चाण्डालश्च वराहश्च कुक्कुटः श्वा तथैव च ।
रजस्वला च षण्ढश्च नैक्षेरन्नश्नतो द्विजान् ॥
ഒരു ദ്വിജൻ ഭക്ഷണം കഴിക്കുന്നത്,
ചണ്ഡാളനോ, നാട്ടുപന്നിയോ, പൂവൻകോഴിയോ, പട്ടിയോ
ഋതുമതിയോ, നപുംസകമോ നോക്കുന്നത് നിഷിദ്ധമാണ്
— മനുസ്മൃതി 3.239
വെറുമൊരു ഒളിഞ്ഞുനോട്ടമായിരുന്നില്ല. ഈ ഒമ്പതുവയസ്സുകാരന്റെ കുറ്റം അതിനേക്കാൾ ഗുരുതരമായിരുന്നു. മൂന്നാം ക്ലാസ്സുകാരനായ ഇന്ദ്ര കുമാർ മേഘ്വാൾ എന്ന കുട്ടിക്ക് അവന്റെ ദാഹം അടക്കാനായില്ല. സവർണ്ണരായ അദ്ധ്യാപകർക്കുവേണ്ടി മാറ്റിവെച്ച കുടത്തിൽനിന്നുള്ള വെള്ളം, ആ ദളിതനായ ആൺകുട്ടി കുടിച്ചു.
ശിക്ഷ കിട്ടുകയും ചെയ്തു. രാജസ്ഥാനിലെ സുരാന ഗ്രാമത്തിലെ സരസ്വതി വിദ്യാ മന്ദിർ എന്ന സ്കൂളിലെ ചായ്ൽ സിംഗ് എന്ന സവർണ്ണ അദ്ധ്യാപകൻ അവനെ തല്ലിച്ചതച്ചു.
25 ദിവസങ്ങൾക്കുശേഷം, 7 ആശുപത്രികൾ കയറിയിറങ്ങിയ ജലോർ ജില്ലയിലെ ആ കുട്ടി, സ്വാതന്ത്ര്യദിനത്തലേന്ന്, അഹമ്മദാബാദിലെ ഒരു നഗരത്തിൽവെച്ച് എന്നന്നേക്കുമായി കണ്ണടച്ചു.


