രാത്രിവെളിച്ചത്തിൽ തെളിഞ്ഞ കറുത്ത ഭീമാകാരമായ രൂപങ്ങൾക്ക് ഏതാനും അടിമാത്രം അകലെനിന്ന് ബുദ്ധുറാം ചിൻഡ ഭയത്താൽ വിറയ്ക്കുകയായിരുന്നു. 60-കാരനായ ആ ഭുഞ്ജിയ ആദിവാസി കർഷകൻ കതാഫർ ഗ്രാമത്തിലെ തന്റെ വീടിന്റെ പാതിയടഞ്ഞ വാതിലിന്റെ വിടവിലൂടെ ആ രൂപങ്ങളെ നോക്കിനിന്നു.
ഒഡീഷയിലെ സുനബേഡ വന്യജീവിസങ്കേതത്തിന്റെ ഉള്ളിലും, പുറം മേഖലയിലും ഉൾപ്പെട്ട 52 മനുഷ്യവാസമേഖലകളിലൊന്നിൽ താമസിക്കുന്ന ഈ കർഷകന് ഈ വലിയ സസ്തനികളുടെ കാഴ്ച അസാധാരണമായിരുന്നില്ല.
എന്നിട്ടും അദ്ദേഹം പറയുന്നു, “അവർ നിമിഷങ്ങൾക്കുള്ളിൽ എന്നെയും എന്റെ കുടിലിനെയും ചവിട്ടിമെതിക്കുമെന്നാണ് ഞാൻ ഭയന്നത്”. കുറച്ചുസമയത്തിനുശേഷം അദ്ദേഹം തന്റെ വീടിന്റെ പിറകുവശത്തേക്ക് പോയി തുളസിച്ചെടിയുടെ സമീപത്ത് നിന്നു: “ഞാൻ ലക്ഷ്മിദേവിയോടും ആ ഭീമൻമാരോടും പ്രാർത്ഥിച്ചു. ആ ആനക്കൂട്ടം ഒരുപക്ഷേ എന്നെ കണ്ടുകാണും.”
ബുദ്ധുറാമിന്റെ ഭാര്യ 55-കാരി സുലക്ഷ്മി ചിന്തയും ആനകളുടെ ചിന്നംവിളി കേട്ടിരുന്നു. ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിലായിരുന്നു അപ്പോൾ അവർ തന്റെ ആൺമക്കളോടും അവരുടെ കുടുംബത്തോടുമൊപ്പം.
ഒരു മണിക്കൂറിനുശേഷം ആനകൾ ആ പ്രദേശത്തുനിന്ന് പോയി.
2020 ഡിസംബറിലെ സംഭവം ഓർക്കുമ്പോൾ തന്റെ പ്രാർത്ഥ ഫലിച്ചുവെന്നാണ് ഈ കർഷകൻ വിശ്വസിക്കുന്നത്.
അതിനാൽ 2022 ഡിസംബറിൽ കാട്ടാനക്കൂട്ടം തങ്ങളുടെ പാത മാറ്റിയപ്പോൾ ബുദ്ധുറാം മാത്രമല്ല നുവാപാദ ജില്ലയിലെ 30-ഓളം ആദിവാസി ഗ്രാമങ്ങളിലുള്ളവർ ആശ്വാസിച്ചു.











