"കൊണ്ട്ര സമ്മയ്യ... സാമ്പത്തിക ബാദ്ധ്യതയുമായി ബന്ധപ്പെട്ട മാനസിക വിഷമം മൂലം കീടനാശിനി കഴിച്ചു…” എഫ്.ഐ.ആർ. പറഞ്ഞു.

2017 സെപ്തംബർ 17-ന് തരിഗോപുല്ല പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. (പ്രഥമവിവര റിപ്പോർട്ട്) ഫയൽ ചെയ്തു. സമ്മയ്യയും ഭാര്യ കൊണ്ട്ര സാഗരികയും ബി.റ്റി. പരുത്തി കൃഷി ചെയ്തിരുന്ന നരസാപൂർ ഗ്രാമത്തിൽനിന്നും 3 കിലോമീറ്റർ അകലെയായിരുന്നു പ്രസ്തുത പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്നത്.

വ്യത്യസ്ത പലിശ നിരക്കിൽ, പ്രധാനമായും ബന്ധുക്കളിൽ നിന്നും, വാങ്ങിയ വായ്പ 5 ലക്ഷം രൂപയോളം വരുന്ന കടബാദ്ധ്യതയായി മാറി. "ഓരോ സീസണും തുടങ്ങുന്നതിനു മുമ്പ് കർഷകർ അകപ്പെടുന്ന വായ്പ വാങ്ങൽ പ്രക്രിയയാണ് കടബാദ്ധ്യതയ്ക്ക് കാരണം”, സാഗരിക പറഞ്ഞു. വരൾച്ച അവരുടെ നഷ്ടം വർദ്ധിപ്പിച്ചു.

സ്വന്തം കൃഷിഭൂമിയിൽ കൃഷി തുടങ്ങുന്നതിന് മുമ്പ് ആ ദമ്പതികൾ പരുത്തി പാടങ്ങളിൽ കർഷകത്തൊഴിലാളികളായി പണിയെടുത്തിരുന്നു. 2011-ൽ വിവാഹിതരായതിനുശേഷം കുറച്ചുനാൾ അവർ ഹൈദരാബാദിൽ താമസിച്ചിരുന്നു. സമ്മയ്യ അവിടെ ഡ്രൈവറായിരുന്നു. സമ്മയ്യയുടെ അച്ഛന്‍റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയതിനു ശേഷം 2013-ൽ എപ്പോഴോ ആണ് തെലങ്കാനയിലെ ജനഗാം ജില്ലയിലെ നരസാപൂരിലേക്ക് അവർ മടങ്ങിയെത്തിയത്.

2017 സെപ്തംബറിൽ ആത്മഹത്യ ചെയ്യുന്ന സമയത്ത് സമ്മയ്യയ്ക്ക് 29 വയസ്സായിരുന്നു പ്രായം. സാഗരികയ്ക് വെറും 23-ഉം. കുട്ടികളായ സ്നേഹിതയ്ക്കും സാത്വികിനും 5-ഉം 3-ഉം വയസ്സുകൾ വീതവും. "എന്‍റെ ഭർത്താവിനൊപ്പം ചിലവിട്ട നിമിഷങ്ങൾ കുട്ടികൾ ഏതാണ്ടെല്ലാ ദിവസവും ഓർമ്മിക്കുന്നു”, അവർ പറഞ്ഞു. "ഭർത്താവ് മരിച്ച ആദ്യത്തെ വർഷം വളരെ ബുദ്ധിമുട്ടായിരുന്നു. എന്‍റെ ബന്ധുക്കൾ എന്നെ കൂട്ടായ്മകൾക്കൊന്നും വിളിച്ചിരുന്നില്ല. ഇപ്പോൾ അവർ എന്‍റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി എന്നെ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്...”

Kondra Sammaiah was 29 years old in September 2017, Sagarika was 23. Their children, Snehitta and Satvik, were 5 and 3
PHOTO • Raju Ooru Govardhangiri
Kondra Sammaiah was 29 years old in September 2017, Sagarika was 23. Their children, Snehitta and Satvik, were 5 and 3
PHOTO • Kondra Sagarika

2017 സെപ്തംബറിൽ കൊണ്ട്ര സമ്മയ്യക്ക് 29 വയസ്സായിരുന്നു പ്രായം . സാഗരികയ്ക്ക് 23-ഉം മക്കളായ സ്നേഹിതയ്ക്കും സാത്വികിനും 5-ഉം 3-ഉം വീതവും

ഭർത്താവ് മരിച്ച് കുറച്ചു മാസങ്ങൾക്ക് ശേഷം 2018 ഫെബ്രുവരിയിൽ സാഗരികയ്ക്ക് അവരുടെ ഭൂമിയിൽനിന്നും കൊയ്തെടുത്ത ഏകദേശം 7 ക്വിന്‍റൽ പരുത്തി വിൽക്കാൻ സാധിച്ചു. ചിലവുകൾക്ക് ശേഷം കഷ്ടിച്ച് 12,000 രൂപയാണ് അവർക്ക് ലഭിച്ചത്. ആ പണം അവർ അത്യാവശ്യ ചിലവുകൾക്ക് ഉപയോഗിച്ചു. 2018-ലെ അടുത്ത കൃഷി കാലയളവിൽ അവർ വീണ്ടും പരുത്തി കൃഷി ചെയ്യാൻ ശ്രമിച്ചു. പക്ഷെ, അതിനുശേഷം വരവ് കുറവായതുകൊണ്ട് അവസാനിപ്പിച്ചു. ആ ഭൂമി ഇപ്പോൾ തരിശായി കിടക്കുകയാണെന്നും അടുത്ത കൃഷി ഇറക്കുന്നതിന് മുമ്പായി അത് നന്നായി നിരപ്പാക്കിയെടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. പാട്ടത്തിനെടുത്ത ഭൂമിയിലെ കുടികിടപ്പ് പുതുക്കിയിട്ടില്ല.

ഭർത്താവ് മരിച്ച് കുറച്ച് ആഴ്ചകൾക്ക് ശേഷം തന്‍റെ പേരിലേക്ക് ഭൂമിയുടെ പ്രമാണം മാറ്റുന്നതിനായി അവർ തരിഗോപുല്ലയിലെ മണ്ഡൽ റവന്യു ഓഫീസിലേക്ക് (ആർ.എം.ഓ.) പോയി. അവരുടെ ഭർതൃമാതാവും ഭർതൃസഹോദരിയും അതിനെ ശക്തിയുക്തം എതിർത്തു. പക്ഷെ 2020 ജൂലൈയിൽ ഒരേക്കറിന് ഉടമസ്ഥാവകാശം നേടാൻ അവർക്ക് കഴിഞ്ഞു (മകനെ നോമിനിയാക്കിക്കൊണ്ട്).

ഭർത്താവിന്‍റെ കുടുംബത്തിന്‍റേതായിരുന്ന വീട്ടിൽ മക്കളോടൊപ്പം അവർ താമസം തുടർന്നു. സാഗരികയോട് വാടക ആവശ്യപ്പെട്ടില്ല, പക്ഷെ അവരുടെ വരുമാനം ഉപയോഗിച്ചാണ് പ്രതിമാസ ചിലവുകളെല്ലാം നിർവ്വഹിച്ചിരുന്നത്. അവരുടെ ഭർതൃപിതാവ് കൊണ്ട്ര യെല്ലയ്യ 2014-ൽ മരണമടഞ്ഞു. ഭർതൃമാതാവ് കൊണ്ട്ര അഞ്ജമ്മ ഹൈദരാബാദിൽ താമസിച്ച് വീട്ടുജോലി ചെയ്യാൻ തുടങ്ങി.

Sagarika works as an agricultural labourer, and at MGNREGA sites when work is available
PHOTO • Jodumuntala Shreeja

സാഗരിക കർഷക തൊഴിലാളിയായി പണിയെടുക്കുന്നു . ലഭ്യമാകുന്ന മുറയ്ക്ക് ം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിലുള്ള തൊഴിലുകളും ചെയ്യുന്നുണ്ട്

അമ്മാവന്മാർ എന്ന് അവർ അഭിസംബോധന ചെയ്യുന്ന അവരുടെ ഭർതൃപിതാവിന്‍റെ സഹോദരന്മാർ മറ്റൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്. സാഗരികയ്ക്കും സമ്മയ്യക്കും നരസാപൂരിൽ അവർ 5 ഏക്കര്‍ സ്ഥലം പാട്ടത്തിനു നൽകിയിരുന്നു. പ്രസ്തുത സ്ഥലത്ത് കൃഷി ചെയ്യാൻ അവർതന്നെ അടുത്ത സമയത്ത് ആരംഭിച്ചു. സാഗരിക ജീവിച്ചിരുന്ന വീട് വിടാൻ ഈ വർഷം ഒക്ടോബറിൽ അവർ ആവശ്യപ്പെട്ടു. "ഇപ്പോൾ അവർ ഇവിടെ [നരസാപൂരിൽ] കൃഷി ചെയ്യാൻ ആരംഭിച്ചു”, സാഗരിക പറഞ്ഞു. “ദീപാവലിയോടെ ഒഴിയണമെന്നാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. പക്ഷെ, ഒരു സ്ഥലവും കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഗ്രാമങ്ങളിൽ വാടകയ്ക്ക് സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.”

സാഗരികയുടെ മാതാപിതാക്കൾ നരസാപൂരിലാണ് ജീവിക്കുന്നത്. അവരുടെ അമ്മ 45-കാരിയായ ശതർല കനക ലക്ഷ്മി ഒരു ആശാ (ASHA - Accredited Social Health Activist) പ്രവർത്തകയാണ്. അച്ഛൻ 60-കാരനായ ശതർല എല്ലയ്യ ദിവസ വേതനത്തിന് നരസാപൂരിൽ ചെയ്തുകൊണ്ടിരുന്ന കയറ്റിറക്ക് തൊഴിൽ, അനാരോഗ്യം മൂലം, വർഷങ്ങൾക്കു മുൻപ് അവസാനിപ്പിച്ചിരുന്നു.

സമ്മയ്യ ആത്മഹത്യ ചെയ്തതുമുതൽ സാഗരിക എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിലുള്ള തൊഴിലുകൾ (അവ ലഭ്യമാകുന്ന മുറയ്ക്ക്) ചെയ്തും കർഷക തൊഴിലാളിയായി പണിയെടുത്തും എല്ലാ ചിലവുകളും നോക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. "എന്‍റെ ഭർത്താവ് ജീവിച്ചിരുന്ന സമയത്തും ഞാൻ ജോലി ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ, അന്ന് പുറത്തുപോയി ജോലി ചെയ്ത് കുട്ടികളെ വളർത്തേണ്ട കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു”, അവർ പറഞ്ഞു. "ആശ്രയിക്കാനാരുമില്ലെന്ന് ഇപ്പോൾ എനിക്കറിയാം. ആ ഒരു തിരിച്ചറിവ് ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു”, മാല ജാതിയിൽപ്പെട്ട ഒരു ദളിത് സ്ത്രീയാണവർ. സമ്മയ്യയും ദളിതനായിരുന്നു.

കഴിഞ്ഞവർഷം മാർച്ചിന് ശേഷം പാടത്ത് പണിയെടുക്കുന്നത് അനാരോഗ്യംമൂലം അവർ നിർത്തിയിരുന്നു. എന്നാൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ചില എം.ജി.എൻ.ആർ.ഇ.ജി.എ. തൊഴിലുകൾ ചെയ്തിരുന്നു. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും വീണ്ടും അവർ പാടത്ത് പണിയെടുക്കാൻ ആരംഭിച്ചു. മാർച്ചിലെ ലോക്ക്ഡൗണിന് ശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ഏകദേശം 30 ദിവസത്തെ എം.ജി.എൻ.ആർ.ഇ.ജി.എ. തൊഴിലുകൾ അവർക്ക് ലഭിച്ചു. പക്ഷേ 1,500 രൂപ മാത്രമാണ് കൂലിയായി ലഭിച്ചത്. ഈ വർഷം ഓഗസ്റ്റ് മുതൽ മാത്രമാണ് അവർ കൂടുതൽ സ്ഥിരതയോടെ ജോലി ചെയ്യാൻ ആരംഭിച്ചത്.

"ആരോഗ്യം നന്നല്ല, അതുകൊണ്ടാണ്”, അവർ പറഞ്ഞു. "ദിവസം മുഴുവൻ കുനിഞ്ഞു നിന്നാണ് ജോലി ചെയ്യേണ്ടത്. അങ്ങനെ ചെയ്യരുത് എന്ന് ഡോക്ടർമാർ പറഞ്ഞു. അതുകൊണ്ട് ഞാൻ നിർത്തി.” 2014 ഏപ്രിലിൽ സാത്വികിനെ പ്രസവിക്കുന്നതിനായി വാറംഗൽ നഗരത്തിലെ ഒരു നഴ്സിംഗ് ഹോമിൽ വച്ച് സാഗരികയ്ക്ക് ഒരു സിസേറിയൻ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിച്ചേർത്ത ഭാഗത്ത് രക്തം കട്ട പിടിക്കുന്ന പ്രശ്നമുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ ആറു മാസത്തിലധികമായി സാഗരിക തുടർച്ചയായ പനിയും തളർച്ചയും മൂലം ബുദ്ധിമുട്ടുകയാണ്. അതോടൊപ്പം രക്തം കട്ടപിടിക്കുന്നത് മൂലമുണ്ടാകുന്ന വേദനയും ഉണ്ടായിരുന്നു. അത് പല ദിവസങ്ങൾ അവരെ കിടക്കയിലുമാക്കി. താൻ സന്ദർശിച്ച ജനഗാം പട്ടണത്തിലെ ഡോക്ടർക്ക് എന്തുകൊണ്ട് ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല എന്ന് അവർക്കറിയില്ല. നരസാപൂരിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ജനഗാം പട്ടണം.

ഇപ്പോഴും അവർക്ക് എല്ലാ വീട്ടുജോലികളും ചെയ്യേണ്ടതുണ്ട്. ജോലി ചെയ്തു തുടങ്ങാനായി അവർ രാവിലെ 5 മണിക്ക് എഴുന്നേൽക്കും. പിന്നീടവർ സ്നേഹിതയെ വിളിച്ചെഴുന്നേൽപ്പിച്ച് രണ്ടുപേരും കൂടി ജോലിക്ക് പോകാൻ തയ്യാറാകും. സാത്വികിനെ സാഗരികയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പകൽ അയയ്ക്കും. എന്നിട്ട് രാവിലെ 9 മണിയോടെ രണ്ടുപേരും ജോലിക്കെത്തുകയും വയ്കുന്നേരം 6 മണിയോടെ വീട്ടിലേക്ക് തിരിക്കുകയും ചെയ്യും.

Sagarika lives with her kids Snehitta and Satvik in Narasapur village, in a house that belongs to her husband’s family
PHOTO • Courtesy: Kondra Sagarika
Sagarika lives with her kids Snehitta and Satvik in Narasapur village, in a house that belongs to her husband’s family
PHOTO • Ramulu Beeram

സാഗരിക തന്‍റെ കുട്ടികളായ സ്നേഹിതയുടെയും സാത്വികിന്‍റെയും കൂടെ നരസാപൂർ ഗ്രാമത്തിൽ ഭർത്താവിന്‍റെ കുടുബത്തിന്‍റെ വീട്ടിൽ ജീവിക്കുന്നു

സമ്മയ്യയുടെ മരണശേഷം താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചെന്ന് സാഗരിക പറഞ്ഞു. "ആളുകൾ എന്നെക്കുറിച്ച് [മോശമായ കാര്യങ്ങൾ] പറയുമ്പോൾ ഞാൻ നിരാശയാകുന്നില്ല. എന്‍റെ മക്കൾക്കുവേണ്ടി ജീവിക്കേണ്ടതുണ്ടെന്ന് എനിക്കറിയാം. ഞാൻ പണിയെടുത്ത് അവരെ വിദ്യാഭ്യാസം ചെയ്യിക്കും.”

ഭർത്താവ് എടുത്ത് വായ്പകളൊന്നും, ചെറിയ തുകകൾ പോലും, തിരിച്ചടയ്ക്കാൻ അവർക്ക് കഴിയില്ല. തന്‍റെ സഹോദരിയിൽ (അതേ ഗ്രാമത്തിൽ രണ്ടേക്കർ സ്ഥലത്ത് ഭർത്താവിനൊപ്പം അവർ കൃഷി ചെയ്യുന്നു) നിന്നും വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ 2020-ൽ. അവരോട് വാങ്ങിയ 62,000 രൂപയിൽ 50,000 രൂപ തിരിച്ചു നൽകാൻ സാധിച്ചു. (രാജ്യത്തെ കടബാദ്ധ്യതയുള്ള കാർഷിക കുടുംബങ്ങളുടെ തെലങ്കാനയിലെ 89.1 ശതമാനം ദേശീയ തലത്തിലെ 51.9 ശതമാനത്തേക്കാൾ വളരെ കൂടുതലാണെന്ന് എൻ.എസ്.എസ്. 70-ാം റൗണ്ട് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.)

സാഗരികയ്ക്ക് പ്രതിമാസം 2,000 രൂപ വിധവ പെൻഷൻ ലഭിക്കുന്നുണ്ട്. കൂടാതെ, ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഉപദേശക കൂട്ടായ്മയായ ഋതു സ്വരാജ്യ വേദിക വല്ലപ്പോഴും 2,000 രൂപ വീതം നൽകാറുണ്ട്. സർക്കാർ പദ്ധതികൾക്കായുള്ള ഫാറങ്ങൾ പൂരിപ്പിക്കാൻ ആളുകളെ സഹായിക്കുക, തെളിയിക്കൽ പ്രക്രിയകൾക്കായി അവരോടൊപ്പം പോലീസ് സ്റ്റേഷനിൽ പോവുക എന്നിവ പോലുള്ള ജോലികൾ ചെയ്യുന്നതിനുള്ള പ്രതിഫലമാണത്.

മരണമടഞ്ഞ കർഷകരുടെ കുടുംബാംഗങ്ങൾക്ക് തെലങ്കാന സർക്കാർ നൽകുന്ന നഷ്ടപരിഹാരമായ 6 ലക്ഷം രൂപ അവർക്ക് ലഭിച്ചിട്ടില്ല.

"തുടക്കത്തിൽ അവർ പറഞ്ഞു എനിക്ക് സഹായധനം ലഭിക്കുമെന്ന്. വീണ്ടും വീണ്ടും സന്ദർശിക്കാൻ അവർ എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. അവസാനം അവർ പറഞ്ഞു [2018 ഡിസംബറിൽ] എന്‍റെ ഭർത്താവിന് ഗ്രാമത്തിലെ ഏതോ ഒരാളുമായി കലഹം ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിലൂടെ അവർ കണ്ടെത്തിയെന്ന്. അങ്ങനെ എന്‍റെ ഫയൽ അടച്ചു”, സാഗരിക ഓർമ്മിച്ചു.

'We eat only rice and pickles now,' says Sagarika, as prices have increased after the lockdown
PHOTO • Ramulu Beeram

ലോക്ക് ഡൗ ണിനു ശേഷം വില വർദ്ധിച്ചതിനാൽ , ‘ഞങ്ങൾ ചോറും അച്ചാറും മാത്രമാണ് ഇപ്പോൾ കഴിക്കുന്നത്’, സാഗരിക പറയുന്നു

പക്ഷെ എഫ്.ഐ.ആർ. ഒരു കലഹത്തെക്കുറിച്ചും പറയുന്നില്ല. ഒരു കലഹവുമില്ലെന്ന് സാഗരിക ഉറപ്പിച്ചു പറയുന്നു. ആത്മഹത്യ നടന്നതിനുശേഷം കേസിന്‍റെ ‘യോഗ്യത’യെക്കുറിച്ച് അന്വേഷിക്കാൻ  ഒരുദ്യോഗസ്ഥനും വീട് സന്ദർശിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. എന്തുകൊണ്ട് തന്‍റെ കേസ് മടക്കി എന്നതിനെക്കുറിച്ച് അവർ എം.ആർ.ഓ.യുടെ അടുത്ത് പോയ ഓരോ സമയത്തും ഓരോ കാരണങ്ങളാണ് അധികൃതർ പറഞ്ഞത്.

എന്തുകൊണ്ടാണ് തന്‍റെ കേസ് മടക്കിയതെന്നറിയാൻ അവർ അപ്പോഴും ശ്രമിക്കുന്നുണ്ടായിരുന്നു. തനിക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്‍റെ അവസ്ഥ മനസ്സിലാക്കാൻ 2019 നവംബറിൽ അവർ ആർ.റ്റി.ഐ. ( വിവരാവകാശ൦ ) അപേക്ഷ സമർപ്പിച്ചു. ഇക്കാര്യത്തിൽ അവരെ സഹായിച്ചത് ഋതു സ്വരാജ്യ വേദികയാണ്. 2020 ഫെബ്രുവരിയിൽ ജനഗാം പട്ടണത്തിലെ റെവന്യു ജില്ല ഓഫീസിലേക്ക് അവരുടെ അപേക്ഷ അയച്ചു. അവിടുന്ന് അവർ അതേപ്പറ്റി ഒന്നും കേട്ടിട്ടില്ല.

മാർച്ച് 25-ന് ദേശീയ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സ്ക്കൂളുകൾ അടച്ചതിനാൽ മക്കളുടെ കാര്യത്തിൽ അവർ കൂടുതൽ താത്പര്യം കാണിക്കുന്നു. ജനഗാം ജില്ലയിലെ സ്വകാര്യ ബോർഡിംഗ് സ്ക്കൂളിൽ നിന്നും സ്നേഹിതയെ വീട്ടിലേക്കയച്ചു. ഗ്രാമത്തിലെ സർക്കാർ സ്ക്കൂളിൽ പഠിക്കുന്ന സാത്വിക് ലോക്ക്ഡൗൺ മുതൽ വീട്ടിലാണ്. "കുട്ടികളെപ്പോഴും കളിച്ചുകൊണ്ട് വീടിന് പുറത്താണ്. അവരുടെ അച്ചടക്കം ഇല്ലാതാകുന്നു”, 10-ാം ക്ലാസ്സ് വരെ പഠിച്ച സാഗരിക പറഞ്ഞു.

“[ലോക്ക്ഡൗണോട് കൂടി] ഏതാണ്ടെല്ലാ സാധനങ്ങളുടെയും വില വർദ്ധിച്ചു. പാൽ പാക്കറ്റിന് നേരത്തെ 10 രൂപയായിരുന്നു, ഇപ്പോഴത് 12 ആയി. പച്ചക്കറികൾ വാങ്ങുക ബുദ്ധിമുട്ടായി തീർന്നു. ഞങ്ങളിപ്പോൾ ചോറും അച്ചാറും മാത്രമാണ് കഴിക്കുന്നത്. വയ്കുന്നേരം കുട്ടികൾ ചോദിച്ചാൽ ഭക്ഷണം നൽകും. ‘എനിക്ക് വിശക്കുന്നു’ എന്ന് അവർ പറയുകയാണെങ്കിൽ മാത്രം. അല്ലെങ്കിൽ ഞങ്ങൾ കിടന്നുറങ്ങും.”

2020 ജൂണിനും ഡിസംബറിനുമിടയിൽ ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത് .

ലേഖനം തയ്യാറാക്കുന്നതിന് നൽകിയ സഹായങ്ങൾക്ക് ഋതു സ്വരാജ്യ വേദികയിൽ പ്രവർത്തിക്കുന്ന ഹൈദരാബാദിൽ നിന്നുള്ള പ്രിയങ്ക ബൊല്ല വരത്തോടും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ വിനീത് റെഡ്ഡിയോടും റിപ്പോർട്ടർ നന്ദി അറിയിക്കുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Riya Behl

মাল্টিমিডিয়া সাংবাদিক রিয়া বেহ্‌ল লিঙ্গ এবং শিক্ষা বিষয়ে লেখালিখি করেন। পিপলস্‌ আর্কাইভ অফ রুরাল ইন্ডিয়ার (পারি) পূর্বতন বরিষ্ঠ সহকারী সম্পাদক রিয়া শিক্ষার্থী এবং শিক্ষাকর্মীদের সঙ্গে কাজের মাধ্যমে পঠনপাঠনে পারির অন্তর্ভুক্তির জন্যও কাজ করেছেন।

Other stories by Riya Behl
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.