“എന്റെ മൂത്ത രണ്ടാണ്മക്കളും പാട്ടീലിനു (നിലമുടമ) വേണ്ടി രണ്ടു ദിവസം ജോലി ചെയ്തു 150 രൂപ വീതം കൂലി മേടിച്ചു. അവർ ആ പൈസ കൊണ്ട് പാട്ടീലിന്റെ കയ്യിൽ നിന്നും കന്യാ (kanyaa) വാങ്ങി”, വനിതാ ഭോയർ പറഞ്ഞു. മഞ്ഞ നിറമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും അല്പം ധാന്യശകലങ്ങൾ കയ്യിലെടുത്തു അവർ എന്നെ കാണിച്ചു. കൊയ്ത നെല്ല് പതിര് മാറ്റുവാനായി മെതിക്കുമ്പോൾ കിട്ടുന്നതാണിത്, അരിയേക്കാൾ വില കുറവാണ്. ഇങ്ങനെ കിട്ടിയ കന്യായുടെ കൂടെ ഒരാഴ്ചത്തേക്കുള്ള ഉപ്പും, മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, എണ്ണയും, കുറച്ചു ഉരുളക്കിഴങ്ങും മാത്രമേ വനിതയുടെ വൈക്കോൽ-ചേർ കുടിലിൽ അവശേഷിക്കുന്നുള്ളൂ. ഇത് പോലും ആ കുടുംബത്തിന് ലഭിച്ചത് അവിടുത്തെ സാമൂഹികപ്രവർത്തകരിൽ നിന്നാണ്.

"റേഷൻ കാർഡ് ഉള്ളവർക്ക് സർക്കാർ ധാന്യം നൽകും. [മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ എല്ലാ മാസവും] അവർക്ക് അരിയും സൗജന്യമായി കിട്ടി. പക്ഷെ എനിക്ക് റേഷൻ കാർഡില്ല. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?", വനിതയുടെ ഭർത്താവ് 55 കാരനായ നവ്സു ഭോയർ ചോദിക്കുന്നു. "സർക്കാർ ഞങ്ങളെ സഹായിക്കുന്നില്ല. തൊഴിലും ഇല്ലാതായി. ഭക്ഷണത്തിന് ഞങ്ങൾ എന്ത് ചെയ്യും?”

നവ്‌സു റേഷൻ കാർഡിന് അപേക്ഷിച്ചിട്ടില്ല, കാരണമായി പറയുന്നത്, "ഞങ്ങൾ എല്ലാ കൊല്ലവും ജോലി അന്വേഷിച്ചു കുടിയേറാറുണ്ട്. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് എനിക്കറിയില്ല.” നവ്‌സു സ്കൂളിൽ പോയിട്ടില്ല, അദ്ദേഹത്തിന്റെയും വനിതയുടെയും മക്കൾ പലപ്പോഴായി സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു - 18 വയസ്സുള്ള ആനന്ദും, 12 വയസ്സുള്ള ശിവയും, മൂന്നാം ക്ലാസ്സിനു ശേഷവും, 16 വയസ്സുള്ള രാംദാസ് നാലാം ക്ലാസ്സിനു ശേഷവും സ്കൂൾ വിട്ടു. ഇളയ രണ്ട് കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട് - 8 വയസ്സുള്ള കൃഷ്ണ രണ്ടാം ക്ലാസ്സിലും, 4 വയസ്സുകാരി സംഗീത അംഗനവാടിയിലും.

പാൽഗർ ജില്ലയിലെ വട ടൗണിൽ നിന്നും ഏകദേശം 20 കിലോമീറ്റർ  മാറി ബൊറാണ്ട എന്ന ഗ്രാമത്തിലാണ് ഭോയർ കുടുംബം താമസിക്കുന്നത്. ഏകദേശം എട്ടോളം കുടിലുകൾ ഉള്ള കട്കരി ആദിവാസി ഊരാണിത്‌.

കഴിഞ്ഞ കൊല്ലം നവംബറിൽ ഈ തൊഴിലാളി കുടുംബം ഭിവണ്ടി താലൂക്കിലെ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യാനായി കുടിയേറി. ഒരു ചൂളയിലെ ജോലി എന്നാൽ രാപകൽഭേദമെന്യേയുള്ള അധ്വാനമാണ്. ചൂളയുടമ ആഴ്ചയിൽ ഒരിക്കൽ 'ഖർച്ചി'ക്കായി (ചിലവ്) തരുന്ന 400-500 രൂപകൊണ്ട് റേഷനും മറ്റു അത്യാവശ്യ കാര്യങ്ങളും നടത്തിക്കും. മാസങ്ങളുടെ അധ്വാനത്തിന് ശേഷം കൂലി കണക്കാക്കുമ്പോൾ അവരുടെ മൊത്തം വരവിൽ നിന്നും ഈ പൈസ കുറയ്ക്കും. മറ്റു വായ്പകൾ ഒന്നുമില്ലാത്ത പക്ഷം നവംബർ തൊട്ട് മെയ് വരെയുള്ള ഏഴ് മാസം അധ്വാനിച്ചാൽ ഈ കുടുംബത്തിന് ലഭിക്കുന്നത് 10,000-12,000 രൂപയാണ്.

