സംസാരിക്കുമ്പോൾ അവരുടെ നെറ്റിയിൽ ചുളിവുകൾ വീഴുന്നു. ക്ഷീണിച്ച മുഖത്ത് അത് കൂടുതൽ പ്രകടമാണ്. ഓരോ നൂറ് മീറ്റർ നടക്കുമ്പോഴും ശ്വാസം കിട്ടാൻ ബുദ്ധിമുട്ടി അവർ നടക്കം പതുക്കെയാക്കി കൂനിക്കൂടി നിൽക്കുന്നു. ഒരു ചെറിയ കാറ്റ്, അവരുടെ നരച്ച മുടിയിഴകളെ മുഖത്തേക്ക് വീശുന്നു.
വെറും 31 വയസ്സേ ഇന്ദ്രാവതി ജാദവിനുള്ളു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും.
മഹാരാഷ്ട്രയിലെ നാഗ്പുർ പട്ടണത്തിന്റെ പ്രാന്തത്തിലുള്ള ഒരു ചേരിയിലാണ് അവരുടെ താമസം. ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) രോഗിയാണ് അവർ. ശ്വാസകോശത്തിലേക്ക് ആവശ്യമായ വായുസഞ്ചാരമില്ലാത്തതുമൂലമുണ്ടാവുന്ന ഗുരുതരമായ രോഗമാണത്. പലപ്പോഴും അത് കലശലായ ചുമയിലേക്കും അതുവഴി, ശ്വാസകോശത്തിന്റെ കേടുപാടുകളിലേക്കും നയിക്കും. ‘പുകവലിക്കാരുടെ രോഗം’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗത്തിന് വിധേയരാവുന്ന സി.ഒ.പി.ഡി രോഗികളിൽ 30 മുതൽ 40 ശതമാനംവരെ വരുന്നവർ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിൽനിന്നുള്ളവരും പുകവലി സ്വഭാവമാക്കിയവരുമാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു. എച്ച്.ഒ – വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) ചൂണ്ടിക്കാണിക്കുന്നു
ജാദവ് ഇന്നുവരെ പുകയില തൊട്ടിട്ടില്ലെങ്കിലും അവരുടെ ഇടത്തേ ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. വിറകും കൽക്കരിയുമുപയോഗിച്ച് പാചകം ചെയ്യുന്നതുമൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തിന്റെ പ്രത്യക്ഷഫലമാണ് ഇതെന്ന് ഡബ്ല്യു.എച്ച്.ഒ. പറയുന്നു
ശുദ്ധമായ പാചക ഇന്ധനം ഒരിക്കലും ജാദവിന് പ്രാപ്യമായിരുന്നിട്ടില്ല. “ഞങ്ങൾ എപ്പോഴും വിറകോ കൽക്കരിയോ ഉപയോഗിച്ച് തുറസ്സായ ഇടത്തിൽവെച്ചാണ് ഭക്ഷണവും വെള്ളവും ചൂടാക്കുന്നത്. തുറസ്സായ സ്ഥലത്തുവെച്ച് പാചകം ചെയ്ത് എന്റെ ശ്വാസകോശം ഉപയോഗശൂന്യമായി”, എന്ന് അവർ പറയുന്നു. ഡോക്ടർമാർ അവരോട് പറഞ്ഞതും ഇതുതന്നെയായിരുന്നു. പാചകം ചെയ്യാൻ വിറക്-കൽക്കരി അടുപ്പുകൾ ഉപയോഗിക്കുന്നത് അവരുടെ ശ്വാസകൊശത്തിന് ക്ഷതമേൽപ്പിച്ചിരിക്കുന്നു.
പ്രതിവർഷം ഏകദേശം ആറ് ലക്ഷം ഇന്ത്യക്കാർ, അന്തരീക്ഷമലിനീകരണം മൂലം അകാലത്തിൽ മരിക്കുന്നുവെന്ന് 2019-ലെ ഒരു ലാൻസറ്റ് പഠനം പറയുന്നു. ചുറ്റുമുള്ള അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിലെ പ്രധാനഘടകമാണ് വീടുകളിൽനിന്നുണ്ടാവുന്ന അന്തരീക്ഷമലിനീകരണം.










