“ഞാൻ നിർമ്മിക്കുന്ന ഓരോ ഝോപ്ഡിയും ചുരുങ്ങിയത് 70 വർഷം നിൽനിൽക്കും“.
അപൂർവ്വമായ ഒരു വൈദഗ്ദ്ധ്യമുണ്ട് വിഷ്ണു ഭോസലെയ്ക്ക് – കോലാപ്പുർ ജില്ലയിലെ ജംഭാലി ഗ്രാമത്തിലെ പരമ്പരാഗത കുടിൽ നിർമ്മാതാവാണ് അദ്ദേഹം.
മരത്തിന്റെ ചട്ടക്കൂടും ഓലകളുമുപയോഗിച്ചുകൊണ്ടുള്ള കുടിൽനിർമ്മാണം ഈ 68-കാരൻ പഠിച്ചത് തന്റെ മരിച്ചുപോയ അച്ഛൻ ഗുണ്ടുവിൽനിന്നാണ്. ഇതുവരെയായി 10-നുമീതെ ഝോപ്ഡികൾ നിർമ്മിച്ചിട്ടുണ്ട്. അത്രതന്നെ കുടിലുകൾ നിർമ്മിക്കാൻ സഹായിച്ചിട്ടുമുണ്ട്. “സാധാരണയായി ഞങ്ങൾ ഇതുണ്ടാക്കുന്നത് വേനൽക്കാലത്താണ്. കാരണം, ആ കാലത്ത് പാടത്ത് അധികം പണിയുണ്ടാവില്ല. ഝോപ്‌ഡി നിർമ്മിക്കുന്നത് കാണാൻ ആളുകൾക്ക് വലിയ ആവേശമായിരുന്നു”, ഓർത്തെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജംഭാലിയിൽ അത്തരത്തിലുള്ള നൂറോളം കുടിലുകളുണ്ടായിരുന്ന ഒരു കാലം ഓർക്കുകയാണ് വിഷ്ണു. ആളുകൾ പരസ്പരം സഹായ്ക്കുകയും ചുറ്റുവട്ടത്തുള്ള സാമഗ്രികൾ ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഝോപ്ഡി ഉണ്ടാക്കാൻ ഞങ്ങൾ ഒരു പൈസപോലും ചിലവഴിച്ചില്ല. ആർക്കും അത് താങ്ങുകയുമില്ല. മൂന്നുമാസംവരെ കാത്തിരിക്കാനും ആളുകൾ തയ്യാറായിരുന്നു. ആവശ്യമുള്ള എല്ലാ സാമഗ്രികളും തയ്യാറായാൽ മാത്രമേ അവർ തുടങ്ങൂ”, അദ്ദേഹം പറഞ്ഞു.
എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ, 4,963 ആളുകൾ (2011-ലെ സെൻസസ്) താമസിക്കുന്ന ഈ ഗ്രാമത്തിൽ, മരങ്ങൾക്കും ഓലയ്ക്കും പകരം ഇഷ്ടികയും സിമന്റും തകരവും സ്ഥാനം പിടിച്ചു. ഝോപ്ഡികളെ ആദ്യം തോല്പിച്ചത്, ഓടുകളും, നാട്ടിലെ കുശവന്മാരുണ്ടാക്കിയിരുന്ന ഓടുകളുടേയും വരവായിരുന്നു. പിന്നീട് ബംഗളൂരുവിൽ യന്ത്രത്തിലുണ്ടാക്കിയ, ബലവും ഈടുമുള്ള ഓടുകളുടെ വരവായി.
ഝോപ്ഡി മേയാനുള്ള ഓലയ്ക്കുവേണ്ടിയുള്ള അദ്ധ്വാനവുമായി താരതമ്യം ചെയ്യുമ്പോൾ പാകാൻ എളുപ്പവും സുഗമവുമായിരുന്നു ഈ ഓടുകൾ. ഒടുവിൽ സിമന്റും ഇഷ്ടികയും വന്നതോടെ, കെട്ടുറപ്പുള്ള വീടുകൾ വരികയും ഝോപ്ഡികളുടെ വിധി തീരുമാനിക്കുകയും ചെയ്തു. കുടിൽ നിർമ്മാണം ഗുരുതരമായ പ്രതിസന്ധിയിലായി. ആളുകൾ ഝോപ്ഡികൾ ഉപേക്ഷിക്കാൻ തുടങ്ങി. ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമേ ബാക്കിയുള്ളു.
“ഇപ്പോൾ ഗ്രാമത്തിൽ ഝോപ്ഡികൾ കാണുന്നത് അപൂർവ്വമാണ്. കുറച്ച് വർഷങ്ങൾക്കുള്ളിൽ എല്ലാ പരമ്പരാഗത കുടിലുകളും ഇല്ലാതാവും. ആർക്കും അവ നിലനിർത്താൻ താത്പര്യമില്ല”, വിഷ്ണു പറയുന്നു.
*****
ഒരു കുടിൽ നിർമ്മിക്കണമെന്ന് തോന്നിയപ്പോൾ വിഷ്ണുവിന്റെ സുഹൃത്തും അയൽക്കാരനുമായ നാരായൺ ഗെയ്ൿവാഡ് വിഷ്ണുവിനെ സമീപിക്കുകയായിരുന്നു. കർഷകരായ ഇരുവരും ഇന്ത്യയിലെമ്പാടും പല കർഷകസമരങ്ങളിലും പങ്കെടുക്കാൻ ഒരുമിച്ച് പോയിട്ടുമുണ്ട്. വായിക്കുക: ജംഭാലിയിൽനിന്നൊരു കർഷകൻ: മുറിവേറ്റ കൈയ്യും തളരാത്ത വീര്യവുമായി
ജംഭാലിയിൽ വിഷ്ണുവിന് ഒരേക്കറും നാരായണ് ഏകദേശം 3.25 ഏക്കറും കൃഷിഭൂമിയുണ്ട്. ഇരുവരും അവിടെ സോയാബീൻ, ഉമിയുള്ള ഗോതമ്പ്, സാധാരണ പയർ, അരിച്ചോളം എന്നിവയും ചീര, മല്ലി, ഉലുവ തുടങ്ങിയ ഇലവർഗ്ഗങ്ങളും കൃഷിചെയ്യുന്നു.
ഏകദേശം പത്തുകൊല്ലം മുമ്പ് ഒരിക്കൽ ഔറംഗബാദ് ജില്ലയിൽ പോയി ഏതാനും കർഷകത്തൊഴിലാളികളുമായി അവരുടെ തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഒരു കുടിൽ നിർമ്മിക്കണമെന്ന് നാരായണ് മോഹമുദിച്ചത്. അവിടെ വൃത്താകൃതിയിലുള്ള ഒരു ഝോപ്ഡി കാണാനിടയായി. “കാണാൻ മനോഹരമായിരിക്കുന്നു” എന്ന് സ്വയം ചിന്തിക്കുകയും ചെയ്തു. “അതിന്റെ ഗുരുത്വാകർഷണകേന്ദ്രം വളരെ സന്തുലിതമായിട്ടായിരുന്നു”, അദ്ദേഹം പറഞ്ഞു.
വൈക്കോലുപയോഗിച്ച് ഉണ്ടാക്കിയ ഒരു കുടിലായിരുന്നു അതെന്ന് നാരായൺ ഓർക്കുന്നു. എല്ലാ ഭാഗങ്ങളും വളരെ ഭംഗിയായി കെട്ടിയ ഒന്ന്. നേരിട്ട് പരിചയപ്പെടാൻ സാധിക്കാതെവന്ന ഒരു കർഷകത്തൊഴിലാളിയാണ് അതുണ്ടാക്കിയതെന്ന് ചോദിച്ചപ്പോൾ മനസ്സിലായി. 76 വയസ്സുള്ള നാരായൺ അതിന്റെ ഒരു ചിത്രം വരച്ചുണ്ടാക്കി. കഴിഞ്ഞ ഒരു ദശാബ്ദമായി, ദൈനംദിന ജീവിതത്തിലെ കൌതുകകരങ്ങളായ കാര്യങ്ങൾ അദ്ദേഹം വൃത്തിയായി എഴുതിവെക്കുന്നു. 40 ഡയറികളിലായി ആയിരക്കണക്കിന് പേജുകളിൽ പ്രാദേശിക മറാത്തിയിൽ കൈകൊണ്ട് എഴുതിയ കുറിപ്പുകളുണ്ട് അതിൽ. പോക്കറ്റിലിടാവുന്നതുമുതൽ A4 വലിപ്പമുള്ള ഡയറികൾവരെയുണ്ട് അതിൽ.
