രണ്ടിലയും ഒരു മൊട്ടും തേടി അലയുകയാണ് രജീന്ദർ. കുന്നിൻ‌ചെരുവിൽ വരിവരിയായി ഒരേമട്ടിൽ നട്ട ചായപ്പൊന്തകൾ വകഞ്ഞുമാറ്റുകയാണ് അദ്ദേഹത്തിന്റെ വിരലുകൾ. തൊട്ടടുത്ത്, അദ്ദേഹത്ത്ന്റെ ഭാര്യ സുംന ദേവി കൊട്ടയുമായി തയ്യാറായി നിൽക്കുന്നു. ഹിമാലയത്തിലെ ധൌലാധാർ മലനിരകളിലെ കുന്നിൻ‌പുറങ്ങളിലെ മനുഷ്യർക്കുമീതെ, ഓഹി മരങ്ങൾ പൊക്കത്തിൽ തലയുയർത്തിനിന്നു.

വിളവെടുപ്പ് കാലമായിട്ടും, ഇലകൾക്കുവേണ്ടിയുള്ള രജീന്ദർ സിംഗിന്റ് ശ്രമത്തിന് ഒരു ഫലവുമുണ്ടായില്ല. കംഗ്ര ജില്ലയിലെ താണ്ട ഗ്രാമത്തിലുള്ള കൃഷിയിടത്തിലേക്ക് എന്നും അദ്ദേഹം എത്തുന്നു. കൂടെ ഒന്നുകിൽ സും‌നയോ അല്ലെങ്കിൽ 20 വയസ്സുള്ള മകൻ ആര്യനും. ഏപ്രിൽ-മേയ് മാസങ്ങളിലാണ് ആദ്യത്തെ പൂക്കൽ എന്ന് വിളിക്കുന്ന ചായയിലകൾ നുള്ളുന്ന കാലം. എന്നാൽ ഇക്കുറി നുള്ളാൻ ഒന്നുമില്ല.

‘നിങ്ങൾക്ക് ചൂട് തൊട്ടറിയാൻ കഴിയും. മഴ എവിടെയാണെന്നറിയില്ല”. ഹിമാചൽ പ്രദേശിലെ പാലമ്പൂർ തെഹ്സിലിലുള്ള തന്റെ ചായപ്പൊന്തകൾ ഉണങ്ങിവരളുന്നതിനെക്കുറിച്ച് ആശങ്കയോടെ അദ്ദേഹം പറയുന്നു.

കഴിഞ്ഞ രണ്ടുവർഷവും മഴ തീരെ ദുർബ്ബലമായിരുന്നതിനാൽ രജീന്ദറിന്റെ ആശങ്ക മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളു. “ചായത്തോട്ടങ്ങളുടെ തകർച്ചയ്ക്ക് കാരണം മഴയുടെ കാര്യത്തിലുണ്ടായ അവ്യവസ്ഥയാണ്” എന്ന് 2016-ലെ എഫ്.എ.ഒ. ഇന്റർഗവണ്മെന്റൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫെബ്രുവരിമുതൽ ഏപ്രിൽ‌വരെ മഴ അത്യാവശ്യമായിട്ടുള്ള ചായക്കൃഷിയിൽ കാലാവസ്ഥ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഈ റിപ്പോർട്ട് പഠിക്കുന്നത്. അതിനുശേഷം, ഏപ്രിലിലെ ആദ്യത്തെ വിളവെടുപ്പിലാണ് ഏറ്റവും കൂടുതൽ വില ലഭിക്കുക – ഒരു കിലോഗ്രാമിന് 800 മുതൽ 1,200 രൂപവരെ.

രണ്ട് ഹെക്ടർകൂടി പാട്ടത്തിനെടുത്ത രജീന്ദറിന് 2022 വളരെ പ്രധാനമായിരുന്നു. “എന്റെ വരുമാനം വർദ്ധിക്കുമെന്ന് ഞാൻ കരുതി” എന്ന് സൂചിപ്പിക്കുന്നു അദ്ദേഹം. സീസൺ അവസാനിക്കുമ്പൊഴേക്കും 4,000 കിലോഗ്രാം ചായ വിളവെടുക്കാൻ കഴിയുമെന്ന് ഇപ്പോൾ മൂന്ന് ഹെക്ടർ കൈയ്യിലുള്ള അയാൾ പ്രതീക്ഷിച്ചിരുന്നു. പാട്ടത്തിനെടുക്കാൻ 20,000 രൂപകൂടി അയാൾക്ക് ചിലവഴിക്കേണ്ടിവന്നു. ഉത്പാദനച്ചിലവിന്റെ 70 ശതമാനവും കൂലിയിനത്തിലാണെന്ന് അയാൾ പറയുന്നു. “ഒരു ചായത്തോട്ടം നിലനിർത്താൻ ധാരാളം അദ്ധ്വാനവും മറ്റ് ചിലവുകളും വേണ്ടിവരും’ എന്ന് സൂചിപ്പിച്ചു അയാൾ. ഇലകളുടെ സംസ്കരണത്തിന് വേറെയും പണം ആവശ്യമാണ്.

