഹിക്കുകയും വേണം.
"പത്തുവർഷങ്ങൾക്കുമുൻപ് ഒരു സാരിക്ക് വെറും രണ്ടുരൂപയാണ് ഞാൻ നേടിയിരുന്നത്. കൂലി കൂട്ടുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ കരാറുകാരൻ പറഞ്ഞത് ഞാൻ വീട്ടിലാണ് ജോലി ചെയ്യുന്നത്, മാത്രമല്ല ഈ തൊഴിലിന് വലിയ വൈദഗ്ദ്ധ്യം ആവശ്യമില്ലായെന്നും. പക്ഷെ ഞാൻ അടയ്ക്കുന്ന വൈദ്യുതി ബില്ലും മുറിവാടകയും എവിടെ വകയിരുത്തും? " 32 വയസ്സുള്ള ഗീത സമൽ ഗോളിയ ചോദിച്ചു. അവരുടെ ഭർത്താവ് രാജേഷ് ഒരു യന്ത്രത്തറി ജോലിക്കാരനാണ്. മിനാനഗറിൽനിന്ന് ഏകദേശം നാലുകിലോമീറ്റർ അകലെയുള്ള വിശ്രാം നഗറിലാണ് ആ കുടുംബം വസിക്കുന്നത്.
കാലിഫോർണിയയിലെ ബെർക്ക്ലി സർവകലാശാലയുടെ 'ടൈന്റേഡ് ഗാർമെന്റസ്: ദി എക്സ്പ്ലോയ്റ്റേഷൻ ഓഫ് വിമെൻ ആൻഡ് ചിൽഡ്രൻ ഇൻ ഇന്ത്യാസ് ഹോം ബേസ്ഡ് ഗാർമെന്റ് സെക്ടർ' (കളങ്കിതമായ വസ്ത്രങ്ങൾ: ഇന്ത്യയിൽ വീടുകളിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യവസായത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണം) എന്ന തലക്കെട്ടോടുകൂടിയ ഫെബ്രുവരി 2019-ലെ പഠനം കാണിക്കുന്നത് ഇന്ത്യയിലെ വസ്ത്രവ്യവസായത്തിൽ വീടുകൾ കേന്ദ്രീകരിച്ച് തൊഴിൽചെയ്യുന്നവരിൽ 95.5 ശതമാനം വനിതകളാണെന്നാണ്. ജോലിക്കിടയിൽ പരിക്കേറ്റപ്പോൾ ഇവർക്കാർക്കും ഒരു വൈദ്യസഹായവും ലഭിച്ചില്ല എന്നാണ് ആധുനിക അടിമത്വത്തിനെക്കുറിച്ച് ഗവേഷണം നടത്തുന്ന സിദ്ധാർഥ് കാര നയിച്ച ആ പഠനറിപ്പോർട്ട് പറയുന്നത്. മാത്രമല്ല ഇവരാരും ഒരു തൊഴിലാളിസംഘടനയിലും അംഗങ്ങളല്ലെന്നും ഇവർക്ക് ലിഖിത തൊഴിൽ കരാറുകളില്ലെന്നും ആ പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
സൂറത്തിലെ വസ്ത്രവ്യവസായത്തിൽ വീടുകൾ തൊഴിലിടങ്ങളായി മാറ്റി ജോലിചെയ്യുന്ന സ്ത്രീകളുടെ അധ്വാനത്തെ ഔപചാരികമായ തൊഴിലായി വിലയിരുത്തുന്നില്ല. അതിനർത്ഥം 1948-ലെ ഫാക്ടറീസ് ആക്ട് പോലെ വ്യാവസായിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമങ്ങൾക്ക് കീഴിൽ അവർ വരില്ല എന്നാണ്.
"വീടുകളിൽ ചെയ്യുന്ന ജോലിയുടെ കരാർ പൗരന്മാർ തമ്മിലുള്ള ഒരു ബന്ധം മാത്രമാണ് [തൊഴിലുടമ-തൊഴിലാളി ബന്ധമല്ല], അതിൽ തൊഴിൽ നിയമങ്ങൾ ബാധകമല്ല. മാത്രമല്ല ജോലികൾ മറ്റുള്ളവർക്ക് കരാറടിസ്ഥാനത്തിൽ കൈമാറ്റം ചെയ്യുന്നതിനാൽ അവ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള സംവിധാനമില്ല," സൂറത്ത് മേഖലയുടെ അസിസ്റ്റന്റ് ലേബർ കമ്മിഷണർ ജി.എൽ. പട്ടേൽ പറഞ്ഞു.
"ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരം മുതലായ ആനുകൂല്യങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തിയ വ്യാവസായിക തൊഴിൽസ്ഥലങ്ങളിൽ പരിക്കേൽക്കുന്ന ജോലിക്കാർക്കേ ലഭിക്കുകയുള്ളു," സൂറത്തിൽ കേന്ദ്ര വസ്ത്രമന്ത്രാലയം സ്ഥാപിച്ച പവർലൂം സർവീസ് സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടർ സിദ്ധേശ്വർ ലോംബെ പറഞ്ഞു. "വനിതാത്തൊഴിലാളികൾ ഈ വ്യവസായത്തിന്റെ ഭാഗമായി അറിയപ്പെടുന്നുണ്ടെങ്കിലും അവർ വീടുകൾക്കുള്ളിൽ നിശ്ചിതമല്ലാത്ത കാലയളവുകളിൽ ജോലിചെയ്യുന്നതിനാൽ അവരുടെ തൊഴിൽസമയങ്ങൾ, സാഹചര്യങ്ങൾ, പരിക്കുകൾ മുതലായവ രേഖപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്."
