ഗോദാവരി നദിയിലെ പുണ്യപുരാതന സ്നാനഘട്ടമായ രാംകുണ്ഡയ്ക്ക് സമീപം പ്രാർത്ഥനിരതമായ ഭാവത്തിൽ അദ്ദേഹം നിന്നു. പിന്നീട്, തന്റെ അരയ്ക്കൊപ്പമുള്ള വെള്ളത്തിൽ ഇറങ്ങി കുളിച്ചു. പക്ഷേ അത് ഒരു ടാങ്കറിലെ വിശുദ്ധ ജലമായിരുന്നു.
മഹാരാഷ്ട്രയുടെ ജലദൗർലഭ്യത്തിലേക്ക് സ്വാഗതം – അതേ, ഗോദാവരി നദിയുടെ ഉത്ഭവസ്ഥാനത്തുതന്നെ.
139 വർഷത്തിൽ ആദ്യമായി ചരിത്രപ്രസിദ്ധമായ രാംകുണ്ഡ സ്നാനഘട്ടം ഏപ്രിലിൽ വരൾച്ച നേരിട്ടു. അന്നുമുതൽ ഏകദേശം രണ്ടുമാസമായി പ്രതിദിനം 60 മുതൽ 90 ടാങ്കറുകളിൽവരെ വെള്ളമെത്തിച്ചാണ് ഈ സ്നാനഘട്ടത്തെ ജീവനോടെ സൂക്ഷിച്ചത്. ചുരുക്കിപ്പറഞ്ഞാൽ തങ്ങളുടെ നദികളിലേക്ക് ടാങ്കർ വെള്ളം ഒഴിക്കുകയാണ് മഹാരാഷ്ട്ര. ഗോദാവരി പൂർണമായും ദുരവസ്ഥയിലാണ്. ജീവിച്ചിരിക്കുന്നവരുടെ സ്മൃതിയിൽ ഇല്ലാത്തവിധം നദിയുടെ പല മേഖലകളും വരണ്ടു. നാസിക്കിലെ ത്രയംബക് നഗരത്തിന് മുകളിലെ ബ്രഹ്മഗിരി പർവതത്തിൽനിന്നുള്ള നദിയുടെ ഉത്ഭവസ്ഥാനംപോലും മേയ് മാസത്തോടെ ദുർബലമായി. (നദിയുടെ ഉത്ഭവസ്ഥാനത്തെ വിശുദ്ധമാക്കുന്ന ക്ഷേത്രമുള്ളതിനാൽ ത്രയംബകേശ്വർ എന്ന് വിളിക്കപ്പെടുന്നു). മൺസൂൺ ആശ്വാസമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവർ.






