"ഞങ്ങൾ പട്ടിണിയിലായിരിക്കും, എങ്കിലും പാർട്ടികൊടിയുമായി പുറത്തിറങ്ങും. ഞങ്ങൾക്ക് പോയേ പറ്റൂ. മറ്റ് വഴികൾ ഞങ്ങൾക്കു മുമ്പിലില്ല”, തലുപ്പുരുവിലെ എം. നാരായണസ്വാമി പറയുന്നു. അനന്ത്പൂർ ജില്ലയിലെ റപ്താഡു അസംബ്ലി മണ്ഡലത്തിലെ തന്റെ ഗ്രാമത്തിലെ റേഷൻ ഡീലറാണ് അദ്ദേഹം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുദിനമായ ഇന്ന് - ഏപ്രിൽ 11ന് – ആന്ധ്രാപ്രദേശ് വോട്ട് ചെയ്യുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഇവിടെയുള്ള ആളുകൾ എന്താണ് ചിന്തിക്കുന്നത്, അവർ എങ്ങനെയാകും വോട്ട് ചെയ്യുക, ആർക്ക് വോട്ട് ചെയ്യും? എന്തിന് വോട്ടുചെയ്യും തുടങ്ങി എല്ലാം അദ്ദേഹം പറയുന്നു.
ഹിന്ദുപൂർ, കടപ്പ ലോക്സഭാ മണ്ഡലങ്ങളുടെ ഭാഗമായ റപ്താഡു, പുലിവേണ്ടുല അസംബ്ലി മണ്ഡലങ്ങളാണ് നിലവിൽ ശ്രദ്ധകേന്ദ്രം.
റപ്താഡുവിൽ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) പാരിതല ശ്രീരാമും വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ (വൈ.എസ്.ആർ.സി.പി.) തൊപുടുരതി പ്രകാശ് റെഡ്ഡിയും തമ്മിലാണ് തിരഞ്ഞെടുപ്പ് യുദ്ധം. 2009=ലും 2014=ലും ശ്രീരാമിന്റെ അമ്മ പാരിതല സുനിതയോട് റെഡ്ഡിക്ക് നഷ്ടമായതാണ് ഈ സീറ്റ്. പുലിവേണ്ടുല മണ്ഡലത്തിൽ വൈ.എസ്.ആർ.സി.പി നേതാവ് ജഗൻമോഹൻ റെഡ്ഡി ടിഡിപിയുടെ എസ് വി സതീഷ് കുമാറിനെയാണ് നേരിടുന്നത്. ഭാവി മുഖ്യമന്ത്രിയായി പലരും കാണുന്ന ജഗൻമോഹന് തന്നെയാണ് ഇവിടെ മുൻതൂക്കം.
ഹിന്ദ്പൂർ ലോക്സഭാ മണ്ഡലത്തിൽ ടിഡിപിയുടെ നിമ്മല കിസ്തപ്പയും വൈ.എസ്.ആർ.സി.പി.യുടെ ഗോറണ്ടല മാധവും തമ്മിലാണ് യുദ്ധം. കടപ്പയിൽ വൈ.എസ്.ആർ.സി.പി.യുടെ നിലവിലെ എംപി വൈ. എസ്. അവിനാഷ് റെഡ്ഡി ടി.ഡി.പി.യുടെ ആദിനാരായണ റെഡ്ഡിയെയാണ് നേരിടുന്നത്.
എങ്കിലും, വോട്ടുചെയ്യുന്ന കാര്യത്തിൽ സ്ഥാനാർത്ഥികളുടെ പ്രഭാവത്തേക്കാൾ അനന്തപുരിലെ ഗ്രാമങ്ങളിലെ ജനങ്ങൾ നയിക്കുന്നത് പാർട്ടിയും വിഭാഗീയതയുമാണ്. റപ്താഡുവിൽ ഞങ്ങൾ സംസാരിച്ച ഗ്രാമീണർക്കെല്ലാം ഹിന്ദ്പൂർ ലോക്സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടായിരുന്നു താത്പര്യം (രണ്ടിലും വോട്ടുചെയ്യുമെങ്കിലും). സത്യത്തിൽ ഈ മണ്ഡലങ്ങളിലുള്ള വോട്ടർമാർക്കെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിനോടുതന്നെയാണ് താത്പര്യം.
സ്വകാര്യ ബന്ധങ്ങളെയും ആശങ്കകളെയും നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങളെയുമൊക്കെ നിങ്ങളുടെ പാർട്ടിബന്ധം മറികടക്കും, അനന്തപൂരിലെ നാരായണസ്വാമിയും മറ്റുള്ളവരും പറയുന്നു. ഈ ജില്ലയിലെ ഗ്രാമങ്ങളിലുള്ള പ്രവർത്തകർ പലപ്പോഴും തങ്ങളുടെ രാഷ്ട്രീയപ്പാർട്ടിക്കും വിഭാഗത്തിനുംവേണ്ടി പ്രവർത്തിക്കാൻ ജോലി ഉപേക്ഷിക്കുകയും പട്ടിണി കിടക്കുകയും ചെയ്യുന്നു.
ഇരുഭാഗത്തുമല്ലാത്തവരും എന്നാൽ ഇരുഭാഗത്തുനിന്നും എന്തെങ്കിലും തരപ്പെടുത്താൻ നോക്കുന്നവരുമായ “ഒരു ന്യൂനപക്ഷം വോട്ടർമാർ എപ്പോഴുമുണ്ടാവു”മെന്ന് നാരായണസ്വാമി പറയുന്നു. “ഈയാളുകൾക്ക് നമ്മുടെ സർക്കാർ ഒരു ഉറുപ്പികയുടെ ഗുണം പോലും നൽകിയിട്ടില്ല”. മറ്റുപലരും പാർട്ടി ലൈനിനനുസരിച്ചും, വിഭാഗീയതയും ജാതിയും അടിസ്ഥാനപ്പെടുത്തിയുമായിരിക്കും വോട്ടുചെയ്യുക. നാരായണസ്വമിയാകട്ടെ, സ്വന്തം നിലയ്ക്കുതന്നെ, ഒരു പ്രതിബദ്ധതയുള്ള ടി.ഡി.പി. അനുഭാവിയാണ്.
അനന്തപൂരിനെപ്പറ്റി ധാരണയില്ലാത്തവരിൽ ഈ അനുഭാവങ്ങൾ അല്പം അമ്പരപ്പുണ്ടാക്കാറുണ്ട് -വിഭാഗീയത, രാഷ്ട്രീയ താത്പര്യം, സിനിമാതാരങ്ങളോടുപോലുമുള്ള ആരാധന എല്ലാം ഈ കൂട്ടത്തിലുണ്ട്. അവരിൽനിന്ന് ഒഴുകുന്ന ‘ഗ്രൂപ്പിസം‘ ഈ ജില്ലയ്ക്ക് രാഷ്ട്രീയ സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും ഒരു ചരിത്രംകൂടി സമ്മാനിച്ചിട്ടുണ്ട്. ഈ ജില്ലയിൽനിന്നുള്ള ഒന്നിലധികം എംഎൽഎമാർ രക്തരൂക്ഷിതമായ മരണത്തെ അഭിമുഖീകരിച്ചതും അതിന്റെ ഭാഗമായിട്ടാണ്. തങ്ങളുടെ മണ്ഡലത്തിലെയും പ്രദേശത്തെയും പ്രശ്നങ്ങളെക്കുറിച്ച് അറിയാത്തവരോ നിഷ്കളങ്കരോ അല്ല ഈ വോട്ടർമാർ. എന്നിട്ടും, അവരിൽപ്പലരും അതിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാറില്ല. അവർ അവരുടെ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കുമാത്രം വോട്ട് ചെയ്യുന്നവരാണ്.
അനന്ത്പൂരിൽ പാർട്ടി അനുഭാവം പെട്ടെന്നുതന്നെ നിങ്ങളുടെ പ്രശ്നമായിമാറും.
റായലസീമ മേഖലയിലെ (അനന്ത്പൂർ ഇതിന്റെ ഭാഗമാണ്) നിരവധി ഗ്രാമങ്ങളുടെ കാര്യമെടുക്കുമ്പോൾ ഇത് സത്യമാണെന്ന് മനസ്സിലാകും. ടി.ഡി.പി. ഭരണത്തിനുകീഴിൽ ക്ഷേമപ്രവർത്തനങ്ങൾ നടക്കുന്നത് രാഷ്ട്രീയവിശ്വാസം അനുസരിച്ചാണ്. അത് മറ്റ് പാർട്ടികളുടെ കാര്യത്തിലും സംഭവിച്ചുകഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇത് കൂടുതൽ തീവ്രമായിട്ടുണ്ടെന്ന് വ്യക്തമാണ്. ഭരണകക്ഷിയിൽനിന്ന് ഒരു നേട്ടവുമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ടി.ഡി.പി.യെ പിന്തുണയ്ക്കുന്നവരുണ്ട്. അവർ ഇനിയും ആ പാർട്ടിക്കൊപ്പം നിൽക്കുകയും ചെയ്തേക്കും. ഒരു സിനിമാതാരത്തിന്റെ കടുത്ത ആരാധകരെപ്പോലെയുള്ളവർക്കാകട്ടെ, അയാളുടെ രാഷ്ട്രീയത്തിന്റെ വഴിക്ക് പോകാം. മറ്റുള്ളവർക്ക് പ്രത്യേക ജാതിവിഭാഗത്തെ പിന്തുണക്കുകയും ചെയ്യാം.
ഭരണകക്ഷിയായ ടിഡിപിയിലും ഇത്തരം ബന്ധങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തനിക്കാവശ്യമുള്ള വായ്പയ്ക്ക് അംഗീകാരം നേടാൻ പാർട്ടി സഹായിച്ചില്ല എന്ന കാരണത്താൽ റപ്താഡു നിയോജകമണ്ഡലത്തിലെ പ്രാദേശിക ടിഡിപി നേതാവ് നിരാശനാണ്. നേട്ടങ്ങൾ നൽകുന്നതാണെങ്കിലും പാർട്ടിക്കുള്ളിൽത്തന്നെ അധികാരഘടനയെ നിർണ്ണയിക്കുന്നത് ആഭ്യന്തരബന്ധങ്ങളാണെന്ന് പ്രവർത്തകർതന്നെ സൂചിപ്പിക്കുന്നു. വിശ്വസ്തതയിലും ജാതിയിലും നേതൃത്വത്തോട് ഏറ്റവും അടുത്തിരിക്കുന്നവർക്കാണ് നേട്ടം.
"അയാൾക്ക് (ടിഡിപി പ്രാദേശിക നേതാവ്) അയാൾ ആഗ്രഹിച്ചിരുന്ന ലോൺ ഏതാണ്ട് കിട്ടിയതായിരുന്നു. എന്നാൽ അവസാനം അനുമതി നിഷേധിക്കപ്പെട്ടു. ഇതിനെപ്പറ്റിയൊക്കെ ആലോചിച്ചാൽ അതത്ര നല്ലതായി തോന്നില്ല”, മറ്റൊരു ടിഡിപി പ്രവർത്തകൻ പറയുന്നു. മിക്ക സംഭവങ്ങളിലും, സർക്കാർ വായ്പയുടെയോ സ്കീമിന്റെയോ അംഗീകാരത്തിനുള്ള സാധ്യത അപേക്ഷകന്റെ പാർട്ടി അനുഭവാത്തെ ആശ്രയിച്ചിരിക്കുന്നു.
കുറച്ചുവർഷമായി റപ്താഡു ടിഡിപിയുടെ കോട്ടയാണ്. എന്നാൽ സംസ്ഥാന സർക്കാർതലത്തിൽ ഒരു മാറ്റംവന്നാൽ ഈ ഗ്രാമത്തിലെ അധികാരചലനാത്മകതയിലും അത് മാറ്റം വരുത്തിയേക്കാം. 2004-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ടിഡിപി തോറ്റ് ഒരുവർഷത്തിനുള്ളിൽ പകൽവെളിച്ചത്തിൽ കൊല്ലപ്പെട്ട പരിതാല രവീന്ദ്രയുടെ ഭാര്യ പരിതാല സുനിതയാണ് റാപ്തഡുവിലെ നിലവിലെ എംഎൽഎ.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള നാലര വർഷംനീണ്ട വൈരാഗ്യത്തിന്റെയും വിഭാഗീയതയുടെയും ഭാഗമായിരുന്നു ആ കൊലപാതകം. "രക്ത ചരിത്ര' എന്ന രണ്ട് ഭാഗങ്ങളുള്ള സിനിമ നിർമിക്കാൻ രാം ഗോപാൽ വർമയ്ക്ക് പ്രചോദനമായതും രണ്ട് തലമുറ വ്യാപിച്ച ഈ വൈരാഗ്യകഥയായിരുന്നു. കൊല്ലപ്പെട്ട എംഎൽഎ പരിതാല രവീന്ദ്രനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട കഥാപാത്രത്തിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയുള്ള ഒരു കുട്ടിയുടെ ജനനത്തോടെയാണ് സിനിമ അവസാനിക്കുന്നത്. വിചിത്രമെന്ന് പറയട്ടെ, അതേ റപ്താഡു മണ്ഡലത്തിൽ ടിഡിപി ടിക്കറ്റിൽ മത്സരിച്ച് പരിതാലയുടെ മകൻ ശ്രീറാം ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ്.
