“ലീവുകളില്ല, ഇടവേളകളില്ല, കൃത്യമായ സമയങ്ങളില്ല”.
ഹൈദരബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വാടക കാർ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുകയാണ് ഷെയ്ക് സലാവുദ്ദീൻ. കമ്പനിയുമായി ഒപ്പുവെച്ച കരാർ ഒരിക്കലും വായിച്ചുനോക്കാൻ സാധിച്ചിട്ടില്ലെന്ന് 37 വയസ്സുള്ള ഈ ബിരുദധാരി പറയുന്നു. കമ്പനിയുടെ പേരുപറയാൻ അയാൾ വിസമ്മതിച്ചു. “ധാരാളം സാങ്കേതികപദങ്ങളുണ്ടായിരുന്നു അതിൽ”, ഡൌൺലോഡ് ചെയ്ത ആപ്പിൽ മാത്രമായിരുന്നു കരാർ. കടലസ്സുകോപ്പി അയാളുടെ കൈയ്യിലുണ്ടായിരുന്നില്ല.
“കരാറൊന്നും ഒപ്പുവെച്ചിരുന്നില്ല”, ഒരു ഡെലിവറി ഏജന്റായ രമേഷ് ദാസ് (യഥാർത്ഥ പേരല്ല) പറയുന്നു. നിയമപരമായ പരിരക്ഷയൊന്നുമായിരുന്നില്ല അയാൾ ആഗ്രഹിച്ചിരുന്നത്. പശ്ചിമ ബംഗാളിലെ പശ്ചിം മേദിനിപുർ ജില്ലയിലെ ബഹാ റുണ എന്ന ഗ്രാമത്തിൽനിന്ന് കൊൽക്കൊത്തയിലെത്തുമ്പോൾ, എത്രയും വേഗം എങ്ങിനെ ജോലി ഒപ്പിക്കാം എന്നതുമാത്രമായിരുന്നു ചിന്ത. “ഒരു കടലാസ്സുപണിയും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഐ.ഡി. (തിരിച്ചറിയൽ രേഖ) ആപ്പിലുണ്ടായിരുന്നു. അതായിരുന്നു രേഖ. മൂന്നാമന്മാരിലൂടെ (തേഡ് പാർട്ടീസ്) ജോലിക്കെടുക്കപ്പെട്ടവരായിരുന്നു ഞങ്ങൾ“, അയാൾ പറയുന്നു.
ഒരു പാഴ്സലിന് 12 മുതൽ 14 രൂപവരെയായിരുന്നു രമേഷിന്റെ കമ്മീഷൻ. പ്രതിദിനം 40-50 പാഴ്സലുകൾ ഡെലിവറി ചെയ്യാൻ കഴിഞ്ഞാൽ 600 രൂപവരെ സമ്പാദിക്കാൻ കഴിയും. “പെട്രോൾ പൈസയോ, ഇൻഷുറൻസോ, ചികിത്സാ സൌകര്യമോ, മറ്റ് അലവൻസുകളോ ഒന്നുമില്ല”, അയാൾ കൂട്ടിച്ചേർത്തു.
ബിലാസ്പുരിലെ വീട്ടിൽനിന്ന് മൂന്നുവർഷം മുമ്പ് റായ്പുരിലേക്ക് മാറിയതിനുശേഷം, തരക്കേടില്ലാത്ത ഒരു ജീവിതം നയിക്കാൻവേണ്ടി കൂടുതൽ സമയം ജോലിയെടുക്കേണ്ടിവരുന്നു സാഗർ കുമാറിന്. ചത്തീസ്ഗഢിലെ ഒരു ഓഫീസ് കെട്ടിടത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 6 മണിവരെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ് 24 വയസ്സുള്ള അയാൾ. അതിനുശേഷം അർദ്ധരാത്രിവരെ, ബൈക്കോടിച്ച് സ്വിഗ്ഗിയിൽ സാധനങ്ങൾ എത്തിക്കുന്ന ജോലിയും ചെയ്യുന്നുണ്ട്.
ബംഗളൂരുവിലെ പ്രസിദ്ധമായ ഒരു ഭക്ഷണശാലയുടെ മുമ്പിൽ, കൈയ്യിൽ സ്മാർട്ട് ഫോണുകളുമായി നിരവധി ഡെലിവറി ഏജന്റുമാർ നിൽക്കുന്നു. അടുത്ത ഓർഡറിന്റെ ‘ബീപ്പ്’ ശബ്ദം മൊബൈലിൽ വരുന്നതും കാത്തുനിൽക്കുകയാണ് സുന്ദർ ബഹാദൂർ ബിഷ്ത്. എട്ടാം ക്ലാസ്സിൽ പഠനം മതിയാക്കിയ അയാൾ പുതിയ സ്ഥലത്തെ ഭാഷ പഠിച്ചുവരുന്നതേയുള്ളു.
“ഞാൻ അത് ഇംഗ്ലീഷിലാണ് വായിക്കുന്നത്. ഒപ്പിക്കുന്നു എന്നുമാത്രം. അത്രയധികം വായിക്കനൊന്നുമില്ല….‘ആദ്യത്തെ നില, ഫ്ലാറ്റ് നമ്പർ 1എ’ അയാൾ മൊബൈലിൽ വായിക്കുന്നു. അയാളുടെ കൈയ്യിലും കരാറൊന്നുമില്ല. സ്വന്തം മുഖം ഓഫീസിൽ കാണിക്കേണ്ടതുമില്ല. “അവധി, ചികിത്സാവധി, ഒന്നും ഇല്ല”.
രാജ്യത്തൊട്ടാകെയായി, മെട്രോകളിലും ചെറുപട്ടണങ്ങളിലുമായി, ഷെയ്ക്കിനെയും, രമേശിനെയും, സാഗറിനെയും, സുന്ദറിനെയുംപോലെയുള്ള ഗിഗ് തൊഴിലാളികൾ വ്യാപിച്ചുകിടക്കുന്നു. 2022-ലെ നീതി ആയോഗ് കണക്കുപ്രകാരം അവരുടെ സംഖ്യ 7.7 ദശലക്ഷമാണ്.
അതിൽ, കാറോടിക്കുന്നവരും, ഭക്ഷണവും പാഴ്സലുകളും എത്തിക്കുന്നവരും വീടുകളിൽ വന്ന് സൌന്ദര്യവർദ്ധന സേവനം ചെയ്യുന്നവരും എല്ലാം ഉൾപ്പെടും. ഫോണുകൾ തൊഴിലിടങ്ങളായി മാറിയ യുവജനതയാണ് ഈ ഗോത്രത്തിൽ ഭൂരിഭാഗവും. ആപ്പാണ് അവരുടെ തൊഴിൽ നിശ്ചയിക്കുന്നത്. ദിവസക്കൂലിക്കാരുടേതിനേക്കാൾ അരക്ഷിതമാണ് അവരുടെ തൊഴിൽ സാഹചര്യം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, വർദ്ധിച്ചുവരുന്ന ചിലവുകളുടെ കാരണവും പറഞ്ഞ് രണ്ട് തൊഴിൽദാതാക്കളെങ്കിലും ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. പീരിയോഡിക്ക് ലേബർ ഫോഴ്സ് സർവേ (ജൂലായ്-സെപ്റ്റംബർ 2022) പ്രകാരം, 15-നും 29-നുമിടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മാ നിരക്ക് 18.5 ആയിരിക്കുന്ന അവസ്ഥയിൽ, കരാറോ നിയമവശങ്ങളോ നോക്കാതെ, എന്തെങ്കിലുമൊരു തൊഴിലിൽ എത്തിപ്പെടാനുള്ള നെട്ടോട്ടത്തിലാണ് ഈ വിഭാഗങ്ങൾ.