ഒരു പതിറ്റാണ്ട് കഴിഞ്ഞ്, അന്ന് കണ്ട ആ കുടിൽ തന്റെ 3.25 ഏക്കർ പാടത്ത് പുന:സൃഷ്ടിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ധാരാളം വെല്ലുവിളികൾ നേരിടേണ്ടിയിരുന്നു അതിന്. ഒരു കുടിൽ നിർമ്മാതാവിനെ കണ്ടെത്തുക എന്നതായിരുന്നു അതിൽ പ്രധാനം.
പിന്നീട് അദ്ദേഹം കുടിൽനിർമ്മാണത്തിൽ അഗ്രഗണ്യനായ വിഷ്ണു ഭോസ്‌ലെയോട് ഇതിനെക്കുറിച്ച് സംസാരിച്ചു. അതിന്റെ ഫലമായി കാണുന്നതാണ് മരവും ഓലയുംകൊണ്ട് നിർമ്മിച്ചതും കരകൌശല നിർമ്മാണവിദ്യയുടെ പ്രതീകവുമായ ഈ കുടിൽ.
“ഈ ഒരു ഝോപ്ഡി നിലനിൽക്കുന്നിടത്തോളം കാലം, സംവത്സരങ്ങളുടെ പഴക്കമുള്ള ഇത്തരമൊരു കല ഉണ്ടായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് ഓർമ്മവരും”, നാരായൺ പറയുന്നു. “അല്ലെങ്കിൽ എങ്ങിനെയാണ് ആളുകൾ എന്റെ തൊഴിലിനെക്കുറിച്ച് അറിയുക?”, എന്നാണ് നാരായണിന്റെ പങ്കാളിയായ വിഷ്ണുവിന്റെ ചോദ്യം.
*****
കുടിലുണ്ടാക്കുന്നതിലെ ആദ്യഘട്ടം, അതിന്റെ ഉപയോഗം എന്താണെന്ന് തീർച്ചപ്പെടുത്തലാണ്. “അതിനനുസരിച്ച് അതിന്റെ വലിപ്പവും ഘടനയും വ്യത്യാസപ്പെടും”, വിഷ്ണു പറയുന്നു. ഉദാഹരണത്തിന് കാലിത്തീറ്റ സൂക്ഷിക്കാനുള്ള കുടിലുകൾ പൊതുവെ ത്രികോണാകൃതിയിലുള്ളതാണ്. ഒരു ചെറിയ കുടുംബത്തിന് താമസിക്കാനാണെങ്കിൽ, 12 x 10 അടി വലിപ്പത്തിൽ ദീർഘസമചതുരത്തിലുള്ളതാണ് അനുയോജ്യം.
നാരായൺ നല്ലൊരു വായനക്കാരനുംകൂടിയാണ്. വായനാമുറിയായി ഉപയോഗിക്കാൻ പാകത്തിൽ ഒരു ചെറിയ മുറിയുടെ വലിപ്പമുള്ള കുടിലാണ് അദ്ദേഹത്തിന് ആഗ്രഹം. തന്റെ പുസ്തകങ്ങളും മാസികകളും പത്രങ്ങളും അവിടെ സൂക്ഷിക്കുമെന്ന് അദ്ദേഹം പറയുന്നു
ഉപയോഗത്തിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെ വിഷ്ണു കമ്പുകൾവെച്ച് ഒരു ചെറിയ മാതൃക നിർമ്മിച്ചു. അതിനുശേഷം അദ്ദേഹവും നാരായണും ചേർന്ന് അതിന്റെ ആകൃതിയും വിശദാംശങ്ങളും നിശ്ചയിക്കാൻ 45 മിനിറ്റ് ചിലവഴിക്കുന്നു.
“തണുപ്പുകാലവും വേനൽക്കാലവും മാത്രം നോക്കി ഝോപ്ഡി നിർമ്മിക്കാൻ സാധിക്കില്ല. ദശാബ്ദങ്ങൾ നിലനിൽക്കേണ്ട ഒന്നാണിത്. അതിനാൽ പല വശങ്ങളും ചിന്തിക്കണം”, നാരായൺ പറയുന്നു.
മണ്ണിൽ രണ്ടടി ആഴമുള്ള കുഴികളുണ്ടാക്കിക്കൊണ്ടാണ് നിർമ്മാണം തുടങ്ങുന്നത്. ഝോപ്ഡി നിൽക്കുന്ന അതിരിനകത്ത് 1.5 അടി വ്യത്യാസത്തിലാണ് കുഴികൾ കുഴിക്കുന്നത്. 12 x 9 അടി വലിപ്പമുള്ള കുടിൽ നിർമ്മിക്കാൻ 15 കുഴികൾ കുഴിക്കണം. അതിന് ഏകദേശം ഒരു മണിക്കൂർ ആവശ്യമാണ്. കുഴികൾ പോളിത്തീനോ പ്ലാസ്റ്റിക്ക് ചാക്കോ വെച്ച് മൂടിവെക്കുന്നു. “ആ കുഴികളിൽ വെക്കുന്ന മരങ്ങളിൽ വെള്ളമിറങ്ങാതിരിക്കാനാണ് ഇത് ചെയ്യുന്നത്”, വിഷ്ണു പറയുന്നു. മരത്തിനെന്തെങ്കിലും കേട് പറ്റിയാൽ കുടിലിനെ മുഴുവൻ അത് ബാധിക്കും.
രണ്ടറ്റത്തും, നടുവിലുമുള്ള കുഴികളിലായി ശ്രദ്ധയോടെ ഒരു മെഡ്ക വിഷ്ണുവും അശോക് ഭോലെയും ചേർന്ന് സ്ഥാപിക്കുന്നു. ഏതാണ്ട് 12 അടി വലിപ്പത്തിൽ ‘വൈ’ ആകൃതിയിലുള്ള ചന്ദനത്തിന്റെയും ബാബുലിന്റെയും വേപ്പിന്റെയും ശാഖയെയാണ് മേഡ്ക എന്ന് വിളിക്കുന്നത്.
‘വൈ’ ആകൃതിയുള്ള മേഡ്കയുടെ കൂർത്ത അറ്റം ഉപയോഗിച്ചാണ് വിലങ്ങനെയുള്ള മരത്തിന്റെ തണ്ട് വെക്കുക. “രണ്ട് മേഡ്കയ്ക്കും, അല്ലെങ്കിൽ, നടുവിലുള്ള ‘ആഡ്’ എന്ന് വിളിക്കുന്ന തണ്ടിന് ചുരുങ്ങിയത് 12 അടി ഉയരമുണ്ടാകും. ബാക്കിയുള്ളതിന് 10 അടി ഉയരവും”, നാരായൺ പറയുന്നു.
അതിനുശേഷം, മരത്തിന്റെ ചട്ടക്കൂടിന് മുകളിൽ ഓല കെട്ടും. മഴവെള്ളം ഓലയിൽനിന്ന് വീടിനകത്ത് വീഴാതെ, ഊർന്ന്, പുറത്തേക്ക് പോവുന്ന രീതിയിലാണ് രണ്ടടി ഉയരമുള്ള മേഡ്ക വെക്കുക
അത്തരത്തിലുള്ള എട്ട് മേഡ്ക്കകൾ നിവർന്നുകഴിഞ്ഞാൽ, ഝോപ്ഡിയുടെ അടിസ്ഥാനം തയ്യാറായി. മേഡ്ക്കകൾ വെക്കാൻ ഏകദേശം രണ്ട് മണിക്കൂർ വേണം. ഝോപ്ഡിയുടെ രണ്ടറ്റത്തെയും ബന്ധിപ്പിക്കാൻ മുളകൊണ്ടുണ്ടാക്കുന്ന നാര് (വിലു എന്ന് വിളിക്കുന്നു) മേഡ്ക്കയിൽ ഘടിപ്പിക്കുന്നു.
