ഡിസംബർ 11-ന് രാവിലെ അവർ വൈദ്യുതി കേബിളുകൾ അഴിച്ചു കൊണ്ടിരുന്നപ്പോൾ അടുത്തുള്ള ഒരു കടക്കാരൻ കരയാൻ തുടങ്ങി. "അയാൾ പറഞ്ഞത് ഞങ്ങളില്ലെങ്കിൽ അയാൾ ഒറ്റയ്ക്ക് ആകുമെന്നും അതിൽ വിഷമമുണ്ടെന്നുമാണ്. ഇത് ഞങ്ങൾക്കും ബുദ്ധിമുട്ടാവാൻ പോവുകയാണ്. പക്ഷെ കർഷകരുടെ വിജയം വലിയൊരു ആഘോഷമാണ്”, ഗുർവിന്ദർ സിംഗ് പറഞ്ഞു.
ഗുർവിന്ദർ സിംഗും അദ്ദേഹത്തിന്റെ ഗ്രാമത്തിലുള്ള മറ്റൊരു കർഷകനും പശ്ചിമ ഡൽഹിയിലെ ടിക്രി സമരസ്ഥലത്തെ താൽക്കാലിക കൂടാരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയപ്പോൾ സമയം രാവിലെ ഏകദേശം 8:15 ആയിരുന്നു. മുളയുടെ കെട്ടുകൾ നീക്കം ചെയ്യാനായി ചില സമയത്ത് അവർ ഒരു മലപ്പലക ഉപയോഗിക്കുമായിരുന്നു. കൂടാരങ്ങളുടെ അടിത്തറ ഇളക്കാൻ ചിലപ്പോൾ ഇഷ്ടികകളും ഉപയോഗിക്കുമായിരുന്നു. 20 മിനിറ്റുകൾക്കുള്ളിൽ അതെല്ലാം ഒരു കൂനയായി മാറി. ഇടയ്ക്ക് അവർ ചായയും പകോഡയും കഴിക്കാനുള്ള ഇടവേള എടുത്തു.
"ഞങ്ങളുടെ കൈകൾ കൊണ്ടാണ് ഈ വാസസ്ഥലങ്ങൾ നിർമ്മിച്ചത്. ഇപ്പോൾ ഞങ്ങളുടെ കൈകൾ കൊണ്ട് തന്നെ അവ നീക്കം ചെയ്യുകയാണ്”, 34-കാരനായ ഗുർവിന്ദർ കൂട്ടിച്ചേർത്തു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഡാംഗിയാം ഗ്രാമത്തിലെ ആറ് ഏക്കറിൽ അദ്ദേഹത്തിന്റെ കുടുംബം ഗോതമ്പും നെല്ലും ഉരുളക്കിഴങ്ങും കൃഷി ചെയ്യുന്നു. "വിജയികളായി വീട്ടിലേക്ക് തിരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. പക്ഷേ ഇവിടെ ഞങ്ങൾ ഉണ്ടാക്കിയ ബന്ധങ്ങൾ വിട്ടു പോകുന്നതിൽ ദുഃഖമുണ്ട്.”
"സമരം തുടങ്ങുന്ന സമയത്ത് ഇവിടെ ഒന്നുമില്ലായിരുന്നു. ഞങ്ങൾ എല്ലാവരും റോഡിൽ ഇറങ്ങി. പിന്നീട് ഈ വാസകേന്ദ്രങ്ങൾ നിർമ്മിച്ചു”, 35-കാരനായ ദീദാർ സിംഗ് പറഞ്ഞു. ലുധിയാന ജില്ലയിലെ അതേ ഗ്രാമത്തിൽ നിന്ന് തന്നെയാണ് അദ്ദേഹവും വരുന്നത്. അവിടെ അദ്ദേഹം ഏഴേക്കർ കൃഷിയിടത്തിൽ ഗോതമ്പും നെല്ലും ഉരുളക്കിഴങ്ങും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നു. "ഇവിടെ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പ്രത്യേകിച്ച് ഇവിടെ താമസിക്കുമ്പോൾ ഞങ്ങൾക്കിടയിലുള്ള സൗഹൃദം. എല്ലാ സർക്കാരും ഞങ്ങളെക്കൊണ്ട് സമരം ചെയ്യിച്ചിട്ടേ ഉള്ളൂ. പക്ഷേ ഇവിടെ ഞങ്ങൾ (പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും) ഒരുമിച്ച് ചേർന്നപ്പോൾ ഞങ്ങളെല്ലാവരും ഒന്നാണെന്ന് മനസ്സിലാക്കി.”
"പഞ്ചാബിൽ ഞങ്ങൾക്ക് തിരഞ്ഞെടുപ്പ് ഉണ്ട് ഞങ്ങൾ ശരിയായ വ്യക്തിക്ക് വോട്ട് ചെയ്യും", ഗുർവിന്ദർ കൂട്ടിച്ചേർത്തു. "ഞങ്ങളുടെ കൈ പിടിക്കുന്നവർക്ക് (പിന്തുണയ്ക്കുന്നവർക്ക്) ഞങ്ങൾ വോട്ട് ചെയ്യും. ഞങ്ങളെ ചതിച്ചവർ അധികാരത്തിൽ വരാൻ ഞങ്ങൾ അനുവദിക്കില്ല”, ദീദാർ പറഞ്ഞു.

































