“പൂക്കൾ ഉണങ്ങിത്തുടങ്ങുകയാണ്”

2023 മാർച്ചിലെ ഒരു ഇളം ചൂടുള്ള പകൽ. പോമുല ഭീമാവരം ഗ്രാമത്തിലെ തന്റെ മൂന്നേക്കർ മാങ്ങാത്തോട്ടം ചുറ്റിനടന്ന് നോക്കുകയാണ് മരുദുപുഡി നാഗരാജു

വലിപ്പമുള്ള ബംഗനപ്പള്ളി, തേനൂറുന്ന ചെറുകു രസലു, പച്ചയോടെ ഭക്ഷിക്കപ്പെടുന്ന തോടപുരി, പ്രശസ്തമായ പാണ്ടുരി മാമിഡി എന്നുതുടങ്ങി 150-ഓളം നാട്ടിനം മാവുകൾ, ആന്ധ്ര പ്രദേശിലെ അനകപള്ളി താലൂക്കിൽ അദ്ദേഹത്തിന്റെ കണ്മുന്നിൽ പരന്നുകിടക്കുന്നു

അദ്ദേഹത്തിന്റെ പാടത്തെ മാവുകളെല്ലാം ഊതയും മഞ്ഞയും കലർന്ന നിറത്തിലുള്ള മാമ്പൂക്കളാൽ മൂടപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് ആ 62 വയസ്സുള്ള കർഷകന് സന്തോഷം പകരുന്ന കാഴ്ചയല്ല. വൈകിയാണ് മാവുകൾ പൂത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “സംക്രാന്തിയോടെ (ജനുവരി മധ്യത്തിലെ ഉത്സവം) പൂവിടേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. ഫെബ്രുവരിയിലാണ് ഇവ പൂത്തത്”, നാഗരാജു പറഞ്ഞു.

മാർച്ച് മാസത്തോടെ നാരങ്ങയുടെ വലിപ്പമുണ്ടാവേണ്ടതായിരുന്നു മാങ്ങകൾക്ക്. “പൂക്കളില്ലെങ്കിൽ മാങ്ങകളുണ്ടാവില്ല. ഈ വർഷം എനിക്കൊന്നും സമ്പാദിക്കാനും സാധിക്കില്ല”.

Marudupudi Nagaraju (left) is a mango farmer in Pomula Bheemavaram village of Anakapalli district . He says that the unripe fruits are dropping (right) due to lack of proper irrigation
PHOTO • Amrutha Kosuru
Marudupudi Nagaraju (left) is a mango farmer in Pomula Bheemavaram village of Anakapalli district . He says that the unripe fruits are dropping (right) due to lack of proper irrigation
PHOTO • Amrutha Kosuru

അനകപള്ളി ജില്ലയിലെ പോമുല ഭീമാവരം ഗ്രാമത്തിൽ മാങ്ങാക്കർഷകനാണ് മരുതുപുഡി നാഗരാജു (ഇടത്ത്). ശരിയായ നനയില്ലാത്തതിനാൽ മാങ്ങകൾ പഴുക്കും മുമ്പേ വീണുപോകുന്നു (വലത്ത്) എന്ന് അദ്ദേഹം പറഞ്ഞു

നാഗരാജുവിന്റെ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളു. ദിവസക്കൂലിക്കാരനായ അദ്ദേഹം അദ്ധ്വാനിച്ച് നേടിയ സ്വപ്നമാണ് ആ മാന്തോട്ടം. മഡിഗ സമുദായക്കാരനായ (ആന്ധ്രാ പ്രദേശിൽ പട്ടികജാതി വിഭാഗമാണ് മഡിഗ സമുദായം) അദ്ദേഹത്തിന് 25 വർഷം മുമ്പ് സംസ്ഥാന സർക്കാർ നൽകിയ സ്ഥലമാണ് അത്. 1973-ലെ ആന്ധ്രാ പ്രദേശ് ഭൂപരിഷ്കരണ നിയമത്തിൻ‌കീഴിൽ (കൃഷിഭൂമി കൈവശ പരിധി) ഭൂരഹിതരായ വിഭാഗത്തിന് സർക്കാർ പുനർവിതരണം ചെയ്തതാണ് ആ സ്ഥലം.