Rajinder searching for new leaves to pluck in the tea bushes. With his family (right), son Aryan and wife Sumna in their tea garden
PHOTO • Aakanksha
Rajinder searching for new leaves to pluck in the tea bushes. With his family (right), son Aryan and wife Sumna in their tea garden
PHOTO • Aakanksha

രജീന്ദർ പുതിയ ഇലകൾക്കായി ചായപ്പൊന്തകളിൽ പരതുന്നു. മകൻ ആര്യൻ (വലത്ത്), ഭാര്യ സും‌ന എന്നിവരോടൊപ്പം കുടുംബസമേതം ചായത്തോട്ടത്തിൽ

ഹിമാചൽ പ്രദേശിൽ മറ്റ് പിന്നാ‍ക്കവിഭാഗമായി (ഒ.ബി.സി.) പട്ടികപ്പെടുത്തിയിട്ടുള്ള ലബാന സമുദാ‍യമാണ് രജീന്ദറിന്റേത്. “കുടുംബത്തിലെ പൂർവ്വികരും ഇതേ തൊഴിലിലായിരുന്നു” എന്ന് രജീന്ദർ പറഞ്ഞു. ദീർഘകാലം അസുഖബാധിതനായി കിടന്ന അച്ഛൻ മരിച്ചതിൽ‌പ്പിന്നെയാണ് 15 വയസ്സിൽ രജീന്ദർ ഈ കൃഷിയിലേക്ക് ഇറങ്ങിയത്. നാല് സഹോദരങ്ങളിൽ മൂത്തവനായതിനാൽ, ചായത്തോട്ടം നോക്കിനടത്തേണ്ടത് തന്റെ കടമയായി കരുതി, സ്കൂൾപഠനം അവസാനിപ്പിക്കുകയായിരുന്നു അയാൾ.

തോട്ടം പരിപാലിക്കലും, പാനീയമാകുന്നതുവരെയുള്ള സംസ്കരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും കുടുംബം പങ്കെടുക്കുകയും ചെയ്യുന്നു. മകൾ അഞ്ചൽ ബിരുദപൂർവ്വ പഠനത്തിലാണ്. കള പറിക്കാനും പാക്ക് ചെയ്യാനും അവൾ സഹായിക്കുന്നു. കള പറിക്കലും, ഇല നുള്ളലും, ചെടികൾ വെട്ടിയൊതുക്കലും പാക്ക് ചെയ്യലും എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും മകൻ വ്യാപൃതനാണ്. 20 വയസ്സുള്ള അവൻ ഗണിതത്തിൽ ബിരുദപഠനം നടത്തുന്നു. സമയം കിട്ടുന്നതനുസരിച്ച് അദ്ധ്യാപകനായും ജോലി ചെയ്യുന്നു.

കംഗ്രയിലെ ചായത്തോട്ടങ്ങൾ കറുത്തതും പച്ചയുമായ ചായയിനങ്ങൾ ഉത്പാദിപ്പിക്കുന്നു. നാട്ടിൽ പ്രചാരമുള്ളവയാണ് ഈ ഇനങ്ങൾ. “ഇവിടെ നിങ്ങൾക്ക് ഒരു ചായക്കടപോലും കാണാൻ സാധിക്കില്ല. എന്നാൽ എല്ലാ വീടുകളിലും ചായ തന്ന് സത്കരിക്കും. ഞങ്ങൾ ചായയിൽ പാലും പഞ്ചസാരയും ചേർക്കാറില്ല. ഞങ്ങൾക്കിത് ഔഷധം പോലെയാണ്” സും‌ന പറയുന്നു. ചായ വേർതിരിക്കാനും പാക്ക് ചെയ്യാനും അവർ സഹായിക്കാറുണ്ട്. രജീന്ദറിനെപ്പോലെ, മിക്ക ചായക്കർഷകർക്കും വീടിനോട് ചേർന്ന് ചായ ഇലകൾ കെട്ടാനും വേവിക്കാനും ഒരു ചെറിയ സംസ്കരണശാലയുണ്ട്. മറ്റ് ചായക്കർഷകർക്കുവേണ്ടി ഇലകൾ സംസ്കരിച്ച്, ഉത്പന്നമാക്കി, കിലോഗ്രാമിന് 250 രൂപയ്ക്ക് വിൽക്കുകയും ചെയ്യാറുണ്ട് ഇവർ.

