മലേറിയയുടെ ദ്രുത പരിശോധന കിറ്റിനായി അവർ ബാഗിൽ പരതി. മരുന്നുകൾ, സലൈൻ കുപ്പികൾ, അയൺ ഗുളികകൾ, കുത്തിവയ്പ്പിനുള്ള സാമഗ്രികൾ, രക്തസമർദ്ദം പരിശോധിക്കാനുള്ള മെഷീൻ, അങ്ങനെ പലതും കൊണ്ട് ബാഗ് നിറഞ്ഞിരുന്നു. ആർക്കുവേണ്ടിയാണോ കുടുംബം അവരുടെയടുത്ത് എത്താനായി ശ്രമിച്ചു കൊണ്ടിരുന്നത് ആ സ്ത്രീ കിടക്കയിൽ ക്ഷീണിതയായി കിടക്കുന്നു. അവരുടെ ഊഷ്മാവ് വർദ്ധിക്കുന്നുണ്ട്. പരിശോധനാ ഫലം പോസിറ്റീവായി മാറുന്നു.

അവർ ബാഗിൽ ഒരിക്കൽ കൂടി തപ്പുന്നു. ഇത്തവണ ഇൻട്രാവെനസ് (ഐ.വി.) സൊല്യൂഷനു [intravenous (IV) solution] വേണ്ടി ആയിരുന്നു – 500 മില്ലിയുടെ ഡെക്സ്ട്രോസ് സലൈൻ (dextrose saline). അവർ സ്ത്രീയുടെ കിടക്കയിലേക്ക് ചാടിക്കയറി മേൽക്കൂരയ്ക്ക് കുറുകെയുള്ള ഒരു കഴുക്കോലിൽ പ്ലാസ്റ്റിക് കയർ കെട്ടുകയും മതിപ്പുളവാക്കുന്ന വേഗതയിൽ ഐ.വി. കുപ്പി അതിൽ കെട്ടുകയും ചെയ്തു.

പശ്ചിമി സിംഗ്ഭൂം ജില്ലയിൽപെട്ട ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ പത്തു വർഷമായി മെഡിക്കൽ സേവനങ്ങൾ നൽകുന്ന 35-കാരിയായ ജ്യോതി പ്രഭ കിസ്പോട്ട യോഗ്യതയുള്ള ഒരു ഡോക്ടറോ പരിശീലനം സിദ്ധിച്ച ഒരു നഴ്സോ അല്ല. ഒരു സർക്കാർ ആശുപത്രിയുമായും ആരോഗ്യ കേന്ദ്രവുമായും അവർക്ക് ബന്ധമില്ല. പക്ഷെ പശ്ചിമി സിംഗ്ഭൂമിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളുടെ ആദ്യത്തെ ആശ്രയവും, പലപ്പോഴും അവസാനത്തെ പ്രതീക്ഷയുമാണ് ഉറാംവ് ആദിവാസി വിഭാഗത്തിൽ പെട്ട ഈ ചെറുപ്പക്കാരിയായ സ്ത്രീ.

ഒരു പ്രാദേശിക സർവ്വേ സൂചിപ്പിക്കുന്ന പ്രകാരം ഗ്രാമീണ ഇന്ത്യയിലെ ആരോഗ്യരക്ഷ ദായകരുടെ 70 ശതമാനം വരുന്ന ആർ.എം.പിമാരിൽ ഒരാളാണ് അവർ. ആർ.എം.പി. എന്നത് ഇവിടെ, ഒരാൾ ഉദ്ദേശിക്കുന്നതുപോലെ, രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (Registered Medical Practitioner) അല്ല. മറിച്ച് റൂറൽ മെഡിക്കൽ പ്രാക്ടീഷണർ (Rural Medical Practitioner) എന്നതിന്‍റെ തെറ്റിദ്ധാരണാജനകമായ ചുരുക്കെഴുത്താണ്. പരിഹാസരൂപേണ അവർ ഛോലാ ഝാപ് (വ്യാജ) ഡോക്ടർമാർ എന്നറിയപ്പെടുന്നു. ഗ്രാമീണ ഇന്ത്യയിൽ സമാന്തര സ്വകാര്യ ആരോഗ്യരക്ഷാ സേവനങ്ങൾ നല്‍കുന്ന യോഗ്യതയില്ലാത്ത ഈ മെഡിക്കൽ പ്രാക്ടീഷണർമാർ അക്കാദമിക എഴുത്തുകളിൽ ‘വ്യാജ ഡോക്ടർമാർ’ എന്ന് പുച്ഛിക്കപ്പെടുമ്പോള്‍ ആരോഗ്യരക്ഷയെക്കുറിച്ചുള്ള സർക്കാർ നയങ്ങളിൽ അവരെക്കുറിച്ച് നിലനില്‍ക്കുന്നത് അവ്യക്തതയാണ്.

ആർ.എം.പിമാർ പലപ്പോഴും ഇന്ത്യയിലെ ഒരു അംഗീകൃത മെഡിക്കൽ കൗൺസിലുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളവരല്ല. അവരിൽ ചിലർ ഹോമിയോപതി, അല്ലെങ്കിൽ യുനാനി ഡോക്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ്. പക്ഷെ, പ്രവർത്തിക്കുന്നതും നൽകുന്നതും അലോപ്പതി മരുന്നുകളാണ്.

ബീഹാർ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നവകാശപ്പെടുന്ന കൗൺസിൽ ഓഫ് അൺഎംപ്ലോയ്ഡ് റൂറൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജ്യോതി അലോപ്പതി ചികിത്സയിൽ ആർ.എം.പി. സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. 10,000 രൂപ മുടക്കി അവർ അവിടെ 6 മാസ കാലത്തെ ഒരു കോഴ്സ് ചെയ്തിരുന്നു. പക്ഷെ, സ്ഥാപനം നിലവില്ല.