ജൂണോടെ മാമ്പഴക്കാലം അവസാനിക്കുമ്പോൾ അദ്ദേഹം അടുത്തുള്ള ഗ്രാമങ്ങളിലെ കരിമ്പിൻ‌തോട്ടങ്ങളിൽ ദിവസക്കൂലിക്ക് പണിയെടുക്കാൻ പോകും. ജോലിയുണ്ടെങ്കിൽ ദിവസത്തിൽ 350 രൂപവെച്ച് കിട്ടും. കനാലുകൾക്ക് ആഴം കൂട്ടുക, വളമുണ്ടാക്കുകപോലുള്ള എം.എൻ.ആർ.ഇ.ജി.എ. ജോലികൾക്കും വർഷത്തിൽ 70-75 അദ്ദേഹം പോകാറുണ്ട്. ആ ജോലികൾക്ക് ദിവസത്തിൽ 230 മുതൽ 250 രൂപവരെ ലഭിക്കും.

ആദ്യമായി ഭൂവുടമയായപ്പോൾ നാഗരാജു മഞ്ഞൾക്കൃഷി ചെയ്തു. എന്നാൽ കൂടുതൽ ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ, അഞ്ചുവർഷത്തിനുള്ളിൽ, മാങ്ങാക്കൃഷിയിലേക്ക് അദ്ദേഹം മാറി. “തുടക്കക്കാലത്ത് (20 വർഷം മുമ്പ്) ഓരോ മാവിൽനിന്നും 75 കിലോഗ്രാം മാങ്ങ കിട്ടാറുണ്ടായിരുന്നു”, ധാരാളം വിളവ് കിട്ടിയിരുന്ന ആ കാലം ഓർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “എനിക്ക് മാങ്ങകൾ ഇഷ്ടമാണ്. പ്രത്യേകിച്ചും തോടപുരി”.

രാജ്യത്ത് ഏറ്റവുമധികം മാങ്ങ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാ പ്രദേശ്. ഏകദേശം 3.78 ലക്ഷം ഹെക്ടറിലാണ് ഇവ വളർത്തുന്നത്. 2020-21-ൽ വാർഷികോത്പാദനം 49.26 ലക്ഷം മെട്രിക്ക് ടൺ ആയിരുന്നുവെന്ന് സംസ്ഥാന ഹോർട്ടിക്കൾച്ചർ വകുപ്പ് പറയുന്നു.

ഇന്ത്യയുടെ കിഴക്കൻ തീരത്ത്, കൃഷ്ണ, ഗോദാവരി പുഴകൾക്കിടയിൽ, അവ ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകിയെത്തുന്ന സ്ഥലത്തിനടുത്തുള്ള കാർഷികമേഖലയിലാണ് പോമുല ഭീമാവരം ഗ്രാമം സ്ഥിതി ചെയ്യുന്നത്.

“എന്നാൽ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയ്ക്ക്, ഒക്ടോബർ-നവംബർ മാസങ്ങളിൽ കാലം തെറ്റിയ മഴ വർദ്ധിച്ചിട്ടുണ്ട്” എന്ന്, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ഹോർട്ടിക്കൾച്ചറൽ റിസർച്ചിലെ (ഐ.ഐ.എച്ച്.ആർ) മുഖ്യ ശാസ്ത്രജ്ഞനായ ഡോ. എം. ശങ്കരൻ പറയുന്നു.

