ജാംനഗർ ജില്ലയിലെ ലാൽപൂർ താലൂക്കിൽപെട്ട സിൻഗച്ച് ഗ്രാമത്തിൽനിന്നാണ് ഞാൻ വരുന്നത്. എഴുത്ത് എന്നെ സംബന്ധിച്ച് പുതിയ കാര്യമാണ്. കൊറോണ സമയത്താണ് ഞാൻ ഈ ശീലം തുടങ്ങിയത്. കന്നുകാലി വളർത്തി ജീവിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ കമ്മ്യൂണിറ്റി മൊബിലൈസറായി പ്രവർത്തിക്കുകയാണ് ഞാൻ. ഗുജറാത്തി പ്രധാനവിഷയമായി ആർട്ട്സിൽ ബിരുദാനന്തരബിരുദം ചെയ്യുന്ന ഒരു വിദ്യാർത്ഥികൂടിയാണ് ഞാൻ. കഴിഞ്ഞ ഒമ്പതുമാസമായി എന്റെ വിഭാഗത്തിൽപ്പെട്ട ആളുകൾക്കിടയിൽ വിദ്യാഭ്യാസത്തോടുള്ള അവബോധവും താത്പര്യവും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ഞങ്ങളുടെ വിഭാഗത്തിൽ വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ എണ്ണം വളരെ താഴെയാണ്. വിദ്യാഭ്യാസമുള്ള വളരെക്കുറച്ച് സ്ത്രീകളെ മാത്രമേ നിങ്ങൾക്കിവിടെ കാണാനാകൂ.
ചരാൻ, ഭാർവഡ്, ആഹിർസ് എന്നീ വിഭാഗങ്ങളെപ്പോലെ ഞങ്ങളും ആടുവളർത്തലിൽ ഏർപ്പെട്ടിരുന്ന ഇടയസമൂഹമായിരുന്നു. എന്നാൽ ഞങ്ങളിൽപ്പലരും ഇപ്പോൾ പരമ്പരാഗത തൊഴിലുപേക്ഷിച്ച് കമ്പനികളിലോ പാടങ്ങളിലോ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്. ഫാക്ടറികളിലും പാടങ്ങളിലും കൂലിപ്പണി ചെയ്യുന്ന സ്ത്രീകളുണ്ട്. ഈ സ്ത്രീകളെയും അവരുടെ ജോലിയെയും സമൂഹം അംഗീകരിക്കുന്നുണ്ട്. പക്ഷേ എന്നെപ്പോലെ ജോലി ചെയ്യുന്നവർക്ക് ഇന്നും സാമൂഹികാംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.