സ്ഥാപിത സുരക്ഷാസംവിധാനങ്ങളുടേയും സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളുടെയും അഭാവത്തിൽ, ഗഞ്ചാമിലെ ബുഗുദ ബ്ലോക്കിലെ ഭോഗോഡ ഗ്രാമത്തിൽനിന്നുള്ള കുടിയേറ്റക്കാരിയായ 30 വയസ്സുള്ള രഞ്ജിത പ്രധാൻ വിശ്രാം നഗറിലെ ‘ഒരേയൊരു ഒഡിയ വനിത ഏജന്റ്‘ എന്ന സ്ഥാനം നേടിയിരിക്കുകയാണ്. "പുരുഷ കരാറുകാരുടെകൂടെ ജോലി ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അവർ ഞങ്ങൾക്ക് സമയത്തിന് കൂലി തരില്ല. ഒരു കാരണവുമില്ലാതെ ഞങ്ങളുടെ കൂലി കുറയ്ക്കുകയും ചെയ്യും," പതിമൂന്നുവർഷം മുൻപ് വീട്ടിൽനിന്ന് ജോലിയാരംഭിച്ച രഞ്ജിത പറഞ്ഞു.
2014-ൽ രഞ്ജിത വേദ് റോഡിലെ ഒരു വസ്ത്രനിർമ്മാണശാലയുടെ ഉടമയെ നേരിട്ട് സമീപിച്ച്, തനിക്ക് കരാർജോലി നേരിട്ട് നൽകുമെങ്കിൽ പകരം, "ഉയർന്ന ഗുണനിലവാരമുള്ള പണികൾ" ചെയ്തുതരാമെന്ന് വാഗ്ദാനം നൽകി. അന്നുമുതൽ അവർ മൂന്ന് വസ്ത്രനിർമ്മാണശാലയുടമകളിൽനിന്ന് വസ്ത്രങ്ങളിൽ രത്നങ്ങൾ പതിപ്പിക്കുന്ന ജോലി കരാറിനെടുത്ത് തന്റെ ചുറ്റുവട്ടത്തെ നാല്പതോളം വനിതകൾക്കിടയിൽ വീതിച്ചുകൊടുക്കുകയാണ്. വാമൊഴിയാലുള്ള കരാർപ്രകാരം രഞ്ജിത രണ്ടാഴ്ചകൂടുമ്പോൾ ഒരു കിലോ സെക്വിൻസും വസ്ത്രങ്ങളിൽ അവ ഒട്ടിക്കാനുള്ള പശയും ഈ വനിതാജോലിക്കാർക്ക് എത്തിച്ചുകൊടുക്കും. എല്ലാദിവസവും രാവിലെ തുണിത്തരങ്ങൾ അവർക്ക് ലഭിക്കും. വീടുകൾ കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന ഓരോ ജോലിക്കാരും ഒരുദിവസം രണ്ടായിരം സെക്വിൻസുവരെ ഒട്ടിക്കുകയും, ദിവസവും ശരാശരി 200 രൂപ (ഓരോ പത്തു സെക്വിൻസിന് ഒരു രൂപ എന്ന നിരക്കിൽ) സമ്പാദിക്കുകയും ചെയ്യുന്നു.
"അവരിലൊരാളാണ് ഞാനെന്ന് അറിയുന്നതിനാൽ അവർക്ക് എന്നിൽ വിശ്വാസമുണ്ട്," രഞ്ജിത പറഞ്ഞു. "നല്ലവണ്ണം ശരീരം കുനിച്ചുവേണം ഈ പണി ചെയാൻ. സങ്കീർണമായ അലങ്കാരപ്പണികൾ മുഴുമിക്കാൻ മണിക്കൂറുകളോളം ജോലിചെയ്യണം. അവസാനം അവർക്ക് നടുവേദനയും കണ്ണുവേദനയും പിടിപെടും. പക്ഷേ ഞങ്ങൾ പരാതിപ്പെട്ടാൽ ഞങ്ങളുടെ ഭർത്താക്കന്മാർ പറയും, ഇതൊക്കെ വെറും ‘ടൈം പാസ്സ്‘ മാത്രമാണ്, യഥാർത്ഥ ജോലിയല്ലെന്ന്."
സമയം രാത്രി ഏഴുമണിയായി. രഞ്ജിത, അവരുടെ ഭർത്താവ് ഭഗവാൻ യന്ത്രത്തറിശാലയിൽനിന്ന് തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ്. ആ ദിവസം പണിത തുണികളൊക്കെ തിരികെ കെട്ടുകളാക്കിയിരിക്കുന്നു. കഴിഞ്ഞ 13 വർഷങ്ങളായി എല്ലാദിവസവും ഇതുപോലെയാണ്. "ഒരിക്കൽ ഗഞ്ചാമിലേക്കു തിരികെപ്പോയി അവിടെ ഞങ്ങളുടെ കുടുംബത്തിന് ഒരു വീടുപണിയാമെന്നു കരുതിയാണ് ഞങ്ങൾ സൂറത്തിലേക്കു വന്നത്," അവർ പറഞ്ഞു. "എന്നാൽ ഞങ്ങൾക്ക് ഒന്നും സമ്പാദിക്കാനായിട്ടില്ല, ഞങ്ങളുടെ ദിവസച്ചിലവുതന്നെ കഷ്ടിച്ച് തികയ്ക്കുന്നു."
പരിഭാഷ: ജ്യോത്സ്ന വി.