“ചന്ദനമരവും ബാബുൽ മരവും കിട്ടാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്”, വിഷ്ണു പറയുന്നു. “ഈ തനതായ നാടൻ മരങ്ങളുടെയൊക്കെ സ്ഥാനത്ത് ഇപ്പോൾ കരിമ്പും, കെട്ടിടങ്ങളുമാണ്”.
ചട്ടക്കൂട് ശരിയായാൽ അടുത്ത ഘട്ടം, കഴുക്കോലുകൾ ഘടിപ്പിക്കലാണ്. മേൽത്തട്ടിന്റെ ഉള്ളിലുള്ള ഘടന ഇതാണ്. ഈയൊരു കുടിലിനുവേണ്ടി വിഷ്ണു 44 കഴുക്കോലുകൾ ഉദ്ദേശിച്ചിരുന്നു. മേൽത്തട്ടിന്റെ ഇരുഭാഗത്തുമായി 22 വീതം. കള്ളിച്ചെടിയുടെ തായ്ത്തടിവെച്ചാണ് ഇതുണ്ടാക്കുന്നത്. പ്രാദേശികമായ മറാത്തിയിൽ ഇതിനെ ഫദ്യാച്ച വാസ എന്ന് വിളിക്കും. ഒരു കള്ളിച്ചെടിയുടെ തായ്ത്തണ്ട് 25-30 അടിവരെ ഉയരത്തിൽ വളരും. ബലത്തിന് പേരുകേട്ടതാണ് അത്.
“ഈ തടി നല്ല ബലമുള്ളതാണ്. ഝോപ്ഡിയെ ഏറെക്കാലം നിലനിർത്താൻ സഹായകവുമാണ്. കൂടുതൽ കഴുക്കോലുകളുണ്ടെങ്കിൽ അത്രയും ബലം കിട്ടും. “എന്നാൽ ഈ തണ്ട് വെട്ടിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന്” വിഷ്ണു കൂട്ടത്തിൽ ഓർമ്മിപ്പിക്കുന്നു.
കള്ളിച്ചെടിയുടെ നാരുകൾ പിന്നീട് വിലങ്ങനെയുള്ള മരക്കൂട് കെട്ടിനിർത്താൻ ഉപയോഗിക്കുന്നു. നല്ല ഈടുള്ളതാണ് അത്. കള്ളിച്ചെടിയുടെ ഇലകളിൽനിന്ന് ഈ നാര് എടുക്കുന്നത് അദ്ധ്വാനം ആവശ്യമുള്ള ഒന്നാണ്. നാരായൺ ഇതിൽ വിദഗ്ദ്ധനാണ്. ഒരു അരിവാളുപയോഗിച്ച് ഇത് വെട്ടിയെടുക്കാൻ നാരായണ് 20 സെക്കൻഡ് മതി. “കള്ളിച്ചെടിയുടെ ഇലകൾക്കുള്ളിൽ ഈ നാരുണ്ടെന്നതുതന്നെ ആളുകൾക്ക് അറിയില്ല”, ചിരിച്ചുകൊണ്ട് നാരായൺ പറയുന്നു.
പരിസ്ഥിതിക്കിണങ്ങിയതും എളുപ്പത്തിൽ മണ്ണിലലിയുന്നതുമാണ് ഈ നാരുകൾ (വായിക്കുക: അപ്രത്യക്ഷമാകുന്ന കയർ: ഒരു ഇന്ത്യൻ മഹേന്ദ്രജാലം )
മരത്തിന്റെ ചട്ടക്കൂട് തയ്യാറായാൽ, കരിമ്പിന്റെ തണ്ടും തെങ്ങിന്റെ മടലുമുപയോഗിച്ച് ചുവരുകൾ തീർക്കുന്നു. ഒരു അരിവാളുപോലും എളുപ്പത്തിൽ കയറ്റാൻപാകത്തിലാണ് അതുണ്ടാക്കുന്നത്.
