ഗണേശ് സ്കൂളിലെ 9-ആം ക്ലാസ്സിലും അരുൺ മുകാനെ 7-ലും ഇരിക്കേണ്ടതായിരുന്നു. പകരം, അവർ വെറുതെ സമയം കളയുകയാണ് ഇപ്പോൾ. മുംബൈയിലെ താനെ ജില്ലയിലെ കൊലോശി എന്ന ഊരിൽ. കൈയ്യിൽ കിട്ടുന്ന ആക്രിസാധനങ്ങൾ ഉപയോഗിച്ച് അവർ കാറും മറ്റ് വസ്തുക്കളുമുണ്ടാക്കുന്നു. അതല്ലെങ്കിൽ, അച്ഛനമ്മമാർ ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുമ്പോൾ അവർ വെറുതെയിരുന്ന് സമയം ചിലവഴിക്കുന്നു.

“അവർ ഇപ്പോൾ പുസ്തകങ്ങൾ പഠിക്കുന്നില്ല. ഇളയ കുട്ടി, അരുൺ, ആക്രിസാധനങ്ങളും മരവും ഉപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കുന്നു”, അവന്റെ അമ്മ നീര മുകാനെ പറയുന്നു. അരുൺ ഇടയിൽക്കയറി അവരെ തടഞ്ഞു. “സ്കൂളിൽ എനിക്ക് ബോറടിക്കുന്നുവെന്ന് എത്ര തവണ ഞാൻ പലതവണ പറഞ്ഞിട്ടില്ലേ?”. അവരുടെ വർത്തമാനം ഒരിക്കലും നല്ല രീതിയിൽ അവസാനിക്കാറില്ല. വീടിന്റെ ചുറ്റുവട്ടത്തുനിന്ന് കിട്ടിയ പാഴ്വസ്തുക്കളിൽനിന്ന് ഈയടുത്ത് അവനുണ്ടാക്കിയ ഒരു കളിവണ്ടി കളിക്കാൻ അവൻ പുറത്തേക്ക് പോയി.

26 വയസ്സുള്ള നീര 7-ആം ക്ലാസ്സുവരെ പഠിച്ചിട്ടുണ്ടെങ്കിലും 35 വയസ്സുള്ള ഭർത്താവ് വിഷ്ണു 2-ആം ക്ലാസ്സിൽ പഠിപ്പ് നിർത്തി. കുളത്തിൽനിന്ന് മീൻ പിടിച്ചും, ഇഷ്ടികക്കളത്തിൽ പണിയെടുത്തും കഴിയുന്ന തങ്ങളുടെ ഗതി, മക്കൾക്കുണ്ടാകരുതെന്നും അവർക്ക് ഔപചാരിക വിദ്യാഭ്യാസം വേണമെന്നും നിർബന്ധമുണ്ടായിരുന്നു ആ രക്ഷിതാക്കൾക്ക്. ഇഷ്ടികക്കളത്തിൽ ജോലി ചെയ്യാനായി, നിരവധി ആദിവാസി കുടുംബങ്ങൾ ഷഹാപുർ-കല്യാൺ ഭാഗങ്ങളിലേക്ക് കുടിയേറ്റം നടത്താറുണ്ട്.

“എനിക്ക് അധികം പഠിക്കാൻ പറ്റിയില്ല. പക്ഷേ എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”, മഹാരാഷ്ട്രയിൽ, അതീവദുർബ്ബല ഗോത്രവിഭാഗത്തിൽ‌പ്പെടുന്ന (പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ് - പി.വി.ടി.ജി) മൂന്ന് സമുദായങ്ങളിലൊന്നായ കാട്കരി സമുദായക്കാരനായ വിഷ്ണു പറയുന്നു. ഗോത്രകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, സംസ്ഥാനത്ത്, ആ സമുദായത്തിന്റെ സാക്ഷരതാനിരക്ക് വെറും 41 ശതമാനം മാത്രമാണ്

