"എന്റെ വിരലുകളിൽ അച്ഛൻ ചരടുകൾ കെട്ടിത്തന്നിട്ട് പാവകളെ എങ്ങനെ നൃത്തം ചെയ്യിക്കണമെന്ന് പഠിപ്പിച്ചു”, ഏതാണ്ട് ആറ് പതിറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന ഒരു കാലം ഓർമ്മിച്ചുകൊണ്ട് 74-കാരനായ പ്രേംറാം പറഞ്ഞു.
"എനിക്കേകദേശം 9 വയസ്സുള്ളപ്പോൾ മുതൽ അച്ഛന് പാവകളികൾ നടത്തുന്നതിനായി സന്ദർശിക്കുന്ന വിവിധ ഗ്രാമങ്ങളിലേക്ക് എന്നെ കൊണ്ടു പോകുമായിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ ധോൾ വായിക്കുമായിരുന്നു. സാവകാശം എനിക്ക് പാവകളിയിൽ താത്പര്യം ഉണ്ടായി. എന്റെ അച്ഛൻ ലാലുറാം ഭട്ട് അവ എങ്ങനെ ചലിപ്പിക്കണമെന്ന് എന്നെ പഠിപ്പിച്ചു. ഞാനും പാവകളെ കൈകാര്യം ചെയ്യാന്‍ ആരംഭിച്ചു.”
പശ്ചിമ ജോധ്പൂരിലെ പ്രതാപ് നഗർ പ്രദേശത്തെ ഒരു നടപ്പാതയിലുള്ള ഒരു ചേരിയിലാണ് പ്രേംറാം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ 70-കാരിയായ ജുഗ്നിബായ്, മകൻ സുരേഷ്, മരുമകൾ സുനിത, 3 മുതല്‍ 12 വരെ പ്രായമുള്ള അവരുടെ 4 മക്കൾ എന്നിവരെല്ലാം ഒന്നിച്ചാണ് താമസിക്കുന്നത്. ഭട്ട് സമുദായത്തിൽ പെടുന്നവരാണ് ഈ കുടുംബം (രാജസ്ഥാനിൽ ഓ.ബി.സി. പട്ടികയിൽ പെടുത്തിയിരിക്കുന്നു). സമുദായത്തിലെ മുതിർന്നവർ പറയുന്നത് സംസ്ഥാനത്തെ നാഗൗർ ജില്ലയിൽ നിന്നും നിരവധി ഭട്ട് കുടുംബങ്ങൾ ഏതാണ്ട് 100 വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിലെ വിവിധ നഗരങ്ങളായ ജോധ്പൂർ, ജയ്പൂർ, ജയ്സാൽമർ, ബിക്കാനീർ എന്നിവിടങ്ങളിലേക്ക് കുടിയേറി എന്നാണ്.
“പാവയുണ്ടാക്കുന്നതിലോ പാവകളിയിലോ എനിക്കൊരു പരിശീലനവും ലഭിച്ചിട്ടില്ല. അച്ഛൻ ചെയ്യുന്നതുകണ്ടാണ് ഞാൻ ഈ കല പഠിച്ചത്”, 39-വയസ്സുകാരനായ സുരേഷ് പറഞ്ഞു. അദ്ദേഹവും ഏതാണ്ട് 10 വയസ്സുള്ളപ്പോൾ പ്രേംറാമിന്റെ കൂടെ ഗ്രാമങ്ങളിലേക്ക് പോകാനും പ്രദർശനങ്ങളിൽ സഹായിക്കാനും തുടങ്ങി. വീട്ടിൽ പാവകളെ ഉണ്ടാക്കാനും സഹായിക്കുമായിരുന്നു. "15 വയസ്സായ സമയത്ത് ഞാൻ പാവകളെ നൃത്തം ചെയ്യിക്കാനും പഠിച്ചു. ഞാൻ തനിയെ ഗ്രാമങ്ങളിൽ പോയി പ്രദർശനങ്ങൾ നടത്തുമായിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.