1986-ൽ മരിക്കുന്നതിനുമുൻപ്, രജീന്ദറിന്റെ അച്ഛൻ ഒരു വായ്പയെടുത്ത്, കുറച്ച് സ്ഥലം വിറ്റ്, 8 ലക്ഷം ചിലവുള്ള യന്ത്രങ്ങൾ വാങ്ങിയിരുന്നു. ചായ സംസ്കരിക്കാൻ. ആ കടം ഇപ്പോഴും വീട്ടിത്തീർന്നിട്ടില്ല.

Many farmers have their own machines to process the leaves. Rajinder (left) standing next to his machine housed in a makeshift room outside his house that he refers to as his factory.
PHOTO • Aakanksha
Sumna (right) does the grading and packaging of tea
PHOTO • Aakanksha

മിക്ക കർഷകർക്കും ഇലകൾ സംസ്കരിക്കാൻ സ്വന്തം യന്ത്രങ്ങളുണ്ട്. രജീന്ദർ (ഇടത്ത്) വീടിന്റെ പുറത്തുള്ള ഒരു ചെറിയ മുറിയിൽ സ്ഥാപിച്ച യന്ത്രത്തോടൊപ്പം. ഫാക്ടറി എന്നാണ് അയാൾ ആ മുറിയെ വിശേഷിപ്പിക്കുന്നത്. സും‌ന (വലത്ത്) ചായ ഇലകൾ തരം‌തിരിക്കാനും പാക്കറ്റുകളിലാക്കാനും കൂടാറുണ്ട്

കംഗ്ര ജില്ലയിൽ, രജീന്ദറിനെപ്പോലെയുള്ള ചെറുകിട കർഷകരാണ് സംസ്ഥാനത്തെ ചായത്തോട്ടങ്ങളുടെ 96 ശതമാനവും കൈയ്യടക്കിയിരിക്കുന്നത്. 96 ശതമാനത്തിനും രണ്ടേക്കറിൽ കുറവ് കൃഷിസ്ഥലങ്ങളുണ്ടെന്ന് 2022-ൽ പ്രസിദ്ധീകരിച്ച സംസ്ഥാന കൃഷിവകുപ്പിന്റെ ഒരു കുറിപ്പിൽ സൂചിപ്പിക്കുന്നു. അവയിൽ പകുതിലേറെയും പലം‌പുർ തെഹ്സിലിലാണ്. ബാക്കിയുള്ളവ ബാജിനാഥ്, ധർമ്മശാല ദെഹ്‌ര തെഹ്സിലുകളിലായി കിടക്കുന്നു.

“ചായയ്ക്കാവശ്യമായ അമ്ലഗുണമുള്ള മണ്ണും 4.5-നും 5.5-നും ഇടയിലുള്ള പി.എച്ച് ലെവലും ഹിമാചലിലെ ഏതാനും ജില്ലകളിൽ മാത്രമേ നിലവിലുള്ളു” എന്ന് സംസ്ഥാന കൃഷിവകുപ്പിലെ ടീ ടെക്നിക്കൽ ഉദ്യോഗസ്ഥനായ ഡോ. സുനിൽ പാട്യാൽ പറയുന്നു.

കംഗ്രയിലെ ചായത്തോട്ടങ്ങലും പർവ്വതഭൂപ്രകൃതിയും നിരവധി ബോളിവുഡ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിഭൌതിക ശക്തികളെക്കുറിച്ചുള്ള കഥപറയുന്ന ഭൂത് പൊലീസ് എന്ന പുതിയ സിനിമയിലും ഈ സ്ഥലങ്ങൾ കാണാം. “മിക്ക വിനോദസഞ്ചാരികളും ക്യാമറയെടുത്ത് ഞങ്ങളുടെ ചായത്തോട്ടങ്ങളെ ഒപ്പിയെടുക്കും. എന്നാൽ അവർക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല”, രജീന്ദർ സൂചിപ്പിക്കുന്നു.

*****

ഹിമാചൽ പ്രദേശിലെ ചായത്തോട്ടങ്ങൾ, മലമ്പ്രദേശത്ത് പതിക്കുന്ന മഴയെയാണ് ആശ്രയിക്കുന്നത്. ചൂട് വർദ്ധിക്കുന്നതോടെ സാധാരണയായി മഴ പെയ്യുകയും ചായപ്പൊന്തകൾക്ക് ആശ്വാസമാവുകയും ചെയ്യും. “അന്തരീക്ഷ ഊഷ്മാവ് മഴയ്ക്ക് കാരണമാവുന്നില്ലെങ്കിൽ അതൊരു വലിയ പ്രശ്നമാണ്. ചായച്ചെടികൾക്ക് അന്തരീക്ഷത്തിലെ ഈർപ്പം ആവശ്യമാണ്, എന്നാൽ ഇപ്പോൾ (2021-ലും 2022-ലും) നല്ല ചൂടാണ്” പട്യാൽ വിശദീകരിക്കുന്നു.