The mango flowers in Nagaraju's farm (right) bloomed late this year. Many shrivelled up (left) because of lack of water and unseasonal heat
PHOTO • Amrutha Kosuru
The mango flowers in Nagaraju's farm (right) bloomed late this year. Many shrivelled up (left) because of lack of water and unseasonal heat
PHOTO • Amrutha Kosuru

നാഗരാജുവിന്റെ പാടത്തെ (വലത്തെ) മാമ്പൂക്കൾ ഈ വർഷം വൈകിയാണ് പൂത്തത്. വെള്ളത്തിന്റെ ദൌർല്ലഭ്യവും പതിവില്ലാത്ത ചൂടും മൂലം പലതും കൊഴിഞ്ഞുപോയി (ഇടത്ത്)

അസാധാരണമായ ചൂടിൽ മാമ്പൂക്കൾ വാടുന്നതും വിളവിൽ വലിയ കുറവ് വരുന്നതും ശ്രദ്ധിച്ചിട്ടുണ്ടെന്ന് ആ കർഷകൻ പറഞ്ഞു. “ചിലപ്പോൾ ഒരു മാവിൽനിന്ന് ഒരു പെട്ടി (120-150 മാങ്ങകൾ) പോലും കിട്ടാറില്ല. വേനൽക്കാലത്തെ ശക്തിയായ മഴയിലും (ഏതാണ്ട് പഴുക്കാറായ) മാങ്ങകൾ നശിച്ചുപോകാറുണ്ട്”.

വളം, കീടനാശിനി, തൊഴിൽ എന്നിവയുടെ ചിലവ് നികത്താൻ കഴിഞ്ഞ രണ്ട് വർഷമായി, ഒരുലക്ഷം രൂപ വായ്പയെടുക്കാറുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് വർഷത്തിൽ 32 ശതമാനം പലിശയ്ക്കാണ് വായ്പയെടുക്കുന്നത്. വർഷത്തിൽ അദ്ദേഹത്തിന്റെ വരുമാനം 70,000-ത്തിനും 80,000-ത്തിനുമിടയിലാണ്. അതിൽനിന്ന് ഒരു ഭാഗം ജൂണിൽ പണമിടപാടുകാരന് തിരിച്ചടയ്ക്കും. എന്നാൽ വിളവുകൾ കുറയുന്നതിനാൽ ഇനിയത് ബുദ്ധിമുട്ടാവും. പെട്ടെന്ന് മാങ്ങാക്കൃഷി അവസാനിപ്പിക്കാനും അദ്ദേഹം ഒരുക്കമല്ല.

*****

അദ്ദേഹത്തിന്റെ അയൽക്കാരനായ കാന്തമറെഡ്ഡി  ശ്രീരാമമൂർത്തി ഒരു മഞ്ഞപ്പൂവ് കൈയ്യിലെടുത്ത് കുലുക്കുന്നു. ഏതാണ്ട് ഉണങ്ങിയ ആ പൂവ് പൊടിഞ്ഞുപോയി.

ഇതേ ഗ്രാമത്തിൽ അദ്ദേഹത്തിന് 1.5 ഏക്കർ മാങ്ങത്തോട്ടമുണ്ട്. ബംഗനപ്പള്ളി, ചെറുകു രസലു, സുവർണ്ണരേഖ ഇനങ്ങളുറ്റെ 75 മാവുകൾ അതിലുണ്ട്. മാമ്പൂക്കൾ കുറയുകയാണെന്ന നാഗരാജുവിന്റെ അഭിപ്രായത്തോടെ അദ്ദേഹവും യോജിക്കുന്നു. “ഇത് പ്രധാനമായും ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന കാലംതെറ്റിയ മഴമൂലമാണ്. കഴിഞ്ഞ അഞ്ചുവർഷമായി അത് വർദ്ധിച്ചിരിക്കുന്നു”, തൂർപ്പു കാപു (ആന്ധ്രാ പ്രദേശിൽ മറ്റ് പിന്നാക്കവിഭാഗങ്ങൾ) വിഭാഗക്കാരനയ ആ കർഷകൻ പറഞ്ഞു. എല്ലാ വർഷവും ജൂലായ് മുതൽ സെപ്റ്റംബർ മാസംവരെ ഒരു ബന്ധുവിന്റെ കരിമ്പുപാടത്ത് ജോലിക്ക് പോവുന്നുണ്ട് ഇദ്ദേഹവും. അവിടത്തെ ജോലിക്ക് മാസത്തിൽ 10,000 രൂപ അദ്ദേഹം സമ്പാദിക്കുന്നു.

ഈ വർഷം മാർച്ചിൽ (2023) ശ്രീരാമമൂർത്തിയുടെ മാമ്പൂക്കളും മാങ്ങകളും കൊടുങ്കാറ്റിൽ നശിച്ചുപോയി. “വേനൽ‌മഴ മാവുകൾക്ക് നല്ലതാണ്. എന്നാൽ ഇക്കൊല്ലം വളരെ കൂടുതലായിരുന്നു”, മഴയോടൊപ്പം വന്ന് മാങ്ങകളെ കേടുവരുത്തിയ ശക്തിയായ കാറ്റിൻ സൂചിപ്പിച്ചുകൊണ്ട് ശ്രീരാമമൂർത്തി പറഞ്ഞു.

Kantamareddy Sriramamurthy (left) started mango farming in 2014. The mango flowers in his farm (right) are also drying up
PHOTO • Amrutha Kosuru
Kantamareddy Sriramamurthy (left) started mango farming in 2014. The mango flowers in his farm (right) are also drying up
PHOTO • Amrutha Kosuru

കാന്താമറെഡ്ഡി ശ്രീരാമമൂർത്തി (ഇടത്ത്) 2014-ലാണ് മാങ്ങാക്കൃഷി തുടങ്ങിയത്. അദ്ദേഹത്തിന്റെ പറമ്പിലെ (വലത്ത്) മാമ്പൂക്കളും ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു

25-30 ഡിഗ്രി സെൽ‌ഷ്യസാണ് മാമ്പൂക്കൾ വിടരാൻ അനുയോജ്യമായ ഊഷ്മാവെന്ന് ഹോർട്ടിക്കൾച്ചറൽ സയന്റിസ്റ്റായ ശങ്കരൻ പറയുന്നു. “2023 ഫെബ്രുവരിയിൽ രാവിലത്തെയും രാത്രിയിലെയും ഊഷ്മാവുകൾതമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. മാവുകൾക്ക് അത് താങ്ങാൻ പറ്റില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

മാങ്ങാക്കൃഷിക്കുള്ള സാഹചര്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോശമായിക്കൊണ്ടിരിക്കുന്നതിനാൽ, 2014-ൽ താനെടുത്ത തീരുമാനത്തെക്കുറിച്ച് ഇപ്പോൾ ശ്രീരാമമൂർത്തി പശ്ചാത്തപിക്കുകയാണ്. ആ വർഷമാണ് അനകപള്ളി പട്ടണത്തിലെ 0.9 ഏക്കർ സ്ഥലം വിറ്റ് കിട്ടിയ ആറ് ലക്ഷം രൂപ അദ്ദേഹം പോമുല ഭീമാവാരത്ത് മാങ്ങാക്കൃഷി തുടങ്ങാൻ നിക്ഷേപിച്ചത്.

തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: “എല്ലാവർക്കും മാങ്ങകൾ ഇഷ്ടമാന്. ധാരാളം ആവശ്യക്കാരുമുണ്ട്. ആവശ്യത്തിനുള്ള പൈസ ഈ കൃഷിയിൽനിന്ന് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു”.

അതിനുശേഷം തനിക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. “2014-നും 2022-നുമിടയ്ക്ക് (എട്ട് വർഷത്തിൽ) മാങ്ങാക്കൃഷിയിൽനിന്നുള്ള എന്റെ മൊത്തം വരുമാനം ആറ് ലക്ഷത്തിൽ കവിഞ്ഞിട്ടില്ല”. “ഞാൻ വിറ്റ ആ സ്ഥലത്തിന് ഇന്ന് നല്ല വിലയുണ്ട്. ഈ മാങ്ങാകൃഷി ഞാൻ തുടങ്ങരുതായിരുന്നു”, പട്ടണത്തിലെ തന്റെ സ്ഥലം വിറ്റതിനെക്കുറിച്ച് അദ്ദേഹം പരിതപിക്കുന്നു.

കാലാവസ്ഥ മാത്രമല്ല. മാവുകൾ ജലസേചനത്തെയും ആശ്രയിക്കുന്നു. നാഗരാജുവിനും ശ്രീരാമമൂർത്തിക്കും അവരുടെ പറമ്പുകളിൽ കുഴൽക്കിണറുകളില്ല. 2018-ൽ 2.5 ലക്ഷം രൂപ ചിലവഴിച്ച് ശ്രീരാമമൂർത്തി കുഴൽക്കിണർ കുഴിക്കാൻ ശ്രമം നടത്തിയെങ്കിലും ഒരു തുള്ളി വെള്ളം കിട്ടിയില. നാഗരാജുവിന്റെയും ശ്രീരാമമൂർത്തിയുടേയും മാവിൻ‌തോപ്പുകൾ സ്ഥിതി ചെയ്യുന്ന ബുച്ചിയപ്പേട്ടയിൽ (ബുചയപ്പേട്ട എന്നും വിളിക്കുന്നു) ഔദ്യോഗികമായി 35 കുഴൽക്കിണറുകളും 30 തുറന്ന കിണറുകളുമുണ്ട്.

മാവുകൾക്ക് സ്ഥിരമായി വെള്ളമെത്തിക്കാനുള്ള സംവിധാനമുണ്ടെങ്കിൽ പൂക്കൾ ഉണങ്ങുന്നത് പരിഹരിക്കാനാവുമെന്ന് ശ്രീരാമമൂർത്തി പറയുന്നു. ആഴ്ചയിൽ രണ്ട് ടാങ്കർ ലോറി വെള്ളം അദ്ദേഹം വാങ്ങുന്നു. മാസത്തിൽ 10,000 രൂപ ചിലവുണ്ട്. “ഓരോ മാവിനും ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളമെങ്കിലും ദിവസവും വേണം. എന്നാൽ ഞാൻ രണ്ടാഴ്ച കൂടുമ്പോഴേ നനയ്ക്കാറുള്ളു. അത്രയേ എനിക്ക് താങ്ങാനാവൂ”, അദ്ദേഹം പറയുന്നു.

നാഗരാജുവും രണ്ട് ടാങ്കർ നിറയെവെള്ളം വാങ്ങാറുണ്ട് മാവുകൾ നനയ്ക്കാൻ. ഓരോ ലോഡിനും 8,000 രൂപയാണ് കൊടുക്കുന്നത്.

Left: Mango trees from Vallivireddy Raju's farm, planted only in 2021, are only slightly taller than him. Right: A lemon-sized mango that fell down due to delayed flowering
PHOTO • Amrutha Kosuru
Left: Mango trees from Vallivireddy Raju's farm, planted only in 2021, are only slightly taller than him. Right: A lemon-sized mango that fell down due to delayed flowering
PHOTO • Amrutha Kosuru

ഇടത്ത്: 2021-ൽ നട്ട വള്ളിവിറെഡ്ഡിയുടെ മാവുകൾക്ക് അദ്ദേഹത്തേക്കാൾ അല്പം ഉയരമേയുള്ളു. വലത്ത്: പൂക്കാൻ വൈകിയതുമൂലം കൊഴിഞ്ഞുവീണ, നാരങ്ങയുടെ വലിപ്പമുള്ള മാങ്ങ

Left: With no borewells on his farm, Nagaraju gets water from tanks which he stores in blue drums across his farms. Right: Raju's farm doesn't have a borewell either. He spends Rs. 20000 in a year for irrigation to care for his young trees
PHOTO • Amrutha Kosuru
Raju's farm doesn't have a borewell either. He spends Rs. 20000 in a year for irrigation to care for his young trees
PHOTO • Amrutha Kosuru

ഇടത്ത്: പറമ്പിൽ കുഴൽക്കിണറുകളില്ലാത്തതിനാൽ ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളം നാഗരാജു നീലനിറമുള്ള ഡ്രമ്മുകളിൽ നിറച്ചുവെക്കുകയാണ് ചെയ്യുന്നത്. വലത്ത്: രാജുവിന്റെ സ്ഥലത്തും കുഴൽക്കിണറില്ല. തന്റെ മാവിൻ‌തൈകളെ നനയ്ക്കാൻ വർഷത്തിൽ 20,000 രൂപയുടെ വെള്ളമാണ് രാജുവും ഉപയോഗിക്കുന്നത്

വള്ളിവിറെഡ്ഡി രാജു തന്റെ മരങ്ങൾക്ക് നവംബർ മുതൽ ആഴ്ചയിൽ ഒരുതവണ വെള്ളമൊഴിക്കും. ഫെബ്രുവരി മുതൽ ആഴ്ചയിൽ രണ്ടുതവണയും. മാവിൻ‌കൃഷിയിലേക്ക് ഈയടുത്തകാലത്ത് മാത്രം വന്ന 45 വയസ്സുള്ള അദ്ദേഹം 2021-ലാണ് തന്റെ 0,7 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ തുടങ്ങിയത്. രണ്ട് വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തേക്കാൾ അല്പം കൂടുതൽ ഉയരമേ മാവുകൾക്കുള്ളു. “മാവിൻ‌തൈകൾക്ക് കൂടുതൽ വെള്ളം വേണം. പ്രത്യേകിച്ചും വേനൽക്കാലത്ത്, ദിവസവും രണ്ട് ലിറ്റർ വെള്ളം അവയ്ക്ക് ആവശ്യമാണ്”.

രാജുവിന്റെ പറമ്പിലും കുഴൽക്കിണറില്ല. അതിനാൽ 20,000 രൂപയോളം നനയ്ക്കും മറ്റുമായി രാജു ചിലവിടുന്നു. അതിൽ പകുതിയും ടാങ്കറിൽ വെള്ളം കൊണ്ടുവരുന്നതിനാ‍യിട്ടാണ്. എല്ലാ ദിവസവും നനയ്ക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. “എന്റെ 40 മാവുകൾക്കും ദിവസവും വെള്ളം കൊടുക്കണമെങ്കിൽ, എന്റെ സ്വത്തുക്കളൊക്കെ വിൽക്കേണ്ടിവരും”.

തന്റെ മൂന്ന് വർഷത്തെ നിക്ഷേപത്തിൽനിന്ന് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. “ലാഭമൊന്നും ഉണ്ടാവില്ലെന്ന് എനിക്കറിയാം. നഷ്ടവും ഉണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം”, രാജു പറയുന്നു.

*****

കഴിഞ്ഞ മാസം (2023 ഏപ്രിൽ) 3,500 കിലോഗ്രാം മാങ്ങ, അഥവാ, 130-140 പെട്ടി മാങ്ങ, വിളവെടുക്കാൻ എങ്ങിനെയൊക്കെയോ നാഗരാജുവിന് സാധിച്ചു. വിശാഖപട്ടണത്തുനിന്നുള്ള വ്യാപാരികൾ കിലോഗ്രാമിന് 15 രൂപവെച്ച് വില പറഞ്ഞു. ആദ്യത്തെ വിളവിൽനിന്ന് 52,500 രൂപ സമ്പാദിക്കാൻ സാധിച്ചു.

“രണ്ട് പതിറ്റാണ്ടുമുമ്പ് ഞാൻ കൃഷി തുടങ്ങുമ്പോഴും കിലോഗ്രാമിന് 15 രൂപയായിരുന്നു (വില്പനയിൽനിന്ന്) കിട്ടിയിരുന്നത്“, അദ്ദേഹം പറയുന്നു. ഒരു കിലോഗ്രാം ബംഗനപള്ളി മാങ്ങയ്ക്ക് വിശാഖപട്ടണത്തിലെ മധുർവാഡ റൈത്തു ബസാറിൽ 60 രൂപ വിലയുണ്ട്. വേനൽക്കാലത്ത് വില 50 രൂപയ്ക്കും 100-യ്ക്കുമിടയിലായിരിക്കും. ബസാറിന്റെ എസ്റ്റേ ഓഫീസർ പി. ജഗദേശ്വര റാവു പറയുന്നു.

These mango flowers in Nagaraju's farm aren’t dry and in a better condition
PHOTO • Amrutha Kosuru
The green and round Panduri mamidi is among his favourite
PHOTO • Amrutha Kosuru

ഇടത്ത്: നാ‍ഗരാജുവിന്റെ മാന്തോപ്പിൽനിന്നുള്ള ഈ മാമ്പൂക്കൾ അത്ര ഉണങ്ങിയിട്ടില്ല. സാമാന്യം നല്ല അവസ്ഥയിലാണ്. വലത്ത്: അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം പച്ചനിറമുള്ള ഉരുണ്ട പാണ്ടുരി മാമിഡിയാണ്

ശ്രീരാമമൂർത്തിക്ക് ആദ്യത്തെ വിളവിൽ 1,400 കിലോഗ്രാം മാങ്ങ കിട്ടി. തന്റെ പെണ്മക്കൾക്കുവേണ്ടി അദ്ദേഹം രണ്ടുമൂന്ന് കിലോ മാറ്റിവെച്ചിട്ടുണ്ട്. ബാക്കിയുള്ളവർ വിശാഖപട്ടണത്തിലെ വ്യാപാരികൾക്ക്, കിലോഗ്രാമിന് കഷ്ടിച്ച് 11 രൂപയ്ക്ക് വിൽക്കാനുള്ളതാണ്. “ഏറ്റവുമടുത്തുള്ള അങ്ങാടി 40 കിലോമീറ്റർ അപ്പുറത്താണ്”. എന്തുകൊണ്ട് സ്വന്തമായി വിൽക്കാൻ സാധിക്കുന്നില്ല എന്ന് വിശദീകരിക്കുകയായിരുന്നു ശ്രീരാമമൂർത്തി.

വാർഷികവരുമാനം കണക്കാക്കാൻ, ജൂണിലെ രണ്ടാമത്തെ വിളവിന് കാത്തിരിക്കുകയാണ് പോമുല ഭീമാവാരത്തെ മാങ്ങാക്കർഷകർ. പക്ഷേ നാ‍ാഗരാജുവിന് വലിയ പ്രതീക്ഷയില്ല. “ലാഭമൊന്നുമില്ല. നഷ്ടം മാത്രം”, അദ്ദേഹം പറയുന്നു.

പൂക്കൾ നിറഞ്ഞ ഒരു മാവ് ചൂണ്ടിക്കാട്ടി നാഗരാജു പറയുന്നു. “ഈ സമയത്തിനകം ഇതിൽ ഈ വലിപ്പത്തിലുള്ള (കൈപ്പത്തി കാണിക്കുന്നു) മാങ്ങകൾ ഉണ്ടാവേണ്ടതായിരുന്നു”, അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട മാങ്ങയായ പാണ്ടുരി മാമിഡിയാണ് അത്.

മാവിൽനിന്ന് ഒരു മാങ്ങ പറിച്ച് അദ്ദേഹം പറയുന്നു, “ഇത്ര മധുരമുള്ള മറ്റൊരു മാങ്ങയുമില്ല. പച്ചയായിരിക്കുമ്പോഴും ഇതിന് മധുരമാണ്. അതാണിതിന്റെ പ്രത്യേകത്”.

രംഗ് ദേ -യുടെ ഗ്രാന്റുപയോഗിച്ച് ചെയ്ത റിപ്പോർട്ടാണ് ഇത്

പരിഭാഷ: രാജീവ് ചേലനാട്ട്

Amrutha Kosuru

অমৃতা কোসুরু বিশাখাপত্তনম ভিত্তিক স্বতন্ত্র সাংবাদিক। তিনি চেন্নাইয়ের এশিয়ান কলেজ অফ্‌ জার্নালিজ্‌ম থেকে পড়াশোনা করেছেন।

Other stories by Amrutha Kosuru
Editor : Sanviti Iyer

সম্বিতি আইয়ার পিপল্‌স আর্কাইভ অফ রুরাল ইন্ডিয়ার কনটেন্ট কোঅর্ডিনেটর। স্কুলপড়ুয়াদের সঙ্গে কাজ করে তাদের ভারতের গ্রামসমাজ সম্পর্কে তথ্য নথিবদ্ধ করতে তথা নানা বিষয়ে খবর আহরণ করার প্রশিক্ষণেও সহায়কের ভূমিকা পালন করেন তিনি।

Other stories by Sanviti Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat