'ക്യാപ്റ്റൻ ഭാവു' ( രാമചന്ദ്ര ശ്രീപതി ലാഡ്)
സ്വാതന്ത്ര്യസമരസേനാനിയും തൂഫാൻ സേനയുടെ
തലവനും
22 ജൂൺ
1922 – 5 ഫെബ്രുവരി 2022
ഒടുവിൽ രാജ്യത്തിന്‍റെ യാത്രയയപ്പുകളോ അഭിവാദ്യങ്ങളോ ഇല്ലാതെ അദ്ദേഹം യാത്രയായി. രാജ്യത്തിന് വേണ്ടി പൊരുതിയ ഒരു മനുഷ്യൻ. എങ്കിലും, ലോകത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തിനെതിരെ തന്‍റെ സഖാക്കളോടൊപ്പം 1940-കളിൽ പൊരുതിയ ആ അസാമാന്യനായ മനുഷ്യനെ ആയിരക്കണക്കിനാളുകൾ ആരാധിച്ചിരുന്നു. 1943-ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് സത്താറയുടെ വിടുതൽ പ്രഖ്യാപിച്ച്, ഇതിഹാസതുല്യനായ നാനാ പാട്ടിലിന്‍റെ കീഴിൽ നിലവിൽവന്ന ഒളിവിലെ താത്ക്കാലിക സർക്കാരിന്‍റെ – പ്രതിസർക്കാർ എന്നായിരുന്നു അതിന്‍റെ പേർ – പ്രധാനപ്പെട്ട ഭാഗമായിരുന്നു രാമചന്ദ്ര ശ്രീപതി ലാഡ്.
എന്നാൽ അതുകൊണ്ടുമാത്രം മതിയാക്കിയില്ല ക്യാപ്റ്റൻ ഭാവുവും (ഒളിവിലെ പേരായിരുന്നു അത്) അദ്ദേഹത്തിന്‍റെ പടയാളികളും. മൂന്ന് വർഷത്തോളം - 1946 വരെ - ബ്രിട്ടീഷുകാരെ ഉപരോധിക്കുകയും 600-ഓളം ഗ്രാമങ്ങളിൽ സമാന്തര സർക്കാർ സ്ഥാപിക്കുകയും ചെയ്തു ആ പ്രതിസർക്കാർ. ഒരുതരത്തിൽ പറഞ്ഞാൽ, ബ്രിട്ടീഷ് രാജിനെ നിലയ്ക്ക് നിർത്തിയ ഒരു സർക്കാരിന്‍റെ ഭരണമാണ് ഫെബ്രുവരി 5-ലെ അദ്ദേഹത്തിന്‍റെ മരണത്തോടെ അവസാനിച്ചത്.
പ്രതിസർക്കാരിന്‍റെ ഒളിവിലുള്ള സായുധസേനയായ തൂഫാൻ സേനയെ (ചുഴലിക്കാറ്റ് സേനയെ) നയിച്ചത് ക്യാപ്റ്റൻ ഭാവു (ജ്യേഷ്ഠസഹോദരൻ) ആയിരുന്നു. ബ്രിട്ടീഷ് രാജിലെ ഉദ്യോഗസ്ഥർക്കുള്ള ശമ്പളവുമായി പോയിരുന്ന പ്രത്യേക തീവണ്ടിയെ, 1943 ജൂൺ 7-ന് മഹാരാഷ്ട്രയിലെ ഷെനോലിയിൽവെച്ച്, വീരനായകനായ ജി.ഡി. ബാപ്പു ലാഡിനോടൊപ്പം ആക്രമിച്ചത് ക്യാപ്റ്റൻ ഭാവുവിന്‍റെ നേതൃത്വത്തിലായിരുന്നു. ക്ഷാമകാലത്തും വരൾച്ചാകാലത്തും വിശന്നുവലഞ്ഞിരുന്ന കർഷകർക്കും തൊഴിലാളികൾക്കും വേണ്ടിയാണ് അന്ന് തട്ടിയെടുത്ത ആ പണം അവർ പ്രധാനമായും ഉപയോഗിച്ചത്.
