ഇപ്പോള്‍ രാവിലെ 10:30 ആയിരിക്കുന്നു. ഹണി രാവിലെ ജോലിക്ക് തയ്യാറെടുക്കുകയാണ്. ഡ്രസ്സിംഗ് ടേബിളിന് മുന്‍പില്‍നിന്ന് അവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചുവന്ന ലിപ്സ്റ്റിക്ക് ഇടുകയാണ്. “ഇത് എന്‍റെ ഉടയാടകളുമായി നന്നായി ചേരും”, തന്‍റെ ഏഴുവയസ്സുകാരിയായ പുത്രിയെ ഭക്ഷണം കഴിപ്പിക്കാന്‍ തിരക്കു കൂട്ടുന്നതിനിടയില്‍ അവര്‍ പറഞ്ഞു. മേശയില്‍ കുറച്ചു മുഖാവരണങ്ങളും ഒരുജോഡി ഇയര്‍ഫോണുകളും തൂങ്ങിക്കിടക്കുന്നു. മുറിയുടെ ഒരു മൂലയ്ക്കുള്ള ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ദൈവങ്ങളുടെയും ബന്ധുക്കളുടെയും ഫോട്ടോകള്‍ കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ചമയവസ്തുക്കളും മേശപ്പുറത്ത് ചിതറിക്കിടക്കുന്നു.

ഹണി (പേര് മാറ്റിയിരിക്കുന്നു) തന്‍റെ വീട്ടില്‍നിന്നും 7-8 കിലോമീറ്റര്‍ അകലെയുള്ള ഒരു ഹോട്ടലില്‍ ഇടപാടുകാരനെ കാണാനായി തയ്യാറെടുക്കുകയാണ്. ന്യൂ ഡല്‍ഹിയിലെ മംഗോള്‍പുരിയിലെ താമസസ്ഥലത്തുള്ള ഒരു ഒറ്റമുറിയാണ് ഹണിയുടെ വീട്. 32-കാരിയായ അവര്‍ ലൈംഗികതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തലസ്ഥാനത്തെ നാംഗ്ലോയി ജാട്ട് പ്രദേശത്താണ് അവരുടെ പ്രവര്‍ത്തനം. അവര്‍ യഥാര്‍ത്ഥത്തില്‍ ഗ്രാമീണ ഹരിയാനയില്‍ നിന്നുവരുന്നു. “10 വര്‍ഷം മുന്‍പ് വന്ന ഞാന്‍ ഇപ്പോള്‍ ഇവിടെയാണ്‌. പക്ഷെ ഡല്‍ഹിയില്‍ വന്നതിനുശേഷമുള്ള എന്‍റെ ജീവിതം നിര്‍ഭാഗ്യകരങ്ങളായ ഒരു സംഭവ പരമ്പരയാണ്.”

എന്ത് തരത്തിലുള്ള നിര്‍ഭാഗ്യങ്ങള്‍?

“നാല് ഗര്‍ഭമലസലുകള്‍, തൊ ബഹുത് ബഡി ബാത് ഹേ [വളരെ വലിയ കാര്യമാണ്]! എന്നെ ഭക്ഷണം കഴിപ്പിക്കാനോ നോക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ ആരുമില്ലാതിരുന്ന സമയത്ത് അതാണ്‌ സംഭവിച്ചത്”, ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഇത്രയുംകാലം കടന്ന് ഇവിടെത്തിയത് സ്വന്തം നിലയ്ക്കാണ് എന്ന സൂചന അതിലുണ്ടായിരുന്നു.

“ഇതുമാത്രമാണ് ഈയൊരു ജോലി ഞാന്‍ സ്വീകരിക്കാനുണ്ടായ ഒരേയൊരു കാരണം. എനിക്കു ഭക്ഷണം കഴിക്കാനോ അപ്പോഴും ഉള്ളിലുണ്ടായിരുന്ന കുട്ടിയുടെ പോഷണം നോക്കാനോ കൈയില്‍ പണമുണ്ടായിരുന്നില്ല. ഞാന്‍ അഞ്ചാംതവണ ഗര്‍ഭിണിയായിരിക്കുന്നു. ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചുപോയി. എന്‍റെ അസുഖവുമായി ബന്ധപ്പെട്ടുണ്ടായ ഒരുകൂട്ടം സംഭവങ്ങളുടെ പേരില്‍ ഞാന്‍ ജോലിചെയ്യുകയായിരുന്ന, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന ഫാക്ടറിയില്‍നിന്നും ബോസ് എന്നെ പുറത്താക്കി. അവിടെനിന്നും എനിക്ക് പ്രതിമാസം 10,000 രൂപ കിട്ടുമായിരുന്നു”, അവര്‍ പറഞ്ഞു.