അതുകൊണ്ട്, ആവശ്യത്തിനുള്ള കുട്ടികളില്ലാത്തതിനാൽ, പ്രദേശത്തെ സർക്കാർ സ്കൂൾ അടച്ചുപൂട്ടാൻ പോയപ്പോൾ, വിഷ്ണുവും ഭാര്യയും അവരുടെ മക്കളെ മഠ് ഗ്രാമത്തിലെ (മഠ് ആശ്രമം ശാല എന്നും വിളിക്കുന്നു) ഗവണ്മെന്റ് സെക്കൻഡറി ആശ്രം സ്കൂളിലേക്ക് മാറ്റി. സർക്കാരിന്റെ കീഴിൽ, ഒന്നാം ക്ലാസ്സുമുതൽ 12-ആം ക്ലാസ്സുവരെയുള്ള റസിഡൻഷ്യൽ സ്കൂളാണ് അത്. താനെ ജില്ലയിലെ മുർബാദിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ആ സ്കൂൾ. 379 കുട്ടികളിൽ 125 പേർ അവരുടെ മക്കളെപ്പോലെ താമസിച്ച് പഠിക്കുന്ന കുട്ടികളായിരുന്നു. “അവർ നിന്നുകൊണ്ട് പഠിക്കാനും ഭക്ഷണം കഴിക്കാനും അവർക്ക് സാധിക്കുമല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. കാണാൻ സാധിക്കാത്തതിൽ വിഷമുമുണ്ടെങ്കിലും”, വിഷ്ണു പറഞ്ഞു.

PHOTO • Mamta Pared
PHOTO • Mamta Pared

ഇടത്ത്: സ്വയമുണ്ടാക്കിയ മരത്തിന്റെ സൈക്കിളുമായി കളിക്കുന്ന അരുൺ മുഖാനെ. വലത്ത്: മുകാനെ കുടുംബം: വിഷ്ണു, ഗണേശ്, നീര, അരുൺ എന്നിവർ വീടിന്റെ മുമ്പിൽ

കോവിഡിനെത്തുടർന്നുണ്ടായ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും സ്കൂളുകൾ പൂട്ടുകയും ചെയ്തപ്പോൾ, മഠ് ആശ്രം ശാലയിൽ പഠിച്ചിരുന്ന, കൊലോശിയിലെ മിക്ക കുട്ടികളും സ്വന്തം വീടുകളിലേക്ക് മടങ്ങി.

വിഷ്ണുവിന്റെ ആൺ‌കുട്ടികളും വീട്ടിലേക്ക് തിരിച്ചെത്തി. അവർ തിരിച്ചെത്തിയാൽ, മറ്റെന്തെങ്കിലും ജോലികൂടി കണ്ടെത്തേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും, “അവർ തിരിച്ചുവന്നപ്പോൾ ആദ്യമൊക്കെ ഞങ്ങൾ സന്തോഷിച്ചു”, വിഷ്ണു പറയുന്നു. കുടുംബത്തെ പോറ്റാനായി, സമീപത്തുള്ള ഒരു തടയണയിൽനിന്ന് മീൻ പിടിച്ച് - രണ്ട്, മൂന്ന് കിലോഗ്രാംവരെ കിട്ടാറുണ്ട് - മുർബാദിൽ കൊണ്ടുപോയി വിൽക്കാറുണ്ടായിരുന്നു വിഷ്ണു. കുട്ടികൾ രണ്ടുപേരും വീട്ടിലെത്തിയതൊടെ, മീൻ വിറ്റ് മാത്രം ജീവിക്കാൻ പറ്റില്ലെന്നായി. അതുകൊണ്ട്, കുറച്ചുകൂടി പൈസ സമ്പാദിക്കാനായി സമീപത്തുള്ള ഇഷ്ടികക്കളത്തിൽ ജോലിക്ക് പോകാൻ തുടങ്ങി. ആയിരം ഇഷ്ടികകൾ ഉണ്ടാക്കിയാൽ 600 രൂപയായിരുന്നു കിട്ടുക. എന്നാൽ, എത്ര അദ്ധ്വാനിച്ചാലും 700-750 ഇഷ്ടികകളിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റാത്തതിനാൽ, അത്രയും പൈസ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ, രണ്ടുവർഷത്തിനുശേഷം സ്കൂൾ പുനരാരംഭിച്ചപ്പോൾ, വീട്ടുകാർ എത്രതന്നെ നിർബന്ധിച്ചിട്ടും ഗണേശും അരുണും സ്കൂളിലേക്ക് തിരിച്ചുപോകാൻ കൂട്ടാക്കിയില്ല. രണ്ടുവർഷം പഠിപ്പില്ലാതിരുന്നതിനാൽ, പൊരുത്തപ്പെടാൻ പറ്റുന്നില്ലെന്നും എന്താണ് ഏറ്റവുമൊടുവിൽ ചെയ്തതെന്ന് ഓർമ്മയില്ലെന്നുമായിരുന്നു അരുണിന്റെ വാദം. വിഷ്ണു തന്റെ പരമാവധി ശ്രമിച്ചു, അവരെ അയയ്ക്കാൻ. ഗണേശിനെയെങ്കിലും സ്കൂളിലേക്കയയ്ക്കാൻ അയാൾ പാഠപുസ്തകങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്തു.

