ശംഖയിൽനിന്ന് (കടൽ ശംഖ്) ശംഖ് വളകൾ കൊത്തിയെടുക്കാൻ ഷാനുവിനെ ആദ്യമായി പഠിപ്പിച്ചത് അദ്ദേഹത്തിന്റെ സഹോദരൻ ബിശ്വനാഥ് സെൻ ആണ്.
"വളകളിൽ ഡിസൈനുകൾ കൊത്തിയതിനുശേഷം ഞാൻ അവ വളകൾ വിൽക്കുന്ന മഹാജന്മാർക്ക് (കരാറുകാർ) അയയ്ക്കും. ഞാൻ സാധാരണ മാതൃകയിലുള്ള ശംഖ് വളകളാണ് ഉണ്ടാക്കുന്നത്. കൊത്തിയെടുത്ത വളകളും പിരിശംഖുകളും സ്വർണ്ണം പൊതിയാൻ അയക്കുന്നവരുമുണ്ട്." ജീവിതത്തിന്റെ പകുതിയിലധികം കാലമായി താൻ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് 31 വയസ്സുകാരനായ ഷാനു ഘോഷ് വിശദീകരിക്കുന്നു.
പശ്ചിമ ബംഗാളിലെ 24 വടക്കൻ പർഗാൻസാസ് ജില്ലയിൽ ഉൾപ്പെടുന്ന ബാരക്ക്പൂരിലുള്ള ശംഖബാണിക് കോളനിയിലെ വർക്ക്ഷോപ്പിൽ ഇരിക്കുകയാണ് ഈ ശംഖ് കൈപ്പണിക്കാരൻ. ശംഖുപയോഗിച്ചുള്ള വിവിധ പ്രവൃത്തികൾ നടക്കുന്ന ഒട്ടേറെ വർക്ക്ഷോപ്പുകൾ ഈ പ്രദേശത്ത് കാണാം. "ലാൽകുത്തി മുതൽ ഘോഷ്പാരവരെയുള്ള പ്രദേശങ്ങളിൽ നിരവധി ശംഖ് കൈപ്പണിക്കാർ വളനിർമ്മാണത്തിൽ ഏർപ്പെടുന്നുണ്ട്," അദ്ദേഹം പറയുന്നു.
മഹാജന്മാർ ആൻഡമാനിൽനിന്നും ചെന്നൈയിൽനിന്നുമാണ് ശംഖുകൾ ഇറക്കുമതി ചെയ്യുന്നത്. കടൽ ഒച്ചുകളുടെ തോടാണ് ശംഖ്. ശംഖിന്റെ വലിപ്പമനുസരിച്ച്, അവയെ ശംഖനാദം മുഴക്കാൻ വേണ്ട പിരിശംഖുകളായി ഉപയോഗിക്കുകയോ വള നിർമ്മിക്കാൻ എടുക്കുകയോ ചെയ്യാം. ചെറിയ, കട്ടി കുറഞ്ഞ ശംഖുകളിൽ ഡ്രിൽ ഉപയോഗിച്ചാൽ അവ പെട്ടെന്ന് തകരുമെന്നതുകൊണ്ട് ഭാരമേറിയതും കട്ടിയുള്ളതുമായ ശംഖുകൾകൊണ്ട് വള ഉണ്ടാക്കുകയാണ് എളുപ്പം. ഇത്തരത്തിൽ കട്ടി കുറഞ്ഞ ശംഖുകൾകൊണ്ട് പിരിശംഖുകൾ ഉണ്ടാക്കുകയും കട്ടിയേറിയവ വള നിർമ്മിക്കാൻ എടുക്കുകയുമാണ് ചെയ്യുന്നത്.