ഹണിയുടെ മാതാപിതാക്കള്‍ 16-ാം വയസ്സില്‍ ഹരിയാനയില്‍ വച്ച് അവരെ വിവാഹം കഴിച്ചയച്ചതാണ്. അവര്‍ ഭര്‍ത്താവിനോടൊത്ത് അവിടെ മൂന്നുവര്‍ഷം താമസിച്ചു. അയാള്‍ ഒരു ഡ്രൈവര്‍ ആയിരുന്നു. ഹണിക്ക് ഏതാണ്ട് 22 വയസ്സുള്ളപ്പോള്‍ അവര്‍ ഡല്‍ഹിക്ക് തിരിച്ചു. പക്ഷെ അവിടെത്തിയശേഷം മദ്യപനായ അവരുടെ ഭര്‍ത്താവ് പലപ്പോഴും അപ്രത്യക്ഷമാകുമായിരുന്നു. “മാസങ്ങളോളം അയാള്‍ പോകുമായിരുന്നു. എവിടെ? എനിക്കറിയില്ല. ഇപ്പോഴും അയാളത് ചെയ്യുന്നു, ഒരിക്കലും പറയുകയുമില്ല. വെറുതെ മറ്റുസ്ത്രീകള്‍ക്കൊപ്പം പോകുന്നു, പണം തീരുമ്പോള്‍ തിരിച്ചുവരുന്നു. ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അയാള്‍ മിക്ക സമയത്തും തനിയെ സമയം ചിലവഴിക്കുകയായിരുന്നു. എനിക്ക് 4 തവണ ഗര്‍ഭം അലസിയതിനു കാരണമതാണ്. അയാള്‍ എനിക്കുവേണ്ട മരുന്നുകളോ പോഷകാഹാരങ്ങളോ കൊണ്ടുവരുമായിരുന്നില്ല. എല്ലായ്പ്പോഴും എനിക്ക് ക്ഷീണം തോന്നിയിരുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

'I was five months pregnant and around 25 when I began this [sex] work', says Honey
PHOTO • Jigyasa Mishra

‘ഈ ജോലി [ലൈംഗിക തൊഴില്‍] തുടങ്ങിയ സമയത്ത് എനിക്ക് 25 വയസ്സ് പ്രായമായിരുന്നു, 5 മാസം ഗര്‍ഭിണിയും’, ഹണി പറയുന്നു

ഹണി ഇപ്പോള്‍ അവരുടെ മകളോടൊപ്പം മംഗോള്‍പുരിയിലെ വീട്ടില്‍ താമസിക്കുന്നു. വീടിന് പ്രതിമാസം 3,500 രൂപ വാടകയും നല്‍കുന്നു. ഭര്‍ത്താവ് അവരോടൊപ്പം താമസിക്കുന്നു, പക്ഷെ കുറച്ചുമാസങ്ങള്‍ കൂടുമ്പോള്‍ അപ്രത്യക്ഷമാകുന്ന പരിപാടി ഇപ്പോഴും തുടരുന്നു. “ജോലി നഷ്ടപ്പെട്ടതിനുശേഷം കഴിഞ്ഞികൂടാന്‍ ഞാന്‍ കുറേ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. അപ്പോള്‍ ഗീത ദീദി എന്നോട് ലൈംഗിക തൊഴിലിനെക്കുറിച്ച് പറയുകയും ആദ്യത്തെ ഇടപാടുകാരനെ എനിക്കെത്തിച്ചു നല്‍കുകയും ചെയ്തു. ഈ ജോലി തുടങ്ങിയ സമയത്ത് എനിക്ക് 25 വയസ്സ് പ്രായമായിരുന്നു, 5 മാസം ഗര്‍ഭിണിയും”, അവര്‍ പറഞ്ഞു. ഞങ്ങള്‍ സംസാരം തുടരുന്നതിനിടയില്‍ അവര്‍ മകള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടര്‍ന്നു. ഹണിയുടെ മകള്‍ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ 2-ാം ക്ലാസ്സില്‍ പഠിക്കുന്നു. പ്രതിമാസം 600 രൂപയാണ് ഫീസ്. ലോക്ക്ഡൗണ്‍ സമയത്ത് ഹണിയുടെ ഫോണിലാണ് മകള്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തത് - അവരുടെ ഇടപാടുകാര്‍ അവരുമായി ബന്ധപ്പെടുന്ന അതേ ഫോണില്‍ത്തന്നെ.

