മരണ സർട്ടിഫിക്കറ്റുമില്ല, ശാന്തി ദേവി കോവിഡ്-19 മൂലമാണ് മരിച്ചതെന്ന് തെളിയിക്കാൻ മറ്റൊരു വഴിയുമില്ല. എന്നിരിക്കിലും അവരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മറ്റൊരു നിഗമനത്തിലേക്കും എത്തിക്കുന്നുമില്ല.

കോവിഡ്-19-ന്‍റെ രണ്ടാം തരംഗം രാജ്യത്തുയർന്നപ്പോൾ, പ്രായം 40-കളുടെ പകുതിയിലായിരുന്ന ശാന്തി ദേവി 2021 ഏപ്രിലിൽ രോഗബാധിതയായി. ഒന്നിനു പുറകെ മറ്റൊന്നായി അവർ രോഗലക്ഷണങ്ങൾ കാണിച്ചു: ആദ്യം ചുമയും ജലദോഷവും, അടുത്ത ദിവസം പനി. "അതേ സമയത്ത് ഗ്രാമത്തിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും അസുഖ ബാധിതരായിരുന്നു”, അവരുടെ ഭർതൃമാതാവ് 65-കാരിയായ കലാവതി ദേവി പറഞ്ഞു. "ഞങ്ങളവളെ ആദ്യം ഝോലാ ഛാപ് [വ്യാജ] ഡോക്ടറുടെ അടുത്തെത്തിച്ചു.”

മെഡിക്കൽ സേവനങ്ങൾ നൽകുന്ന ഝോലാ ഛാപുകളെ അഥവാ മുറി വൈദ്യമാരെ ഉത്തർപ്രദേശിലെ ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും കണ്ടെത്താൻ കഴിയും. മഹാമാരിയുടെ സമയത്ത് ഗ്രാമത്തിലുള്ള എല്ലാവരും ആശ്രയിക്കുന്ന ‘ഡോക്ടർ’മാരാണ് ഇവർ. കാരണം ഇവരെ ലഭ്യമാണ്, കൂടാതെ പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിതാപകരവും. "ആരും ആശുപത്രിയിൽ പോയില്ല, കാരണം ഞങ്ങൾക്കെല്ലാവർക്കും ഭയമായിരുന്നു”, കലാവതി പറഞ്ഞു. വാരാണസി ജില്ലയിലെ ധല്ലിപ്പൂർ ഗ്രാമത്തിലാണ് അവർ വസിക്കുന്നത്. "ഞങ്ങളെ [ക്വാറന്‍റൈൻ] കേന്ദ്രത്തിലാക്കുമെന്ന് ഞങ്ങൾ ഭയന്നു. സർക്കാർ ആശുപത്രികളിൽ മുഴുവൻ രോഗികളായിരുന്നു. അവിടെ കിടക്കകൾ ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ഝോലാ ഛാപ് [വ്യാജ] ഡോക്ടറുടെ അടുത്ത് പോകാനേ സാധിച്ചുള്ളൂ.”

പക്ഷെ ഈ ഡോക്ടർമാർ പരിശീലനം ലഭിക്കാത്തവരും യോഗ്യതയില്ലാത്തവരുമാണ്. അതിനാൽ ഗുരുതരമായി രോഗം ബാധിച്ചവരെ ചികിത്സിക്കാൻ അവർ അപര്യാപ്തരാണ്.

