ആദ്യമായിട്ടാണ് മൻവാര ബേവയുടെ ബക്കറ്റ് ശൂന്യമാകുന്നത്. ഫാക്ടറി അടഞ്ഞുകിടക്കുന്നു, മുൻഷിയെ കാണാതായിട്ട് 20 ദിവസത്തിലേറെയായി, അവളുടെ കുടുംബത്തെ പോറ്റാൻ കൈയ്യിൽ പണമില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചിലർ ഒരു 'കറുത്ത വസ്തുവിനെതിരെ' പോരാടുന്നുണ്ടെന്നും അതാണ് തന്റെ ദുരിതത്തിന് കാരണമെന്ന് തനിക്കറിയാമെന്നും മൻവാര പറയുന്നു.
17 വർഷമായി, ബീഡി ചുരുട്ടിയാണ് 45-കാരിയായ മൻവാര കുടുംബത്തിനെ പോറ്റുന്നത്. 1000 ബീഡികൾ ചുരുട്ടിയാൽ 126 രൂപയാണ് കിട്ടുക. ഭർത്താവിനെ നഷ്ടപ്പെട്ടതോടെയാണ് അവർ ഈ ജോലി ചെയ്യാൻ തുടങ്ങിയത്; ഭൂരഹിതരായ ആ ദമ്പതികൾക്ക് രണ്ടാൺമക്കളുണ്ടായിരുന്നു, ഇളയ കുട്ടിക്ക് അന്ന് ആറുമാസം മാത്രം പ്രായം. ചെറുപ്പകാലത്ത്, ദിവസവും 2000 ബീഡികൾവരെ ചുരുട്ടാൻ കഴിഞ്ഞിരുന്നു അവർക്ക്; എന്നാലിപ്പോൾ അവർക്കുണ്ടാക്കാൻ കഴിയുന്നത് 500 എണ്ണം മാത്രമാണ്.
സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് പശ്ചിമ ബംഗാളിലെ 70 ശതമാനത്തിലധികം ബീഡിത്തൊഴിലാളികളും സ്ത്രീകളാണ്. ബീഡിനിർമാണത്തിൽ പരിശീലനം ലഭിച്ചില്ലെങ്കിൽ യുവതിക്ക് നല്ലൊരു ഭർത്താവിനെ കണ്ടെത്തുകപോലും പ്രയാസമാണെന്ന് മുൻഷിയായ മനീറുൾ ഹഖ് പറഞ്ഞു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജാംഗിപുർ സബ്ഡിവിഷനിലുള്ള ഒരു ബീഡി നിർമ്മാണ യൂണിറ്റിന്റെ കരാറുകാരനായ അദ്ദേഹം തൊഴിലാളികളുടെ വീടുകളിൽ അസംസ്കൃതവസ്തുക്കളെത്തിച്ച് പൂർത്തിയായ ഉത്പന്നം ശേഖരിക്കുന്നു.