“ലൈംഗിക തൊഴിലില്‍ നിന്ന് വാടക കൊടുക്കാനും ഭക്ഷണവും മരുന്നും വാങ്ങാനുമുള്ള പണം എനിക്ക് ലഭിക്കുന്നു. തുടക്കസമയത്ത് പ്രതിമാസം ഏതാണ്ട് 50,000 രൂപ ഞാന്‍ ഉണ്ടാക്കിയിരുന്നു. അന്ന് ഞാന്‍ സുന്ദരിയും ചെറുപ്പവുമായിരുന്നു. ഇന്നെനിക്ക് ഭാരം കൂടിയിരിക്കുന്നു”, പൊട്ടിച്ചിരിച്ചുകൊണ്ട് ഹണി പറഞ്ഞു. “പ്രസവ ശേഷം മറ്റൊരുജോലിക്ക് ശ്രമിച്ചിട്ട്, വീട്ടുജോലിയോ തൂപ്പുകാരിയോ ആണെങ്കില്‍പ്പോലും, ഈ ജോലി ഉപേക്ഷിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ വിധിക്ക് എന്നെക്കുറിച്ച് മറ്റു പദ്ധതികളാണ് ഉള്ളത്.

“അഞ്ചാംതവണ ഗര്‍ഭിണി ആയിരിക്കുന്ന സമയത്തുപോലും പണമുണ്ടാക്കണമെന്ന് എനിക്ക് കടുത്ത ആഗ്രഹമായിരുന്നു, കാരണം അഞ്ചാമതും ഗര്‍ഭം അലസണമെന്ന് എനിക്കില്ലായിരുന്നു. സാദ്ധ്യമാകുന്ന ഏറ്റവും മികച്ച മരുന്നും പോഷകാഹാരവും വരാന്‍പോകുന്ന എന്‍റെ കുട്ടിക്ക് നല്‍കണമെന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് 9 മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ഞാന്‍ ഇടപാടുകാരെ സ്വീകരിക്കുന്നത്. പ്രസവസമയത്ത് കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് ഇത് നയിക്കുമോ എന്നതിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു”, ഹണി പറഞ്ഞു.

“ഗര്‍ഭത്തിന്‍റെ അവസാന മൂന്നു മാസങ്ങളില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത് പലതരത്തില്‍ അപകടകരമാകാം”, ലഖ്‌നൗവില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. നീലം സിംഗ് പാരിയോടു പറഞ്ഞു. “അവര്‍ക്ക് ചര്‍മ്മം വിണ്ടുകീറുകയും ലൈംഗികമായി പകരുന്ന രോഗംമൂലം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ചെയ്യാം. മാസം തികയുന്നതിനുമുന്‍പ് പ്രസവിക്കയോ കുഞ്ഞിന് ലൈംഗികമായി പകരുന്ന രോഗം പിടിപെടുകയോ ചെയ്യാം. ഗര്‍ഭധാരണത്തിന്‍റെ ആദ്യസമയത്ത് ലൈംഗികബന്ധം നടക്കുകയാണെങ്കില്‍ അത് ഗര്‍ഭം അലസുന്നതിലേക്കും നയിക്കാം. ലൈംഗികതൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നത് പൊതുവെ ഒഴിവാക്കും. പക്ഷെ, ഗര്‍ഭിണിയായാലും തൊഴില്‍ തുടരും. ഇത്, പ്രത്യുത്പാദനപരമായ ആരോഗ്യത്തെ അപകടപ്പെടുത്തിക്കൊണ്ട്, വൈകിയുള്ളതും സുരക്ഷിതമല്ലാത്തതുമായ ഗര്‍ഭം അലസലിനു കാരണമാകാം.”