നഗരങ്ങളിൽ മറ്റ് ദിവസക്കൂലിക്കാരേക്കാൾ ഗുണം പറ്റുന്നത് ഗിഗ് തൊഴിലാളികളായതിന് പല കാരണങ്ങളുണ്ട്. “തുണികളും ബാഗുകളും വിൽക്കുന്ന കടയിൽ കൂലിയായിട്ടാണ് ഞാൻ ജോലി ചെയ്തിരുന്നത്. സ്വിഗ്ഗി ഡെലിവറിക്ക് ചേരാൻ എനിക്ക് ഒരു ബൈക്കും ഫോണും മാത്രമേ വേണ്ടിയിരുന്നുള്ളു. ഭാരമുള്ളത് ചുമക്കുകയോ, ശാരീരികാദ്ധ്വാനമുള്ള പണി ചെയ്യുകയോ ഒന്നും വേണ്ട എനിക്കിവിടെ”, സാഗർ പറയുന്നു. വൈകീട്ട് 6 മണിക്കുശേഷം റായ്പൂരിൽ ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിച്ചാൽ, ദിവസത്തിൽ 300 മുതൽ 400 രൂപവരെ കിട്ടും. ഉത്സവസീസണുകളിൽ 500 രൂപപോലും കിട്ടിയേക്കും. അയാളുടെ തിരിച്ചറിയാൽ കാർഡ് 2039 വരെ കാലാവധിയുണ്ടെങ്കിലും അയാളുടെ രക്ത ഗ്രൂപ്പോ അടിയന്തരമായി ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പറുകളോ ഒന്നും അതിലില്ല. അവയൊക്കെ ശരിയാക്കാനുള്ള സമയം കിട്ടുന്നില്ലെന്ന് അയാൾ പറയുന്നു.
എന്നാൽ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി, രാവിലത്തെ സമയം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സാഗറിന് മാസശമ്പളമായി 11,000 രൂപയും പ്രോവിഡന്റ് ഫണ്ടും ചികിത്സാ ഇൻഷുറൻസും ലഭിക്കുന്നുണ്ട് ഈ അധികവരുമാനവും സ്ഥിരതയും, പൈസ മിച്ചം വെക്കാൻ അയാളെ സഹായിക്കുന്നു. “ഒരു ജോലി മാത്രമുണ്ടായിരുന്നപ്പോൾ എനിക്ക് പണം മിച്ചം പിടിക്കാനോ, നാട്ടിൽ കുടുംബത്തിലേക്ക് അയയ്ക്കാനോ, കൊറോണ മൂലമുണ്ടായ കടങ്ങൾ വീട്ടാനോ സാധിച്ചിരുന്നില്ല. ഇപ്പോൾ ഒന്നുമില്ലെങ്കിൽ അല്പം പണം മിച്ചം പിടിക്കാനാകുന്നുണ്ട്”.
അവിടെ ബിലാസ്പുരിൽ, സാഗറിന്റെ അച്ഛൻ സായിറാം നഗരത്തിൽ ഒരു പച്ചക്കറിക്കട നടത്തുന്നു. അമ്മ സുനിത വീട്ടിൽ അനിയന്മാരെ – ആറുവയസ്സുള്ള ഭാവേഷിനേയും ഒരു വയസ്സുള്ള ചരണേയും – നോക്കുന്നു. ചത്തീസ്ഗഢിലെ ഒരു ദളിത് സമുദയക്കാരാണ് കുടുംബം. സാമ്പത്തിക സാഹചര്യങ്ങൾമൂലം 10-ആം ക്ലാസ്സ് കഴിഞ്ഞപ്പോൾ എനിക്ക് പഠനം നിർത്തേണ്ടിവന്നു. അപ്പോഴാണ് റായ്പൂരിലേക്ക് മാറാനും ജോലി ചെയ്യാനും തീരുമാനിച്ചത്”.
വണ്ടിയോടിക്കുന്ന പണി എളുപ്പമുള്ളതുകൊണ്ടാണ് അത് ഏറ്റെടുത്തതെന്നാന് ഹൈദരാബാദിൽ, ആപ്പടിസ്ഥാനത്തിൽ കാറോടിക്കുന്ന ഷെയ്ക്ക് പറയുന്നത്. മൂന്ന് പെണ്മക്കളുടെ അച്ഛനായ ഷെയ്ക്ക് തന്റെ സമയം തൊഴിലാളി സംഘടനാപ്രവർത്തനത്തിനും ഡ്രൈവിംഗിനുമായി ചിലവഴിക്കുന്നു. വണ്ടിയോടിക്കുന്നത് മിക്കവാറും രാത്രിസമയത്താണ്. “ആ സമയത്ത് തിരക്ക് കുറവായിരിക്കും. കുറച്ച് കൂടുതൽ പണവും കിട്ടും”, മാസത്തിൽ ചിലവുകളെല്ലാം കഴിച്ച്, 15,000 മുതൽ 18,000 രൂപവരെ സമ്പാദിക്കുന്ന ഷെയ്ക്ക് പറയുന്നു.
കൂടുതൽ സമ്പാദിക്കാൻ സാധിക്കുമെന്നതുകൊണ്ടാണ് കൊൽക്കൊത്തയിലേക്ക് കുടിയേറിയ രമേഷ്, ആപ്പടിസ്ഥാനത്തിൽ ഡെലിവറി നടത്തുന്ന തൊഴിലിലേക്ക് മാറിയത്. അച്ഛൻ മരിച്ചതിനുശേഷം കുടുംബത്തെ പോറ്റാനായി സ്കൂൾ പഠനം ഉപേക്ഷിക്കേണ്ടിവന്നത് 10-ആം ക്ലാസ്സിൽവെച്ചാണ്. “അമ്മയെ സഹായിക്കാൻ എന്തെങ്കിലും വരുമാനം ആവശ്യമായിരുന്നു. അല്ലറ ചില്ലറ പണികൾ പലതും ചെയ്തു. കടകളിലും മറ്റും”, കഴിഞ്ഞ 10 വർഷത്തെ ജീവിതത്തിനെക്കുറിച്ച് അയാൾ പറയുന്നു.
കൊൽക്കൊത്തയിലെ ജാദവ്പുരിൽ പാഴ്സലുകൾ എത്തിക്കുന്ന അയാൾക്ക് ഗതാഗതത്തിരക്കുമൂലം സിഗ്നലുകളിൽ കാത്തുനിൽക്കേണ്ടിവരുമ്പോഴാണ് സമ്മർദ്ദം കൂടുന്നത്. “സമയത്തിനെത്തിക്കാനായി ഞാൻ നല്ല വേഗത്തിലാണ് പോവുക. എപ്പോഴും തിരക്കിലായിരിക്കും. മഴക്കാലത്താണ് കൂടുതൽ ബുദ്ധിമുട്ട്. വിശ്രമവും ഭക്ഷനവും ആരോഗ്യവുമൊക്കെ ബലികഴിച്ചാണ് ഞങ്ങൾ ടാർജറ്റ് തികയ്ക്കുന്നത്”, അയാൾ പറയുന്നു. വലിയ പാഴ്സലുകൾ ചുമലിലെ സഞ്ചിയിൽ തൂക്കിയിടുന്നതുകൊണ്ട് പുറംവേദനയും ഉണ്ടാവാറുണ്ട്. “അത്ര ഭാരമുള്ള സാധനങ്ങളാണ് ഞങ്ങളെല്ലാവരും കൊണ്ടുപോവുന്നത്. ഈ ഡെലിവറി ചെയ്യുന്ന എല്ലാവർക്കും പുറംവേദന അനുഭവപ്പെടുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് ചികിത്സാസൌകര്യങ്ങളൊന്നും (ഇൻഷുറൻസ്) ഇല്ല”, അയാൾ കൂട്ടിച്ചേർത്തു.
ജോലിയിൽ ചേർന്ന് ബംഗളൂരുവിന് ചുറ്റും യാത്രചെയ്യാൻ സുന്ദർ നാലുമാസം മുമ്പ് ഒരു സ്കൂട്ടർ വാങ്ങി. മാസത്തിൽ 20,000 മുതൽ 25,000 രൂപവരെ സമ്പാദിക്കുന്നുണ്ടെങ്കിലും, സ്കൂട്ടറിന്റെ വായ്പ്പാ തിരിച്ചടവ്, പെട്രോൾ, വീട്ടുവാടക, വീട്ടുചിലവുകൾ എന്നിവയ്ക്ക് 16,000 രൂപയോളം ചിലവ് വരുന്നുണ്ടെന്ന് അയാൾ പറയുന്നു.
എട്ട് സഹോദരങ്ങളിൽ ഏറ്റവും ഇളയവനായ അയാൾ മാത്രമാണ് കുടുംബത്തിൽ, സ്വദേശമായ നേപ്പാളിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ഇപ്പുറത്ത് വന്ന് ജോലി ചെയ്യുന്നത്. കൃഷിക്കാരും ദിവസവേതനക്കാരുമടങ്ങുന്നതാണ് നാട്ടിലെ അയാളുടെ കുടുംബം. “കുറച്ച് സ്ഥലം വാങ്ങിയതിന്റെ കടം അടച്ചുതീർക്കേണ്ടതുണ്ട് എനിക്ക്. അത് തീർക്കുന്നതുവരെ ഈ ജോലി ചെയ്യാനാണ് ഞാൻ ആലോചിക്കുന്നത്”, അയാൾ പറഞ്ഞു.
*****
“മാഡം, നിങ്ങൾക്ക് ഡ്രൈവ് ചെയ്യാനറിയുമോ?”
ശബ്നംബാനു ഷെഹദാലിക്ക് പലപ്പോഴും കേൾക്കേണ്ടിവരുന്ന ചോദ്യമാണിത്. കഴിഞ്ഞ നാലുവർഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന അഹമ്മദാബാദിലെ 26 വയസ്സുള്ള ഇവർ ലൈംഗികച്ചുവയുള്ള വർത്തമാനങ്ങളെയൊക്കെ തള്ളിക്കളയുകയാണ് പതിവ്.
ഭർത്താവ് ഒരപകടത്തിൽ കൊല്ലപ്പെട്ടതിനുശേഷമാണ് അവർക്ക് ഈ ജോലി ഏറ്റെടുക്കേണ്ടിവന്നത്. “സ്വന്തമായി റോഡ് മുറിച്ചുകടക്കാൻപോലും എനിക്കറിയില്ലായിരുന്നു”, പഴയ ദിവസങ്ങൾ ഓർത്തുകൊണ്ട് അവർ പറഞ്ഞു. ആദ്യം അവർ ഒരു സിമുലേറ്റർ വെച്ച് ഡ്രൈവിംഗ് പരിശീലിച്ചു. പിന്നീട് റോഡിലും. അതിനുശേഷം, 2018-ൽ, ഒരു കാർ വാടകയ്ക്കെടുത്ത്, ആപ്പ് അധിഷ്ഠിത കാർ സർവീസിൽ ജോലിക്ക് ചേർന്നു, ഒരു കുട്ടിയുടെ അമ്മയായ ഇവർ.
“ഇപ്പോൾ ഞാൻ ഹൈവേകളിലൂടെ വണ്ടിയോടിക്കുന്നു”, പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
തൊഴിലില്ലായ്മാ സ്ഥിതിവിവരക്കണക്കുപ്രകാരം, പുരുഷന്മാരേക്കാൾ സ്ത്രീകളാണ് തൊഴിലിൽനിന്ന് പുറത്താവുന്നത്. 24.7 ശതമാനം. അതിനൊരു അപവാദമാണ് ശബ്നംബാനു. തന്റെ സമ്പാദ്യംകൊണ്ട് മകൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ കഴിയുന്നു എന്ന കാര്യത്തിൽ അവർ അഭിമാനിക്കുന്നു.
വണ്ടിയോടിക്കുന്ന സ്ത്രീ എന്ന നിലയിൽ യാത്രക്കാർക്കുണ്ടാവുന്ന കൌതുകം അവസാനിച്ചുവെങ്കിലും മറ്റ് പ്രശ്നങ്ങളാണ് ഇപ്പോൾ അവരെ അലട്ടുന്നത്. “റോഡിൽ, കക്കൂസുകൾ വളരെ ദൂരത്താണ്. പെട്രോൾ പമ്പുകൾ അത് പലപ്പോഴും പൂട്ടിവെച്ചിട്ടുണ്ടാവും. പുരുഷന്മാർ മാത്രമുള്ളതിനാൽ താക്കോൽ ചോദിക്കാൻ എനിക്ക് മടിയാണ്. കക്കൂസ് സൌകര്യങ്ങൾക്ക് പുറമേ, വരുമാനത്തിലുള്ള അന്തരവും സുരക്ഷിതത്വമില്ലായ്മയും സ്ത്രീകൾക്ക് അനുഭവിക്കേണ്ടിവരുന്നു എന്ന് ഇന്ത്യയിലെ ഗിഗ് സമ്പദ്മേഖലയിലെ സ്ത്രീത്തൊഴിലാളികൾ എന്ന പേരിൽ വന്ന പഠനം ചൂണ്ടിക്കാട്ടുന്നു.
വല്ലാതെ മുട്ടുമ്പോൾ ഗൂഗിൾ ചെയ്ത് ഏറ്റവുമടുത്ത് സൌകര്യം എവിടെയാണെന്ന് കണ്ടുപിടിച്ച്, രണ്ടോ മൂന്നോ കിലോമീറ്റർ ദൂരം അധികം യാത്ര ചെയ്യും ശബ്നംബാനു. “ഏറ്റവും കുറച്ച് വെള്ളം കുടിക്കുക എന്നതൊഴിച്ചാൽ മറ്റ് പരിഹാരമൊന്നുമില്ല. എന്നാൽ അപ്പോൾ എനിക്ക് ഈ ചൂടിൽ തലചുറ്റുകയും ചെയ്യും. ചിലപ്പോൾ ബോധം മറിയും. അപ്പോൾ ഞാൻ കാർ റോഡിന്റെ അരികിലേക്കിട്ട് കുറച്ചുനേരം വിശ്രമിക്കും”, അവർ പറയുന്നു.
കൊൽക്കൊത്തയിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പായുമ്പോൾ ഇതേ പ്രശ്നംതന്നെയാണ് രമേഷും അനുഭവിക്കുന്നത്. “ദിവസത്തിലെ ടാർജറ്റ് തികയ്ക്കാനുള്ള പരക്കം പാച്ചിലിൽ, ടോയ്‌ലറ്റിൽ പോകുന്നതൊക്കെ പ്രധാനമല്ലാതാവുന്നു”, ആശങ്കയോടെ അയാൾ പറഞ്ഞു.
“ഒരു ഡ്രൈവർക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നുവെന്ന് കരുതുക. അതേസമയത്തുതന്നെ ഒരാളെ കൊണ്ടുപോവുകയും വേണം. അങ്ങിനെ വരുമ്പോൾ, കസ്റ്റമറോട് പറ്റില്ലെന്ന് പറയുന്നതിനുമുമ്പ് ചിന്തിക്കേണ്ടിവരും”, ഷെയ്ക്ക് പറയുന്നു. തെലുങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയന്റെ (ടി.ജി.പി.ഡബ്ല്യു.യു) സ്ഥാപകനും പ്രസിഡന്റുമാണ് അദ്ദേഹം. ഒരു ഓട്ടം ഒഴിവാക്കിയാൽ / പറ്റില്ലെന്ന് പറഞ്ഞാൽ, ആപ്പിൽ നിങ്ങൾക്ക് മാർക്ക് കുറയും. ചിലപ്പോൾ പിഴയടപ്പിക്കുകയോ, ഒഴിവാക്കുകയോ, മാറ്റിനിർത്തുകയോ ചെയ്തേക്കാം. മുഖമില്ലാത്ത ഒരു സംവിധാനത്തോട് അപേക്ഷിച്ച്, ശുഭപ്രതീക്ഷ വെച്ചുപുലർത്താനേ നിങ്ങൾക്ക് കഴിയൂ”.
“ഇന്ത്യയിലെ 92 ശതമാനം തൊഴിലാളികളും അനൌപചാരികമേഖലയിലാണ് പണിയെടുക്കുന്നതെന്നും ആവശ്യമായ സാമൂഹികസുരക്ഷ ലഭിക്കുന്നില്ലെന്നുമാണ് എസ്.ഡി.ജി.8-ലേക്കുള്ള ഇന്ത്യയുടെ റോഡ് മാപ്പ് എന്ന് പേരിട്ട റിപ്പോർട്ടിൽ നീതി ആയോഗ് സൂചിപ്പിക്കുന്നത്. മറ്റ് വിഷയങ്ങൾക്കുപുറമേ, “തൊഴിലവകാശങ്ങൾ സംരക്ഷിക്കുക, സുരക്ഷിതവും അപകടരഹിതവുമായ തൊഴിൽ സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക’ എന്നിവയിലാണ് ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയ്നബിൾ ഡെവലപ്പ്മെന്റ് ഗോൾസ്-8 പ്രധാനമായും ഊന്നുന്നത്.
2020-ൽ പാർലമെന്റ് കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി (സാമൂഹികസുരക്ഷയ്ക്കുള്ള നിയമാവലി) പാസ്സാക്കി. 2029-30 ഓടെ 23.5 ദശലക്ഷമാവുമെന്ന് ( മൂന്നിരട്ടി ) കരുതപ്പെടുന്ന ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾക്കുവേണ്ടി സാമൂഹിക സുരക്ഷാപദ്ധതികൾ രൂപവത്ക്കരിക്കാൻ പാർലമെന്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
*****
ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സംസാരിച്ച പല തൊഴിലാളികളും പ്രകടിപ്പിച്ചത്, ‘യജമാനൻ’ ഇല്ലാത്തതുകൊണ്ടുള്ള ഒരു സ്വാതന്ത്ര്യബോധത്തെക്കുറിച്ചാണ്. ഈയൊരു കാരണംകൊണ്ടാണ്, ബംഗളൂരുവിലെ തുണിവില്പനക്കാരന്റെ പഴയ ജോലിയേക്കാൾ താൻ ഈ ജോലി ഇഷ്ടപ്പെടുന്നതെന്ന്, പാരിയോട് സംസാരിക്കാൻ തുടങ്ങിയ ആദ്യത്തെ മിനിറ്റിൽത്തന്നെ സുന്ദർ സൂചിപ്പിച്ചു. “ഇവിടെ ഞാനാണ് എന്റെ യജമാനൻ. എനിക്കിഷ്ടമുള്ളപ്പോൾ ജോലി ചെയ്യാം. അവസാനിപ്പിക്കാം”. പക്ഷേ വായ്പ അടച്ചുകഴിഞ്ഞാൽ, താൻ കൂടുതൽ സ്ഥിരതയും ഇത്ര തിരക്കില്ലാത്തതുമായ ഒരു ജോലിക്കായി അന്വേഷണം തുടങ്ങുമെന്ന് സൂചിപ്പിക്കാൻ സുന്ദർ മറന്നില്ല.
ത്രിപുരയിൽനിന്നുള്ള ശംഭുനാഥിന് സംസാരിക്കാൻ അധികം സമയമില്ല. പുനെയിലെ പ്രചാരവും തിരക്കുമുള്ള ഒരു ഭക്ഷണകേന്ദ്രത്തിനുമുന്നിൽ കാത്തുനിൽക്കുകയായിരുന്നു അയാൾ. ഭക്ഷണമെടുക്കാനും വിതരണം ചെയ്യാനും തയ്യാറായി, സൊമാറ്റോവിന്റേയും സ്വിഗ്ഗിയുടേയും നിരവധി ഏജന്റുമാർ ബൈക്കുകളിൽ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ നാലുവർഷമായി പുനെയിൽ ജോലിചെയ്യുന്ന അയാൾക്ക് മറാത്തി നല്ല വശമുണ്ടായിരുന്നു.
സുന്ദറിനെപ്പോലെ അയാൾക്കും, 17,000 രൂപ ശമ്പളം കിട്ടിയിരുന്ന ഷോപ്പിംഗ് മാളിലെ തന്റെ പഴയ ജോലിയേക്കാൾ ഈ ജോലിയോടാണ് ഇഷ്ടം. “ഈ ജോലി നല്ലതാണ്. ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരു വാടകവീട് എടുത്തിട്ടുണ്ട്. ദിവസത്തിൽ ഞാൻ ഒരു ആയിരം രൂപവരെ സമ്പാദിക്കുന്നുണ്ട്”, ശംഭുനാഥ് പറയുന്നു.
കോവിഡ് 19-ലെ അടച്ചുപൂട്ടൽ കാലത്താണ് രൂപാലി കോലി തന്റെ ബ്യൂട്ടീഷ്യൻ ജോലി സ്വതന്ത്രമായി ചെയ്യാൻ ആരംഭിച്ചത്. “ഞാൻ ജോലി ചെയ്തിരുന്ന പാർലർ ഞങ്ങളുടെ ശമ്പളം പകുതിയാക്കി കുറച്ചപ്പോൾ ഞാൻ സ്വന്തം നിലയ്ക്ക് ജോലി ചെയ്യാനാരംഭിച്ചു”, ഒരു ആപ്പധിഷ്ഠിത ജോലി ചെയ്യുന്ന കാര്യം അവർ ആലോചിച്ചിരുന്നുവെങ്കിലും പിന്നീടത് വേണ്ടെന്നുവെച്ചു. “സ്വന്തമായി അദ്ധ്വാനിക്കുകയും, സൌന്ദര്യവർദ്ധക വസ്തുക്കൾ കൊണ്ടുവരികയും യാത്രയ്ക്ക് പണം ചിലവാക്കുകയും ചെയ്യുമ്പോൾ എന്തിനാണ് ഞാൻ വല്ലവർക്കും 40 ശതമാനം കൊടുക്കുന്നത്? 100 ശതമാനം അവർക്ക് കൊടുത്ത് 60 ശതമാനം തിരിച്ചുവാങ്ങാൻ എനിക്ക് താത്പര്യമില്ല”.
മുംബൈയിലെ മാധ് ദ്വീപിലെ അന്ധേരി താലൂക്കിൽനിന്നുള്ള ഒരു മത്സ്യബന്ധന കുടുംബത്തിൽനിന്നാണ് 32 വയസ്സുള്ള രൂപാലി വരുന്നത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്ത്, അച്ഛനമ്മമാരേയും ഭർത്താവിനേയും അദ്ദേഹത്തിന്റെ സഹോദരീസഹോദരന്മാരെയും സഹായിക്കുന്നുണ്ട് അവർ. “ഈ വിധത്തിലാണ് ഞാൻ എന്റെ വീടിനും വിവാഹത്തിനും വഴി കണ്ടെത്തിയത്”, അവർ പറയുന്നു. മഹാരാഷ്ട്രയിൽ പ്രത്യേക പിന്നാക്കവിഭാഗമായി (എസ്.ബി.സി) പട്ടികപ്പെടുത്തിയിട്ടുള്ള കോലി സമുദായാംഗമാണ് അവർ.
ഏകദേശം എട്ട് കിലോഗ്രാം വരുന്ന ഒരു ട്രോളി ബാഗും, ചുമലിൽ മൂന്ന് കിലോഗ്രാം വരുന്ന ഒരു ബാഗും തൂക്കി നഗരത്തിൽ യാത്ര ചെയ്യുകയാണ് രൂപാലി. ജോലികൾക്കിടയ്ക്ക്, വീട്ടിലെ ജോലികൾ ചെയ്യാനും മൂന്നുനേരം ഭക്ഷണമുണ്ടാക്കാനും അവർ സമയം കണ്ടെത്തുന്നു. “നമ്മൾ നമ്മുടെ യജമാനന്മാരാവണം”, നിശ്ചയദാർഢ്യത്തോടെ പറയുകയാണ് രൂപാലി.
ഹൈദരാബാദിൽനിന്ന് അമൃത കൊസുരു, റായ്പൂരിൽനിന്ന് പുരുസോത്തം താക്കൂർ, അഹമ്മദബാദിൽനിന്ന് ഉമേഷ് സോളങ്കി, കൊൽക്കൊത്തയിൽനിന്ന് സ്മിത ഖതോർ, ബെംഗളൂരുവിൽനിന്ന് പ്രീതി ഡേവിഡ്, പുനെയിൽനിന്ന് മേധാ കാലെ, മുംബയിൽനിന്ന് റിയ ബെഹ്‌ൽ എന്നിവർ ചേർന്ന് തയ്യാറാക്കുകയും മേധാ കാലെ, പ്രതിഷ്ത പാണ്ഡ്യ, ജോഷ്വ ബോധിനേത്ര, സാൻവിതി അയ്യർ, റിയാ ബെഹ്‌ൽ, പ്രീതി ഡേവിഡ് എന്നിവർ എഡിറ്റോറിയൽ പിന്തുണ നൽകുകയും ചെയ്ത റിപ്പോർട്ട്.
കവർ ചിത്രം: പ്രീതി ഡേവിഡ്
പരിഭാഷ: രാജീവ് ചേലനാട്ട്