4-ആം ക്ലാസ്സിൽ പഠിക്കുന്ന ഒമ്പതുവയസ്സുകാരൻ കൃഷ്ണ ഭഗ്‌വാൻ ജാദവിനും, അവന്റെ കൂട്ടുകാരൻ, 3-ആം ക്ലാസ്സുകാരനായ കാലുറാം ചന്ദ്രകാന്ത് പവ്വാറിനും ആശ്രം സ്കൂളിൽ പോകണമെന്ന് ആഗ്രഹമുണ്ട്. “ഞങ്ങൾക്ക് എഴുതാനും വായിക്കാനും ഇഷ്ടമാണ്” കൃഷ്ണനും കാലുവും ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ, രണ്ടുവർഷത്തെ വിടവ് വരുന്നതിനുമുൻപ് അവർക്ക് അധികമൊന്നും ഔപചാരിക വിദ്യാഭ്യാസം കിട്ടിയിരുന്നില്ല എന്നതിനാൽ, പഠിക്കാനുള്ള കഴിവ് ആദ്യം മുതൽ അവർക്ക് ആർജ്ജിക്കേണ്ടതുണ്ട്.

സ്കൂൾ അടച്ചതിൽ‌പ്പിന്നെ, കുടുംബത്തോടൊപ്പം പോയി, തോടുകളുടേയും പുഴകളുടേയും തീരങ്ങളിൽനിന്ന് മണൽ വാരാൻ യാത്ര ചെയ്യുകയാണ് ഇവർ. സ്കൂളുകൾ അടച്ചതിനാൽ, കൂടുതൽ അംഗങ്ങൾക്ക് ഭക്ഷണം ഒപ്പിക്കാൻ പെടാപ്പാടുപെടുകയാണ് ഇവർ.

PHOTO • Mamta Pared
PHOTO • Mamta Pared

ഇടത്ത്: താനെ ജില്ലയിലെ മഠ് ഗ്രാമത്തിലുള്ള സർക്കാർ സെക്കൻഡറി ആശ്രം സ്കൂൾ. വലത്ത് സമീപത്തുള്ള അരുവിയിൽ കളിക്കുന്ന കൃഷ്ണ ജാദവും (ഇടത്ത്) കാലുറാം പവാറും

*****

രാജ്യമാകമാനം, അഞ്ചാം ക്ലാസ്സിനുശേഷം കൊഴിഞ്ഞുപോകുന്ന പട്ടികവർഗ്ഗ സമുദായത്തിലെ കുട്ടികളുടെ ശതമാനം 35 ആണ്. 8-ആം ക്ലാസ്സിനുശേഷം അത് 55 ശതമാനമായി വർദ്ധിക്കുന്നു. കൊലോശിയിലെ ജനസംഖ്യയിൽ കൂടുതലും ഗോത്രവർഗ്ഗക്കാരാണ്. ഈ ഊരിൽ ഏകദേശം 16 കട്കാരി ആദിവാസി കുടുംബങ്ങളാ‍ണ് താമസം. മുർബാദ് ബ്ലോക്കിലും മാ താക്കൂർ ആദിവാസി വിഭാഗക്കാർ ധാരാളമുണ്ട്. ഈ രണ്ട് സമുദായങ്ങളിലേയും കുട്ടികൾ ആശ്രം ശാലയിൽ പഠിക്കുന്നവരാണ്.