“അസഹ്യമായ ചൊറിച്ചിലും വേദനയും നിമിത്തം ഒരിക്കല്‍ സോണോഗ്രഫി ചെയ്തപ്പോള്‍ തുടയിലും അടിവയറ്റിലും അസാധാരണമായ അലര്‍ജി ഉണ്ടെന്നും യോനിയില്‍ വീക്കമുണ്ടെന്നും എനിക്കു മനസ്സിലായി. വേദനകൊണ്ടും തുടര്‍ന്നുണ്ടാകാവുന്ന ചിലവിനെക്കുറിച്ചുമോര്‍ത്തപ്പോള്‍ സ്വയം കൊല്ലാന്‍ എനിക്കുതോന്നി”, ഹണി പറഞ്ഞു. ഇത് ലൈംഗികമായി പകരുന്ന രോഗമാണെന്ന് ഡോക്ടര്‍ അവരോട് പറഞ്ഞു. “പക്ഷെ അപ്പോള്‍, എന്‍റെ ഇടപാടുകാരിലൊരാള്‍ എനിക്ക് വൈകാരികവും സാമ്പത്തികമായ പിന്തുണ നല്‍കി. ഒരിക്കലും ഞാന്‍ ഡോക്ടറോട് എന്‍റെ തൊഴിലിനെക്കുറിച്ച് പറഞ്ഞില്ല. അത് പ്രശ്നങ്ങള്‍ വരുത്തിവയ്ക്കാം. ഭര്‍ത്താവിനെ കാണണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നുവെങ്കില്‍ ഞാനെന്‍റെയൊരു ഇടപാടുകാരനെ കാണിക്കുമായിരുന്നു.”

“ആ മനുഷ്യന് നന്ദി. എനിക്കും എന്‍റെ മകള്‍ക്കും ഇന്ന് കുഴപ്പമൊന്നുമില്ല. എന്‍റെ ചികിത്സയുടെ സമയത്ത് പകുതി ബില്ലുകള്‍ അയാളാണ് അടച്ചത്. അപ്പോഴാണ് ഞാന്‍ തീരുമാനിച്ചത് ഈ തൊഴിലുമായി മുന്നോട്ടു പോകുമെന്ന്”, ഹണി പറഞ്ഞു.

'I felt like killing myself with all that pain and the expenses I knew would follow,' says Honey, who had contracted an STD during her pregnancy
PHOTO • Jigyasa Mishra
'I felt like killing myself with all that pain and the expenses I knew would follow,' says Honey, who had contracted an STD during her pregnancy
PHOTO • Jigyasa Mishra

‘വേദനകൊണ്ടും തുടര്‍ന്നുണ്ടാകാവുന്ന ചിലവിനെക്കുറിച്ചുമോര്‍ത്തപ്പോള്‍ സ്വയം കൊല്ലാന്‍ എനിക്കുതോന്നി’, ഗര്‍ഭധാരണ സമയത്ത് ലൈംഗികമായി പകരുന്ന രോഗം പിടിപെട്ട ഹണി പറഞ്ഞു

“നിരവധി സംഘടനകള്‍ അവരോട് ഉറ ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്”, നാഷണല്‍ നെറ്റ്‌വർക്ക് ഓഫ് സെക്സ് വര്‍ക്കേഴ്സ് (എന്‍.എന്‍.എസ്.ഡബ്ലിയു.) എന്ന സംഘടനയുടെ കോഓര്‍ഡിനേറ്ററായ കിരണ്‍ ദേശ്മുഖ് പറഞ്ഞു. “എന്നിരിക്കിലും, ലൈംഗിക തൊഴിലാളികളായ സ്ത്രീകളുടെയില്‍, ഗര്‍ഭമലസലിനേക്കാള്‍ ഗര്‍ഭഛിദ്രം കൂടുതല്‍ സാധാരണമാണ്. പക്ഷെ, പൊതുവെ അവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍, അവരുടെ തൊഴില്‍ മനസ്സിലാക്കുന്ന ഡോക്ടര്‍മാരും അവരെ അവഗണിക്കുന്നു.”

ഡോക്ടര്‍മാര്‍ എങ്ങനെയത് മനസ്സിലാക്കും?