Vanita Bhoir had a week's stock of food for her family (here with her daughter Sangeeta and son Krishna) in her straw-and-mud hut
PHOTO • Mamta Pared
Vanita Bhoir had a week's stock of food for her family (here with her daughter Sangeeta and son Krishna) in her straw-and-mud hut
PHOTO • Mamta Pared

തന്റെ വൈക്കോൽ-ചേർ കുടിലിൽ കുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള ഭക്ഷണമേ വനിതാ ഭോയറുടെ കയ്യിൽ അവശേഷിക്കുന്നുള്ളൂ (ഇവിടെ മകൾ സംഗീതക്കും, മകൻ കൃഷ്ണക്കുമൊപ്പം).

ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് കാലവർഷമാസങ്ങളിലേക്കുള്ള ഭക്ഷണ സാമഗ്രികൾ മേടിച്ചു വയ്ക്കും. കുറച്ചു പൈസ വീടിന്റെ അറ്റകുറ്റ പണികൾക്കായും ആവശ്യം വരാറുണ്ട്. പിന്നെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ. എപ്പോഴും അവസ്ഥ ഇങ്ങനെ തന്നെ. ചിലപ്പോൾ എന്തെങ്കിലും 'വലിയ' കടങ്ങൾ ഉണ്ടാകുമ്പോൾ ഒരുറുപ്പിക പോലും കയ്യിൽ കിട്ടില്ല. പകരം കടത്തിന് മീതെ കടമാകും - അവശേഷിക്കുന്ന മാസങ്ങൾ തള്ളി നീക്കാൻ ചൂളയുടമയിൽ നിന്നും കൂടുതൽ വായ്പ മേടിക്കേണ്ടതായ് വരും. ആ കടമെല്ലാം തീർക്കാൻ അടുത്ത തവണ അതേ പണമിടപാടുകാരനുവേണ്ടി അവർ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു, വീണ്ടും കുടിയേറുന്നു.

എല്ലാ കൊല്ലവും മെയ് മാസം വരെ നീളുന്ന പണി ഇക്കൊല്ലം കോവിഡ് കാരണം മാർച്ചിൽ നിന്നു. വനിതയും, നവ്‌സുവും അവരുടെ കുട്ടികളും ഊരിലേക്ക് മടങ്ങി. "[ഇഷ്ടിക ചൂളയിൽ] ആദ്യമാസങ്ങളിൽ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന വേതനം ആഴ്ചതോറുമുള്ള ചെലവുകൾക്കായി എടുക്കും. തുടർന്നുള്ള മാസങ്ങളിൽ പണിയെടുത്താൽ മാത്രമേ എന്തെങ്കിലും കയ്യിൽ കിട്ടുകയുള്ളൂ. പക്ഷെ ഇക്കൊല്ലം പണി പെട്ടന്ന് തീർന്നു, നാട്ടിലേക്ക് പോരുമ്പോൾ ഷേത് 2000 ഉറുപ്പിക മാത്രമേ തന്നുള്ളൂ. ഈ പൈസ എത്ര നേരത്തേക്കുണ്ടാവും? അതിൽ ഒന്നും തന്നെ ബാക്കിയില്ല. തിരിച്ചു വന്നിട്ട് കുടിലിന്റെ അറ്റകുറ്റപ്പണി നടത്തി - മഴ പെയ്തു വെള്ളം ചോരാതിരിക്കാൻ പ്ലാസ്റ്റിക് കൊണ്ട് പുര മേഞ്ഞു. [ഗ്രാമത്തിലേക്ക് തിരിച്ചു ടെമ്പോ പിടിച്ചു വന്ന വകയിൽ] കുറച്ചു പൈസ യാത്രക്ക് പോയി", വനിത നിശബ്ദയായി വിവരിക്കുന്നു.

മാർച്ച് അവസാനം ബൊറണ്ടയിലേക്കു തിരിക്കുമ്പോൾ കരാറുകാരൻ അവരുടെ വരവുചിലവുകൾ മുഴുവനും കണക്കുകൂട്ടിയിരുന്നില്ല. അതുകൊണ്ടു എത്ര വരുമാനം നേടിയെന്നോ, ഇനിയെത്ര കിട്ടാനുണ്ട് എന്നോ അവർക്കറിയില്ല. വനിതയ്ക്കും നവ്സുവിനും ആധിയാണ്, തങ്ങൾ ഭാര്യാഭർത്താക്കന്മാരും, അഞ്ചു കുട്ടികളുമടങ്ങുന്ന എഴംഗകുടുംബത്തിനെ പോറ്റണം. കഷ്ടിച്ച് ഉപജീവനം കഴിക്കുന്ന ഭൂരഹിത തൊഴിലാളികളായ അവർക്ക് ജോലി കണ്ടുപിടിക്കാതെ വഴിയില്ല. പക്ഷെ ഈ കാലത്തു എവിടെ, എങ്ങനെ ജോലി കിട്ടാനാണ്, ഭോയർ കുടുംബത്തിനെ വലയ്ക്കുന്ന ചോദ്യമിതാണ്.

ഗ്രാമത്തിൽ കാർഷിക തൊഴിൽ ദൗർലഭ്യം നിലനിൽക്കുന്നുണ്ട്, ചെറിയ നിലങ്ങൾ ഉള്ള കൃഷിക്കാർക്ക് വിളവിറക്കൽ-വിളവെടുപ്പ് കാലത്തു കൂടിയാൽ രണ്ടാഴ്ച ജോലി 150 രൂപ ദിവസവേതനമായി കൊടുക്കാൻ സാധിക്കും. വല്ലപ്പോഴും അടുത്തുള്ള കാട്ടിൽനിന്നും ആർക്കെങ്കിലും വിറകിന്റെ ആവശ്യം വരുകയാണെങ്കിൽ ഭോയർ കുടുംബത്തിനും മറ്റുള്ളവർക്കും ഒരു 150 രൂപ കൂടെ സമ്പാദിക്കാം. പിന്നെ ഭാഗ്യമുണ്ടെങ്കിൽ അടുത്തുള്ള കെട്ടിടനിർമ്മാണ സ്ഥലങ്ങളിൽ പ്രതിദിനം 250 രൂപയ്ക്ക് ജോലി കണ്ടു പിടിച്ചേക്കാം, പക്ഷെ വല്ലപ്പോഴും മാത്രം.

In Boranda, a group sat talking about the present situation. The annual market, where some of the Katkaris sell mahua (right), was cancelled due to the lockdown
PHOTO • Mamta Pared
In Boranda, a group sat talking about the present situation. The annual market, where some of the Katkaris sell mahua (right), was cancelled due to the lockdown
PHOTO • Mamta Pared

ബൊറാണ്ടയിൽ ഗ്രാമീണർ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. കട്കരി ആദിവാസികളിൽ ചിലർ മഹ്വാ പൂക്കൾ (വലത്) വിൽക്കുന്ന വാർഷികചന്ത ഇക്കൊല്ലം ലോക്ക്ഡൗൺ മൂലം പിൻവലിച്ചിരുന്നു.

സാധാരണഗതിയിൽ ഈ കുടുംബങ്ങൾ ഷേത്തിന്റെ കയ്യിൽ നിന്നും പണം വായ്പ വാങ്ങുകയാണ് പതിവ്. എന്നാൽ ഇക്കൊല്ലം ഇഷ്ടിക ചൂളയുടമകൾ തങ്ങൾ ചെയ്ത ജോലിക്ക് മാത്രമേ കൂലി തരുകയുള്ളൂ എന്നാണിവരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ കടം മേടിക്കാം എന്നുള്ള അവരുടെ പ്രതീക്ഷയും അസ്തമിച്ചു.

ബൊറാണ്ടയിലെ എന്റെ ഒരു സന്ദർശനവേളയിൽ ഒരു കുടിലിനു മുന്നിൽ ഉയരം കുറഞ്ഞ ഒരു തറയിൽ എട്ടുപത്തു സ്ത്രീകളും പുരുഷന്മാരും സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത് കാണാനിടയായി. അപ്പോൾ ഉച്ചകഴിഞ്ഞു ഏകദേശം 2 മണി സമയം ആയിരുന്നു. "ഒട്ടേറെ കുടുംബങ്ങൾക്ക് [ലോക്ക്ഡൗണിനു ശേഷം] സർക്കാർ അരി കൊടുത്തു. അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ അയച്ചു കൊടുത്തു എന്നും കേട്ടു. ഞങ്ങളോട് ആളുകൾ അങ്ങനെയാണ് പറയുന്നത്. പക്ഷെ ഞങ്ങൾക്ക് പൈസ കിട്ടാൻ ഖരിവ്ലി ഗ്രാമം വരെ പോകേണ്ടി വരും [ഏറ്റവും അടുത്ത ബാങ്ക് ബോറണ്ടിയൽ നിന്നും നാല് കിലോമീറ്റർ ദൂരെയാണ്]. പിന്നെ ഇപ്പോൾ ഈ അസുഖവും. എന്താണ് ചെയ്യേണ്ടത്? ഞങ്ങൾക്ക് പുറത്തിറങ്ങി അവിടെ വരെ എങ്ങനെ പോകാൻ സാധിക്കും? യാത്രാമാർഗം ഒന്നും തന്നെയില്ല," വനിതയുടെ അയൽക്കാരിയായ 65 വയസ്സുള്ള ബൈജി ഭോയിർ തന്റെ കൂടെയിരിക്കുന്നവരോട് പറഞ്ഞു.

