ആര്. കൈലാസം സാധാരണയായി ആശയക്കുഴപ്പത്തോടെയാണ് ബാങ്ക് വിടാറുള്ളത്. “പാസ്ബുക്ക് പുതുക്കാനായി ബാങ്കില്‍ ചെല്ലുമ്പോഴൊക്കെ മെഷീന് നന്നാക്കിക്കൊണ്ടിരിക്കുകയാണ്, മറ്റൊരു ദിവസം വരൂ എന്നൊക്കെ പറഞ്ഞുകൊണ്ട് അവര്‍ എന്നെ പറഞ്ഞയയ്ക്കുന്നു”, അദ്ദേഹം പറഞ്ഞു.
തന്റെ ഗ്രാമമായ ബംഗലമേട്ടില്നിന്നും രണ്ടു മണിക്കൂറോളം നടന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള കെ.ജി. കണ്ടിഗൈ പട്ടണത്തിലുള്ള ബാങ്കില്‍ എത്തുമ്പോഴാണ് അവര്‍ ഇങ്ങനെ പറയുന്നത്. (ഒരു വര്‍ഷം മുമ്പുവരെ പകുതിദൂരം ബസ് ലഭിക്കുമായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തലാക്കിയിരിക്കുന്നു.)
ബാങ്കിലാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സമരം ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ കെ.ജി.കണ്ടിഗൈയിലുള്ള കാനറാ ബാങ്കിന്റെ ബ്രാഞ്ചില്‍ പാസ്ബുക്ക് പതിപ്പിക്കുന്നതിനായി സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു മെഷീന് ഉണ്ട്. അതുപയോഗിക്കാന്‍ കൈലാസം ഒരിക്കലും പ്രാപ്തനായിരുന്നില്ല. “ഞാന്‍ ചെയ്യുമ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല”, അദ്ദേഹം പറഞ്ഞു.
ഒരുദിവസം രാവിലെ അദ്ദേഹം എന്നോട് ബാങ്കിംഗ് പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. തൊട്ടടുത്ത് തറയില്‍ ഒരു വേലിക്കാതന്‍ മരത്തിന്റെ (സാലിമരം) ചെറിയ തണലത്ത് ഇരിക്കുകയായിരുന്ന സ്ത്രീകളും സംസാരത്തില്‍ പങ്കുകൊണ്ടു. “താത്താ [മുത്തശ്ശന്], നിങ്ങളുടെ കൈയിലുള്ള ബുക്കില്‍ ഒരു സ്റ്റിക്കര്‍ ഉണ്ടെങ്കിലേ പതിപ്പിക്കാന്‍ പറ്റൂ”, അവരിലൊരാള്‍ പറഞ്ഞു. അവര്‍ പറഞ്ഞത് ശരിയായിരുന്നു: മെഷീന് പ്രവര്‍ത്തിപ്പിക്കേണ്ട ഒരു ബാര്‍കോഡ് കൈലാസത്തിന്റെ പാസ്ബുക്കില്‍ ഇല്ലായിരുന്നു. “എന്തുകൊണ്ട് അവര്‍ സ്റ്റിക്കര്‍ തന്നില്ല എന്ന് എനിക്കറിയില്ല. ഇക്കാര്യങ്ങളൊന്നും എനിക്കറിയില്ല”, അദ്ദേഹം പറഞ്ഞു. സ്ത്രീകളും ഉറപ്പൊന്നുമില്ലാതെ ഊഹാപോഹങ്ങള്‍ പങ്കുവച്ചു: “നിങ്ങള്‍ക്ക് [എ.റ്റി.എം.] കാര്‍ഡ് കിട്ടുമ്പോള്‍ സ്റ്റിക്കറും കിട്ടേണ്ടതാണ്”, ഒരാള്‍ പറഞ്ഞു. “നിങ്ങള്‍ 500 രൂപ മുടക്കി പുതിയൊരു അക്കൗണ്ട് എടുക്കണം”, മറ്റൊരാള്‍ പറഞ്ഞു. “സീറോ അക്കൗണ്ട് ആണെങ്കില്‍ നിങ്ങള്‍ക്കത് കിട്ടില്ല”, മൂന്നാമത്തെ സ്ത്രീ പറഞ്ഞു. കൈലാസം ആശയക്കുഴപ്പത്തിലായി.
ബാങ്കിംഗ് യുദ്ധത്തില്‍ അദ്ദേഹം ഒറ്റയ്ക്കല്ല. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും പണം പിന്‍വലിക്കുന്നതും വരുമാനം നോക്കുന്നതും ബംഗലമേട്ടിലുള്ള പലര്‍ക്കും എളുപ്പമുള്ള കാര്യമല്ല. തിരുത്തനി ബ്ലോക്കില്‍ കുറ്റിക്കാടുകളുള്ള ഒരു തുറന്ന സ്ഥലത്തിനു മദ്ധ്യേ ഒരു ഒറ്റത്തെരുവുമായി ബന്ധപ്പെട്ടാണ് – ഔദ്യോഗികമായി ചെറുക്കനൂര്‍ ഇരുളര്‍ കോളനി എന്നറിയപ്പെടുന്ന – അവരുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെരുവിന്റെ ഓരോവശത്തുമുള്ള ചെറുകുടിലുകളിലും കുറച്ചു മികച്ച വീടുകളിലുമായി 35 ഇരുള കുടുംബങ്ങള്‍ താമസിക്കുന്നു. (ഔദ്യോഗിക രേഖകളില്‍ സമുദായത്തിന്റെ പേര് ഇപ്പോള്‍ എഴുതുന്നത് ‘irular’ എന്നാണ്.)
അറുപതുകാരനായ കൈലാസവും 45-കാരിയായ കെ. സഞ്ജയമ്മയും ഓലമേഞ്ഞ ചെറിയൊരു കുടിലിലാണ് താമസിക്കുന്നത്. അവര്‍ക്ക് 4 ആടുകളുണ്ട്. സഞ്ജയമ്മയാണ് അവയെ പരിപാലിക്കുന്നത്. പ്രായപൂര്‍ത്തിയായ അവരുടെ 4 മക്കളും കുടുംബമായി മാറിത്താമസിക്കുന്നു. “ദിവസം മുഴുവന്‍ കുനിഞ്ഞു നിന്നാണ് ഞാന്‍ പാടത്ത് പണിയെടുക്കുന്നത്. അപ്പോള്‍ കടുത്ത നടുവു വേദനയുണ്ടാവുകയും എന്റെ അസ്ഥികള്‍ വേദനിക്കുകയും ചെയ്യും. ഞാന്‍ എരിവേലയാണ് [തടാകപ്പണി - എം.ജി.എന്‍.ആര്.ഇ.ജി.എ.യുടെ കീഴില്‍ പറയുന്ന പേര്] ഇപ്പോള്‍ ചെയ്യുന്നത്”, ദിവസവേതന ജോലിക്കാരനായ അദ്ദേഹം പറഞ്ഞു. 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു വര്‍ഷം കുറഞ്ഞത് 100 തൊഴില്‍ ദിനങ്ങളെങ്കിലും നല്‍കണമെന്ന് പറയുന്നു. ബംഗലമേട്ടിലെ ഇരുളര്‍ക്ക് വളരെ അപൂര്‍വ്വമായാണ് 100 ദിവസം ലഭിക്കുന്നത്.