“അവര്‍ ഗൈനക്കോളജിസ്റ്റുകളാണ്”, മഹാരാഷ്ട്രയിലെ സാംഗ്ലി കേന്ദ്രീകരിച്ചുള്ള വേശ്യ അന്യായ് മുക്തി പരിഷദ് (വി.എ.എം.പി.) എന്ന സംഘടനയുടെ പ്രസിഡന്‍റായ ദേശ്മുഖ് ചൂണ്ടിക്കാണിക്കുന്നു. “വിലാസം ചോദിച്ച് ഏത് സ്ഥലത്തുനിന്നാണ് സ്ത്രീകള്‍ വരുന്നതെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അവര്‍ അത് കണക്കുകൂട്ടിയെടുക്കും. പിന്നീട് സ്ത്രീകള്‍ക്ക് തീയതി [ഗര്‍ഭഛിദ്രത്തിനുള്ളത്] നല്‍കുന്നു, അത് പലപ്പോഴും നീട്ടിവയ്ക്കുന്നു. പലപ്പോഴും ഗര്‍ഭഛിദ്രം സാദ്ധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ ഏറ്റവും അവസാനം പ്രഖ്യാപിക്കും. ഇങ്ങനെയായിരിക്കും അപ്പോള്‍ പറയുക: ‘നിങ്ങള്‍ക്ക് നാല് മാസത്തിലധികമായി [ഗര്‍ഭിണി ആയതിനുശേഷം], ഇപ്പോള്‍ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണ്’.”

കുറച്ചധികം സ്ത്രീകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചിലതരത്തിലുള്ള വൈദ്യസഹായം തേടിപോകുന്നത് ഒഴിവാക്കുന്നു. ഐക്യരാഷ്ട്ര വികസന പരിപാടിയുടെ (United Nations Development Programme) മനുഷ്യക്കടത്തിനെയും എച്.ഐ.വി./എയ്ഡ്സിനെയും കുറിച്ചുള്ള പദ്ധതിയുടെ (Trafficking and HIV/AIDS project) 2007-ലെ ഒരു റിപ്പോര്‍ട്ടനുസരിച്ച് , ഏതാണ്ട് “50 ശതമാനം ലൈംഗിക തൊഴിലാളികളും [9 സംസ്ഥാനങ്ങളില്‍ കണക്കെടുപ്പ് നടത്തിയപ്രകാരം] റിപ്പോര്‍ട്ട് ചെയ്തത് ജനനപൂര്‍വ്വ പരിചരണം, ആശുപത്രിയിലെ പ്രസവം എന്നിവ പോലെയുള്ള സേവനങ്ങള്‍ പൊതു ആരോഗ്യ സൗകര്യങ്ങളില്‍ നിന്ന് തേടാറില്ലെന്നാണ്.” അപമാനഭയം, സമീപനം, പെട്ടെന്ന് നടത്തേണ്ടിവരുന്ന പ്രസവം എന്നിവ അതിനുള്ള കാരണങ്ങളില്‍ പെടുന്നതായിക്കാണാം.

“ഈ തൊഴില്‍ പ്രത്യുത്പാദനപരമായ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു”, അജീത് സിംഗ് പറഞ്ഞു. 25 വര്‍ഷത്തിലധികമായി ലൈംഗിക മനുഷ്യക്കടത്തിനെതിരെ പൊരുതുന്ന വാരണാസിയില്‍ നിന്നുള്ള ഗുഡിയ സംസ്ഥാന്‍ എന്ന സംഘടനയുടെ സ്ഥാപകനും ഡയറക്ടറുമാണ് അദ്ദേഹം. ഡല്‍ഹിയിലെ ജി.ബി. റോഡ്‌ പ്രദേശത്ത് സ്ത്രീകളെ സഹായിക്കുന്ന സംഘടനകളോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം തന്‍റെ അനുഭവത്തില്‍ നിന്നും പറഞ്ഞത് “ലൈംഗിക തൊഴിലിലുള്ള 75-80 ശതമാനം സ്ത്രീകള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള പ്രത്യുത്പാദനപരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ്.”

