വിവാഹിതയാവുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് രേഖ മനസ്സിലാക്കായത് 10 ദിവസങ്ങൾക്കു മുമ്പായിരുന്നു. ഒരു 15 വയസ്സുകാരിക്ക് കഴിയുന്നത്ര അവൾ ചെറുത്തു നിന്നു. പക്ഷെ അവളുടെ രക്ഷാകർത്താക്കൾ അത് ഗൗരവതരമായി എടുത്തില്ല. “കൂടുതല്‍ പഠിക്കണമെന്ന് അവള് കരഞ്ഞു പറഞ്ഞു”, അവളുടെ അമ്മയായ ഭാഗ്യശ്രീ പറഞ്ഞു.
പ്രായം മുപ്പതുകളുടെ അവസാനത്തിലെത്തിനിൽക്കുന്ന ഭാഗ്യശ്രീയും അവരുടെ ഭർത്താവായ അമറും മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ദരിദ്രമായ ഒരു ഗ്രാമത്തിൽ അവരുടെ കുട്ടികളോടൊത്ത് ജീവിക്കുന്നു. എല്ലാവർഷവും ഏകദേശം നവംബർ ആകുമ്പോൾ കരിമ്പ് മുറിക്കുന്നതിനായി അവർ പശ്ചിമ മഹാരാഷ്ടയിലേക്കോ കർണ്ണാടകയിലേക്കോ കുടിയേറുന്നു. അറു മാസങ്ങളോളം പാടങ്ങളിൽ നീണ്ടു നിൽക്കുന്ന കഠിനമായ അദ്ധ്വാനത്തിനു ശേഷം ഇരുവരുംകൂടി 80,000 രൂപ സമ്പാദിക്കുന്നു. തങ്ങളുടെ പേരിൽ ഭൂമിയൊന്നും ഇല്ലാത്തതിനാൽ കരിമ്പ് മുറിക്കുന്നതു മാത്രമാണ് കുടുംബത്തിന്റെ ഒരേയൊരു വരുമാന മാർഗ്ഗം. ദളിത് സമുദായമായ മാതംഗ് ജാതിയിൽ പെടുന്നവരാണിവർ.
ഓരോ സമയത്തും മാതാപിതാക്കൾ കുടിയേറുമ്പോൾ രേഖയേയും 12-ഉം 8-ഉം വയസ്സുള്ള സഹോദരങ്ങളേയും മുത്തശ്ശിയുടെ സംരക്ഷണയിലാക്കുന്നു (കഴിഞ്ഞ വർഷം മെയ് മാസം അവർ മരിച്ചു). ഗ്രാമത്തിനു പുറത്തുള്ള ഒരു സർക്കാർ സ്ക്കൂളിലായിരുന്നു അവള് പഠിച്ചിരുന്നത്. പക്ഷെ മഹാമാരി മൂലം 2020 മാർച്ചിൽ സ്ക്കൂളുകൾ നിർബ്ബന്ധിതമായി അടച്ചപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന രേഖയ്ക്ക് വീട്ടിൽ തങ്ങേണ്ടി വന്നു. 500 ദിവസങ്ങൾക്കു മുകളിലായി ബീഡിലെ സ്ക്കൂളുകൾ അടച്ചിട്ടിരിക്കുന്നു.
"സ്ക്കൂളുകൾ പെട്ടെന്നൊന്നും തുറക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി”, ഭാഗ്യശ്രീ പറഞ്ഞു. "സ്ക്കൂൾ തുറന്നിരുന്ന സമയത്ത് അദ്ധ്യാപകരും കുട്ടികളും ചുറ്റുമുണ്ടായിരുന്നു. ഗ്രാമത്തിൽ വലിയ തിരക്കുണ്ടായിരുന്നു. സ്ക്കൂൾ അടച്ചതോടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക കാരണം അവളെ വിട്ടിട്ടു പോകാൻ ഞങ്ങൾക്കു കഴിഞ്ഞില്ല.”
അങ്ങനെ ഭാഗ്യശ്രീയും അമറും രേഖയെ 22-കാരനായ ആദിത്യയ്ക്ക് കഴിഞ്ഞ ജൂണിൽ വിവാഹം കഴിച്ചു കൊടുത്തു. 30 കിലോമീറ്ററുകൾ അകലെയുള്ള ഒരു ഗ്രാമത്തിലാണ് അവന്റെ കുടുംബം ജീവിക്കുന്നത്. അവർ സീസണിൽ കുടിയേറ്റ തൊഴിലാളികളും ആയിരുന്നു. 2020 നവംബറിൽ, ഏകദേശം കരിമ്പു മുറിക്കൽ സീസൺ ആരംഭിക്കുന്ന സമയത്ത്, രേഖയും ആദിത്യയും പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്ക് കുടിയേറി – അവളുടെ പേര് മാത്രം സ്ക്കൂൾ രജിസ്റ്ററിൽ അവശേഷിപ്പിച്ചിട്ട്.
മഹാമാരി കാരണം രേഖയെപ്പോലുള്ള കൗമാരക്കാരികളും അവളെക്കാൾ പ്രായം കുറഞ്ഞവരായ പെൺകുട്ടികളും വിവാഹത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. കോവിഡ് 19: ശൈശവ വിവാഹത്തിനെതിരെയുള്ള പുരോഗതിയ്ക്കൊരു ഭീഷണി എന്ന പേരിൽ 2021 മാർച്ചിൽ പുറത്തുവന്ന യൂണിസെഫിന്റെ ഒരു റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഈ ദശാബ്ദത്തിന്റെ അവസാനം 10 ദശലക്ഷം പെൺകുട്ടികൾ ആഗോള തലത്തിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടും. കോവിഡ് 19-മായി ബന്ധപ്പെട്ട് സ്ക്കൂളുകൾ അടയ്ക്കുന്നതും വർദ്ധിക്കുന്ന പട്ടിണിയും മാതാപിതാക്കളുടെ മരണവും മറ്റു ഘടകങ്ങളും "നേരത്തെ തന്നെ ബുദ്ധിമുട്ടിലായ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ അവസ്ഥ കൂടുതൽ മോശമാക്കി”, റിപ്പോർട്ട് പറഞ്ഞു.
കുട്ടികളായിരിക്കുമ്പോൾ വിവാഹിതരായ ചെറുപ്പക്കാരികളായ സ്ത്രീകളുടെ അനുപാതം കഴിഞ്ഞ 10 വർഷംകൊണ്ട് 15 ശതമാനം കുറഞ്ഞിരുന്നുവെന്നും ലോകത്തങ്ങോളം ഏകദേശം 25 ദശലക്ഷം ശൈശവ വിവാഹങ്ങളുടെ കുറവുണ്ടായെന്നും യൂണിസെഫ് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഉണ്ടാക്കിയ പുരോഗതിക്ക് മഹാമാരി ഒരു ഭീഷണിയായി തീർന്നു, മഹാരാഷ്ട്രയിൽ പോലും.