ഇപ്പോൾ കുടിൽ കാണാൻ പറ്റുന്ന വിധത്തിലായി. ഇനി അതിന്റെ മേൽക്കൂരയാണ്. കരിമ്പുചെടിയുടെ മുകളറ്റംകൊണ്ടാണ് – പാകമാകാത്ത ചൂരലും ഇലകളുംകൊണ്ട് – മേയുന്നത്. “പണ്ട് ഞങ്ങൾ, കന്നുകാലികളില്ലാത്ത കർഷകരിൽനിന്നാണ് ഇത് ശേഖരിക്കുക”, നാരായൺ പറയുന്നു. ഈ ഉപോത്പന്നം നല്ല കാലിത്തീറ്റയായതിനാൽ ഇപ്പോൾ ആരും വെറുതെ കൊടുക്കാറില്ല.
ചോളത്തിന്റെയും തവിടുചേർന്ന ഗോതമ്പുചെടിയുടേയും ഉണങ്ങിയ കറ്റകളും മേൽക്കൂര പണിയാൻ ഉപയോഗിക്കും. തുറന്നുകിടക്കുന്ന സ്ഥലങ്ങൾ അടയ്ക്കാനും ഝോപ്ഡിക്ക് ഭംഗി കൂട്ടാനും. “ഓരോ ഝോപ്ഡിക്കും ചുരുങ്ങിയത് എട്ട് ബിന്ദാസ്( 200-250 കിലോഗ്രാം) കരിമ്പിൻതലപ്പുകൾ വേണം”, നാരായൺ പറയുന്നു.
ഓലമേയൽ അദ്ധ്വാനമുള്ള പണിയാണ്. കഷ്ടി മൂന്ന് ദിവസമെടുക്കും. മൂന്നാളുകൾ ദിവസവും ആറേഴ് മണിക്കൂർ ചിലവഴിക്കണം അതിൽ. “ഓരോ കമ്പും ശ്രദ്ധയോടെ അടുക്കിവെക്കണം. അല്ലെങ്കിൽ മഴക്കാലത്ത് വെള്ളം കിനിഞ്ഞിറങ്ങും”, വിഷ്ണു പറയുന്നു. മൂന്നോ നാലോ വർഷം കൂടുമ്പോൾ പുതുക്കി മേഞ്ഞാലേ കുടിലിന് ആയുസ്സുണ്ടാവൂ.
“പരമ്പരാഗതമായി, ജംഭാലിയിൽ ഝോപ്ഡികളുണ്ടാക്കുന്നത് പുരുഷന്മാരാണ്. എന്നാൽ അസംസ്കൃതവസ്തുക്കൾ കണ്ടെത്താനും ഭൂമി നിരപ്പാക്കാനും സ്ത്രീകൾ വലിയ പങ്കുവഹിക്കുന്നുണ്ട്”, വിഷ്ണുവിന്റെ ഭാര്യ, 60 കഴിഞ്ഞ അഞ്ജന പറയുന്നു
കുടിൽ പൂർത്തിയായി. ഇനി ധാരാളം വെള്ളമൊഴിച്ച് നിലത്തുള്ള മണ്ണ് നന്നായി കിളയ്ക്കണം. എന്നിട്ട് മൂന്നുനാല് ദിവസം ഉണങ്ങാനിടും. “മണ്ണിന്റെ പശിമ കണ്ടെത്താൻ ഇത് സഹായിക്കും”, നാരായൺ വിശദീകരിക്കുന്നു. അത് ചെയ്താൽ, പിന്നെ വെള്ളമണൽ അതിനുമുകളിൽ വിരിക്കുകയായി. കർഷകസുഹൃത്തുക്കളിൽനിന്നാണ് നാരായൺ അത് സംഘടിപ്പിക്കുന്നത്. മണ്ണിലെ ഇരുമ്പിന്റെയും മാൻഗനീസിന്റെയും അംശം അരിച്ചെടുക്കുന്നതിനാൽ ഈ മണ്ണിന്റെ നിറം വെളുത്തിരിക്കും.
ഈ വെള്ളമണൽ കുതിരയുടേയോ പശുക്കളുടേയോ മറ്റ് വളർത്തുമൃഗങ്ങളുടേയോ വിസർജ്ജ്യവുമായി കൂട്ടിക്കലർത്തും. മണ്ണിന്റെ ശക്തി വർദ്ധിപ്പിക്കാനാണ് ഇത്. എന്നിട്ട് അത് നിലത്ത് വിരിച്ച്, ധുമ്മസ് എന്ന് വിളിക്കുന്ന, ചുരുങ്ങിയത് 10 കിലോ വരുന്നതും, പരിചയസമ്പന്നരായ ആശാരിമാർ നിർമ്മിച്ചതുമായ ഒരു മരത്തിന്റെ ഉപകരണംവെച്ച് ശക്തിയായി ഇടിക്കും. ആണുങ്ങളാണ് ഇത് ചെയ്യുക.
പുരുഷന്മാർ മണ്ണിടിച്ചുകഴിഞ്ഞാൽ, സ്ത്രീകൾ അത് നിരപ്പാക്കാൻ തുടങ്ങും. ബാബുൽ മരത്തിന്റെ, മൂന്ന് കിലോഗ്രാം വരുന്ന, ക്രിക്കറ്റ് ബാറ്റിന്റെ സാദൃശ്യമുള്ളതും എന്നാൽ അത്ര വലിയ പിടിയില്ലാത്തതുമായ ഒരു ഉപകരണംവെച്ചാണ് അവർ മണ്ണ് നിരപ്പാക്കുക ബദാവ്ന എന്നാണ് ആ ഉപകരണത്തിന്റെ പേര്. നാരയണിന്റെ കൈവശമുണ്ടായിരുന്ന ബദാവ്ന നഷ്ടപ്പെട്ടുവെങ്കിലും, 88 വയസ്സുള്ള മൂത്ത സഹോദരൻ സഖാറാമിന്റെ കൈവശം ഒന്നുണ്ടായിരുന്നു ഭാഗ്യത്തിന്.
നാരായണിന്റെ ഭാര്യ കുസുമിന് ഝോപ്‌ഡി നിർമ്മാണത്തിൽ ഒരു പങ്കുണ്ട്. “കൃഷിപ്പണിക്കിടയ്ക്ക് സമയം കിട്ടിയാൽ ആ സ്ഥലം നിരപ്പാക്കാൻ ഞങ്ങൾ കൂടാറുണ്ട്”, 68 വയസ്സുള്ള അവർ പറയുന്നു. നല്ല അദ്ധ്വാനം ആവശ്യമുള്ള പണിയായതുകൊണ്ട്, എല്ലാ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാറി മാറി പങ്കെടുക്കും.
നിരപ്പാക്കൽ കഴിഞ്ഞാൽ, സ്ത്രീകൾ പശുവിന്റെ ചാണകം ഒരു തവണ തേക്കും. മണ്ണിനെ ഉറപ്പിക്കാനും കൊതുകുകളെ അകറ്റാനും ഉത്തമമാണ് പശുവിന്റെ ചാണകം.
വാതിലില്ലാത്ത വീടിന് ഒരു കുറവ് തോന്നിക്കുമെന്നതിനാൽ, ചോളത്തിന്റെയോ, കരിമ്പിന്റേയോ തെങ്ങിന്റേയോ ഉണങ്ങിയ മടലുകൊണ്ട് ഒരു വാതിലും വെക്കും. ജംഭാലിയിലെ കർഷകരാരും പ്രാദേശികമായ ഇനങ്ങൾ കൃഷി ചെയ്യാത്തതിനാൽ, നിർമ്മാതാക്കൾക്ക് ഇതൊരു വെല്ലുവിളിയാണ്.
“എല്ലാവരും ഇപ്പോൾ സങ്കരയിനങ്ങളിലേക്ക് മാറിക്കഴിഞ്ഞു. അതിന് നാടൻ ഇനത്തിന്റെ പോഷകഗുണവും അധികം ഈടും ഇല്ലെങ്കിലും“, നാരായൺ പറയുന്നു.
കൃഷിരീതികൾ മാറിക്കഴിഞ്ഞതിനാൽ, ഝോപ്ഡി നിർമ്മാണവും മാറ്റിവെക്കേണ്ടിവരുന്നു. ആദ്യമൊക്കെ, അധികം കൃഷിപ്പണിയില്ലാത്ത വേനൽക്കാലങ്ങളിലാണ് അവ നിർമ്മിച്ചിരുന്നത്. എന്നാലിപ്പോൾ കൃഷിസ്ഥലങ്ങൾ വെറുതെയിടാൻ ഒരിക്കലും സാധിക്കാറില്ലെന്ന് വിഷ്ണുവും നാരായണനും പറയുന്നു. “പണ്ടൊക്കെ വർഷത്തിലൊരിക്കൽ മാത്രമാണ് ഞങ്ങൾ കൃഷി ചെയ്തിരുന്നത്. ഇപ്പോൾ വർഷത്തിൽ രണ്ടും മൂന്നും തവണ കൃഷിചെയ്താൽപ്പോലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടാണ്”, വിഷ്ണു പറയുന്നു.
ഈ ഝോപ്ഡി നിർമ്മിക്കാൻ അഞ്ചുമാസവും, നാരായൺ, വിഷ്ണു, അശോക്, കുസും എന്നിവരുടെ മൊത്തം 300 മണിക്കൂറും വേണ്ടിവന്നു. കൃഷിപ്പണിക്കിടയിലാണ് അവർ ഇതിനുള്ള സമയം കണ്ടെത്തിയത്. “നല്ല ബുദ്ധിമുട്ടുള്ള പണിയാണ് ഇത്, അസംസ്കൃതവസ്തുക്കളും കിട്ടാൻ ബുദ്ധിമുട്ടാണ്”, ജംഭാലിയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് അസംസ്കൃതവസ്തുക്കൾ സംഘടിപ്പിക്കാൻ ഒരാഴ്ച ചിലവഴിച്ച നാരായൺ പറയുന്നു.
ഝോപ്ഡി നിർമ്മിക്കുമ്പോൾ മുള്ളുകളും മറ്റും കൊണ്ട് ധാരാളം പരിക്കുകളും മുറിവുകളും സംഭവിക്കും. “ഇതൊക്കെ സഹിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ നിങ്ങൾ കർഷകനാണോ?” പരിക്കുപറ്റിയ വിരൽ കാണിച്ചുകൊണ്ട് നാരായൺ പറയുന്നു.
ഒടുവിൽ ഝോപ്‌ഡി തയ്യാറായി. അതിൽ പങ്കെടുത്തവരെല്ലാം ക്ഷീണിതാരായെങ്കിലും അത് ഉയർന്നുകണ്ടതിൽ അതീവസന്തുഷ്ടരായിരുന്നു. ഒരുപക്ഷേ ഇത് ജംഭാലി ഗ്രാമത്തിലെ അവസാനത്തെ ഝോപ്ഡിയായിരിക്കും. കാരണം, വിഷ്ണു പറഞ്ഞതുപോലെ, ഇത് കാണാൻ അധികമാളുകളൊന്നും വന്നില്ല. എന്നാൽ നാരായൺ അയാളെ സമാധാനിപ്പിച്ചു. “ആളുകൾ കാണാൻ വന്നുവോ എന്നതിലൊന്നും വലിയ കാര്യമില്ല”. താനുംകൂടി നിർമ്മാണത്തില പങ്കാളിയായ ആ ഝോപ്ഡിയിൽ അദ്ദേഹം സുഖമായി കിടന്നുറങ്ങി. അതൊരു ലൈബ്രറിയാക്കാനാണ് താത്പര്യപ്പെടുന്നതെന്ന് പറഞ്ഞു.
“സുഹൃത്തുക്കളും വിരുന്നുകാരും വീട്ടിൽ വരുമ്പോൾ, അഭിമാനത്തോടെ ഞാൻ എന്റെ ഝോപ്ഡി അവരെ കാണിച്ചുകൊടുത്തു. ഒരു പരമ്പരാഗത കലയെ നിലനിർത്തിയതിൽ അവരെല്ലാവരും എന്നെ അഭിനന്ദിച്ചു”, നാരായൺ ഗെയ്ൿവാഡ് പറഞ്ഞു.
ഗ്രാമീണ കരകൌശലക്കാരെക്കുറിച്ച് സങ്കേത് ജെയിൻ തയ്യാറാക്കുന്ന പരമ്പരയുടെ ഭാഗമാണ് ഈ കഥ. മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ പിന്തുണയുമുണ്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്