2022- മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 90 ശതമാനമായിരുന്നു മഴക്കുറവ് അനുഭവപ്പെട്ടുവെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ (ഐ,എം.ഡി) കണക്കുകൾ കാണിക്കുന്നു. അതിനാൽ, ഏപ്രിൽ, മേയ് മാസങ്ങളിൽ നുള്ളിയെടുത്ത് പാലം‌പുർ കോ‍‌ഓപ്പറേറ്റീവ് ടീ ഫാക്ടറിയിലേക്ക് അയച്ച ചായയിലകൾ ഒരു ലക്ഷം കിലോഗ്രാം മാത്രമായിരുന്നു. 2019-ൽ ഇതേ മാസം കിട്ടിയതിന്റെ നാലിലൊന്ന്.

Left: The prized 'two leaves and a bud' that go to make tea.
PHOTO • Aakanksha
Right: Workers come from other states to pluck tea
PHOTO • Aakanksha

വിലകൂടിയ ‘രണ്ടിലയും ഒരു മൊട്ടു’മുള്ള ഇനമാണ് ചായ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. വലത്ത്: ചായയില നുള്ളാൻ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ എത്താറുണ്ട്

Freshly plucked leaves drying (left) at the Palampur Cooperative Tea Factory (right) in Kangra district of Himachal Pradesh
PHOTO • Aakanksha
Freshly plucked leaves drying (left) a t the Palampur Cooperative Tea Factory (right) in Kangra district of Himachal Pradesh
PHOTO • Aakanksha

പുതുതായി പറിച്ചെടുത്ത ഇലകൾ ഹിമാചൽ പ്രദേശിലെ കംഗ്രാ ജില്ലയിലെ പാലം‌പുർ കോ‍ഓപ്പറേറ്റീവ് ടീ ഫാക്ടറിയിൽ ഉണക്കാനിട്ടിരിക്കുന്നു

രജീന്ദറിനെയും അത് ബാധിച്ചു. 2022 മേയ് മാസം ഒടുവിൽ പാരി അന്വേഷിച്ചപ്പോൾ ഏകദേശം 1,000 കിലോഗ്രാം മാത്രമേ വിളവെടുക്കാൻ സാധിച്ചുള്ളു എന്ന് അദ്ദേഹം പറഞ്ഞു. അതിൽ പകുതി, വീട്ടിൽ സംസ്കരിച്ച് പ്രാദേശിക കമ്പോളത്തിൽ വിൽക്കാൻ വെച്ചിരിക്കുന്നു. ബാക്കി സംസ്കരിക്കാനായി പാലം‌പുർ ഫാക്ടറിയിലേക്ക് അയച്ചു. “നാല് കിലോഗ്രാം പച്ചയിലയിൽനിന്ന് ഒരു കിലോഗ്രാം ചായ ഉണ്ടാക്കാം. ഞങ്ങൾ വിൽക്കാനായി ഒരു കിലോഗ്രാമിന്റെ 100 പാക്കറ്റുകളുണ്ടാക്കി“, രജീന്ദറിന്റെ മകൻ ആര്യൻ പറഞ്ഞു. ഒരു കിലോഗ്രാം കറുത്ത ചായപ്പൊടി 300 രൂപയ്ക്കും പച്ച ചായപ്പൊടി 350 രൂപയ്ക്കുമാണ് വിൽക്കുന്നത്.

ചായയുടെ ഭൂരിഭാഗവും അസം, പശ്ചിമ ബംഗാൾ, നീലഗിരി എന്നിവിടങ്ങളിലാണ് ഉണ്ടാക്കുന്നത്. 2021-22-ൽ ഇന്ത്യ 1,344 ദശലക്ഷം കിലോഗ്രാം ചായ ഉത്പാദിപ്പിച്ചു. അതിൽ 50 ശതമാനവും ഉത്പാദിപ്പിച്ചത് ചെറുകിട കർഷകരായിരുന്നു ന്ന് ടീ ബോർഡ് അതിന്റെ വെബ്സൈറ്റിൽ പറയുന്നു. കേന്ദ്രസർക്കാരിന്റെ വാണിജ്യ, വ്യവസായ വകുപ്പിൻ‌കീഴിൽ വരുന്ന ഈ സ്ഥാപനം പറയുന്നത് “ചെറുകിട കർഷകർ തീരെ അസംഘടിതരും, അവരുടെ കൈവശമുള്ള കൃഷിയിടങ്ങൾ അവിടെയവിടെയായി ചിതറിക്കിടക്കുകയും ചെയ്യുന്നതിനാൽ മൂല്യശൃംഖലയുടെ ഏറ്റവും താഴേത്തട്ടിലാണ് ആ വിഭാഗം” എന്നാണ്.