“നാംഗ്ലോയി ജാട്ടില്‍ “ഞങ്ങള്‍ക്ക് എല്ലാത്തരത്തിലുള്ള ഇടപാടുകാരുമുണ്ട്”, ഹണി പറഞ്ഞു. “എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ മുതല്‍ പോലീസുകാര്‍ വരെ, വിദ്യാര്‍ത്ഥികള്‍ മുതല്‍ റിക്ഷാവലിക്കാര്‍ വരെ എല്ലാവരും ഞങ്ങളുടെ അടുത്തു വരുന്നു. ചെറുതായിരുന്നപ്പോള്‍ നന്നായി പണം നല്‍കുന്നവരോടൊപ്പം മാത്രമെ ഞങ്ങള്‍ പോകുമായിരുന്നുള്ളൂ. പക്ഷെ പ്രായം വര്‍ദ്ധിക്കുന്നതനുസരിച്ച് തിരഞ്ഞെടുക്കുന്നത് ഞങ്ങള്‍ നിര്‍ത്തി. യഥാര്‍ത്ഥത്തില്‍ ഈ ഡോക്ടര്‍മാരും പോലീസുകാരുമായി ഞങ്ങള്‍ക്ക് നല്ല ബന്ധം നിലനിര്‍ത്തണം. ഒരിക്കലും നിങ്ങള്‍ക്കറിയില്ല, എപ്പോള്‍ നിങ്ങള്‍ക്കവരെ ആവശ്യംവരും എന്ന്.”

അവര്‍ക്കൊരു (ഹണിക്ക്) മാസം എത്ര ലഭിക്കും?

“ഈ ലോക്ക്ഡൗണ്‍ സമയം ഒഴിവാക്കിയാല്‍ ഒരുമാസം ഏകദേശം 25,000 രൂപ ഞാന്‍ ഉണ്ടാക്കുമായിരുന്നു. പക്ഷെ അതൊരു ഏകദേശ കണക്കാണ്. ഇടപാടുകാരുടെ തൊഴിലനുസരിച്ച് കിട്ടുന്നത് വ്യത്യാസപ്പെടാം. മുഴുവന്‍ രാത്രിയുമാണോ, അതോ കുറച്ച് മണിക്കൂറുകള്‍ മാത്രമാണോ ഞങ്ങള്‍ ചിലവഴിക്കുന്നത് (അവരോടൊപ്പം) എന്നതിനേയും ഇത് ആശ്രയിച്ചിരിക്കുന്നു”, ഹണി പറഞ്ഞു. “ഇടപാടുകാരെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ഞങ്ങള്‍ അവരോടൊപ്പം ഹോട്ടലിലേക്ക് പോകില്ല, പകരം അവരെ ഞങ്ങളുടെ സ്ഥലത്തേക്ക് വിളിക്കും. പക്ഷെ എന്‍റെ കാര്യത്തില്‍ ഞാനവരെ ഇവിടെ നാംഗ്ലോയി ജാട്ടില്‍ ഗീത ദീദിയുടെ സ്ഥലത്തേക്ക് കൊണ്ടുവരും. ഓരോമാസവും കുറച്ച് രാത്രികളും പകലുകളും ഞാനിവിടെ ചിലവഴിക്കും. ഇടപാടുകാരന്‍ എനിക്കു തരുന്നതിന്‍റെ പകുതി അവരെടുക്കും. അതവരുടെ കമ്മീഷനാണ്.” തുകയില്‍ വലിയ വ്യത്യാസമുണ്ടാകാം. പക്ഷെ തന്‍റെ ഒരു മുഴുവന്‍ രാത്രിക്കുമുള്ള ഏറ്റവും കുറഞ്ഞ കൂലി 1,000 രൂപയാണെന്ന് അവര്‍ പറഞ്ഞു.

Geeta (in orange) is the overseer of sex workers in her area; she earns by offering her place for the women to meet clients
PHOTO • Jigyasa Mishra
Geeta (in orange) is the overseer of sex workers in her area; she earns by offering her place for the women to meet clients
PHOTO • Jigyasa Mishra

ഗീത (ഓറഞ്ച് വസ്ത്രം) തന്‍റെ പ്രദേശത്തെ ലൈംഗിക തൊഴിലാളികളുടെ മേല്‍നോട്ടക്കാരിയാണ്. ഇടപാടുകാരെ കണ്ടുമുട്ടാന്‍ സ്ത്രീകള്‍ക്ക് തന്‍റെ സ്ഥലം നല്‍കുന്നതിലൂടെയാണ് അവര്‍ വരുമാനം കണ്ടെത്തുന്നത്