പതിറ്റാണ്ടുകൾക്കുശേഷം, അദ്ദേഹവും പ്രതിസർക്കാരും വിസ്മൃതിയിലേക്ക് മാഞ്ഞുപോയപ്പോൾ പാരി ക്യാപ്റ്റന്‍ മൂത്ത സഹോദരനെ കണ്ടെടുക്കുകയും ആ പഴയ കഥകൾ ഓർത്തെടുപ്പിക്കുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹം വിമോചനവും സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഇന്ത്യ വിമോചിതമായി, പക്ഷേ സ്വാതന്ത്ര്യം ഇന്നും വിരലിലെണ്ണാവുന്ന ചില ആളുകളുടെ കൈയ്യിലാണ്, അദ്ദേഹം പറഞ്ഞു. മാത്രമല്ല, “ഇന്ന്, പണമുള്ളവൻ ഭരിക്കുന്നു. മുയലിനെ കൈവശപ്പെടുത്തിയവനാണ് ഇന്ന് വേട്ടക്കാരൻ - അതാണ് ഇന്നത്തെ നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ അവസ്ഥ”.
2018 നവംബറിൽ, 100,000 കർഷകർ പാർലമെന്‍റിലേക്ക് മാർച്ച് ചെയ്തപ്പോൾ, പാരി യുടെ ഭാരത് പാട്ടീൽ വഴി അവർക്ക് അദ്ദേഹം ഒരു വീഡിയോ സന്ദേശമയച്ചു. “ആരോഗ്യമുണ്ടായിരുന്നെങ്കിൽ, നിങ്ങളോടൊപ്പം ഞാനും ഇന്നവിടേക്ക് പ്രകടനം നടത്തുമായിരുന്നു”, ഇടിമുഴങ്ങുന്ന സ്വരത്തിലാണ് 96 വയസ്സുള്ള ആ മനുഷ്യൻ അത് പറഞ്ഞത്.
2021 ജൂണിൽ ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണാൻ ഞാൻ തീരുമാനിച്ചു. മഹാവ്യാധിയെ അദ്ദേഹം അതിജീവിച്ചുവെന്ന് സ്വയം ഉറപ്പ് വരുത്തുന്നതിനുവേണ്ടിയായിരുന്നു അത്. എന്‍റെ സഹപ്രവർത്തകയായ മേധ കാലെയോടൊപ്പം അദ്ദേഹത്തിന്‍റെ ജന്മദിനത്തിന്‍റെയന്ന് ഞങ്ങൾ ക്യാപ്റ്റനെ സന്ദർശിച്ചു. പാരി യുടെ വകയായി ചില സമ്മാനങ്ങളും ഞങ്ങൾ കരുതിയിരുന്നു. ഒരു നെഹ്രു ജാക്കറ്റ് (അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ളതായിരുന്നു അത്), കൈകൊണ്ട് കൊത്തുപണി ചെയ്ത ഒരു ഊന്നുവടി, അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളടങ്ങിയ ഒരു ആൽബം എന്നിവ. 2018-ൽ കണ്ടതിനേക്കാൾ വളരെയധികം ചുരുങ്ങിപ്പോയിരുന്ന ആ മനുഷ്യനെ കണ്ട് ഞാൻ ഞെട്ടിപ്പോയി. ക്ഷീണിതനും, അസ്വസ്ഥനുമായിരുന്നു അദ്ദേഹം. തീരെ സംസാരിക്കാനും കഴിയാതായിരുന്നു. എങ്കിലും ഞങ്ങൾ കൊണ്ടുവന്ന സമ്മാനങ്ങൾ അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. സാംഗ്ലിയിലെ കൊടും ചൂട് വകവെക്കാതെ അദ്ദേഹം നെഹ്രു ജാക്കറ്റ് ധരിച്ച്, ഊന്നുവടി കാൽമുട്ടുകൾക്ക് വിലങ്ങനെ വെച്ച്, ഫോട്ടോ ആൽബത്തിൽ മുഴുകിയിരുന്നു.
ഏഴ് പതിറ്റാണ്ട് അദ്ദേഹത്തിന്‍റെ ജീവിതസഖിയും ശക്തിദുർഗ്ഗവുമായിരുന്ന കല്പന ലാഡ് ഏതാണ്ട് ഒരുവർഷം മുൻപ് അദ്ദേഹത്തെ വിട്ടുപോയ കാര്യം ഞങ്ങളറിഞ്ഞത് അപ്പോൾ മാത്രമാണ്. നികത്താനാവാത്ത ആ നഷ്ടം ആ വന്ദ്യവയോധികനെ പാടെ തകർത്തുകളഞ്ഞിരുന്നു. യാത്രപറയുമ്പോൾ, ഇനിയൊരുപക്ഷേ വീണ്ടും അദ്ദേഹത്തെ കാണലുണ്ടാവില്ലെന്നൊരു തോന്നൽ എനിക്കുണ്ടായി.
“മരിക്കുമ്പോൾ അദ്ദേഹം ആ നെഹ്രു ജാക്കറ്റ് ധരിച്ചിരുന്നു” എന്ന് ദീപക്ക് ലാഡ് എന്നെ ഫോണിൽ അറിയിച്ചു. കൊത്തുപണികളുള്ള ആ ഊന്നുവടിയും സമീപത്തുണ്ടായിരുന്നു. സംസ്ഥാന ബഹുമതികളോടെ ശവസംസ്കാരം നടത്താമെന്ന് അധികാരികൾ വാക്കുകൊടുത്തിരുന്നുവെങ്കിലും, അത് വെറുംവാക്കായെന്ന് ദീപക്ക് എന്നോട് പറഞ്ഞു. എന്നിട്ടും, ക്യാപ്റ്റന്‍റെ അന്ത്യയാത്രയ്ക്ക് നിരവധിയാളുകൾ ഒത്തുകൂടിയിരുന്നു.
പാരി ക്ക് ഇതുവരെയായി 44 ദേശീയവും അന്തർദ്ദേശീയവുമായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്‍റെ ജന്മനാടായ കുണ്ഡലിൽ ആ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചപ്പോൾ അദ്ദേഹം അയച്ചുതന്ന സന്ദേശത്തേക്കാൾ വലിയ മറ്റൊരു പുരസ്കാരം ഞങ്ങൾക്കിനി കിട്ടാനില്ല. ദീപക്ക് ലാഡ് വഴി 2017-ല്‍ അദ്ദേഹം അയച്ചതുതന്ന സന്ദേശം ഇതായിരുന്നു:
“പി. സായ്‌നാഥും പാരിയും പുനരുജ്ജീവിപ്പിക്കുന്നതുവരെ, പ്രതിസർക്കാരിന്‍റെ സമഗ്രമായ ചരിത്രം മൃതമായി കിടക്കുകയായിരുന്നു. നമ്മുടെ ചരിത്രത്തിലെ ആ വലിയ അദ്ധ്യായം മായ്ച്ചുകളയപ്പെട്ടിരുന്നു. വിമോചനത്തിനും സ്വാതന്ത്ര്യത്തിനുമായി ഞങ്ങൾ പൊരുതിയെങ്കിലും, വർഷങ്ങൾ കടന്നുപോയപ്പോൾ ഞങ്ങളുടെ സംഭാവനകൾ മറവിയിലേക്ക് തള്ളപ്പെട്ടു. ഞങ്ങൾ ഉപേക്ഷിക്കപ്പെട്ടവരായി. എന്‍റെ കഥ കേൾക്കാൻ സായ്‌നാഥ് കഴിഞ്ഞ വർഷം വീട്ടിൽ വന്നു. ബ്രിട്ടീഷ് തീവണ്ടിക്കെതിരെ ഞങ്ങൾ ആക്രമണം നടത്തിയ ഷെനോലിയിലെ ആ സ്ഥലത്തേക്ക് എന്നോടൊപ്പം അദ്ദേഹം വന്നു. ഞങ്ങൾ പൊരുതിയ ആ ട്രാക്ക് നിൽക്കുന്ന സ്ഥലംവരെ.