ഝോലാ ഛാപിനെ സന്ദർശിച്ച് മൂന്നു ദിവസങ്ങൾക്കുശേഷം ശാന്തിക്ക് ശ്വസന പ്രശ്നങ്ങൾ ആരംഭിച്ചു. അപ്പോഴാണ് കലാവതിയും ശാന്തിയുടെ ഭർത്താവ് മുനീറും മറ്റ് കുടുംബാംഗങ്ങളും പരിഭ്രാന്തരായത്. അങ്ങനെ അവർ ശാന്തിയെ, വാരാണസിയിലെ പിണ്ഡ്ര ബ്ലോക്കിലെ തങ്ങളുടെ ഗ്രാമത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. “പക്ഷെ ആശുപത്രി ജീവനക്കാർ അവരെ [അവരുടെ അവസ്ഥയെ] നോക്കിയിട്ട് പറഞ്ഞത് പ്രതീക്ഷിക്കാനൊന്നുമില്ലെന്നാണ്. ഞങ്ങൾ വീട്ടിലെത്തി ഝാഡ് ഫൂങ്ക് ആരംഭിച്ചു”, ചൂലുകൊണ്ട് അസുഖത്തെ ഓടിക്കുന്ന പഴയതും അശാസ്ത്രീയവുമായ ഒരു പ്രവൃത്തിയെപ്പറ്റി പരാമർശിച്ചുകൊണ്ട് കലാവതി പറഞ്ഞു.

അതുകൊണ്ട് ഫലമുണ്ടായില്ല. ശാന്തി അന്ന് രാത്രിതന്നെ മരിച്ചു.

Kalavati with her great-grandchildren at home in Dallipur. Her daughter-in-law Shanti died of Covid-like symptoms in April 2021
PHOTO • Parth M.N.

കലാവതി കൊച്ചുമക്കളുടെ മക്കളുമൊത്ത് ധല്ലിപ്പൂരിലെ വീട്ടിൽ . അവരുടെ മരുമകളായ ശാന്തി കോവിഡ് സമാനമായ രോഗലക്ഷണങ്ങളെ തുടർന്ന് 2021 ഏപ്രിലിൽ മരിച്ചു

കോവിഡ്-19 മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് യു.പി. സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് 2021 ഒക്ടോബറിലാണ്. അത്തരം കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നുള്ള സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഏതാണ്ട് നാല് മാസങ്ങൾക്ക് ശേഷമാണ് ഈയൊരു നീക്കം ഉണ്ടായത്. ഇതിന്‍റെ തുകയായ 50,000 രൂപയുടെ ധനസഹായത്തിന് അഭ്യർത്ഥിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പക്ഷെ കലാവതി ദേവി അതിനുള്ള അവകാശവാദം ഉന്നയിച്ചില്ല. അവർക്കങ്ങനൊരു ഉദ്ദേശ്യം ഇല്ലായിരുന്നു.

പണത്തിനുള്ള അവകാശം ഉന്നയിക്കുന്നതിനായി മരണകാരണം കോവിഡ്-19 ആണെന്ന് പ്രസ്താവിച്ചുകൊണ്ട് ശാന്തിയുടെ കുടുംബത്തിന് ഒരു മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ചട്ടങ്ങളനുസരിച്ച്, അസുഖം പോസിറ്റീവാണെന്നുള്ള പരിശോധനാഫലം വന്ന് 30 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കണം. 30 ദിവസങ്ങൾ ആശുപത്രിയിൽ ആയിരിക്കുകയും, എന്നാൽ ഡിസ്ചാർജ് ചെയ്തതിനുശേഷം മരിക്കുകയും ചെയ്യുന്ന രോഗികളെക്കൂടി ഉൾപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പിന്നീട് ‘കൊവിഡ് മരണ’ത്തിന്‍റെ പരിധി വിപുലപ്പെടുത്തി . കോവിഡാണ് കാരണമെന്ന് മരണ സർട്ടിഫിക്കറ്റിൽ പറയുന്നില്ലെങ്കിൽ ഒരു ആർ.റ്റി.-പി.സി.ആർ., അല്ലെങ്കിൽ പെട്ടെന്നുള്ള ഒരു ആന്‍റിജൻ പരിശോധന, അതുമല്ലെങ്കിൽ അണുബാധ സ്ഥിരീകരിക്കുന്ന എന്തെങ്കിലും ഒരു അന്വേഷണം മതിയാവും. പക്ഷെ ഇതൊന്നും ശാന്തിയുടെ കുടുംബത്തിന് ഇല്ലായിരുന്നു.