അടച്ചുപൂട്ടൽ കാലത്ത് ഓൺ‌ലൈൻ ക്ലാസ്സുകൾ നടത്താൻ കഴിയുമെന്ന് ചില സ്കൂളുകൾ കരുതിയെങ്കിലും, ഗോത്രസമുദായ വിദ്യാർത്ഥികൾ കൂടുതലുള്ള മഠ് ആശ്രം ശാല സ്കൂളാകട്ടെ, സ്കൂൾ അടച്ചുപൂട്ടുകയായിരുന്നു.

“മിക്ക കുടുംബങ്ങൾക്കും കുട്ടികൾക്കും സ്മാർട്ട് ഫോൺ ഇല്ലാതിരുന്നതിനാൽ, ഓൺ‌ലൈൻ സ്കൂൾ നടപ്പാക്കൽ അസാധ്യമായിരുന്നു. അത്തരം ഫൊണുകളുള്ളവരാകട്ടെ, അച്ഛനമ്മമാരുടെ കൂടെ ജോലി ചെയ്യുകയുമായിരുന്നു”, പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു ടീച്ചർ പറയുന്നു. പല സ്ഥലങ്ങളിലും മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാതിരുന്നതിനാൽ കുട്ടികളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ചില അദ്ധ്യാപകർ കൂട്ടിച്ചേർത്തു.

അവർ ശ്രമിച്ചില്ലെന്നല്ല. 2021 അവസാനവും 2022-ന്റെ ആദ്യവും ചില സ്കൂളുകൾ പതിവ് ക്ലാസ്സുകൾ ആരംഭിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വിഷ്ണുവിന്റെ മക്കളായ ഗണേശ്, അരുൺ, കൃഷ്ണ, കാലുറാം തുടങ്ങിയ മറ്റുചിലർ, അവർക്ക് ക്ലാസ്സുമുറിയിലെ വിദ്യാഭ്യാസവുമായുള്ള ബന്ധം തുടരാനായില്ല. തിരിച്ചുപോകാനും അവർ തയ്യാറായില്ല.

“സ്കൂളിലേക്ക് തിരിച്ചുപോകാൻ നിർബന്ധിതരായ ചില കുട്ടികൾ വായിക്കാൻ മറന്നുപോയിരുന്നു”, ഒരു ടീച്ചർ പാരിയോട് പറഞ്ഞു. അത്തരം ചില കുട്ടികളെ ഒരു സംഘമാക്കി, ടീച്ചർമാർ അവർക്ക് വായനാ ക്ലാസ്സുകളെടുത്തു. അവർ ഏതാണ്ട് പഠനത്തിന്റെ വഴിയിലേക്കെത്തിയപ്പോഴായിരുന്നു 2021 ഫെബ്രുവരിയിലെ രണ്ടാമത്തെ ലോക്ക്ഡൌൺ വന്നത്. അതോടെ, രണ്ടാമതും പതുക്കെപ്പതുക്കെ പഠിക്കാൻ തുടങ്ങിയവർ വീണ്ടും വീടുകളിലേക്ക് തിരിച്ചുപോയി.

*****

PHOTO • Mamta Pared

കാലുറാമിനേയും കൃഷ്ണയുടേയും കൂടെ ലീല ജാദവ്. വേവിച്ച അരിയുടെ ഉച്ചഭക്ഷണം കഴിക്കുകയാണ് ആൺകുട്ടികൾ

“കിട്ടുന്ന പണം കൊണ്ട് കുട്ടികൾക്ക് ഭക്ഷണം വാങ്ങണോ അതോ മൊബൈൽ ഫോൺ വാങ്ങണോ? ഒരുവർഷത്തിലേറെയായി എന്റെ ഭർത്താവ് രോഗബാധിതനായി കിടപ്പിലാണ്”, കൃഷ്ണയുടെ അമ്മ ലീല ജാദവ് പറയുന്നു. “എന്റെ മൂത്ത മകൻ കല്യാണിൽ ഒരു ഇഷ്ടികച്ചൂളയിൽ പോയി”, അവർ കൂട്ടിച്ചേർത്തു. സ്കൂളിലെ പഠനത്തിനായി മത്രം ഇളയ മകന് മൊബൈൽ വാങ്ങിക്കൊടുക്കാനുള്ള പ്രാപ്തി അവർക്കില്ല.