“എന്നേയും എന്‍റെ സഹസൈനികരെയും കുറിച്ചുള്ള ഈ സിനിമയിലൂടെ, ലേഖനത്തിലൂടെ, പ്രതിസർക്കാരിന്‍റെ ഓർമ്മയ്ക്കും ജനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിനും സായ്നാഥും പാരിയും പുതുജീവൻ നൽകിയിരിക്കുകയാണ്. ഞങ്ങളുടെ അഭിമാനത്തേയും അന്തസ്സിനേയും പുനരുജ്ജീവിപ്പിച്ചു. സമൂഹത്തിന്‍റെ മനസ്സാക്ഷിയിലേക്ക് ഞങ്ങളെ വീണ്ടെടുത്തിരിക്കുന്നു. ഇതായിരുന്നു ഞങ്ങളുടെ യഥാർത്ഥമായ കഥ.
“ആ സിനിമ കണ്ടപ്പോൾ ഞാൻ വികാരവിവശനായിപ്പോയി. മുമ്പ്, എന്‍റെ സ്വന്തം ഗ്രാമത്തിലെ ചെറുപ്പക്കാർക്കുപോലും ഒന്നും അറിയാമായിരുന്നില്ല. ഞാനാരാണെന്നോ എന്‍റെ പങ്ക് എന്താണെന്നോ ഒന്നും. എന്നാലിന്ന്, ഈ സിനിമയും ലേഖനവും പാരി യിൽ വന്നതിൽപ്പിന്നെ, യുവതലമുറപോലും ബഹുമാനത്തോടെ എന്നെ കാണാൻ തുടങ്ങി. ഇന്ത്യയെ വിമോചിപ്പിക്കുന്നതിൽ എന്‍റെ സഖാക്കളും ഞാനും വഹിച്ച പങ്ക് ഇന്നവർ തിരിച്ചറിയുകയും ചെയ്യുന്നു. എന്‍റെ ഈ അവസാന നാളുകളിൽ ഞങ്ങൾ ബഹുമാനിതരായിരിക്കുന്നു”.
സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും വലിയ കാലാൾ സൈനികനെയാണ് അദ്ദേഹത്തിന്‍റെ മരണത്തോടെ ഇന്ത്യയ്ക്ക് നഷ്ടമായത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നതിലെ അപകടസാധ്യതകളെല്ലാം മനസ്സിലാക്കിയിട്ടുപോലും, യാതൊരു പ്രതിഫലേച്ഛയും കൂടാതെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ ധീരനായ ഒരാളെ.
ഞങ്ങളുടെ ആദ്യത്തെ അഭിമുഖം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം ഭാരത് പാട്ടീൽ എനിക്കൊരു ചിത്രം അയച്ചുതന്നിരുന്നു. കുണ്ഡലിലെ കർഷകസമരത്തിൽ പങ്കെടുക്കുന്ന ആ പ്രായമായ മനുഷ്യന്‍റെ ചിത്രം. അടുത്ത തവണ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ആ വെയിലത്ത് അദ്ദേഹം എന്ത് ചെയ്യുകയായിരുന്നുവെന്ന്. ഇപ്പോൾ സമരം ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന്. സ്വാതന്ത്ര്യസമരത്തിന്‍റെ ഓർമ്മകളുണർത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“അന്നും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടിയായിരുന്നു സായ്‌നാഥ്, ഇന്നും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടിയാണ്”.
ഇവകൂടി വായിക്കുക: ക്യാപ്റ്റൻ മൂത്ത സഹോദരനും അയാളുടെ ചുഴലിക്കാറ്റ് സേനയും , പ്രതിസർക്കാരിന്‍റെ അവസാനത്തെ വിജയാഘോഷം
പരിഭാഷ: രാജീവ് ചേലനാട്ട്