ഒരു മരണ സർട്ടിഫിക്കറ്റോ പോസീറ്റീവായിരുന്നു എന്ന പരിശോധനാ ഫലമോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്‍റെ തെളിവോ ഇല്ലാതെ ശാന്തിയുടെ കേസ് ഒഴിവാക്കപ്പെട്ടു.

ഏപ്രിലിൽ ധല്ലിപ്പൂർ നദിക്കരികെയുള്ള ഒരു ഘാട്ടിൽ അവരുടെ ശരീരം സംസ്കരിച്ചു. "ശരീരം കത്തിക്കുന്നതിനാവശ്യമായ വിറക് ഉണ്ടായിരുന്നില്ല”, ശാന്തിയുടെ ഭർതൃപിതാവ് 70-കാരനായ ലുല്ലർ പറഞ്ഞു. "കത്തിക്കാനായി ശരീരങ്ങളുടെ നീണ്ട ഒരു നിരയുണ്ടായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ഊഴത്തിനായി [ശാന്തിയുടെ ശരീരം കത്തിക്കാൻ] കാക്കുകയും തിരിച്ചെത്തുകയും ചെയ്തു.”

Lullur, Shanti's father-in-law, pumping water at the hand pump outside their home
PHOTO • Parth M.N.

ശാന്തിയുടെ ഭർതൃപിതാവായ ലുല്ലര്‍ വീടിന് പുറത്ത് കുഴൽക്കിണറിൽ നിന്നും വെള്ളം ശേഖരിക്കുന്നു

2020 മാർച്ച് അവസാനം കോവിഡ്-19 തുടങ്ങിയതിനു ശേഷം, രണ്ടാം തരംഗത്തിന്‍റെ സമയത്താണ് മഹാമാരി അതിൻറെ ഏറ്റവും ഉയർന്ന മരണസംഖ്യ കണ്ടത്. ഒരു കണക്കനുസരിച്ച് 2020 ജൂണിനും 2021 ജൂലൈക്കുമിടയിൽ ഉണ്ടായ 3.2 ദശലക്ഷം കോവിഡ് മരണങ്ങളിൽ 2.7 ദശലക്ഷവും ഉണ്ടായത് 2021 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ്. സയന്‍സില്‍ പ്രസിദ്ധീകരിച്ച ഈ പഠനം നടത്തിയത് ഇന്ത്യ, കാനഡ, യു.എസ്. എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ഒരുസംഘം ഗവേഷകരാണ്. പഠന വിശകലനങ്ങൾ കാണിച്ചത് 2021 സെപ്റ്റംബറോടെ ഇന്ത്യയിൽ ആകെയുണ്ടായ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതിനേക്കാൾ 6-7 മടങ്ങായിമാറി എന്നാണ്.

"ഇന്ത്യയുടെ ഔദ്യോഗിക കണക്ക് ഗണ്യമായി കുറച്ചു കാട്ടുകയും ചെയ്തു” എന്നുള്ള നിഗമനത്തിലും ഗവേഷകരെത്തി. ഇന്ത്യാ ഗവണ്‍മെന്‍റ് ഇത് നിഷേധിക്കുന്നു .

2022 ഫെബ്രുവരി 7 വരെയുള്ള സമയത്ത് ഇന്ത്യയിലെ ഔദ്യോഗിക കോവിഡ് മരണങ്ങളുടെ എണ്ണം 504,062 (അഥവാ അര ദശലക്ഷം) ആയിരുന്നു. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും എണ്ണത്തിലെ കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും യു.പിയിൽ അത് വളരെയധികം ശ്രദ്ധേയമായിരുന്നു.

ആര്‍ട്ടിക്കിള്‍14.കോമില് (Article-14.com) വന്ന ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചതു പ്രകാരം യു.പിയിലെ 75 ജില്ലകളിൽ 24 എണ്ണത്തിലെ മരണ സംഖ്യ, ആകെ നോക്കുമ്പോൾ, ഔദ്യോഗിക കോവിഡ് മരണ നിരക്കിനേക്കാൾ 43 ഇരട്ടി കൂടുതലായിരുന്നു. 2020 ജൂലൈ ഒന്നിനും 2021 മാർച്ച് 31-നുമിടയിൽ രേഖപ്പെടുത്തപ്പെട്ട മരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ഈ റിപ്പോർട്ട്. കൂടുതലായ എല്ലാ മരണങ്ങളുടെയും കാരണം കോവിഡ്-19 അല്ലാത്തപ്പോൾ തന്നെ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: "ശരാശരി പൊതു മരണങ്ങളിലെ വലിയ വ്യത്യാസവും മഹാമാരിയുടെ ഒരു ഭാഗത്തെ അധിക മരണങ്ങളും 2021 മാർച്ച് അവസാനത്തോടെയുള്ള 4,537 എന്ന യു.പിയുടെ ഔദ്യോഗിക കോവിഡ്-19 മരണനിരക്കിനെ ചോദ്യം ചെയ്യുന്നു.” മെയ് മാസത്തിലെ കൂട്ടക്കുഴിമാടങ്ങളുടെ ചിത്രങ്ങളും ഗംഗാ നദിയിൽ പൊങ്ങി നടന്ന മൃതദേഹങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും എണ്ണപ്പെടാത്ത നിരവധി മരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

എന്നിരിക്കിലും സംസ്ഥാന സർക്കാർ നഷ്ടപരിഹാരത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചപ്പോൾ അവകാശപ്പെട്ടത് യു.പിയിലെ കോവിഡ് മരണങ്ങളുടെ എണ്ണം 22,898 ആയിരുന്നുവെന്നാണ്. പക്ഷെ ശാന്തിയെപ്പോലുള്ള ആളുകൾ കുഴപ്പത്തിലായി. അവരുടെ കുടുംബാംഗങ്ങൾക്കാണ് പണത്തിന് ഏറ്റവും കൂടുതൽ ആവശ്യം.

Shailesh Chaube (left) and his mother Asha. His father Shivpratap died of Covid-19 last April, and the cause of death was determined from his CT scans
PHOTO • Parth M.N.
Shailesh Chaube (left) and his mother Asha. His father Shivpratap died of Covid-19 last April, and the cause of death was determined from his CT scans
PHOTO • Parth M.N.

ശൈലേഷ് ചൗ ബെയും (ഇടത് ) അദ്ദേഹത്തിന്‍റെ അമ്മ ആശയും . കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്‍റെ അച്ഛൻ ശിവപ്രതാപ് കോവിഡ് -19 മൂലം മരിച്ചത്. അദ്ദേഹത്തിന്‍റെ സി.റ്റി . സ്കാൻ റിപ്പോർട്ടിൽ നിന്നാണ് മരണകാരണം നിർണ്ണ യിച്ചത്

യു.പിയുടെ വിവര വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായ നവ്നീത് സെഹ്ഗാൾ പാരി (PARI) യോട് പറഞ്ഞത് മതിയായ രേഖകളില്ലാതെ ഒരു കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ്. "സാധാരണ രീതിയിലും ആളുകൾ മരിക്കുന്നു”, അദ്ദേഹം പറഞ്ഞു. അതുകൊണ്ട് "കോവിഡ് ഉണ്ടായിരുന്നോ, ഇല്ലായിരുന്നോ എന്ന ധാരണയില്ലാതെ” കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. പരിശോധന "ഗ്രാമപ്രദേശങ്ങളിലും നടക്കുന്നുണ്ടായിരുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരിക്കലും കാര്യങ്ങൾ അങ്ങനെ അല്ലായിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് യു.പിയിലെ ഗ്രാമീണ ഉൾനാടുകളിലെ പരിശോധനകളിൽ വരുന്ന കാലതാമസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരിശോധന ക്രമേണ കുറഞ്ഞതിനാല്‍ 2021 മെയ് മാസത്തിൽ അലഹാബാദ് ഹൈക്കോടതി അസന്തുഷ്ടി പ്രകടിപ്പിക്കുകയും രണ്ടാം തരംഗം കൃത്യമായി കൈകാര്യം ചെയ്യാതിരുന്നതിനാൽ സംസഥാന സർക്കാരിനെ ശകാരിക്കുകയും ചെയ്തു. പരിശോധിക്കുന്നതിന്‍റെ എണ്ണം കുറഞ്ഞതാണ് പരിശോധനകളുടെ എണ്ണക്കുറവിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഭരണകൂടത്തില്‍ നിന്നും ഉത്തരവ് ലഭിച്ചതിന്‍റെ സൂചനകള്‍ പാത്തോളജി ലാബുകള്‍ നല്‍കുന്നുണ്ട്.

നഗരപ്രദേശങ്ങളിൽ പോലും പരിശോധനാ സൗകര്യങ്ങൾ പ്രാപ്യമാകുന്നതിൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. 2021 ഏപ്രിൽ 15-ന് വാരാണസി നഗരത്തിൽ നിന്നുള്ള ശിവ്പ്രതാപ് ചൗബെ എന്ന 63-കാരൻ കോവിഡ്-19 ലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായി. അദ്ദേഹത്തിൻറെ രക്തസാമ്പിളുകൾ വീണ്ടും സ്വീകരിക്കേണ്ടതുണ്ട് എന്നു പറഞ്ഞുകൊണ്ട് 11 ദിവസങ്ങൾക്ക് ശേഷമാണ് ലാബ് പ്രതികരിച്ചത്.

പക്ഷെ അവിടൊരു പ്രശ്നം ഉണ്ടായിരുന്നു: ശിവപ്രതാപ് മരിച്ചു. ഏപ്രിൽ 9-നാണ് അദ്ദേഹം മരിച്ചത്.

അസുഖബാധിതനായപ്പോൾ ശിവ്പ്രതാപിന്നെ ഒരു കിലോമീറ്റർ അകലെയുള്ള പൊതു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. "അവിടെ കിടക്കകൾ ഇല്ലായിരുന്നു”, അദ്ദേഹത്തിന്‍റെ 32 കാരനായ മകൻ ശൈലേഷ് ചൗബെ പറഞ്ഞു. "ഒരു കിടക്ക ലഭിക്കാനായി ഞങ്ങൾ 9 മണിക്കൂർ കാത്തിരുന്നു. പക്ഷെ ഞങ്ങൾക്ക് പെട്ടെന്നുതന്നെ ഒരു ഓക്സിജൻ കിടക്ക വേണമായിരുന്നു.”

അവസാനം കുറച്ചു ഫോൺ വിളികൾക്ക് ശേഷം വാരാണസിയിൽ നിന്നും ഏകദേശം 24 കിലോമീറ്ററുകൾ അകലെ ബബത്പൂർ ഗ്രാമത്തിലെ (പിണ്ഡ്ര ബ്ലോക്ക്) ഒരു സ്വകാര്യ ആശുപത്രിയിൽ ശൈലേഷ് ഒരു കിടക്ക തരപ്പെടുത്തി. "പക്ഷെ രണ്ടു ദിവസങ്ങൾക്ക് ശേഷം അവിടെ വച്ച് അദ്ദേഹം [ശിവ്പ്രതാപ്] മരിച്ചു”, ശൈലേഷ് പറഞ്ഞു.

ശിവ്പ്രതാപിന്‍റെ സി.റ്റി. സ്കാനുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്‍റെ മരണകാരണമായി ആശുപത്രിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് പ്രസ്താവിച്ചിരിക്കുന്നത് കോവിഡ്-19 ആണ്. സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ ഇത് കുടുംബത്തെ പ്രാപ്തമാക്കും. 2021 ഡിസംബർ അവസാന ആഴ്ചയാണ് ശൈലേഷ് അപേക്ഷ സമർപ്പിച്ചത്. പിതാവിൻറെ ചികിത്സയ്ക്കായി കടം വാങ്ങിയ പണം തിരികെ നൽകാൻ ഈ തുക അദ്ദേഹത്തിന് സഹായകരമാണ്. "25,000 രൂപ മുടക്കി കരിഞ്ചന്തയിൽ നിന്നും ഞങ്ങൾക്ക് റെംഡെസിവിർ (remdesivir) ഇഞ്ചക്ഷൻ വാങ്ങേണ്ടി വന്നു”, ഒരു ബാങ്കിൽ അസിസ്റ്റൻറ് മാനേജരായി ജോലി ചെയ്യുന്ന ശൈലേഷ് പറഞ്ഞു. "കൂടാതെ, പരിശോധനകൾ, ആശുപത്രി കിടക്ക, മരുന്നുകൾ അങ്ങനെ എല്ലാത്തിനുമായി ഏതാണ്ട് 70,000 രൂപ ചിലവായി. ഞങ്ങൾ ഒരു താഴ്ന്ന മദ്ധ്യവർഗ്ഗ കുടുംബത്തിൽ നിന്നാണ് വരുന്നത്. അതിനാൽ 50,000 രൂപ എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗണ്യമായ ഒരു തുകയാണ്.”

Left: Lullur says his son gets  work only once a week these days.
PHOTO • Parth M.N.
Right: It would cost them to get Shanti's death certificate, explains Kalavati
PHOTO • Parth M.N.

ഇടത്: ഈ ദിവസങ്ങളിൽ ആഴ്ചയിൽ ഒരു ദിവസമേ മകന് പണി ലഭിക്കുന്നുള്ളൂ എന്ന് ലുല്ലർ പറഞ്ഞു . വലത്: ശാന്തിയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തങ്ങൾക്ക് ചിലവ് വഹിക്കേണ്ടി വരുമെന്ന് കലാവതി പറയുന്നു

മുസഹർ സമുദായത്തിൽ പെടുന്ന ശാന്തിയുടെ കുടുംബത്തിന് ഈ തുക ആവശ്യത്തിനും അപ്പുറത്താണ്. ദരിദ്രരും പാർശ്വവത്കൃതരുമായ മുസഹറുകൾ ഉത്തർപ്രദേശിലെ പട്ടികജാതിക്കാരാണ്. അവർക്ക് ഭൂമിയില്ല. വരുമാനത്തിനായി കൂലിപ്പണി ചെയ്യുന്നു.

ശാന്തിയുടെ ഭർത്താവ് 50-കാരനായ മുനീർ നിർമ്മാണ മേഖലകളിൽ ദിവസേന 300 രൂപയ്ക്ക് പണിയെടുക്കുന്ന ഒരു തൊഴിലാളിയാണ്. 50,000 രൂപയുണ്ടാക്കണമെന്നുണ്ടെങ്കിൽ അദ്ദേഹത്തിന് 166 ദിവസങ്ങൾ (അഥവാ 23 ആഴ്ചകൾ) കഷ്ടപ്പെടണം. മഹാമാരിയുടെ സമയത്ത് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് മുനീറിന് പണി കിട്ടുന്നതെന്ന് അദ്ദേഹത്തിൻറെ പിതാവ് ലുല്ലർ പറഞ്ഞു. ഈ നിരക്കിലാണെങ്കിൽ അത്രയും തുക ഉണ്ടാക്കാൻ അദ്ദേഹത്തിന് മൂന്നു വർഷത്തിലധികം വേണം.

ഒരു വർഷത്തിൽ 100 പണി ഉറപ്പാക്കേണ്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (Mahatma Gandhi National Rural Employment Guarantee Act - MGNREGA) കീഴിൽ മുനീറിനെ പോലെയുള്ള തൊഴിലാളികൾക്ക് മതിയായ തൊഴിൽ ദിനങ്ങൾ ലഭിക്കുന്നില്ല. ഫെബ്രുവരി 9 വരെയുള്ള കണക്കനുസരിച്ച്, ഇപ്പോഴത്തെ സാമ്പത്തിക വർഷത്തിൽ (2021-22) യു.പിയിലെ ഏതാണ്ട് 87.5 ലക്ഷം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ കീഴിൽ ജോലി ലഭിച്ചിട്ടുണ്ട്. 75.4 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതുവരെ ജോലി നൽകിയിട്ടുണ്ട്. പക്ഷെ വെറും 384,153 കുടുംബങ്ങളേ (5 ശതമാനം) 100 ദിനങ്ങൾ പൂർത്തിയാക്കിയിട്ടുള്ളൂ.

കൃത്യമായും തുടർച്ചയായും പണി ലഭ്യമല്ലെന്ന് മംഗല രാജ്ഭർ എന്ന 42-കാരിയായ മനുഷ്യാവകാശ പ്രവർത്തക പറഞ്ഞു. വാരാണസി അധിഷ്ടിതമായി പ്രവർത്തിക്കുന്ന  പീപ്പിൾസ് വിജിലൻസ് കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയുടെ പ്രവർത്തകയാണവർ. "ജോലിക്ക് തുടർച്ചയുമില്ല, താൽക്കാലികവുമാണ്. കുറച്ചു വീതം പണിയെടുക്കാനായി തൊഴിലാളികൾ നിർബന്ധിക്കപ്പെടുന്നു.” ഈ പദ്ധതിയുടെ കീഴിൽ സ്ഥായിയായ തൊഴിൽ നൽകാൻ സംസ്ഥാനത്തിന് പദ്ധതിയില്ലെന്നും രാജ്ഭർ കൂട്ടിച്ചേർത്തു.

എല്ലാ ദിവസവും രാവിലെ ശാന്തിയും, മുനീറിന്‍റെ 4 ആണ്മക്കളും (എല്ലാവരുടെയും പ്രായം ഇരുപതുകളിൽ) ജോലിയന്വേഷിച്ച് പോകുമായിരുന്നു. പക്ഷെ അവർ മിക്കപ്പോഴും വെറുംകൈയോടെയാണ് മടങ്ങി വന്നിരുന്നതെന്ന് കലാവതി പറഞ്ഞു. "ആർക്കും ഒരു പണിയും ലഭിക്കുന്നില്ല”, അവർ പറഞ്ഞു. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതു മുതൽ കുറച്ചധികം സമയങ്ങളിൽ കുടുംബത്തിന് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. "സർക്കാരിൽ നിന്നും ലഭിച്ച സൗജന്യറേഷൻ ഉപയോഗിച്ചാണ് ഞങ്ങൾ കഴിഞ്ഞു കൂടിയത്”, കലാവതി പറഞ്ഞു. "പക്ഷെ അതൊരു മാസത്തേക്ക് മുഴുവൻ തികയില്ല.”

“ശാന്തിയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഞങ്ങൾക്ക് 200 അല്ലെങ്കിൽ 300 രൂപ ചിലവാകുമായിരുന്നു. ഞങ്ങളുടെ അവസ്ഥ വിവരിക്കാൻ നിരവധിയാളുകളെ കാണേണ്ടിയും വരുമായിരുന്നു. ആളുകൾ ഞങ്ങളോട് നന്നായി സംസാരിക്കുന്നു പോലുമില്ല”, ബുദ്ധിമുട്ടുകൾ വിശദീകരിച്ചുകൊണ്ട് കലാവതി പറഞ്ഞു. "പക്ഷെ നഷ്ടപരിഹാരം ഞങ്ങൾക്ക് സത്യമായും ഉപയോഗിക്കാമായിരുന്നു”, അവർ കൂട്ടിച്ചേർത്തു.

താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ പാര്‍ത്ഥ് എം. എന്‍. പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Parth M.N.

২০১৭ সালের পারি ফেলো পার্থ এম. এন. বর্তমানে স্বতন্ত্র সাংবাদিক হিসেবে ভারতের বিভিন্ন অনলাইন সংবাদ পোর্টালের জন্য প্রতিবেদন লেখেন। ক্রিকেট এবং ভ্রমণ - এই দুটো তাঁর খুব পছন্দের বিষয়।

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.