ഗ്രാമീണ ഇന്ത്യയിലെ ഒരു വലിയ വിഭാഗം സ്ത്രീകളുടെ പുനരുത്പാദനപരവും, ലൈംഗികപരവുമായ ആരോഗ്യത്തെക്കുറിച്ച് വിശദമായി പരിശോധിക്കുന്ന ഒരു പരമ്പരയാണിത്. വന്ധ്യതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ, നിർബന്ധപൂർവ്വമുള്ള സ്ത്രീ വന്ധ്യംകരണം, കുടുംബാസൂത്രണത്തിൽ പുരുഷന്മാരുടെ പങ്കാളിത്തത്തിന്റെ അഭാവം, പലർക്കും പ്രാപ്യമല്ലാത്തവിധം അപര്യാപ്തമായ ഗ്രാമീണ ആരോഗ്യസംവിധാനങ്ങൾ എന്നിവയെക്കുറിച്ച് ഇതിലെ ചില കഥകൾ വെളിച്ചം വീശുന്നു. ഇതിനുപുറമേ, അടിസ്ഥാന യോഗ്യതയില്ലാത്ത ചികിത്സകർ, അപകടകരമായ പ്രസവങ്ങൾ, ആർത്തവസംബന്ധിയായ വിവേചനങ്ങൾ, ആൺകുട്ടികൾക്കുവേണ്ടിയുള്ള താത്പര്യം എന്നിവയെകുറിച്ചും ചില കഥകൾ സംസാരിക്കുന്നു.
ഇതിലെ പല കഥകളും നിത്യേനയുള്ള സംഘർഷങ്ങളെക്കുറിച്ചുള്ളതാണെങ്കിലും, ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ചെറിയ വിജയങ്ങളെയും ഇത് കാണിച്ചുതരുന്നു.
ഈ പരമ്പരയെക്കുറിച്ചറിയാൻ, താഴെയുള്ള വീഡിയോ കാണാം. പരമ്പര മുഴുവൻ ഇവിടെ വായിക്കുകയും ചെയ്യാം.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
പരിഭാഷ: രാജീവ് ചേലനാട്ട്