“കർഷക വിരുദ്ധ നിയമങ്ങളുടെ പകര്‍പ്പുകള്‍ ആഴിയിലിട്ട് കത്തിക്കുന്നതാണ് ഈ വര്‍ഷത്തെ ഞങ്ങളുടെ ലോഹ്ഡി ആഘോഷത്തെ അടയാളപ്പെടുത്തുന്നത്”, പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിൽ നിന്നും ഇവിടെ എത്തിയിട്ടുള്ള സുഖ്ദേവ് സിംഗ് പറയുന്നു. തന്റെ ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും കർഷകനായിത്തന്നെ ജീവിച്ച, ഇപ്പോൾ അറുപതുകളുടെ മദ്ധ്യത്തിൽ എത്തിനിൽക്കുന്ന, ആളാണ് സുഖ്ദേവ് സിംഗ്. നിലവിൽ അദ്ദേഹം ഹരിയാന-ഡൽഹി അതിർത്തിയിലെ സിംഘുവിലുള്ള ആയിരക്കണക്കിനു സമരക്കാരിൽ ഒരാളാണ്.
“ഈ ലോഹ്ഡി തീർച്ചയായും വ്യത്യസ്തമാണ്,” അദ്ദേഹം കൂട്ടിച്ചേത്തു. “സാധാരണയായി ഞങ്ങൾ വീടുകളിൽ ബന്ധുക്കളോടും സന്ദർശകരായെത്തുന്ന സുഹൃത്തുക്കളോടുമൊപ്പം വളരെ സന്തോഷകരമായി ആഘോഷിയ്ക്കുന്ന ഒന്നാണിത്. ഇത്തവണ ഞങ്ങൾ പാടങ്ങളിൽ നിന്നും വീടുകളിൽ നിന്നും വളരെ അകലെയാണ്. എന്നാൽ ഞങ്ങൾ ഒരുമിച്ചാണ്. നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതുവരെ ഇവിടെ കഴിയേണ്ടി വന്നാൽപ്പോലും നിയമങ്ങൾ പിൻവലിക്കുന്നതുവരെ ഞങ്ങൾ തിരിച്ചു പോകില്ല.”
ജനകീയമായ ലോഹ്ഡി ഉത്സവം പ്രധാനമായും ആഘോഷിക്കുന്നതു പഞ്ചാബിലും വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലുമാണ്. സാധാരണയായി മകരസംക്രാന്തിക്കു (ദക്ഷിണായനം കടന്നുപോകുന്നതോടെയുണ്ടാകുന്ന ചാന്ദ്ര പഞ്ചാംഗത്തിലെ ഒരു മാസത്തിന്റെ അവസാന ദിവസം) തൊട്ടുമുൻപുള്ള രാത്രിയില്‍ ആഘോഷിക്കുന്ന ഈ ഉത്സവം ദൈർഘ്യമുള്ള ദിവസങ്ങളുടെയും വസന്തത്തിന്റെയും വരവിനെ കുറിക്കുന്നു. സന്തോഷത്തിനും സമൃദ്ധിക്കും നല്ലവിളവിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ജനങ്ങൾ ആഴി കൂട്ടുകയും നിലക്കടല, എള്ള്, ശര്‍ക്കര, മറ്റു പരമ്പരാഗത ഭക്ഷ്യവസ്തുക്കൾ എന്നിവയൊക്കെ സൂര്യദേവന് അര്‍പ്പിക്കുകയും ചെയ്യുന്നു.
സമരവഴികളിൽ ഒരുപാടിടങ്ങളിൽ ആഴി കൂട്ടി അതിലെല്ലാം മൂന്നു കാർഷിക നിയമങ്ങളടെ പകര്‍പ്പുകള്‍ കത്തിച്ചുകൊണ്ടാണ് ഈ വർഷം ജനുവരി 13-ന് സിംഘു അതിര്‍ത്തിയില്‍ ലോഹ്ഡി ആഘോഷിച്ചത്. ട്രാക്ടറുകളുടെ സമീപം എരിയുന്ന ആചാരപരമായ തീയിൽ കടലാസുകൾ എരിഞ്ഞു തീരുന്നതനുസരിച്ച് കർഷകര്‍ ഐക്യദാര്‍ഢ്യത്തിന്റെ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഒത്തുചേര്‍ന്നു പാടി നൃത്തം ചെയ്യുകയും ചെയ്തു.
വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം , കാര്‍ഷിക ഉത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിയ്ക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം , അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം അട്ടിമറിച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ് ഈ നിയമങ്ങള്‍ എന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
പരിഭാഷ: റെന്നിമോന്‍ കെ. സി.