“ഹിമാചൽ പ്രദേശത്തുനിന്നുള്ള ചാ‍യയ്ക്ക് മറ്റ് പ്രദേശങ്ങളിൽനിന്നുള്ള ചായയുമായി മത്സരിക്കേണ്ടിവരുന്നു. മാത്രമല്ല, സംസ്ഥാനത്തിനകത്തുതന്നെ, കൂടുതൽ ശ്രദ്ധയും പിന്തുണയും കിട്ടുന്നത് ആപ്പിൾ കർഷകർക്കാണ്” എന്ന് ഡോ. പ്രമോദ് വർമ്മ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു ദശകമായി ചായയെക്കുറിച്ച് ഗവേഷണം നടത്തുന്ന പ്രമോദ് വർമ്മ, പാലം‌പുരിലെ ഹിമാചൽ പ്രദേശ് കാർഷിക സർവ്വകലാശാലയിൽ ടീ ടെക്നോളജിസ്റ്റുമാണ്.

ചായ ഉത്പാദനത്തിൽ വന്ന കുറവിന്റെ മറ്റൊരു കാരണം, ചുരുങ്ങിവരുന്ന കൃഷി വിസ്തൃതിയാണ്. കംഗ്ര ജില്ലയിലെ 2,110 ഹെക്ടറിൽ ചായച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും, പകുതി സ്ഥലത്ത് - 1,096.83 ഹെക്ടറിൽ - മാ‍ത്രമാണ് സജീവമായി കൃഷി നടക്കുന്നത്. ബാക്കി സ്ഥലങ്ങൾ അവഗണിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ പുരയിടങ്ങളായി പരിവർത്തിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഒടുവിൽ പറഞ്ഞത് നിയമവിരുദ്ധമായ കാര്യമാണ്. 1972-ലെ ഹിമാചൽ പ്രദേശ് സീലിംഗ് ഓൺ ലാൻഡ് ഹോൾഡിംഗ് ആക്ട് പ്രകാരം, ചായക്കൃഷി നടത്തുന്ന സ്ഥലം മറ്റൊരു കാര്യത്തിനായി വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.

Jaat Ram Bahman and wife Anjagya Bahman (right) are in their eighties and continue to work in their tea garden.
PHOTO • Aakanksha
Jaat Ram (left) in his factory
PHOTO • Aakanksha

എൺപത് കഴിഞ്ഞ ജാട്ട് റാം ബഹ്‌മാനും ഭാര്യ അഞ്ജാഗ്യ ബഹ്‌മാനും (വലത്ത്) ഇപ്പോഴും തങ്ങളുടെ ചായത്തോട്ടത്തിൽ ജോലി ചെയ്യുന്നു. ജാട്ട് റാം (ഇടത്ത്) തന്റെ ഫാക്ടറിയിൽ

Left: Many tea gardens in Kangra district have been abandoned.
PHOTO • Aakanksha
Right: Jaswant Bahman owns a garden in Tanda village and recalls a time when the local market was flourishing
PHOTO • Aakanksha

കംഗ്ര ജില്ലയിലെ നിരവധി ചായത്തോട്ടങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. വലത്ത്: ജസ്‌വന്ത് ബഹ്‌മാന് താണ്ട ഗ്രാമത്തിൽ സ്വന്തമായി ഒരു ചായത്തോട്ടമുണ്ട്. പ്രാദേശികമായ കമ്പോളങ്ങൾ പച്ചപിടിച്ച പഴയൊരു കാലം അദ്ദേഹത്തിനോർമ്മയുണ്ട്

“കുറച്ച് വർഷം മുമ്പുവരെ എന്റെ കൃഷിസ്ഥലത്തിന് പിന്നിൽ ചായത്തോട്ടങ്ങളുണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് കാണാനാവുക വീടുകളാണ്”, താണ്ട ഗ്രാമത്തിലെ രജീന്ദറിന്റെ അയൽക്കാരനായ ജാട്ട് റാം ബഹ്‌മാൻ പറയുന്നു. അദ്ദേഹവും ഭാര്യ അഞ്ജാഗ്യ ബഹ്‌മാനും ചേർന്ന് ഒരു ഹെക്ടറിന്റെ മൂന്നിലൊന്ന് വരുന്ന സ്വന്തം സ്ഥലത്ത് ചായ കൃഷി ചെയ്യുന്നു.

നിരവധി ചായത്തോട്ടങ്ങളും അവയൊക്കെ ലാഭമുണ്ടാക്കുകയും ചെയ്തിരുന്ന ഒരു കാലത്തെക്കുറിച്ച് 87 വയസ്സ് കഴിഞ്ഞ ജാട്ട് റാം ഓർത്തെടുത്തു. കാംഗ്രയിൽ ആദ്യമായി ചായച്ചെടികൾ നട്ടുപിടിപ്പിച്ചത് 1845-ലായിരുന്നു. 1880-ഓടെ കംഗ്രയിലെ ചായയ്ക്ക് ലണ്ടനിലെയും ആംസ്റ്റർഡാമിലെയും കമ്പോളങ്ങളിൽനിന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടേയും പുരസ്കാരങ്ങൾ കിട്ടിത്തുടങ്ങുകയും ചെയ്തു. 2005-ൽ, കാംഗ്രയ്ക്ക്, അതിന്റെ പ്രത്യേക രുചിയുടെ പേരിൽ ഭൌമസൂചികാപദവി(ജി.ഐ. ടാഗ്) ലഭിക്കുകയും ചെയ്തു

“സുവർണ്ണ കാലഘട്ടമായിരുന്നു അതൊക്കെ. ഞങ്ങൾ വീട്ടിലുള്ള (പരമ്പരാഗത്) യന്ത്രങ്ങളുപയോഗിച്ച് ഇലകൾ സംസ്കരിച്ച് അമൃത്‌സറിൽ വിൽക്കാറുണ്ടായിരുന്നു. വലിയ കമ്പോളമായിരുന്നു അത്”, താണ്ടയിൽ ഏകദേശം അര ഹെക്ടർ ചായക്കൃഷിയുള്ള 56 വയസ്സുള്ള ജസ്‌വന്ത് ബാഹ്‌മാൻ പറയുന്നു.

വർഷത്തിൽ 18 ലക്ഷം ടൺ സംസ്കരിച്ച ചായ ഉത്പാദിപ്പിച്ചിരുന്നുവെന്ന് പ്രാദേശിക ടീ ബോർഡ് അവകാശപ്പെടുന്ന 1990-കളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇവിടെനിന്ന് ചായ അമൃത്‌സറിലെ കമ്പോളത്തിലേക്ക് – 200 കിലോമീറ്റർ അപ്പുറം – കൊണ്ടുപോവുകയും അന്താരാഷ്ട്ര ലേലത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്ന്, അതിന്റെ പകുതി മാത്രമേ – 8,50,000 ടൺ - കംഗ്രയിൽനിന്ന് ഉത്പാദിപ്പിക്കുന്നുള്ളു.

“ഞങ്ങൾക്ക് നല്ലൊരു സംഖ്യ സമ്പാദിക്കാൻ കഴിഞ്ഞിരുന്നു (ഒരു ഹെക്ടറിൽനിന്ന്). ചായ ഉത്പാദിപ്പിച്ചുകഴിഞ്ഞാൽ ഞങ്ങൾ വർഷത്തിൽ പല തവണ യാത്ര ചെയ്യും. 13,000-ത്തിനും 35,000-ത്തിനുമിടയിൽ ഞാൻ സമ്പാദിക്കാറുണ്ടായിരുന്നു”, പഴയ ബില്ലുകൾ കാണിച്ചുകൊണ്ട് രജീന്ദർ പറഞ്ഞു.

In Kangra district, 96 per cent of holdings of tea gardens are less than two hectares. More than half the gardens are in Palampur tehsil, and the rest are distributed across Baijnath, Dharamshala and Dehra tehsil
PHOTO • Aakanksha
In Kangra district, 96 per cent of holdings of tea gardens are less than two hectares. More than half the gardens are in Palampur tehsil, and the rest are distributed across Baijnath, Dharamshala and Dehra tehsil
PHOTO • Aakanksha

കംഗ്ര ജില്ലയിലെ 96 ശതമാനം ചായത്തോട്ടങ്ങളും രണ്ടേക്കറിൽ കുറവുള്ളവയാണ്. അവയിൽ പകുതിലേറെയും പലം‌പുർ തെഹ്സിലിലും ബാക്കിയുള്ളവ ബാജിനാഥ്, ധർമ്മശാല ദെഹ്‌ര തെഹ്സിലുകളിലായി കിടക്കുന്നു