Jyoti Prabha Kispotta administering dextrose saline to a woman with malaria in Borotika village of Pashchimi Singhbhum.
PHOTO • Jacinta Kerketta
Jyoti with a certificate of Family Welfare and Health Education Training Programme, awarded to her by the Council of Unemployed Rural Medical Practitioners
PHOTO • Jacinta Kerketta

ഇടത്: പശ്ചിമി സിംഗ്ഭൂമിലെ ബോരോടിക ഗ്രാമത്തിൽ മലേറിയ ബാധിച്ച ഒരു സ്ത്രീക്ക് ജ്യോതി പ്രഭ കിസ്പോട്ട ഡെക്സ് ട്രോസ് സലൈൻ നൽകുന്നു . വലത്: കൗൺസിൽ ഓഫ് അൺഎംപ്ലോയ്ഡ് റൂറൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ്  എന്ന സ്ഥാപനം നൽകിയ സർട്ടിഫിക്കറ്റ് ഓഫ് ഫാമിലി വെൽഫെയർ ആൻഡ് ഹെൽത്ത് എജ്യൂക്കേഷൻ ട്രെയിനിംഗ് പ്രോഗ്രാം എന്ന സർട്ടിഫിക്കറ്റുമായി ജ്യോതി

*****

രോഗിയുടെ സുഹൃത്തിന് ചില നിർദ്ദേശങ്ങളോടെ മരുന്നുകൾ കൈമാറുന്നതിന് മുൻപ് ഐ.വി. കുപ്പി തീരുന്നതുവരെ ജ്യോതി കാത്തിരുന്നു. റോഡ് മോശമായതിനാൽ 20 മിനിറ്റ് നടക്കാവുന്ന ദൂരത്ത് പാർക്ക് ചെയ്തിരിക്കുന്ന അവരുടെ ബൈക്കിനടുത്തേക്ക് ഞങ്ങൾ നടന്നു.

പശ്ചിമി സിംഗ്ഭൂം ജില്ല ധാതുക്കൾ കൊണ്ട് സമ്പന്നമാണ്. പക്ഷെ പശ്ചാത്തല സൗകര്യങ്ങളുടെയും, ആശുപത്രികൾ, ശുചിത്വമുള്ള കുടിവെള്ളം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജോലി എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയുടെയും കാര്യത്തിൽ വളരെ മോശമാണ്. ഇതാണ് ജ്യോതിയുടെ സ്വന്തം പ്രദേശം – വനങ്ങളാലും പർവതങ്ങളാലും ചുറ്റപ്പെട്ട, ഭരണകൂട-മാവോയിസ്റ്റ് സംഘട്ടനങ്ങളാൽ ശ്രദ്ധിക്കപ്പെട്ട പ്രദേശം. ഇവിടെയുള്ള കുറച്ചു റോഡുകൾ നന്നായി പരിപാലിക്കപ്പെടുന്നില്ല. മൊബൈൽ അല്ലെങ്കിൽ ഇന്‍റർനെറ്റ് ബന്ധങ്ങൾ വളരെ കുറവാണ്, അല്ലെങ്കിൽ ഒട്ടും തന്നെയില്ല. പലപ്പോഴും മറ്റൊരു ഗ്രാമത്തിലേക്ക് അവർക്ക് എത്തിപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം കാൽനട മാത്രമാണ്. അടിയന്തര ഘട്ടങ്ങളിൽ അവരെ വിളിക്കുന്നതിനായി ഗ്രാമീണർ സൈക്കിളിൽ ദൂതന്മാരെ അയയ്ക്കുന്നു.

ബോരോടിക ഗ്രാമത്തിലെ ഒരു ഇടുങ്ങിയ റോഡിന് സമീപമുള്ള മൺ വീട്ടിലാണ് ജ്യോതി താമസിക്കുന്നത്. പശ്ചിമി സിംഗ്ഭൂം ജില്ലയിലെ ഗോയിൽകേര ബ്ലോക്കിലേക്കുള്ള വഴിയാണിത്. ഇത്തരത്തിൽ ലക്ഷണമൊത്ത ആദിവാസി വീടുകളുടെ മദ്ധ്യത്തിലുള്ള മുറിക്ക് ചുറ്റും ഒരു വരാന്തയുണ്ടായിരിക്കും. എല്ലാ വശങ്ങളിൽ നിന്നും മുറിയെ ചുറ്റുന്ന വിധത്തിലായിരിക്കും ഇത്. അടുക്കളയെക്കൂടി ഉൾക്കൊള്ളുന്നതിനായി വരാന്തയുടെ ഒരു ഭാഗം നവീകരിച്ചിട്ടുണ്ട്. ഗ്രാമത്തിൽ വൈദ്യുതി എല്ലായ്പ്പോഴും ഉണ്ടാകാറില്ല. വീട് മിക്കപ്പോഴും ഇരുണ്ടതായിരിക്കും.

ഈ ഗ്രാമത്തിലെ ആദിവാസി വീടുകൾക്ക് അധികം ജനാലകളില്ല. ആളുകൾ സാധാരണയായി ചെറിയ ഒരു ടോർച്ച് ഉപയോഗിക്കുന്നു, അല്ലെങ്കിൽ വീടിന്‍റെ ഒരു മൂലയിൽ പകൽ പോലും ഒരു റാന്തൽ വിളക്ക് കത്തിച്ചു വയ്ക്കും. ഭർത്താവ് 38-കാരനായ സന്ദീപ് ധൻവർ, അമ്മ 71-കാരിയായ ജുലിയാനി കിസ്പോട്ട, സഹോദര പുത്രൻ 8 വയസ്സുകാരനായ ജോൺസൺ കിസ്പോട്ട എന്നിവരോടൊത്ത് ജ്യോതി അവിടെ താമസിക്കുന്നു. ഭർത്താവും ഒരു ആർ.എം.പി. ആണ്.

ജ്യോതിയെ അന്വേഷിച്ച് ഒരു സൈക്കിൾ യാത്രികൻ വീട്ടിലേക്ക് വന്നു. ഭക്ഷണം മതിയാക്കി തിടുക്കത്തിൽ ബാഗുമെടുത്ത് അവർ പുതിയ അപേക്ഷ പരിഗണിക്കാനായി പോയി. " ഭാട് ഖായ് കെ തോ ജാതെ [ഭക്ഷണം പൂർത്തിയാക്കിയിട്ടെങ്കിലും പോകൂ]”, മകൾ പോകാനായി തയ്യാറെടുക്കുന്നത് കണ്ട് ജുലിയാനി വിളിച്ചുപറഞ്ഞു. "അവർക്ക് ഞാനിപ്പോൾ തന്നെ അവിടെ ചെല്ലണം", ജ്യോതി പറഞ്ഞു. "ഭക്ഷണം എനിക്ക് എവിടെനിന്നും കിട്ടും. രോഗിയുടെ കാര്യമാണ് പ്രധാനം.” ഒരു കാൽ വാതിലിന് പുറത്തേക്ക് വച്ചുകൊണ്ട് അവർ അമ്മയോട് പറഞ്ഞു.