കൊലപാതകങ്ങളുടെയും കലാപങ്ങളുടേതുമാണ് സ്വാതന്ത്ര്യാനന്തര റായലസീമയുടെ രാഷ്ട്രീയചരിത്രം. നിരവധിപേർ സ്വന്തം പാർട്ടി അനുഭാവം കാരണം കൊലചെയ്യപ്പെട്ടു. വൈ.എസ്.ആർ.സി.പി. നേതാവ് ജഗൻമോഹൻ റെഡ്ഡിയുടെ സ്ഥലമായ കടപ്പ ജില്ലയിലും (2010ൽ വൈ.എസ്.ആർ. ജില്ലയായി പുനഃനാമകരണം ചെയ്തു) വിഭാഗീയതയുടെ പേരിൽ യുദ്ധങ്ങൾ സാധാരണമാണ്. 2009-ൽ അപകടത്തിൽ മരിച്ച മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ (വൈ.എസ്.ആർ. എന്നറിയപ്പെടുന്നു) മകനാണ് ജഗൻമോഹൻ റെഡ്ഡി. കോൺഗ്രസ് വിട്ട വൈ.എസ്.ആർ. രൂപീകരിച്ചതാണ് വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി. ആന്ധ്രാപ്രദേശിൽ അധികാരത്തിനായുള്ള തിരഞ്ഞെടുപ്പിലെ ശക്തനായ മത്സരാർത്ഥികൂടിയാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടി.
അനുഭാവങ്ങളുടെ പേരിലുള്ള കൊലയെ അതീജീവിക്കാൻ ശക്തരായ രാഷ്ട്രീയക്കാർക്കുപോലും കഴിയില്ല. വൈ.എസ്.ആറിന്റെ പിതാവ് വൈ.എസ്. രാജറെഡ്ഡി 1999 കൊലചെയ്യപ്പെടുകയായിരുന്നു. 1993-ൽ നിലവിലെ എം.എൽ.എ.യായ പി ശിവ റെഡ്ഡി കൊല ചെയ്യപ്പെട്ടു. ആ കേസിൽ ഒരു മുൻമന്ത്രി പ്രതിയാക്കപ്പെട്ട് ശിക്ഷ ലഭിച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഈ വർഷം മാർച്ചിൽ വൈ.എസ്.ആറിന്റെ സഹോദരൻ വിവേകാനന്ദ റെഡ്ഡി പുലിവേണ്ടുലയിലെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് കൊലചെയ്യപ്പെട്ടു. ഈ മണ്ഡലത്തിലെ എംഎൽഎയായ ജഗൻമോഹൻ റെഡ്ഡിതന്നെയാണ് ഇത്തവണയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
വൈ.എസ്.ആർ.സി.പിയുടെ കടപ്പ എം.പിയായ അവിനാഷ് റെഡ്ഡി 2014-ൽ ടി.ഡി.പി. എതിരാളിയെ തോൽപ്പിച്ച് 200,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2011-ൽ ജഗൻമോഹൻ റെഡ്ഡി 5,50,000 റെക്കോർഡ് വോട്ടുകളുടെ വ്യത്യാസത്തിൽ കോൺഗ്രസ് എതിരാളിയെ പരാജയപ്പെടുത്തി. എന്നാൽ, ഇത്തവണ ജനങ്ങൾ കൂടുതൽ താത്പര്യത്തോടെ നോക്കികാണുന്നത് പുലിവേണ്ടുല (കടപ്പ മേഖലയിൽ) നിയമസഭാ സീറ്റാണ്.
റായലസീമയിലെ ഈ കൊലപാതകങ്ങൾ ചിലപ്പോൾ അധികാരമാറ്റത്തിനുവരെ കാരണമാകാറുണ്ട്. അധികാരം നഷ്ടപ്പെട്ട ശേഷമുള്ള തിരിച്ചടികളാണ് അനന്തപുരിലെ പല ടി.ഡി.പി .പ്രവർത്തകരെയും ആശങ്കയിലാക്കിയത്. ടി.ഡി.പി അനുഭാവം ഒരുകാലത്ത് അവർക്ക് നേട്ടം നൽകിയെങ്കിൽ ഇപ്പോൾ അതേ പാർട്ടിസ്നേഹം അവരെ അപകടത്തിലാക്കിയേക്കാം. വൈ.എസ്.ആർ.സി.പി. വിഭാഗം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വളരെ ആത്മവിശ്വാസത്തിലാണ്. ഞാൻ പൊതുജനങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നത് (എൻക്വയറി) പോലീസിൽ പരാതിപ്പെടുമെന്നു പറഞ്ഞ ഒരു വൈ.എസ്.ആർ.സി.പി പ്രവർത്തകൻ എന്നെ ഒരു ടി.ഡി.പി അനുഭാവിയായി തെറ്റിദ്ധരിക്കുകയും ചെയ്തു. റപ്താഡു നിയമസഭാമണ്ഡലത്തിലെ തന്റെ ഗ്രാമമായ വോഡിപ്പള്ളിയിലെ കർഷകരുമായി അഭിമുഖം നടത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേമവും വികസനവും നൽകാതെ, ടി.ഡി.പി ആസൂത്രിതമായി നിശ്ശബ്ദരാക്കിയ വോട്ടർമാരാണ് വൈ.എസ്.ആർ.സി.പിയുടെ ആത്മവിശ്വാസം. ഇവർ യാതൊരു പാർട്ടി അനുഭാവവുമില്ലാത്ത വോട്ടർമാരാണ്.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള കൊട്ട നിർമ്മാതാവായ സാകെ ഗംഗണ്ണയ്ക്ക് ഒരു പാർട്ടിയുമായോ വിഭാഗവുമായോ ബന്ധമില്ല. റോഡ് വികസനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് സ്വന്തം വീട് നഷ്ടമായിരുന്നു. ഗംഗണ്ണയുടെ കുടിലിന് എതിർവശത്തുള്ള സ്ഥലമാണ് ടിഡിപി അനുഭാവികൾക്ക് അനുവദിച്ചത്. "ഞാനെന്റ സഹോദരമാരോട് ഭൂമി തരണമെന്ന് ആവശ്യപ്പെട്ടിരുന്നു'–- തരില്ലെന്നാണ് അവർ പറഞ്ഞത്. ഇത്തവണ വൈഎസ്ആർസിപിക്ക് വോട്ട് ചെയ്യാനാണ് ഗംഗണ്ണയുടെ തീരുമാനം.
ദിവസവും 50 കിലോമീറ്ററോളം യാത്ര ചെയ്താണ് കൊട്ടയും മറ്റ് തടിയുത്പന്നങ്ങളും ഗംഗണ്ണ വിറ്റഴിക്കുന്നത്. "ഞങ്ങൾ കൈത്തൊഴിലാളികളാണ്. ഞങ്ങൾക്ക് ഭൂമിയില്ല സഹോദരാ... രാഷ്ട്രീയ നേതാക്കളെ ഞങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങൾ ആരെയും വിമർശിക്കും. വൈ.എസ്.ആർ.സി.പി. തെറ്റ് ചെയ്താൽ ഞങ്ങൾ അവരെയും വിമർശിക്കും”, ഗംഗണ്ണ പറയുന്നു. ഗംഗണ്ണയെപ്പോലെ, സർക്കാർ പദ്ധതികളിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരുടെ വോട്ടുകളാകാം ഇത്തവണ ആന്ധ്രപ്രദേശിലെ അധികാരമാറ്റം നിർണയിക്കുന്നത്.
പരിഭാഷ: അശ്വതി ടി കുറുപ്പ്