പ്രായം നാല്‍പ്പതുകളുടെ തുടക്കത്തിലുള്ള ഗീത തന്‍റെ പ്രദേശത്തെ ലൈംഗിക തൊഴിലാളികളുടെ മേല്‍നോട്ടക്കാരിയാണ്. ദേഹവ്യാപാര രംഗത്ത് ഉണ്ടെങ്കിലും, മറ്റ് സ്ത്രീകള്‍ക്ക് തന്‍റെ സ്ഥലം നല്‍കി അവരില്‍നിന്നും കമ്മീഷന്‍ വാങ്ങി വരുമാനം തേടുന്നതാണ് അവരുടെ പ്രധാനരീതി. “ആവശ്യമുള്ള സ്ത്രീകളെ ഞാന്‍ ഈ തൊഴിലില്‍ എത്തിക്കുന്നു. അവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സ്ഥലമില്ലാത്തപ്പോള്‍ ഞാനെന്‍റേത് നല്‍കുന്നു. അവരുടെ വരുമാനത്തിന്‍റെ 50 ശതമാനം മാത്രമാണ് ഞാനെടുക്കുന്നത്”, ഗീത പറഞ്ഞു.

“എന്‍റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് കണ്ടു”, ഹണി പറഞ്ഞു. “പ്ലാസ്റ്റിക് ഫാക്ടറിയില്‍ ജോലിചെയ്തു തുടങ്ങി, ഭര്‍ത്താവ് മൂലം പുറത്താക്കപ്പെട്ട്, ഇപ്പോള്‍ ഫംഗസ്-യോനീ അണുബാധയുള്ള ജീവിതത്തില്‍ എത്തപ്പെട്ടിരിക്കുന്നു. ഇപ്പോഴും അതിനുവേണ്ടി മരുന്നും കഴിക്കുന്നു. ഇത് എല്ലാക്കാലത്തേക്കും എന്‍റെ വിധിയായി തോന്നുന്നു.” ഈ ദിവസങ്ങളില്‍ ഭര്‍ത്താവ് തങ്ങുന്നത് ഹണിയോടും മകളോടുമൊപ്പമാണ്.

അയാള്‍ക്ക് നിങ്ങളുടെ ജോലിയെക്കുറിച്ച് അറിയാമോ?

“വളരെ നന്നായി”, ഹണി പറഞ്ഞു. “അയാള്‍ക്കെല്ലാമറിയാം. ഇപ്പോള്‍ സാമ്പത്തികമായി എന്നെ ആശ്രയിക്കാന്‍ അയാള്‍ക്കൊരു കാരണംകൂടിയായി. ഇന്ന്, യഥാര്‍ത്ഥത്തില്‍, അയാളെന്നെ ഹോട്ടലില്‍ എത്തിക്കാനിരിക്കുകയാണ്. പക്ഷെ എന്‍റെ മാതാപിതാക്കള്‍ക്ക് [അവര്‍ കര്‍ഷക കുടുംബമാണ്] ഇതേപ്പറ്റി ഒരു സൂചനയുമില്ല. അവരിതൊരിക്കലും അറിയണമെന്ന് എനിക്കില്ല. അവര്‍ വളരെ പ്രായമുള്ള മനുഷ്യരാണ്, ഹരിയാനയില്‍ ജീവിക്കുന്നു.”

“1956-ലെ വേശ്യാവൃത്തി (നിരോധന) നിയമം [Immoral Traffic (Prevention) Act] അനുസരിച്ച് 18 വയസ്സിനു മുകളിലുള്ള ഏതൊരു വ്യക്തിയും ലൈംഗിക തൊഴിലാളിയുടെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നത് കുറ്റകരമാണ്”, വി.എ.എം.പി., എന്‍.എന്‍.എസ്.ഡബ്ലിയു. എന്നീ രണ്ടു സംഘടനകളുടെയും നിയമോപദേശകയായ പൂനെയില്‍ നിന്നുള്ള ആര്‍ത്തി പൈ പറഞ്ഞു. “അത് ലൈംഗിക തൊഴില്‍ ചെയ്യുന്ന സ്ത്രീയോടൊപ്പം താമസിച്ച് അവരുടെ വരുമാനത്തെ ആശ്രയിക്കുന്ന പ്രായപൂര്‍ത്തിയായ മക്കളാകാം, പങ്കാളി/ഭര്‍ത്താവാകാം, മാതാപിതാക്കളാകാം. അത്തരം ഒരു വ്യക്തിയെ 7 വര്‍ഷം വരെ തടവിന് ശിക്ഷിക്കാം.” പക്ഷെ ഹണി ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ ഒരു സാദ്ധ്യതയുമില്ല.

“ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം ഏതെങ്കിലുമൊരു ഇടപാടുകാരനെ കാണാന്‍ ഞാനാദ്യമായി പോവുകയാണ്. ഈ സമയത്ത് കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ, അല്ലെങ്കില്‍ ആരുംതന്നെ ഇല്ലായിരുന്നു”, അവര്‍ പറഞ്ഞു. “ഇപ്പോള്‍ നമ്മുടെ അടുത്ത് വരുന്ന മിക്കവരെയും, ഈ മഹാമാരി സമയത്ത്, വിശ്വസിക്കാന്‍ കഴിയില്ല. നേരത്തെ ഞങ്ങള്‍ക്ക് എച്.ഐ.വി.യും മറ്റു രോഗങ്ങളും [ലൈംഗികമായി പകരുന്ന] ഉണ്ടാകാതെ മുന്‍കരുതല്‍ എടുത്താല്‍ മതിയായിരുന്നു. ഇപ്പോള്‍ ഈ കൊറോണകൂടിയായി. ലോക്ക്ഡൗണ്‍ മുഴുവന്‍ ഞങ്ങള്‍ക്ക് ഒരു ശാപമായിരുന്നു. ഒട്ടും വരുമാനവുമില്ല, ഉള്ള സമ്പാദ്യംകൂടി തീരുകയും ചെയ്തു. രണ്ടുമാസത്തേക്ക് എനിക്കെന്‍റെ മരുന്നുകള്‍ പോലും വാങ്ങാന്‍ കഴിഞ്ഞില്ല [ഫംഗസ് കളയാനുള്ള ക്രീമുകളും ലോഷനുകളും], എന്തുകൊണ്ടെന്നാല്‍ ഉപജീവനത്തിനുള്ള ഭക്ഷണം വാങ്ങാന്‍ കഷ്ടിയാണ്‌ പറ്റിയത്”, ഹോട്ടലിലേക്ക് തന്നെ എത്തിക്കാനായി മോട്ടോര്‍ ബൈക്ക് എടുത്തുകൊണ്ടുവരാന്‍ ഭര്‍ത്താവിനെ വിളിക്കുന്നതിനിടയില്‍ ഹണി പറഞ്ഞു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jigyasa Mishra

জিজ্ঞাসা মিশ্র উত্তরপ্রদেশের চিত্রকূট-ভিত্তিক একজন স্বতন্ত্র সাংবাদিক।

Other stories by Jigyasa Mishra
Illustration : Antara Raman

বেঙ্গালুরুর সৃষ্টি ইন্সটিটিউট অফ আর্ট, ডিজাইন অ্যান্ড টেকনোলজির স্নাতক অন্তরা রামন একজন অঙ্কনশিল্পী এবং ওয়েবসাইট ডিজাইনার। সামাজিক প্রকরণ ও পৌরাণিকীতে উৎসাহী অন্তরা বিশ্বাস করেন যে শিল্প ও দৃশ্যকল্পের দুনিয়া আদতে মিথোজীবী।

Other stories by Antara Raman
Editor : P. Sainath

পি. সাইনাথ পিপলস আর্কাইভ অফ রুরাল ইন্ডিয়ার প্রতিষ্ঠাতা সম্পাদক। বিগত কয়েক দশক ধরে তিনি গ্রামীণ ভারতবর্ষের অবস্থা নিয়ে সাংবাদিকতা করেছেন। তাঁর লেখা বিখ্যাত দুটি বই ‘এভরিবডি লাভস্ আ গুড ড্রাউট’ এবং 'দ্য লাস্ট হিরোজ: ফুট সোলজার্স অফ ইন্ডিয়ান ফ্রিডম'।

Other stories by পি. সাইনাথ
Series Editor : Sharmila Joshi

শর্মিলা জোশী পিপলস আর্কাইভ অফ রুরাল ইন্ডিয়ার (পারি) পূর্বতন প্রধান সম্পাদক। তিনি লেখালিখি, গবেষণা এবং শিক্ষকতার সঙ্গে যুক্ত।

Other stories by শর্মিলা জোশী
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.