“20 അടി ആഴമുള്ള ഓടയായിരുന്നു. ആദ്യം പരേഷ് ഉള്ളിൽ പോയി. രണ്ടുമൂന്ന് ബക്കറ്റ് മാലിന്യം പുറത്തെത്തിച്ച്, കുറച്ചുനേരം പുറത്തിരുന്ന് വിശ്രമിച്ച് വീണ്ടും അകത്തുപോയി. അകത്തുപോയ ഉടൻ അയാൾ നിലവിളിക്കാൻ തുടങ്ങി”.
“എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. അതിനാൽ ഗാൽസിംഗ് ഭായിയും അകത്തേക്ക് പോയി. പിന്നെ ഒരു ശബ്ദവും കേട്ടില്ല. അപ്പോൾ അടുത്തതായി അനിപ് ഭായിയും ഉള്ളിലേക്ക് പോയി. ഉള്ളിൽപ്പോയ മൂന്നുപേരുടേയും ശബ്ദം കേട്ടില്ല. അപ്പോൾ അവർ എന്നെ ഒരു കയറിൽക്കെട്ടി താഴത്തേക്ക് വിട്ടു. ഒരാളുടെ കൈ പിടിക്കാൻ പറഞ്ഞു. ആരുടെ കൈയ്യാണെന്ന് എനിക്ക് തീർച്ചയില്ല. പിടിച്ചുകഴിഞ്ഞപ്പോൾ അവരെന്നെ മുകളിലേക്ക് വലിച്ചു. അപ്പോഴാണ് എന്റെ ബോധ പോയത്”, ശ്വാസംപോലുമെടുക്കാൻ നിൽക്കാതെ ഭാവേഷ് പറഞ്ഞു.
സഹോദരൻ പരേഷും മറ്റ് രണ്ടുപേരും കണ്മുന്നിൽ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ഭാവേഷിനെ സന്ദർശിച്ചത്. ആ ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് അയാൾ മുക്തനായിരുന്നില്ല. ആകെ ദു:ഖിതനും നിരാശനുമായ ഒരാളുടെ ശബ്ദത്തിലാണ് അയാൾ സംസാരിച്ചത്.
ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഖർസാന ഗ്രാമത്തിലെ 20 വയസ്സുള്ള ഭാവേഷ് കടരയ്ക്ക് അതിജീവിക്കാനുള്ള ‘ഭാഗ്യ’മുണ്ടായി. ഭാറൂച്ച് ജില്ലയിലെ ദഹേജ് ഗ്രാമപഞ്ചായത്തിലെ ആഴമുള്ള അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ അഞ്ചുപേരും - ആദിവാസികളായിരുന്നു – ജീവനോടെ ബാക്കിയായ രണ്ടുപേരിൽ ഒരാളാണ് ആ ചെറുപ്പക്കാരൻ. ദാഹോദിലെത്തന്നെ ബലെന്ദിയ-പേതാപുരിലെ 18 വയസ്സുള്ള ജിഗ്നേഷ് പാർമറാണ് രക്ഷപ്പെട്ട രണ്ടാമൻ.
ജിഗ്നേഷിന്റെ അതേ ഗ്രാമത്തിൽനിന്നുള്ള 20 വയസ്സായ അനിപ് പാർമർ, ദാഹോദിലെ ദന്ത്ഗഢ്-ചക്ലിയയിലെ 25 വയസ്സുള്ള ഗാൽസിംഗ് മുനിയ, ഭാവേഷിന്റെ സഹോദരനായ 24 വയസ്സുള്ള പരേഷ് കടര എന്നിവരായിരുന്നു ആ മറ്റ് മൂന്നുപേർ. ഓടയിലെ വിഷവാതകം ശ്വസിച്ച് ഇവർ മൂന്നുപേരും മരിച്ചു (അവരുടെ വയസ്സ് ആധാർ കാർഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കാർഡ് തയ്യാറാക്കുന്ന താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മനോധർമ്മംപോലെയായിരിക്കും മിക്കപ്പോഴും അവരുടെ വയസ്സ് രേഖപ്പെടുത്തിയിട്ടുണ്ടാവുക).





