Jyoti’s mud house in Borotika village in Herta panchayat
PHOTO • Jacinta Kerketta
A villager from Rangamati village has come to fetch Jyoti to attend to a patient
PHOTO • Jacinta Kerketta

ഇടത്: ജ്യോതി ഹര്‍ത്ത പഞ്ചായത്തിലെ ബോരോടിക ഗ്രാമത്തിലുള്ള തന്‍റെ മൺവീട്ടിൽ . വലത്: രോഗിയെ നോക്കാനായി ജ്യോതിയെ വിളിക്കാൻ വന്ന രംഗാമടി ഗ്രാമത്തിൽ നിന്നുള്ള ഒരാൾ

ബോരോടിക, ഹുട്തൂവ, രംഗാമടി, റോമ, കണ്ഡി, ഒസാംഗി എന്നിവയുൾപ്പെടെ ഹര്‍ത്ത പഞ്ചായത്തിലെ 16 ഗ്രാമങ്ങളിലാണ് ജ്യോതി പ്രവർത്തിക്കുന്നത്. എല്ലാം 12 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ഓരോ സ്ഥലത്തും കുറച്ചുദൂരം അവർക്ക് കാൽനടയായി സഞ്ചരിക്കണം. അതുകൂടാതെ രുന്ധികോച്ച, റൊബ്കേര എന്നിങ്ങനെ അടുത്തുള്ള മറ്റു പഞ്ചായത്തുകളിലെ സ്ത്രീകളും അവരെ വിളിക്കാറുണ്ട്.

*****

"അത് 2009-ൽ ആയിരുന്നു, ഞാൻ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു”, ബുദ്ധിമുട്ടേറിയ ഒരു സമയത്ത് എങ്ങനെയാണ് ജ്യോതി തന്നെ സഹായിച്ചതെന്ന് സംസാരിക്കുന്നതിനിടയിൽ പ്രായം മുപ്പതുകളിലുള്ള ഗ്രേസി ഇക്ക പറഞ്ഞു. ബോരോടികയിലെ തന്‍റെ വീട്ടിൽ വച്ച് അവർ ഞങ്ങളോട് സംസാരിക്കുകയായിരുന്നു. "കുഞ്ഞ് പാതിരാത്രിക്കാണ് ജനിച്ചത്. അമ്മാവിയമ്മയല്ലാതെ എന്നോടൊപ്പം അപ്പോഴുണ്ടായിരുന്ന ഒരേയൊരു സ്ത്രീ ജ്യോതിയായിരുന്നു. പ്രസവത്തിനുശേഷം എനിക്ക് കടുത്ത അതിസാരം പിടിപെട്ടു. കടുത്ത ഷീണവുമുണ്ടായിരുന്നു. എന്‍റെ ബോധം പോയിരുന്നു. ആ സമയത്തെല്ലാം എന്നെ നോക്കിയത് ജ്യോതിയായിരുന്നു.”

അക്കാലത്ത് ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഗതാഗതമോ മികച്ച റോഡ്  സൗകര്യങ്ങളോ ഇല്ലാതിരുന്നതിനെപ്പറ്റി ഗ്രേസി ഓർമ്മിച്ചു. 100 കിലോമീറ്റർ അകലെയുള്ള ചായിബാസയിലേക്ക് ഗ്രേസിയെ എത്തിക്കുന്നതിനായി സർക്കാർ നഴ്സായ ജരന്തി ഹേബ്രാം എത്തുന്നതുവരെ ജ്യോതി പ്രാദേശിക പച്ചമരുന്നുകളെ ആശ്രയിച്ചു. ആദ്യമായി അമ്മയായ സ്ത്രീ സ്വന്തം കാലിലേക്ക് തിരിച്ചെത്താൻ ഒരു വർഷമെടുത്തു. "ജ്യോതിയായിരുന്നു എന്‍റെ പുതിയ കുഞ്ഞിനെ ഊട്ടാനായി ഗ്രാമത്തിൽ മുലയൂട്ടുന്ന മറ്റ് അമ്മമാരുടെ അടുത്ത് എത്തിച്ചുകൊണ്ടിരുന്നത്”, അവർ പറഞ്ഞു. "അവരില്ലായിരുന്നെങ്കിൽ എന്‍റെ കുഞ്ഞ് അതിജീവിക്കില്ലായിരുന്നു.”

രണ്ടു വർഷമായി ഗ്രാമത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുവെന്നും ആഴ്ചയിൽ ഒരു ദിവസം അവിടെ ഒരു നഴ്സ് ഉണ്ടെന്നും ഗ്രേസിയുടെ ഭർത്താവ് 38-കാരനായ സന്തോഷ് കാച്ഛാപ് പറഞ്ഞു. ജ്യോതിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള ഈ പി.എച്.സി.യിൽ സൗകര്യങ്ങളൊന്നുമില്ല. "നഴ്സ് ഗ്രാമത്തിൽ താമസിക്കാറില്ല. അവർ വന്ന് പനി പോലെയുള്ള ചെറിയ പ്രശ്നങ്ങൾ പരിശോധിച്ചതിനു ശേഷം തിരിച്ചു പോകുന്നു. നഴ്സിന് സ്ഥിരമായി റിപ്പോർട്ട് അയക്കേണ്ടതാണ്. പക്ഷെ ഗ്രാമത്തിൽ ഇന്‍റർനെറ്റ് സൗകര്യമില്ല. അതുകൊണ്ട് അവർക്കവിടെ തങ്ങാൻ പറ്റില്ല. ജ്യോതി ഗ്രാമത്തിലാണ് താമസിക്കുന്നത് അതുകൊണ്ടാണ് അവർ വളരെ ഉപകാരിയാകുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭിണികൾ പി.എച്.സി. സന്ദർശിക്കാറില്ല. വീട്ടിൽ പ്രസവം നടത്താനായി അവർ ജ്യോതിയുടെ സഹായം തേടുന്നു.

നിലവില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പി.എച്.സികൾ ഇപ്പോഴും ജില്ലയിൽ എല്ലായിടത്തുമില്ല. ഗോയിൽകേര ബ്ലോക്കിലെ ആശുപത്രി ബോരോടികയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ്. ബോരോടികയിൽ നിന്നും സേരേംഗ്ദ ഗ്രാമത്തിലൂടെ 12 കിലോമീറ്റർ നീളമുള്ള ചെറിയൊരു പാതയുണ്ട്. കോയെൽ നദിയിലെത്തുമ്പോൾ അതവസാനിക്കുന്നു. വേനൽക്കാലത്ത് വെള്ളം കുറവുള്ള നദിയിലൂടെ നടന്ന് ആളുകൾ ആനന്ദ്പൂരിൽ എത്തുന്നു. പക്ഷെ കാലവർഷ സമയത്ത് നദി നിറഞ്ഞു കവിയുകയും പാതയ്ക്ക് തടസ്സമുണ്ടാവുകയും ചെയ്യുന്നു. അങ്ങനെ ഹര്‍ത്ത പഞ്ചായത്തിലെ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ ആനന്ദ്പൂരിലെത്താൻ ബദൽ മാർഗ്ഗം (ഏകദേശം നാലു കിലോമീറ്റർ കൂടുതൽ ദൂരം) ഉപയോഗിക്കുന്നു. ഇടയ്ക്കിടയ്ക്ക് പൊളിഞ്ഞ ഭാഗങ്ങളുള്ള ടാർ റോഡിലൂടെ നദി മുതൽ ആനന്ദ്പൂർ വരെ  ഏകദേശം 10 കിലോമീറ്ററോളം വനത്തിലൂടെ ചുറ്റിത്തിരിഞ്ഞു പോകുന്ന പാറകൾനിറഞ്ഞ ഒരു മൺപാതയാണിത്.

