വിവിധ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ ജോലി ചെയ്തിരുന്ന, മരണപ്പെട്ട അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ജില്ല തിരിച്ചുള്ള കണക്ക് അൻപതാമത്തെ തവണ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു ചിത്രഗുപ്തൻ. കുറച്ച് ആഴ്ചകൾക്ക് മുൻപ് വോട്ടുകൾ ആയിരുന്നു ഇങ്ങനെ എണ്ണിയിരുന്നത്. എണ്ണമെടുക്കുന്ന കാര്യത്തിൽ യന്ത്രങ്ങളെ കണ്ണടച്ച് വിശ്വസിക്കാൻ ചിത്രഗുപ്തൻ ഒരുക്കമായിരുന്നില്ല. ചീഫ് സെക്രട്ടറിയുടെയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരുടെയും ഓഫീസുകളിലേക്ക് കണക്കുകൾ അയക്കുന്നതിന് മുൻപ് എല്ലാം ഒന്ന് കൂടി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
മരണപ്പെട്ടവർ അവരുടെ അന്തിമവിധി കാത്ത് അക്ഷമരായി നിൽക്കുകയായിരുന്നു; പക്ഷെ ഇക്കാര്യത്തിൽ ഒരു കാരണവശാലും തെറ്റ് വരുത്താനാകില്ല. മരിച്ച ഓരോരുത്തരുടെയും ഭൂമിയിലെ ചെയ്തികൾ വിലയിരുത്തി വേണം അവരെ എങ്ങോട്ട് പറഞ്ഞു വിടണമെന്ന് തീരുമാനിക്കാൻ. ഓരോ തെറ്റിന്റെയും പ്രത്യാഘാതം ഗുരുതരമാകുമെന്നതിനാൽ അദ്ദേഹം എണ്ണമെടുക്കുന്നത് ആവർത്തിച്ച് കൊണ്ടിരുന്നു- വീണ്ടും വീണ്ടും എണ്ണിക്കൊണ്ടിരുന്നു. എന്നാൽ എണ്ണാൻ തുടങ്ങി സെക്കന്റുകൾക്കകം, നഷ്ടപ്പെട്ട ആത്മാക്കളുടെ ആ പട്ടികയിൽ പുതിയ കുറച്ച് പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടു. പാതാള ലോകത്തുള്ള തന്റെ ഓഫീസിനു മുന്നിൽ ഈ ആത്മാക്കളെയെല്ലാം വരിയായി നിർത്തിയാൽ, ആ വരി പ്രയാഗ്രാജ് വരെ നീളുമെന്ന് ചിത്രഗുപ്തന് തോന്നിത്തുടങ്ങി.