എന്നാൽ സുവർണ്ണകാലം അധികം നീണ്ടുനിന്നില്ല. “അമൃത്‌സറിൽ ഞങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി”, ജസ്‌വന്ത് പറയുന്നു. കംഗ്രയിലെ ചായക്കർഷകർ കൊൽക്കൊത്തയിലേക്ക്ചുവട് മാറ്റി. ഇന്ത്യയിലെ പ്രധാന ചായലേല കേന്ദ്രമായിരുന്നു കൊൽക്കൊത്ത. പാലം‌പുർ, ബീർ, ബൈജ്നാഥ്, സിധ്ബാരി എന്നിവിടങ്ങളിലെ ഫാക്ടറികൾ കൊൽക്കൊത്തയിലെ ലേലത്തിൽ നേരിട്ട് പങ്കെടുത്തിരുന്നതിനാൽ കംഗ്രയിലെ ചായക്കർഷകർ ചായ സംസ്കരണം സ്വന്തം വീടുകളിൽനിന്ന് അങ്ങോട്ടേക്ക് മാറ്റി. എന്നാൽ ഈ ഫാക്ടറികൾ അടച്ചുപൂട്ടുകയും പ്രാദേശിക കർഷകർക്ക് സംസ്ഥാനത്തിന്റെ പിന്തുണ നഷ്ടമാവുകയും ചെയ്തു. ഇന്ന് ഒരേയൊരു സഹകരണ ഫാക്ടറി മാത്രമേ പ്രവർത്തിക്കുന്നുള്ളു.

കൊൽക്കൊത്തയിലെ ലേലകേന്ദ്രം 2,000 കിലോമീറ്റർ അകലെയായിരുന്നതിനാൽ ഗതാഗത-സംഭരണകേന്ദ്ര ചിലവുകളിലും കൂലിയിലും വൻ‌വർദ്ധനവുണ്ടായി. തന്മൂലം, അസം, പശ്ചിമ ബംഗാൾ, നീലഗിരി എന്നിവിടങ്ങളിൽനിന്നുള്ള ചായയുമായി മത്സരിക്കാൻ കഴിയാതെവന്നു. കംഗ്ര ചായക്കർഷകരുടെ ലാഭത്തിൽ ഗണ്യമായ ഇടിവ് വന്നു.

“കംഗ്ര ചായ കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെങ്കിലും, കാംഗ്ര ചായ എന്ന പേരിലല്ല, മറിച്ച് വ്യത്യസ്ത കമ്പനികളുടേയും വാങ്ങുന്നവരുടേയും വ്യാപാരികളുടേയും പേരിലാണ് കയറ്റുമതി. കൊൽക്കൊത്ത കുറഞ്ഞ ചിലവിൽ ചായ വാങ്ങി, വലിയ വിലയ്ക്ക് വിൽക്കുന്നു. ഒരു കയറ്റുമതി കേന്ദ്രവുമുണ്ട് അവിടെ”, വർമ്മ ചൂണ്ടിക്കാട്ടുന്നു.

*****

“എനിക്ക് ഏകദേശം 1,400 കിലോഗ്രാം വളം ആവശ്യമാണ്. അതിന് 20,000 രൂപ ചിലവ് വരും” രജീന്ദർ പറയുന്നു. മുമ്പ്, സംസ്ഥാന സർക്കാർ വളത്തിന് 50 ശതമാനം സബ്സിഡി നൽകിയിരുന്നു. എന്നാൽ 5 വർഷം മുമ്പ് അത് നിർത്തി. എന്താണ് കാരണമെന്ന്, സംസ്ഥാന സർക്കാരിനുപോലും അറിയില്ല.

വളരെ അദ്ധ്വാനം ആവശ്യമുള്ളതാണ് ചായക്കൃഷി. ചായയിലകൾ നുള്ളാൻ ഏപ്രിൽ മുതൽ ഒക്ടോബർവരെയും ചെടികൾ വെട്ടിയൊതുക്കാൻ നവംബർ മുതലുമാണ് തൊഴിലാളികളെ ആവശ്യമുള്ളത്. വെട്ടിയൊതുക്കാൻ സർക്കാർ യന്ത്രങ്ങൾ നൽകിയിട്ടുള്ളതിനാൽ രജീന്ദറും മകനും അത് സ്വയം ചെയ്യുന്നു. കൂലി ലാഭമുണ്ടെങ്കിലും പെട്രോളിന് ചിലവുണ്ട്.

Machines for processing tea in Rajinder and Sumna’s factory in Tanda village of Kangra district
PHOTO • Aakanksha
Machines for processing tea in Rajinder and Sumna’s factory in Tanda village of Kangra district
PHOTO • Aakanksha

കംഗ്ര ജില്ലയിലെ താണ്ട ഗ്രാമത്തിലെ രജീന്ദറിന്റേയും സും‌നയുടേയും ഫാക്ടറിയിൽ ചായസംസ്കരണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ

“കഴിഞ്ഞ വർഷം കുടുംബം, മൂന്ന് തൊഴിലാളികളെ പ്രതിദിനം 300 രൂപയ്ക്ക് പണിക്ക് വെച്ചു. നുള്ളാൻ ഒന്നുമുണ്ടായിരുന്നില്ല. പിന്നെയെന്തിനാണ് ആളെ വെക്കുന്നത്. എങ്ങിനെ കൂലി കൊടുക്കും”, ആ തൊഴിലാളികളെ പറഞ്ഞുവിട്ടതിനെക്കുറിച്ച് രജീന്ദർ വിശദീകരിക്കുന്നു. വിളവുകാലത്ത് സാധാരണയായി മലഞ്ചെരിവുകളിലെ ചായത്തോട്ടങ്ങളിൽ മുഴുവൻ തൊഴിലാളികളായിരിക്കുമെങ്കിലും 2022-ലെ ഏപ്രിൽ മുതൽ ഒക്ടോബർവരെയുള്ള കാലത്ത് ഒരാളെപ്പോലും കാണാൻ സാധിച്ചില്ല.

