കാട്ടിലെ രാജാവിനെ കാത്തിരുത്തിക്കാൻ നിങ്ങൾക്ക് പറ്റില്ല
സിംഹങ്ങൾ വരുന്നു. അങ്ങ് ഗുജറാത്തിൽനിന്ന്. അവയുടെ പ്രവേശനം സുഗമമാക്കാൻ എല്ലാവരും മാറിയേ മതിയാവൂ.
അത് നല്ലൊരു കാര്യമായി തോന്നി. ഇതെങ്ങിനെ നടപ്പാവുമെന്നതിനെക്കുറിച്ച് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഗ്രാമങ്ങൾക്ക് ഉറപ്പില്ലായിരുന്നുവെങ്കിലും.
“വലിയ മൃഗങ്ങൾ വന്നാൽ, ഈ പ്രദേശം പ്രസിദ്ധമാവും. ഞങ്ങൾക്കെല്ലാം ഗൈഡുമാരായി ജോലി കിട്ടും. ഈ ഭാഗത്ത് കടകളും ഭക്ഷണശാലകളും നടത്താൻ കഴിയും. ഞങ്ങളുടെ കുടുംബങ്ങൾ രക്ഷപ്പെട്ടുപോവും”, കുനോ ദേശീയോദ്യാനത്തിന് പുറത്തുള്ള അഗാര ഗ്രാമത്തിലെ 70 വയസ്സായ രഘുലാൽ ജാദവാണ് ഞങ്ങളോടിത് പറയുന്നത്.
“ജലസേചനമുള്ള ഭൂമിയും, നല്ല റോഡുകളും, വൈദ്യുതിയും, മറ്റ് സൌകര്യങ്ങളുമൊക്കെ ഗ്രാമത്തിന് കിട്ടും”, രഘുലാൽ പറയുന്നു.
“അതാണ് സർക്കാർ ഞങ്ങൾക്ക് തന്ന ഉറപ്പ്”, അയാൾ തുടരുന്നു.
അങ്ങിനെ പൈരയിലെ ആളുകളും 24 ഗ്രാമങ്ങളിലായി 1,600-ഓളം കുടുംബങ്ങളും കുനോ ദേശീയോദ്യാനത്തിലെ തങ്ങളുടെ വീടുകൾ ഒഴിഞ്ഞുകൊടുത്തു. പ്രധാനമായും സഹാരിയ ആദിവാസികളും ദളിതുകളും മറ്റ് പിന്നാക്കജാതികളുമായിരുന്നു ആ മനുഷ്യർ. ധൃതിപിടിച്ചുള്ള ഇറങ്ങിപ്പോക്കായിരുന്നു അവരുടേത്.
ട്രാക്ടറുകൾ കൊണ്ടുവന്ന്, തലമുറകളായിട്ടുള്ള സമ്പാദ്യം മുഴുവൻ അതിലിട്ട് ആ വനവാസികൾ ധൃതിയിൽ വീടുകൾ വിട്ട് ഇറങ്ങിപ്പോയി. തലമുറകളായി പണിയെടുത്തിരുന്ന വയലുകളും, പ്രാഥമിക വിദ്യാലയങ്ങളും കിണറുകളും കൈകൊണ്ട് പ്രവർത്തിക്കുന്ന കുടിവെള്ളപമ്പുകളും എല്ലാം ഉപേക്ഷിച്ചു. മേയാൻ ആവശ്യത്തിനുള്ള കാടുകളില്ലാതെ കന്നുകാലികളെ കൊണ്ടുപോകുന്നത് ഭാരമായിത്തീരുമെന്ന് കരുതി അവയെപ്പോലും ഉപേക്ഷിച്ചു.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം, അവരിപ്പോഴും സിംഹങ്ങൾക്കുവേണ്ടി കാത്തിരിക്കുകയാണ്.


