ആ ദിവസം ചില കുടിലുകളുടെ മുന്നിൽ മഹ്വാ പൂക്കൾ നിലത്തു ഉണക്കാനിട്ടിരുന്നു. ഉണങ്ങിയ മഹ്വാ പൂക്കൾ എന്ത് ചെയ്യും എന്ന് അപ്പോൾ ഞാൻ ചോദിച്ചിരുന്നു. "മഴക്കാലത്തിനു മുമ്പ് ഉറൂസ് നടക്കാറുണ്ട്. ഈ പൂക്കൾ വിറ്റ് കിട്ടുന്ന പൈസ കൊണ്ട് ഉള്ളിയും, ഉരുളക്കിഴങ്ങും വാങ്ങും", ഒരു സ്ത്രീ മറുപടി നൽകി.

മെയ് മാസത്തിൽ കാലവർഷാരംഭത്തിന് മുമ്പായി 10-12 ദിവസം നീണ്ട് നിൽക്കുന്ന വലിയ ചന്തയാണ് ഉറൂസ്. ലോക്ക്ഡൗണും, കോവിഡ് വ്യാപനഭീഷണിയും മൂലം ഇക്കൊല്ലത്തെ ഉറൂസ് നടന്നില്ല.

മറ്റു കൊല്ലങ്ങളിൽ ഭക്ഷണ ധാന്യങ്ങൾ, മസാല, ഉള്ളി, ഉരുളക്കിഴങ്ങു, മീൻ, വീടുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമാനങ്ങൾ തുടങ്ങിയവയാണ് ഇവിടെ വിപണനം ചെയ്യപ്പെടാറുള്ളത്. ബൊറണ്ടയിൽ നിന്നും  ഏകദേശം 35 കിലോമീറ്റർ മാറി വട താലൂക്കിലെ കുടുസ് പട്ടണത്തിൽ നടക്കുന്ന ഈ വാർഷികചന്തയിൽ നിരവധി ഗ്രാമങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കാറുണ്ട്. മറ്റു ജോലികൾ കാര്യമായി ലഭിക്കാതെ വരുമ്പോൾ ആദിവാസി കുടുംബങ്ങൾ മഹ്വാ പൂക്കളും ഡിങ്കായും (ഒരു തരം മരപ്പശ) ഈ ചന്തയിൽ കൊണ്ടുവന്ന വിറ്റ് ഒരു കാലവർഷത്തേക്കു വേണ്ടുന്ന അവശ്യവസ്തുക്കൾ വാങ്ങും. അങ്ങനെ സംഭരിച്ചു വെക്കുന്ന ധാന്യങ്ങൾ കൊണ്ടാണ് ആ ദിനങ്ങൾ തള്ളിനീക്കുന്നത്.

ഇക്കൊല്ലവും അങ്ങനെ ഭക്ഷണസാമഗ്രികൾ സംഭരിച്ചു വെച്ച് കാലവർഷം കഴിച്ചുകൂട്ടാം എന്നായിരുന്നു വനിതയുടെയും നവ്സുവിന്റെയും കണക്കുകൂട്ടൽ. പക്ഷെ അവരുടെ കുടിലിലെ ധാന്യങ്ങൾ തീരാൻ ഏതാനും ദിവസങ്ങൾ മാത്രം.

വിവർത്തനം: ഗ്രീഷ്മ ജസ്റ്റിൻ ജോൺ

Mamta Pared

সাংবাদিক মমতা পারেদ (১৯৯৮-২০২২) ২০১৮ সালের পারি ইন্টার্ন ছিলেন। পুণের আবাসাহেব গারওয়ারে মহাবিদ্যালয় থেকে তিনি সাংবাদিকতা ও গণসংযোগে স্নাতকোত্তর পাশ করেছিলেন। আদিবাসী জনজীবন, বিশেষ করে যে ওয়ারলি জনগোষ্ঠীর মানুষ তিনি, তাঁদের রুটিরুজি তথা সংগ্রাম বিষয়ে লেখালেখি করতেন।

Other stories by Mamta Pared
Translator : Greeshma Justin John

Greeshma Justin John is a research student at the Centre for Regional Studies, University of Hyderabad.

Other stories by Greeshma Justin John