ചുരുങ്ങുന്ന ലാഭവും സർക്കാരിന്റെ പിന്തുണയില്ലായ്മയും ചെറുപ്പക്കാരെ ഇവിടെനിന്ന് അകറ്റുകയാണ്. തന്റെ മക്കൾക്ക് സർക്കാർ ജോലിയുണ്ടെന്ന് ജാട്ട് റാം പറഞ്ഞു. “ഞങ്ങളുടെ കാലശേഷം ഈ ഭൂമി ആര് നോക്കിനടത്തുമെന്ന് അറിയില്ല” എന്ന് അദ്ദേഹത്തിന്റെ ഭാര്യ ആഞ്ജാഗിയ പറയുന്നു.

രജീന്ദറിന്റെ മകൻ ആര്യനും ഇവിടെ നിൽക്കാൻ താത്പര്യമില്ല. “എന്റെ അച്ഛനമ്മമാർ ഉപജീവനത്തിനായി ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ അവരുടെ കൂടെ ജോലി ചെയ്യുന്നുണ്ടെങ്കിലും, ദീർഘകാലത്തേക്ക് ഈ തൊഴിൽ പറ്റില്ല”, ആര്യൻ പറയുന്നു.

വർഷാവസാനത്തോടെ തങ്ങൾ 2.5 ലക്ഷം സമ്പാദിച്ചുവെന്ന് രജീന്ദർ കണക്കുകൂട്ടി. സീസൺ അവസാനിച്ച ഒക്ടോബറിലായിരുന്നു അധികവും സമ്പാദിക്കാൻ കഴിഞ്ഞത്. ഇതിൽനിന്ന്, വാടക, ഉത്പാദനച്ചിലവുകൾ മറ്റ് ചിലവുകൾ എന്നിവ തട്ടിക്കിഴിക്കണം.

2022-ൽ കുടുംബത്തിന് ഇതിൽനിന്നുള്ള സമ്പാദ്യത്തെ ആശ്രയിക്കാൻ സാധിച്ചില്ലെന്ന് രജീന്ദർ പറയുന്നു. വീട്ടിലെ രണ്ട് പശുക്കളെ കറന്ന് പാൽ വിറ്റും, മറ്റ് ചെറിയ തോട്ടങ്ങളിലെ ഇലകൾ സംസ്കരിച്ചും, അദ്ധ്യാപനത്തിൽനിന്ന് ആര്യൻ സമ്പാദിക്കുന്ന 5,000 രൂപയെ ആശ്രയിച്ചുമൊക്കെയാണ് കാര്യങ്ങൾ നടന്നത്.

ലാഭം മോശമാ‍യതുകൊണ്ട്, 2022-ൽ പാട്ടത്തിനെടുത്ത രണ്ടേക്കർ ഭൂമി രജീന്ദറും സും‌നയും തിരിച്ചുകൊടുക്കുകയും ചെയ്തു.

പരിഭാഷ: രാജീവ് ചേലനാട്ട്

Aakanksha
aakanksha@ruralindiaonline.org

আকাঙ্ক্ষা পিপলস আর্কাইভ অফ রুরাল ইন্ডিয়ার একজন সাংবাদিক এবং ফটোগ্রাফার। পারি'র এডুকেশন বিভাগে কনটেন্ট সম্পাদক রূপে তিনি গ্রামীণ এলাকার শিক্ষার্থীদের তাদের চারপাশের নানান বিষয় নথিভুক্ত করতে প্রশিক্ষণ দেন।

Other stories by Aakanksha
Editor : Priti David

প্রীতি ডেভিড পারি-র কার্যনির্বাহী সম্পাদক। তিনি জঙ্গল, আদিবাসী জীবন, এবং জীবিকাসন্ধান বিষয়ে লেখেন। প্রীতি পারি-র শিক্ষা বিভাগের পুরোভাগে আছেন, এবং নানা স্কুল-কলেজের সঙ্গে যৌথ উদ্যোগে শ্রেণিকক্ষ ও পাঠক্রমে গ্রামীণ জীবন ও সমস্যা তুলে আনার কাজ করেন।

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat