ധാക്കിന്‍റെ ശബ്ദം അഗര്‍ത്തലയില്‍ മുഴുവന്‍ മാറ്റൊലികൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. ഒക്ടോബര്‍ 11-ന് ദുര്‍ഗാപൂജ ആവുകയാണ്. എല്ലാവര്‍ഷവും ആഴ്ചകള്‍ക്കുമുന്‍പ് ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ (പന്തലിനു വേണ്ടിയുള്ള തട്ട് നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാതാക്കള്‍ നടത്തുന്ന അവസാന മിനുക്കുപണികള്‍, കുടുംബങ്ങള്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നത് എന്നിവയൊക്കെ) തുടങ്ങുന്നു.
വീപ്പയുടെ ആകൃതിയിലുള്ള ധാക്ക് കഴുത്തില്‍ തൂക്കിയിടുകയോ ഉറപ്പുള്ള പ്രതലത്തില്‍ വയ്ക്കുകയോ ചെയ്തശേഷം കോലുകൊണ്ട് കൊട്ടുന്നത് ഈ ആഘോഷങ്ങളുടെ അവിഭാജ്യമായ ഘടകമാണ്.
ധാക്ക് വായിക്കുന്നത് ഒരു കാലികതൊഴിലാണ്. എല്ലാ വര്‍ഷവും പൂജയ്ക്ക് 5 ദിവസമാണിത്. അവസാന മുഴക്കം ലക്ഷ്മിപൂജ വരെ നീളുന്നു - ഈ വര്‍ഷം അത് ഒക്ടോബര്‍ 20-നാണ്. ചില ധാക്ക് വാദകര്‍ക്ക് ദീപാവലിയുടെ സമയത്തും ക്ഷണം ലഭിക്കുന്നു. പക്ഷെ ദുര്‍ഗാപൂജയുടെ സമയത്താണ് അഗര്‍ത്തലയിലും ത്രിപുര സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലും ധാക്കിന് വലിയ ആവശ്യക്കാരുള്ളത്.
പന്തല്‍ കമ്മിറ്റിക്കാരും കുടുംബങ്ങളും ധാക്ക് വാദകരെ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിക്കാറുണ്ട്. ചിലപ്പോള്‍ പണംനല്‍കി ക്ഷണിക്കുന്നതിനു മുന്‍പ് കഴിവു തെളിയിക്കാനായി അവരോട് പരിപാടി അവതരിപ്പിക്കാന്‍ പറയുന്നു. “ഞാനെന്‍റെ മുതിര്‍ന്ന ഒരു ബന്ധുവിനൊപ്പമാണ് ധാക്ക് വായിക്കാറുള്ളത്”, 45-കാരനായ ഇന്ദ്രജിത് ഋഷിദാസ് പറഞ്ഞു. “ഞാന്‍ കാശി [ചെറിയ കോലുകൊണ്ട് വായിക്കുന്ന ലോഹഫലകം പോലെയുള്ള ഉപകരണം] ഉപയോഗിച്ചാണ് വായിച്ചു തുടങ്ങിയത്, പിന്നീട് ധോള്‍, അതിനും ശേഷം ധാക്ക്.” (അദ്ദേഹവും മറ്റൊരു ഋഷി ദാസും രോഹിദാസും രവിദാസും മുഞ്ചി സമുദായത്തില്‍ പെടുന്നു - ത്രിപുരയില്‍ പട്ടികജാതിയില്‍ പെടുന്ന വിഭാഗം)
അഗര്‍ത്തലയിലെ മറ്റു നിരവധി ധാക്ക് വാദകരെപ്പോലെ വര്‍ഷത്തില്‍ ബാക്കിയുള്ള സമയത്ത് ഇന്ദ്രജിത് സൈക്കിള്‍റിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നു. ചിലപ്പോഴൊക്കെ, മറ്റുള്ളവരെപ്പോലെ, അദ്ദേഹം ബാന്‍ഡ് മേളത്തിലും (പ്രാദേശികമായി ബാന്‍ഡ് പാര്‍ട്ടി എന്നറിയപ്പെടുന്നു) വായിക്കുന്നു. വല്ലപ്പോഴുമുള്ള ഈ തൊഴിലുകള്‍ കൂടാതെ ധാക്ക് വാദകര്‍ ദിവസവേതനക്കാരായി ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ ജോലികളും ചെയ്യുന്നു. മറ്റുചിലര്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പച്ചക്കറി കച്ചവടക്കാരായും കര്‍ഷകരായും ജോലിനോക്കുന്നു. പരിപാടികള്‍ക്കായി വിളിക്കുമ്പോള്‍ അവര്‍ അഗര്‍ത്തലയ്ക്ക് വരുന്നു.
സൈക്കിള്‍റിക്ഷ ഓടിക്കുമ്പോള്‍ ഇന്ദ്രജിത്തിന് ഒരുദിവസം 500 രൂപ ലഭിക്കും. “പണമുണ്ടാക്കാന്‍ നമ്മള്‍ എന്തെങ്കിലും ചെയ്യണം, റിക്ഷ ഓടിക്കുന്നത് എളുപ്പമുള്ള ഒരു വഴിയാണ്”, അദ്ദേഹം പറഞ്ഞു. “മികച്ച ജോലിക്കുവേണ്ടി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.” റിക്ഷ ഓടിച്ച് ഒരുമാസംകൊണ്ട് ഉണ്ടാക്കുന്ന പണം ദുര്‍ഗാപൂജ സമയത്ത് ധാക്ക് വാദകന്‍ എന്നനിലയില്‍ ഒരാഴ്ചകൊണ്ട് അദ്ദേഹത്തിന് ഉണ്ടാക്കാന്‍ പറ്റും. 2021-ലെ ഈ സീസണില്‍ 15,000 രൂപയ്ക്ക് വായിക്കുന്നതിനായി ഒരു പന്തല്‍ കമ്മിറ്റി അദ്ദേഹത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട് – ചിലര്‍ ചെറിയ തുകയ്ക്കായി വിലപേശല്‍ നടത്തുന്നുണ്ടെങ്കിലും.
ധാക്ക് വാദകരെ (അഗര്‍ത്തലയില്‍ പൊതുവെ പുരുഷന്മാര്‍ മാത്രമാണ് ഈ ഉപകരണം വായിക്കാറുള്ളത്) പണംനല്‍കി 5 ദിവസത്തെ പൂജകള്‍ക്കായി വിളിക്കുന്ന പന്തലുകളെക്കുറിച്ച് ഇന്ദ്രജിത്ത് പറയുന്നു: “പൂജാരി ഞങ്ങളോട് ചെല്ലാന്‍ പറയുമ്പോള്‍ ഞങ്ങളവിടെയുണ്ടാകണം. പ്രഭാതപൂജയുടെ സമയത്ത് ഞങ്ങളേകദേശം 3 മണിക്കൂര്‍ വായിക്കുന്നു, 3-4 മണിക്കൂര്‍ വൈകുന്നേരവും.”
‘ബാന്‍ഡ് പാര്‍ട്ടി’ ജോലികള്‍ കിട്ടുന്നത് വല്ലപ്പോഴുമാണ്. “ഞങ്ങള്‍ സാധാരണയായി 6 പേരുള്ള സംഘമായാണ് പ്രവര്‍ത്തിക്കുന്നത്, മിക്കവാറും വിവാഹ സമയങ്ങളിലായിരിക്കും പരിപാടികള്‍. പരിപാടി അവതരിപ്പിക്കുന്ന ദിവസത്തിന്‍റെ എണ്ണമനുസരിച്ചാണ് പണം വാങ്ങുന്നത്. ചിലര്‍ ഞങ്ങളെ 1-2 ദിവസത്തേക്കു വിളിക്കുന്നു, ചിലര്‍ 6-7 ദിവസത്തേക്ക്”, ഇന്ദ്രജിത് പറഞ്ഞു. അത് സംഘത്തിന്, പ്രതിദിനം, മൊത്തത്തില്‍ 5,000-6,000 രൂപ ഉണ്ടാക്കാന്‍ സഹായകമാകുന്നു.
കഴിഞ്ഞവര്‍ഷം കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് പലരും പൂജാപദ്ധതികള്‍ റദ്ദാക്കിയതിനാല്‍ ധാക്ക് വാദകര്‍ക്ക് റിക്ഷ ഓടിച്ചോ മറ്റുജോലികള്‍ ചെയ്തോ വരുമാനം നേടുകയോ സമ്പാദിക്കേണ്ടിയോ വന്നു - അവസാനനിമിഷം ധാക്ക് വായിക്കാനുള്ള അവസരം നേടാന്‍ ചിലര്‍ക്ക് പറ്റിയെങ്കിലും. (ഈ ലേഖനത്തിലെ ഫോട്ടോകളെല്ലാം കഴിഞ്ഞവര്‍ഷം എടുത്തതാണ് – ഒക്ടോബര്‍ 2020-ല്‍)
പല ധാക് വാദകര്‍ക്കും ലക്ഷ്മിപൂജയാണ് അവസാന ദിവസത്തെ ‘തൊഴില്‍’. സാധാരണയായി ദുര്‍ഗാപൂജയുടെ ആദ്യദിനത്തിന് ഒരാഴ്ച കഴിയുമ്പോഴാണിത്. അന്നു വൈകുന്നേരം പുറത്തേക്ക് അഗര്‍ത്തലയിലെ തെരുവുകളിലൂടെ അവര്‍ തങ്ങളുടെ ചെണ്ടകളുമായി പോകുന്നു - ഒന്നുകില്‍ ഒറ്റയ്ക്ക്, അല്ലെങ്കില്‍ ജോഡികളായി. കുടുംബങ്ങള്‍ അവരെ വീടുകളില്‍ 5 മുതല്‍ 10 മിനിറ്റ് വരെ സമയത്തേക്ക്, ശുഭകരമായ ഒരു സന്ദര്‍ഭത്തെ സൂചിപ്പിച്ചുകൊണ്ട് ഉപകരണം വായിക്കുന്നതിനായി ക്ഷണിക്കുന്നു. പ്രതിഫലമായി ധാക് വാദകര്‍ക്ക് ഓരോ വീട്ടുകാരും 20 മുതല്‍ 50 രൂപവരെ നല്‍കും. പലരും പറയുന്നത് പാരമ്പര്യം കാക്കുന്നതിനായി തങ്ങള്‍ ഇത് വെറുതെ ചെയ്യുകയാണ് എന്നാണ്.
പരിഭാഷ: റെന്നിമോന്‍ കെ. സി.