രണ്ടുപേർക്കും 17 വയസ്സാണ്. ഇരുവരും ഗർഭിണികളുമാണ്. താഴത്തേക്ക് നോക്കി നടക്കണമെന്ന അച്ഛനമ്മമാരുടെ നിർദ്ദേശം മറന്ന്, അവർ മിക്കപ്പോഴും പൊട്ടിച്ചിരിയിലേക്ക് വഴുതിവീഴുന്നു. ഭാവി എന്താണെന്നറിയാതെ ആശങ്കയിലുമാണ് അവർ.
2020 മുഴുവനും അവരുടെ ഗ്രാമത്തിലുള്ള സർക്കാർ സ്കൂളുകൾ അടഞ്ഞുകിടന്നിരുന്നുവെങ്കിലും, സലീമ പർവീനും അസ്മ ഖാത്തൂനും (യഥാർത്ഥ പേരുകളല്ല) ഏഴാം ക്ലാസ്സിലായിരുന്നു കഴിഞ്ഞ വർഷം. അടച്ചുപൂട്ടൽ നീണ്ടുപോയപ്പോൾ, പാറ്റ്നയിലും ദില്ലിയിലും മുംബൈയിലും ജോലി ചെയ്തിരുന്ന അവരുടെ വീട്ടിലെ പുരുഷന്മാരെല്ലാം, ബിഹാറിലെ അരാരിയ ജില്ലയിലെ ടോല എന്ന ബംഗാളി ഊരിലേക്ക് മടങ്ങിയെത്തി. അതിനുപിന്നാലെ, ചില വിവാഹങ്ങളും നടന്നു.
“കൊറോണക്കാലത്തായിരുന്നു എന്റെ കല്യാണം”, അവരിരുവരിലെ, കൂടുതൽ വായാടിയായ അസ്മ പറഞ്ഞു.
രണ്ടുവർഷം മുമ്പാണ് സലീമയുടെ നിക്കാഹ് ചടങ്ങ് നടന്നത്. 18 വയസ്സായതോടെ അവൾ ഭർത്താവിന്റെ കൂടെ ജീവിക്കാൻ ഒരുങ്ങിയതായിരുന്നു. അപ്പോഴാണ് അടച്ചുപൂട്ടൽ വന്നത്. അതോടെ, ഭർത്താവും അയാളുടെ കുടുംബവും അവളോട് അവരുടെ വീട്ടിലേക്ക് താമസം മാറ്റാൻ ആവശ്യപ്പെട്ടു. 20 വയസ്സുള്ള ഭർത്താവ് ഒരു തയ്യൽക്കാരനായിരുന്നു. 2020 ജൂലായ് മാസത്തിലായിരുന്നു അത് നടന്നത്. ഭർത്താവിന് അപ്പോൾ ജോലി നഷ്ടപ്പെട്ടിരുന്നു. മിക്ക സമയത്തും വീട്ടിൽത്തന്നെ ഇരിപ്പായിരുന്നു അയാൾ. മറ്റ് രണ്ട് ആണുങ്ങളും വീട്ടിലുണ്ടായിരുന്നു. അതിനാൽ ഒരാൾകൂടി വന്നാൽ സഹായത്തിന് ഒരാൾകൂടിയായല്ലോ എന്നവർ സന്തോഷിച്ചു.
സ്വന്തം കാര്യങ്ങൾ നോക്കാൻ അസ്മയ്ക്ക് സമയം കിട്ടിയിരുന്നില്ല. 2019-ൽ കാൻസർ വന്ന് അവളുടെ 23 വയസ്സുള്ള ചേച്ചി മരിച്ചുപോയിരുന്നു. ചേച്ചിയുടെ ഭർത്താവ്, 23 വയസ്സുള്ള പ്ലംബിങ്ങ് പണി ചെയ്യുന്ന ആൾ അസ്മയെ വിവാഹം ചെയ്യണമെന്ന് നിർബന്ധം പിടിച്ചു. 2020 ജൂണിലെ അടച്ചുപൂട്ടൽകാലത്തുതന്നെ അങ്ങിനെ ആ ചടങ്ങും നടന്നു.
കുട്ടികളുണ്ടാവുന്നത് എങ്ങിനെയാണെന്ന് ആ രണ്ട് പെൺകുട്ടികൾക്കും അറിയില്ലായിരുന്നു. “അമ്മമാർ ഇതൊന്നും പറഞ്ഞുകൊടുക്കില്ല. അതൊക്കെ നാണക്കേടുള്ള കാര്യങ്ങളല്ലേ?” അസ്മയുടെ അമ്മ, രുഖ്സാന പറഞ്ഞപ്പോൾ പെൺകുട്ടികൾ പിന്നെയും ചിരിക്കാൻ തുടങ്ങി. സാധാരണയായി, സഹോദരന്റെ ഭാര്യയാണ് ഇത്തരം കാര്യങ്ങളും മറ്റും പറഞ്ഞുകൊടുക്കുക. പക്ഷേ ഇവിടെ സലീമയും അസ്മയുമായിരുന്നു നാത്തൂന്മാർ. കുട്ടികളെ പ്രസവിക്കുന്നതിനെക്കുറിച്ച് പരസ്പരം ഉപദേശിക്കാനുള്ള അറിവും അവർക്കുണ്ടായിരുന്നില്ല.