കൃഷ്ണയും കാലുറാമും ഉച്ചയൂണ് കഴിക്കുകയാണ്. കൂട്ടിക്കഴിക്കാൻ പച്ചക്കറിയോ മറ്റൊന്നുമില്ലാതെ, വെറും ഒരു പ്ലേറ്റ് ചോറ്‌. ചോറുവെച്ച പാത്രത്തിന്റെ മൂടി ലീല മാറ്റി. അവർക്കും കുടുംബത്തിനും കഴിക്കാനുള്ള ബാക്കി ചോറ്‌ ഞങ്ങൾക്ക് കാണിച്ചുതരാനായി.

ഉപജീവനത്തിനായി, ദിയോഗറിലെ മറ്റുള്ളവരെപ്പോലെ, ലീലയും, തോടുകളുടെ കരയിലുള്ള മണൽ വാരുകയാണ്. ഒരു ട്രക്ക് നിറയെ മണലിന് 3,000 രൂപ കിട്ടും. മൂന്നുനാലുപേർ ഒരാഴ്ച അദ്ധ്വാനിച്ചാലേ അത്രയും മണൽ കിട്ടൂ. ആ പണം, തൊഴിലാളികൾക്കിടയിൽ വീതിക്കും.

ഊണ് കഴിക്കുന്നതിനിടയിൽ, ആരോടെന്നില്ലാതെ കാലുറാം ചോദിക്കുന്നു “ഞങ്ങൾക്കെപ്പോഴാന് വീണ്ടും പഠിക്കാൻ പറ്റുക?”. അതിനുള്ള ഉത്തരം കേൾക്കാൻ ലീലയും ആഗ്രഹിക്കുന്നു. കാരണം, അത് സാധിച്ചാൽ, വിദ്യാഭ്യാസത്തിന് പുറമേ, കുട്ടികൾക്ക് ഭക്ഷണവും ഉറപ്പുവരുത്താൻ സാധിക്കും.

*****

ഒടുവിൽ, 2022 ഫെബ്രുവരിയിൽ മഠ് ആശ്രം ശാല സ്കൂൾ വീണ്ടും തുറന്നു. ചില കുട്ടികൾ തിരിച്ചുപോയെങ്കിലും, 1-ആം ക്ലാസ്സുമുതൽ 8-ആം ക്ലാസ്സുവരെയുള്ള ഏകദേശം 15 കുട്ടികൾ തിരിച്ചുവന്നില്ല. “അവരെ തിരിച്ചെത്തിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ ആ കുട്ടികൾ അവരുടെ കുടുംബത്തോടൊപ്പം, താനെയിലും, കല്യാണിലും, ഷഹപുരിലും പണിയെടുക്കുകയാണ്. അവരെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്”, പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ടീച്ചർ പറഞ്ഞു.

പരിഭാഷ: രാജീവ് ചേലനാട്ട്

Mamta Pared

সাংবাদিক মমতা পারেদ (১৯৯৮-২০২২) ২০১৮ সালের পারি ইন্টার্ন ছিলেন। পুণের আবাসাহেব গারওয়ারে মহাবিদ্যালয় থেকে তিনি সাংবাদিকতা ও গণসংযোগে স্নাতকোত্তর পাশ করেছিলেন। আদিবাসী জনজীবন, বিশেষ করে যে ওয়ারলি জনগোষ্ঠীর মানুষ তিনি, তাঁদের রুটিরুজি তথা সংগ্রাম বিষয়ে লেখালেখি করতেন।

Other stories by Mamta Pared
Editor : Smruti Koppikar

স্মৃতি কোপ্পিকার একজন স্বতন্ত্র সাংবাদিক, লেখক ও মিডিয়া শিক্ষাবিদ।

Other stories by Smruti Koppikar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat