അവർ താളത്തോടും മെയ് വഴക്കത്തോടും കൂടി ചലിച്ചു - "രേ രേലാ രേ രേലാ രേ രേലാ രേ” – ഒരു കൂട്ടം ചെറുപ്പക്കാരികൾ മുട്ടു വരെയെത്തുന്ന വെളുത്ത സാരിയും വെൺമയുള്ള തൊപ്പിയും ധരിച്ച്, ഒരേസമയം മൂന്നു തവണ ചുവടുവച്ച്, കൈകൾ കൂട്ടിച്ചേർത്ത് ഗോണ്ട് സമുദായങ്ങൾക്കിടയിൽ വളരെ ജനകീയമായ രേലാ ഗീതങ്ങൾ പാടി.
പെട്ടെന്നു തന്നെ വെള്ള വസ്ത്രങ്ങൾ തന്നെ ധരിച്ച ഒരു കൂട്ടം യുവാക്കള്‍ വർണ്ണശബളമായ തൂവലുകൾ കൊണ്ടലങ്കരിച്ച വെള്ളത്തൊപ്പികൾ ധരിച്ച് അവരോടൊപ്പം ചേർന്നു. അവര്‍ കൈകളിലേന്തിയ ചെറിയ ഡ്രം (മാണ്ഡ്രി) വായിച്ച് രേലാ ഗീതങ്ങൾ പാടിയപ്പോൾ ചിലങ്കകൾ സങ്കീർണ്ണമായ ചുവടുവയ്പുകൾക്കൊപ്പം കൃത്യമായ താളത്തിൽ ശബ്ദിച്ചു. ചെറുപ്പക്കാരികൾ കൈകൾ വിരിച്ച് ആണുങ്ങളുടെ സംഘത്തെ വളഞ്ഞ് ഒരു ചങ്ങലയുണ്ടാക്കി. എല്ലാവരും പാട്ടുപാടിക്കൊണ്ടും നൃത്തം ചെയ്തുകൊണ്ടുമിരുന്നു.
ഛത്തീസ്ഗഢിലെ കൊണ്ടാഗാവ് ജില്ലയിലെ കേശ്കാൽ ബ്ലോക്കിലെ ബേദ്മാരി ഗ്രാമത്തിൽ നിന്നാണ് 16 മുതൽ 30 വയസ്സു വരെ പ്രായമുള്ള ഗോണ്ട് ആദിവാസി സമുദായത്തിൽ നിന്നുള്ള 43 പുരുഷന്മാരുടെയും സ്ത്രീകളുടെയും ഈ സംഘം വന്നിട്ടുളളത്.
സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ റായ്പൂരിൽ നിന്നും ഏകദേശം 100 കി.മീ. മാറി റായ്പൂർ-ജഗ്ദൽപൂർ ഹൈവേക്ക് തൊട്ടടുത്തുള്ള സ്ഥലത്ത് (ബസ്തർ പ്രദേശത്ത്) 300 കിലോമീറ്ററിലധികം ഒരു വാനിൽ സഞ്ചരിച്ചാണ് അവർ എത്തിയത്. ഛത്തീസ്ഗഢിലെ ബലോദാബസാർ-ഭാട്പാര ജില്ലയിലെ സോനാഖാനിലെ ഗോത്ര രാജാവായിരുന്ന വീർ നാരായൺ സിംഗിന്റെ പരിത്യാഗത്തിന്റെ അനുസ്മരണം 2015 ഡിസംബർ 10 മുതൽ 12 വരെ ആഘോഷിക്കുന്ന ത്രിദിന വീർ മേളയിൽ പങ്കെടുക്കുന്നതിനായി മധ്യേന്ത്യയിലെ, പ്രത്യേകിച്ച് ഛത്തീസ്ഗഢിലെ, ആദിവാസി സമുദായങ്ങളിൽ നിന്നുള്ള മറ്റു നർത്തകരും ഇവിടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവം നയിച്ച രാജാവിനെ കൊളോണിയൽ ഭരണാധികാരികൾ പിടികൂടുകയും 1857-ൽ റായ്പൂർ ജില്ലയിലെ ജയ്സ്തംഭ് ചൗക്കിൽ വച്ച് തൂക്കിലേറ്റുകയും ചെയ്തു. പ്രാദേശിക വിവരണങ്ങൾ പ്രകാരം തൂക്കിലേറ്റിയതിനു ശേഷം ബ്രിട്ടീഷുകാര്‍ മൃതദേഹം കത്തിച്ചു കളഞ്ഞു.