Graci Ekka of Borotika village says, “It was Jyoti who used to take my newborn baby to other lactating women of the village to feed the infant. My baby would not have survived without her.
PHOTO • Jacinta Kerketta
The primary health centre located in Borotika, without any facilities. Government nurses come here once a  week
PHOTO • Jacinta Kerketta

ഇടത്: ബോരോടിക ഗ്രാമത്തിലെ ഗ്രേസി ഇക്ക പറയുന്നു , " ജ്യോതിയായിരുന്നു എന്‍റെ പുതിയ കുഞ്ഞിനെ ഊട്ടാനായി ഗ്രാമത്തിൽ മുലയൂട്ടുന്ന മറ്റ് അമ്മമാരുടെ അടുത്ത് എത്തിച്ചുകൊണ്ടിരുന്നത് . അവരില്ലായിരുന്നെങ്കിൽ എന്‍റെ കുഞ്ഞ് അതിജീവിക്കില്ലായിരുന്നു.” വലത് : സൗകര്യങ്ങളൊന്നുമില്ലാതെ ബോരോടികയിൽ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രം. ആഴ്ചയിൽ ഒരു തവണയാണ് ഇവിടെ സർക്കാർ നഴ്സുമാർ വരുന്നത്

ചക്രധാർപൂർ നഗരം വരെ ആളുകളെ എത്തിക്കുന്ന ഒരു ബസ് ഉണ്ടായിരുന്നു. ഒരപകടത്തെ തുടർന്ന് അത് നിർത്തി. ആളുകൾ സൈക്കിളിലും മോട്ടോർ ബൈക്കുകളിലും യാത്രചെയ്യുന്നു അല്ലെങ്കിൽ നടക്കുന്നു. പലപ്പോഴും ഗർഭിണികൾക്ക് അസാദ്ധ്യമായ ഒരു യാത്രയാണിത്. ആനന്ദ്പൂർ പി.എച്.സിയിൽ സാധാരണ പ്രസവങ്ങളേ നടക്കുകയുള്ളൂ. ഗർഭം സങ്കീർണമാണെങ്കിലോ ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കിലോ സ്ത്രീകൾക്ക് 15 കിലോമീറ്റർ അകലെയുള്ള ആനന്ദ്പൂരിലേക്ക് പോകേണ്ടി വരും. അല്ലെങ്കിൽ സംസ്ഥാന അതിർത്തി കടന്ന് 60 കിലോമീറ്റർ  ഒഡിഷയുടെ ഉള്ളിലേക്ക് പോകേണ്ടിവരും.

"കുട്ടിക്കാലം മുതൽ ഞാൻ കാണുന്നതാണ് അസുഖങ്ങൾ വരുമ്പോൾ സ്ത്രീകൾ ഏറ്റവും നിസ്സഹായരാകുന്നത്”, ജ്യോതി പറഞ്ഞു. "പുരുഷന്മാർ വരുമാനമുണ്ടാക്കാൻ പോകുന്നു [നഗരങ്ങളിലും പട്ടണങ്ങളിലും]. പട്ടണങ്ങളും ആശുപത്രികളുമൊക്കെ ഗ്രാമത്തിൽ നിന്നും വളരെയകലെയാണ്. ഭർത്താവ് വരാൻ കാത്തിരിക്കുന്നതുകൊണ്ട് പലപ്പോഴും സ്ത്രീകളുടെ അവസ്ഥ വളരെ മോശമായി തീരുന്നു. നിരവധി സ്ത്രീകൾക്കും ഭർത്താവ് ഗ്രാമത്തിലുണ്ടെങ്കിൽ തന്നെ പ്രയോജനമൊന്നുമില്ല. കാരണം പുരുഷന്മാർ പലപ്പോഴും മദ്യപിക്കുകയും ഭാര്യമാരെ ഗർഭധാരണ സമയത്തു പോലും തല്ലുകയും ചെയ്യുന്നു”, അവർ നിരീക്ഷിച്ചു.

"നേരത്തെ ഈ പ്രദേശത്ത് ഒരു ദായിമാ (പ്രസവ ശുശ്രൂഷക) ഉണ്ടായിരുന്നു. അവർ മാത്രമായിരുന്നു പ്രസവ സമയത്ത് സ്ത്രീകൾക്ക് സഹായത്തിനുണ്ടായിരുന്നത്. വിദ്വേഷമുള്ള ആരോ അവരെ ഗ്രാമമേളയുടെ സമയത്ത് കൊലപ്പെടുത്തി. അവർക്കു ശേഷം അത്തരം കഴിവുകളുള്ള ഒരു സ്ത്രീയും ഗ്രാമത്തിൽ ഉണ്ടായിട്ടില്ല", ജ്യോതി പറഞ്ഞു.

ഓരോ ഗ്രാമത്തിലും ഓരോ അംഗൻവാടി സേവികയും സഹിയായും വീതമുണ്ട്. സേവികമാർ ഗ്രാമത്തിലെ കുട്ടികളുടെ രേഖകൾ സൂക്ഷിക്കുകയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും ആരോഗ്യം വിലയിരുത്തുകയും ചെയ്യുന്നു. സഹിയാമാരാണ് ഗർഭിണികളെ ആശുപത്രിയിൽ എത്താൻ സഹായിക്കുന്നത്. പക്ഷെ അവരുടെ ഭക്ഷണം, യാത്ര, താമസം എന്നിവയുടെയൊക്കെ ചിലവ് രോഗി വഹിക്കണം. ആളുകൾ സഹിയാമാരേക്കാൾ ജ്യോതിയെയാണ് സഹായത്തിനായി സമീപിക്കുന്നത്. എന്തുകൊണ്ടെന്നാൽ ജ്യോതി വീട് സന്ദർശനത്തിന് പ്രത്യകം പണം ഈടാക്കില്ല. മരുന്നിനുള്ള ചിലവ് മാത്രമേ വാങ്ങൂ.

അതുപോലും മഴകൃഷിയെയും കൂലിപ്പണിയെയും ആശ്രയിക്കുന്ന ഈ ഗ്രാമത്തിലെ കുടുംബങ്ങൾക്ക് കഴിവിന്‍റെ പരമാവധിയാകാം. പശ്ചിമി സിംഗ്ഭൂമിയിലെ ഗ്രാമീണ ജനസംഖ്യയുടെ 80 ശതമാനത്തിലധികവും സാധാരണ തൊഴിലുകളിലോ കാർഷിക തൊഴിലിലോ ഏർപ്പെട്ടിരിക്കുന്നവരാണ് (2011-ലെ സെൻസസ് പ്രകാരം). മിക്ക വീടുകളിൽ നിന്നുള്ള പുരുഷന്മാരും ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി കുടിയേറുന്നവരാണ്.

The few roads in these Adivasi villages of Pashchimi Singhbhum are badly maintained. Often the only way to reach another village for Jyoti is by walking there.
PHOTO • Jacinta Kerketta
Jyoti walks to Herta village by crossing a stone path across a stream. During monsoon it is difficult to cross this stream
PHOTO • Jacinta Kerketta

ഇടത്: പശ്ചിമി സിംഗ്ഭൂ മിലെ ആദിവാസി ഗ്രാമങ്ങളിലെ കുറച്ച് റോഡുകൾ നന്നായി പരിപാലിക്കപ്പെടുന്നില്ല. ജ്യോതിക്ക് മറ്റു ഗ്രാമങ്ങളിലേക്ക് പോകാനുള്ള ഒരേയൊരു മാർഗ്ഗം പലപ്പോഴും കാൽനടയാത്ര മാത്രമാണ്. വലത് : ഒരു അരുവിക്ക് കുറുകെയുള്ള കൽപ്പാത കടന്ന് ജ്യോതി ഹര്‍ത്ത ഗ്രാമത്തിലേക്ക് നടക്കുന്നു. കാലവർഷത്തിൽ ഈ അരുവി കടക്കുക ബുദ്ധിമുട്ടാണ്

*****

നീതി ആയോഗിന്‍റെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചക ( National Multidimensional Poverty Index ) റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യത്തിന്‍റെ ധനേതര സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രാമീണ പശ്ചിമി സിംഗ്ഭൂമിലെ 64 ശതമാനം ആളുകൾ ‘ബഹുമുഖ ദരിദ്രർ’ ആയി തുടരുന്നു. സർക്കാർ സൗകര്യങ്ങൾ സൗജന്യമായി പ്രാപ്യമാകുന്നതിനുള്ള ഉയർന്ന ചിലവ്, ജ്യോതിയെപ്പോലുള്ള ആർ.എം.പി.മാർ ചെറിയ ഗഢുക്കളായി ദീർഘനാളുകൾ കൊണ്ട് പണമീടാക്കുന്ന വിലയേറിയ മരുന്നുകൾ - ഇവരണ്ടിൽ ഏതു വേണമെന്നാണ് മിക്കവാറും ഇവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്.

കാലതാമസം കുറയ്ക്കുന്നതിനായി, ജില്ലാ ആശുപത്രികളിലെ കോൾ സെന്‍ററുകളോടു കൂടിയ പൊതു ആരോഗ്യ സൗകര്യങ്ങളോടൊപ്പം സൗജന്യ സേവനങ്ങളുടെ ഒരു ശൃംഖല (മംമ്ത വാഹൻ, സഹിയാമാര്‍) സംസ്ഥാന സർക്കാർ  തയ്യാറാക്കിയിട്ടുണ്ട്. “മംമ്ത വാഹനത്തിനായി ആളുകൾക്ക് നമ്പറെടുത്ത് ഫോൺ വിളിക്കാം”, ഗർഭിണികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുള്ള വാഹനത്തെക്കുറിച്ച് ജ്യോതി പറഞ്ഞു. “പക്ഷെ ഗർഭിണിയായ സ്ത്രീ അതിജീവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നു സംശയിച്ചതിനെ തുടർന്ന് പല തവണ വാഹനത്തിന്‍റെ ഡ്രൈവർമാര്‍ വണ്ടി ഓടിക്കാൻ വിമുഖത കാട്ടിയിട്ടുണ്ട്. ഒരു സ്ത്രീ വാഹനത്തിൽ വച്ച് മരിച്ചാൽ ഡ്രൈവർ ആളുകളുടെ രോഷത്തിനിരയാവും എന്നതു കൊണ്ടാണത്.”

ജ്യോതി, മറിച്ച്, സ്ത്രീകളെ വീട്ടിൽ പ്രസവിക്കാൻ സഹായിക്കുന്നു. തന്‍റെ സഹായത്തിനായി 5,000 രൂപ പ്രതിഫലവും ഈടാക്കുന്നു. സലൈൻ കുപ്പി നൽകുന്നതിനായി 700-800 രൂപയാണ് അവർ ഈടാക്കുന്നത്. വിപണിയിൽ അത് 30 രൂപയ്ക്കാണ് വിൽക്കുന്നത്. മലേറിയയുടെ ചികിത്സ ചിലവിലേക്കായി വാങ്ങുന്നത്, ഡ്രിപ്പിനുള്ളത് കൂടാതെ, കുറഞ്ഞത് 250 രൂപയാണ്. ന്യുമോണിയയുടെ ചികിത്സയ്ക്ക് 500-600 രൂപ. മഞ്ഞപ്പിത്തത്തിനോ ടൈഫോയ്ഡിനോ വാങ്ങുന്നത് 2,000-3,000 രൂപയാണ്. ഒരു മാസത്തിൽ ഏകദേശം 20,000 രൂപ ജ്യോതിയുടെ കൈയിൽ വരുന്നു. അതിന്‍റെ പകുതി മരുന്നുകൾ വങ്ങാനായി ചിലവാകുമെന്നും അവർ പറഞ്ഞു.

സ്വകാര്യ മെഡിക്കൽ പ്രവർത്തകരും മരുന്ന് കമ്പനികളും തമ്മിലുള്ള സുഖകരമല്ലാത്ത ഒരു ബന്ധത്തെപ്പറ്റി പ്രാതിചി (ഇന്ത്യ) ട്രസ്റ്റ് 2005-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. "പി.എച്.സികളും മറ്റ് ആരോഗ്യ സേവന യൂണിറ്റുകളും കടുത്ത മരുന്ന് ക്ഷാമം നേരിടുമ്പോൾ ഈ ഭീമമായ സ്വകാര്യ മരുന്ന് വിപണി സാധാരണക്കാരിൽ നിന്നും, പ്രധാനമായും നിയന്ത്രണ സംവിധാനത്തിന്‍റെ അഭാവത്താൽ, ഈ തുക ഊറ്റിയെടുക്കുന്നു”, റിപ്പോർട്ട് കുറിക്കുന്നു.

Jyoti preparing an injection to be given to a patient inside her work area at home.
PHOTO • Jacinta Kerketta
Administering a rapid malaria test on a patient
PHOTO • Jacinta Kerketta

ഇടത്: തന്‍റെ വീടിന്‍റെ വർക്ക് ഏരിയയിൽ ഒരു രോഗിക്ക് കുത്തിവയ്പ് നൽകാനായി ജ്യോതി തയ്യാറെടുക്കുന്നു. വലത്: ഒരു രോഗിയിൽ അതിവേഗ മലേറിയ പരിശോധന നടത്തുന്നു

ഝാർഖണ്ഡ് മുഖ്യമന്ത്രി 2020-ൽ നടത്തിയ സംസ്ഥാനത്തിന്‍റെ ആരോഗ്യ അവലോകനം , ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതും അവ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തിന്‍റെ ആരോഗ്യരക്ഷാ സംവിധാനത്തിന്‍റെ ശോകപൂര്‍ണമായ ഒരു ചിത്രം നൽകുന്നു. ഇതു പ്രകാരം 3,130 ആരോഗ്യ ഉപകേന്ദ്രങ്ങളുടെയും 769 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും 87 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെയും കുറവുണ്ടെന്ന് 2011-ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ ഇൻഡ്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് പറയുന്നു. സംസ്ഥാനത്തെ ഒരു ലക്ഷം ജനങ്ങൾക്ക് 6 ഡോക്ടർമാരും 27 കിടക്കകളും ഒരു ലാബ് ടെക്നീഷ്യനും 3 നഴ്സ്മാരും വീതമേയുള്ളു. കൂടാതെ ഇവിടുത്തെ 85 ശതമാനം വിദഗ്ദ്ധ ഡോക്ടർമാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു.

ഒരു പതിറ്റാണ്ടായി അവസ്ഥകൾക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ല. ഝാര്‍ഖണ്ഡ് സാമ്പത്തിക സര്‍വെ 2013-14 ചൂണ്ടിക്കാണിക്കുന്നത് പി.എച്.സികളുടെ എണ്ണത്തിൽ 65 ശതമാനവും ഉപകേന്ദ്രങ്ങളുടെ എണ്ണത്തിൽ 35 ശതമാനവും സി.എച്.സികളുടെ എണ്ണത്തിൽ 22 ശതമാനവും കുറവുണ്ടെന്നാണ്. ഏറ്റവും അപകടകരമായ പ്രശ്നം വിദഗ്ദ്ധരായ മെഡിക്കൽ ഓഫീസർമാരുടെ അഭാവമാണെന്ന് റിപ്പോർട്ട് പറയുന്നു. സി.എച്.സികളിൽ പ്രസവചികിത്സാ വിദഗ്ദ്ധരുടെയും (obstetricians) ഗൈനക്കോളജിസ്റ്റുകളുടെയും ശിശുരോഗ വിദഗ്ദ്ധരുടെയും 80-90 ശതമാനത്തിലധികം കുറവുണ്ടെന്നും ഇത് സ്ഥിരീകരിച്ചു.

ഇന്നും സംസ്ഥാന ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തിനും ആരോഗ്യ സ്ഥാപനങ്ങളിലെ പ്രസവം സാദ്ധ്യമല്ല. ആവശ്യമുള്ളതിനേക്കാൾ 5,258 രോഗികൾ കുറവാണ്. 3.29 കോടി ജനങ്ങളുള്ള (2011-ലെ സെൻസസ് അനുസരിച്ച്) ഈ സംസ്ഥാനത്ത് എല്ലാ പൊതു ആരോഗ്യ സംവിധാനങ്ങളിലുമായി 2,306 ഡോക്ടർമാർ മാത്രമേയുള്ളൂ.

ഇത്തരത്തിൽ അന്യായമായ ആരോഗ്യ രക്ഷാ വിതരണ സമ്പ്രദായത്തിന്‍റെ പശ്ചാത്തലത്തിൽ ആർ.എം.പിമാർ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ജ്യോതി വീട്ടിലെ പ്രസവങ്ങളുടെയും പ്രസവാനന്തര പരിചരണത്തിന്‍റെയും കാര്യങ്ങൾ ശ്രദ്ധിക്കുകയും ഗർഭിണികൾക്ക് അയൺ വൈറ്റമിൻ ഗുളികകൾ നൽകുകയും ചെയ്യുന്നു. അവർ വലുതും ചെറുതുമായ അണുബാധകളുടെയും ചെറിയ മുറിവുകളുടെയും കാര്യങ്ങൾ നോക്കുകയും അത്യാവശ്യ സന്ദർഭങ്ങളിൽ മെഡിക്കൽ ശ്രദ്ധയും, തീവ്ര പരിചരണം പോലും, നൽകുകയും ചെയ്യുന്നു. സങ്കീർണമായ കേസുകളിൽ അവർ രോഗിയെ സർക്കാർ ആശുപത്രിയിലേക്ക് ശുപാർശ ചെയ്യുകയും വാഹന സൗകര്യം പോലും ക്രമീകരിക്കുകയും അവരെ ഒരു സർക്കാർ നഴ്സുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

*****

ഝാർഖണ്ഡ് റൂറൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷനിലെ ഒരംഗമായ വീരേന്ദ്ര സിംഗിന്‍റെ കണക്കനുസരിച്ച് പശ്ചിമി സിംഗ്ഭൂമിൽ മാത്രം 10,000 ആർ.എം.പിമാർ പ്രവർത്തിക്കുന്നു. ഇവരിൽ 700 പേർ സ്ത്രീകളാണ്. "ആനന്ദ്പൂരിൽ ഉള്ളതു പോലെയുള്ള പുതിയ പി.എച്.സികളിൽ ഡോക്ടർമാരില്ല”, അദ്ദേഹം പറഞ്ഞു. നഴ്സുമാരാണ് എല്ലാം നടത്തുന്നത്. ജ്യോതിയെപ്പോലുള്ള ആർ.എം.പിമാരാണ് അവരുടെ ഗ്രാമങ്ങളിലെ കാര്യങ്ങൾ നോക്കുന്നത്. പക്ഷെ സർക്കാരിൽ നിന്നും ഒരു സഹകരണവും ലഭിക്കുന്നില്ല. പക്ഷെ അവർക്കിവിടെയുള്ള ആളുകളെ അറിയാം, കാരണം അവർ ആളുളോടൊപ്പം താമസിക്കുന്നു. അവർ ജനങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കെങ്ങനെ അവരുടെ പ്രവർത്തനങ്ങളെ അവഗണിക്കാൻ കഴിയും?", അദ്ദേഹം ചോദിച്ചു.

Susari Toppo of Herta village says, “I had severe pain in my stomach and was bleeding. We immediately called Jyoti."
PHOTO • Jacinta Kerketta
Elsiba Toppo says, "Jyoti reaches even far-off places in the middle of the night to help us women."
PHOTO • Jacinta Kerketta
The PHC in Anandpur block
PHOTO • Jacinta Kerketta

ഇടത്: ഹര്‍ത്ത ഗ്രാമത്തിലെ സുസരി ടോപ്പൊ പറയുന്നു , ' എനിക്ക് കടുത്ത വയർ വേദന അനുഭവപ്പെട്ടു. രക്തസ്രാവവും ഉണ്ടായിരുന്നു. ഞങ്ങൾ പെട്ടെന്ന് ജ്യോതിയെ വിളിച്ചു.' മദ്ധ്യത്തിൽ : എൽസിബ ടോപ്പൊ പറയുന്നു , ' ഞങ്ങൾ സ്ത്രീക ളെ സഹായിക്കാൻ പാതിരാത്രിക്ക് വളരെയകലെയുള്ള സ്ഥലത്തേക്ക് പോലും ജ്യോതി എത്തുന്നു.' വലത് : ആനന്ദ്പുർ ബ്ലോക്കിലെ പി.എച്.സി

ഹര്‍ത്ത ഗ്രാമത്തിലെ 30-കാരിയായ സുസരി ടോപ്പൊ പറഞ്ഞത് 2013-ൽ ആദ്യ തവണ ഗർഭിണിയായിരുന്ന സമയത്ത് തന്‍റെ വയറ്റിലെ കുഞ്ഞിന്‍റെ ചലനം നിലച്ചിരുന്നുവെന്നാണ്. "എനിക്ക് കടുത്ത വയർ വേദന അനുഭവപ്പെട്ടു. രക്തസ്രാവവും ഉണ്ടായിരുന്നു. ഞങ്ങൾ പെട്ടെന്ന് ജ്യോതിയെ വിളിച്ചു. അവർ രാത്രി മുഴുവനും അടുത്ത ദിവസവും ഞങ്ങളോടൊപ്പം താമസിച്ചു. ആ രണ്ട് ദിവസങ്ങളിൽ അവർ 6 സലൈൻ കുപ്പികൾ നൽകി – ദിവസം മൂന്ന് വീതം. അവസാനം എനിക്ക് സാധാരണ പ്രസവം ഉണ്ടായി.” ആരോഗ്യമുണ്ടായിരുന്ന കുഞ്ഞിന് 3.5 കിലോ ഭാരവുമുണ്ടായിരുന്നു. ജ്യോതിക്ക് 5,500 രൂപ കൊടുക്കണമായിരുന്നു, പക്ഷെ കുടുംബത്തിന്‍റെ പക്കൽ 3,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. ബാക്കി പണം പിന്നെ മതിയെന്ന് ജ്യോതി സമ്മതിച്ചെന്നും സുസരി പറഞ്ഞു.

ഹര്‍ത്തയിലെ, പ്രായം മുപ്പതുകളിലുള്ള എലിസ്ബ ടോപ്പൊ മൂന്ന് വർഷങ്ങൾക്കു മുൻപുള്ള തന്‍റെ അനുഭവം ഓർമ്മിക്കുന്നു. "അന്ന് ഞാൻ ഇരട്ടക്കുട്ടികളെ ഗർഭിണിയായിരുന്നു. ഭർത്താവ് പതിവുപോലെ നല്ല കുടിയായിരുന്നു. ആശുപത്രിയിലേക്ക് പോകണമെന്നെനിക്കില്ലായിരുന്നു, കാരണം റോഡുകൾ മോശമായിരുന്നു”, അവർ പറഞ്ഞു. പ്രധാന റോഡിലെത്താൻ പോലും വീട്ടിൽ നിന്നും ഏകദേശം 4 കിലോമീറ്ററുകൾ പാടങ്ങളിലൂടെയും തുറന്ന ഓടകളിലൂടെയും നടക്കണമായിരുന്നു”, അവർ കൂട്ടിച്ചേർത്തു.

ഒരാശ്വാസത്തിനായി വയലുകൾക്കരികിലേക്ക് പോയപ്പോൾ എലിസ്ബയ്ക്ക് രാത്രി വേദന ആരംഭിച്ചു. അര മണിക്കൂറിന് ശേഷം അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർതൃമാതാവ് അവരെ തിരുമ്മി. പക്ഷെ വേദന തുടർന്നു. "അപ്പോൾ ഞങ്ങൾ ജ്യോതിയെ വിളിച്ചു. അവർ വന്ന് എനിക്ക് ഗുളികകൾ തന്നു. അങ്ങനെ അവർ കാരണം വീട്ടിൽ ഞാൻ ഇരട്ടക്കുട്ടികളെ സാധാരണ രീതിയിൽ പ്രസവിച്ചു. ഞങ്ങൾ സ്ത്രീകളെ സഹായിക്കാൻ പാതിരാത്രിക്ക് വളരെയകലെയുള്ള സ്ഥലത്തേക്ക് പോലും ജ്യോതി എത്തുന്നു”, അവർ പറഞ്ഞു.

ആർ.എം.പിമാർ ഇൻട്രാവെനസ് ഫ്ലൂയിഡുകൾ (ഞരമ്പിലൂടെ നൽകാവുന്ന ദ്രാവകങ്ങൾ) വിവേചന രഹിതമായി നൽകുന്നവരായാണ് അറിയപ്പെടുന്നത്. ഏതാണ്ടെല്ലാ തരത്തിലുള്ള അസുഖങ്ങൾക്കും ഝാർഖണ്ഡിലെയും ബീഹാറിലെയും ആർ.എം.പിമാർ ‘സലൈൻ’ എന്ന് പൊതുവെ അറിയപ്പെടുന്ന ഐ.വി. സൊലൂഷൻ നൽകുന്നുവെന്ന് പ്രാതിചി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് അനാവശ്യവും ചിലവേറിയതും ആണെന്നു മാത്രമല്ല പലപ്പോഴും വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു.

അവരുടേത് അപകടം നിറഞ്ഞ ജോലിയാണ്. പക്ഷെ ജ്യോതി ഭാഗ്യവതിയായിരുന്നു. തന്‍റെ നീണ്ട 15 വർഷക്കാലയളവിൽ ഒരു പരാജയവും സംഭവിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെടുന്നു. "വിഷയം കൈകാര്യം ചെയ്യാൻ എപ്പോഴെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അപ്പോഴൊക്കെ ഞാനവരെ മനോഹർപുർ ആശുപത്രിയിലേക്കയ്ക്കുമായിരുന്നു. അല്ലെങ്കിൽ ഞാനവരെ മംമ്ത വാഹൻ വിളിക്കാൻ സഹായിക്കും. അല്ലെങ്കിൽ അവരെ സർക്കാർ നഴ്സുമായി ബന്ധപ്പെടുത്തും”, അവർ പറഞ്ഞു.

Jyoti seeing patients at her home in Borotika
PHOTO • Jacinta Kerketta
Giving an antimalarial injection to a child
PHOTO • Jacinta Kerketta

ഇടത്: ബോരോടികയിലെ തന്‍റെ വീട്ടിൽ ജ്യോതി രോഗികളെ കാണുന്നു. വലത്: ഒരു കുട്ടിക്ക് മലേറിയയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് നൽകുന്നു

വെറും നിശ്ചയദാർഢ്യത്തിൽ നിന്നാണ്  ജ്യോതി കഴിവുകളൊക്കെ ആർജ്ജിച്ചെടുത്തത്. സേരേംഗ്ദയിലെ സർക്കാർ സ്ക്കൂളിൽ ആറാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവരുടെ അച്ഛൻ മരിച്ചത്. അതിനർത്ഥം സ്ക്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും വലിയൊരു ഇടവേളയുണ്ടായി എന്നാണ്. "അക്കാലത്ത് നഗരത്തിൽനിന്നും തിരിച്ചുവന്ന ഒരു സ്ത്രീ എന്നെ ജോലി നൽകാനെന്ന വ്യാജേന ഒരു ഡോക്ടർ ദമ്പതിമാരുടെ വീട്ടിലാക്കി. ഞാൻ വീട് തൂക്കുകയും വൃത്തിയാക്കുകയും ചെയ്തു. ഒരു ദിവസം ഞാൻ അവിടെ നിന്നും ഓടി ഗ്രാമത്തിൽ തിരിച്ചെത്തി”, ജ്യോതി ഓർമ്മിച്ചു.

പിന്നീടവർ ആനന്ദ്പൂർ ബ്ലോക്കിലെ ചർബണ്ഡിയ ഗ്രാമത്തിലെ ഒരു കോൺവെന്‍റ് സ്ക്കൂളിൽ വിദ്യാഭ്യാസം തുടർന്നു. "അവിടെവച്ച് കന്യാസ്ത്രീകൾ ഡിസ്പെൻസറിയിൽ ജോലിചെയ്യുന്നത് കണ്ടപ്പോഴാണ് നഴ്സിംഗ് ജോലിയുടെ സംതൃപ്തിയും സന്തോഷവും ആദ്യമായി ഞാൻ മനസ്സിലാക്കിയത്”, അവർ പറഞ്ഞു. "അതിനപ്പുറം എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല. എന്‍റെ സഹോദരൻ എങ്ങനെയോ 10,000 രൂപ സംഘടിപ്പിച്ചു, അങ്ങനെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഞാൻ ഒരു കോഴ്സ് ചെയ്തു (അലോപ്പതി ചികിത്സയിലെ റൂറൽ മെഡിക്കൽ പ്രാക്ടീഷണർ എന്ന കോഴ്സ്). അത് കൂടാതെ ഝാർഖണ്ഡ് റൂറൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷനിൽ നിന്നും അവർക്ക് ഒരു സർട്ടിഫിക്കറ്റും ലഭിച്ചു. കിരിബുരു, ചായിബാസ, ഗുംല എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാരെ രണ്ടോ മൂന്നോ മാസങ്ങൾ വീതം സഹായിച്ചതിനുശേഷമാണ് അവർ തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചെത്തി സ്വന്തം നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.

ഹര്‍ത്ത പഞ്ചായത്തിൽ ജോലി ചെയ്യുന്ന സർക്കാർ നഴ്സായ ജരന്തി ഹേബ്രാം പറയുന്നു, "പുറത്ത് നിന്ന് വന്ന് നിങ്ങൾക്കീ പ്രദേശത്ത് ജോലി ചെയ്യുക ബുദ്ധിമുട്ടാണ്. ജ്യോതി പ്രഭ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു, അത് ആളുകൾക്ക് സഹായകരമാണ്.”

"മാസത്തിലൊരിക്കൽ സർക്കാർ നഴ്സുമാർ ഗ്രാമം സന്ദർശിക്കുന്നു”, ജ്യോതി പറഞ്ഞു. "പക്ഷെ ആളുകൾ അവരുടെയടുത്തേക്ക് പോകില്ല, കാരണം അവർക്ക് നഴ്സുമാരെ വിശ്വാസമില്ല. ഇവിടെയുള്ളവർ വിദ്യാഭ്യാസമുള്ളവരല്ല. അതുകൊണ്ട് വിശ്വാസവും പെരുമാറ്റവുമാണ് മരുന്നുകളേക്കാള്‍ പ്രധാനപ്പെട്ട ഘടകങ്ങൾ.”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jacinta Kerketta

জসিন্তা কেরকেট্টা ওরাওঁ আদিবাসী সম্প্রদায় থেকে আগত গ্রামীণ ঝাড়খণ্ড ভিত্তিক স্বতন্ত্র লেখক এবং রিপোর্টার। জসিন্তা একজন কবি। আদিবাসী সম্প্রদায়গুলির নিরন্তর সংগ্রাম তথা তাঁদের প্রতি নেমে আসা অবিচার ও বৈষম্য তাঁর কবিতায় মূর্ত হয়ে ওঠে।

Other stories by Jacinta Kerketta
Illustration : Labani Jangi

২০২০ সালের পারি ফেলোশিপ প্রাপক স্ব-শিক্ষিত চিত্রশিল্পী লাবনী জঙ্গীর নিবাস পশ্চিমবঙ্গের নদিয়া জেলায়। তিনি বর্তমানে কলকাতার সেন্টার ফর স্টাডিজ ইন সোশ্যাল সায়েন্সেসে বাঙালি শ্রমিকদের পরিযান বিষয়ে গবেষণা করছেন।

Other stories by Labani Jangi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.