സെപ്റ്റംബറിന്റെ പ്രാരംഭത്തിൽ ഘോഡാമാര ദ്വീപിൽ വന്നു കിടക്കുന്ന കടത്തുവള്ളത്തിൽ തിരക്ക് കൂടുന്നു. വേലിയേറ്റ സമയത്തു ബന്ധുക്കളുടെ വീടുകളിലും മറ്റിടങ്ങളിലുമായി അഭയം പ്രാപിച്ചവർ വെള്ളമിറങ്ങിയപ്പോൾ തിരിച്ചു ദ്വീപിലെ സ്വന്തം വീടുകളിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. മാസത്തിൽ കുറഞ്ഞത് രണ്ടു തവണ എന്ന വിധം, കടത്തുതോണി കാകദ്വീപിൽ നിന്നും സുന്ദർബൻ ഡെൽറ്റയിലെ ദ്വീപിലേക്ക് 40 മിനുട്ട് എടുത്ത് യാത്രക്കാരെ അങ്ങോട്ടും ഇങ്ങോട്ടും കടത്തി വിടുന്നു. എന്നിരുന്നാലും ഈ ദിനചര്യ, ഘോഡാമാര നിവാസികളുടെ - പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലുള്ള അവരുടെ ഈ കുഞ്ഞു ദ്വീപിൽ - അതിജീവിക്കാനുള്ള നീണ്ട പോരാട്ടത്തെ കൂടുതൽ കഠിനമാക്കുന്നു.
ഇടക്കിടെയുള്ള ചുഴലിക്കാറ്റുകളും, കാലാവസ്ഥാ വ്യതിയാനം മൂലം ഉയരുന്ന കടൽനിരപ്പും കനത്ത മഴയും, ഘോഡാമാരയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ദശകങ്ങളായുള്ള വെള്ളപ്പൊക്കവും മണ്ണൊലിപ്പും അവരുടെ ഒറ്റപ്പെട്ട സ്വദേശത്തെ ഹൂഗ്ലി അഴിമുഖത്തിലൂടെ ഒഴുകുന്ന ഒരു കഷണം ഭൂമിയാക്കി മാറ്റിയിരിക്കുന്നു.
യാസ് ചുഴലിക്കാറ്റ് മേയിൽ കരയ്ക്കണഞ്ഞതിനെ തുടര്‍ന്ന് സുന്ദർബനിലെ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ സാഗർ ബ്ലോക്കിലെ ഘോഡാമാരയും ഉള്‍പ്പെട്ടിരുന്നു. മേയ് 26-ന് വേലിയേറ്റത്തോടെ എത്തിയ ചുഴലിക്കാറ്റ് ദ്വീപിന്റെ തടത്തെ പിളർന്ന് 15-20 മിനുറ്റുകൾക്കകം എല്ലാം വെള്ളത്തിലാഴ്ത്തി. മുൻപ്, ഉംപുന്‍ (2020), ബുൾബുൾ (2019) ചുഴലിക്കാറ്റുകളുടെ ആഘാതം സഹിച്ച ദ്വീപ് നിവാസികൾക്ക് വീണ്ടും വിനാശം നേരിടേണ്ടി വന്നു. അവരുടെ വീടുകൾ നിലംപരിശായി, നെല്ലിന്റെയും അടയ്ക്കയുടെയും സംഭരണശാലകളും, സൂര്യകാന്തിപ്പാടങ്ങളും വെള്ളത്തിൽ ഒലിച്ചു പോയി.
അബ്ദുൽ റൗഫിന്റെ ഖാസിമാര ഘാട്ടിനടുത്തുള്ള വീട് ചുഴലിക്കാറ്റിനെ തുടര്‍ന്ന് നശിച്ചിരുന്നു. “ആ മൂന്നു ദിവസങ്ങളിൽ ഞങ്ങൾക്ക് ആഹാരമൊന്നുമുണ്ടായിരുന്നില്ല. മഴവെള്ളത്തിലാണ് ജീവൻ നിലനിർത്തിയത്. പ്ലാസ്റ്റിക്ക് ഷീറ്റ് വെച്ച് കൂര കെട്ടിയാണ് കഴിഞ്ഞത്”, 90 കിലോമീറ്റർ അകലെ കോല്‍ക്കത്തയിൽ തയ്യൽക്കാരനായി പണി നോക്കുന്ന റൗഫ് പറഞ്ഞു. അയാളും ഭാര്യയും രോഗബാധിതരായപ്പോൾ, “എല്ലാവരും ഞങ്ങൾക്ക് കോവിഡ് ആണെന്ന് കരുതി”, അയാൾ പറഞ്ഞു. “കുറേ പേർ ഗ്രാമം വിട്ടു”, റൗഫ് കൂട്ടിച്ചേർത്തു. “ഞങ്ങൾ അവിടെ കിടന്നു, സുരക്ഷിതമായൊരിടത്തേക്ക് മാറാനാകാതെ”. ബ്ലോക്ക് വികസന ഉദ്യോഗസ്ഥനെ വിവരമറിയിച്ചപ്പോഴാണ് റൗഫിനും ഭാര്യക്കും വൈദ്യസഹായം ലഭിച്ചത്. “ബി.ഡി.ഒ. ഞങ്ങളോട് എങ്ങനെയെങ്കിലും കാകദ്വീപിലേക്കെത്താൻ ആവശ്യപ്പെട്ടു. അവിടെ നിന്നും അദ്ദേഹം ഒരു ആംബുലൻസ് ഏർപ്പാടാക്കിയിരുന്നു. ഏകദേശം 22,000 രൂപ ഞങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നു (വൈദ്യരക്ഷയ്ക്ക്).” അന്ന് തൊട്ട് റൗഫും കുടുംബവും ദ്വീപിൽ ഒരു ഷെൽറ്ററിലാണ് കഴിയുന്നത്.
വീട് നഷ്ടപ്പെട്ട പലരും താത്കാലിക ഷെൽറ്ററുകളിലേക്ക് മാറി. ദ്വീപിലെ ഏറ്റവും ഉയർന്ന സ്ഥലമായ മന്ദിർത്തല ബാസാറിലെ ടാങ്ക് ഗ്രൗണ്ടിലെ ഷെൽറ്ററിലാണ് മന്ദിർത്തല ഗ്രാമവാസികളെ പാർപ്പിച്ചിരിക്കുന്നത്. ചിലർ അടുത്തായുള്ള ഇടുങ്ങിയ വഴിയിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ദ്വീപിലെ ഹാട്ഖോല, ചുൻപുരി, ഖാസിമാര എന്നീ പ്രദേശങ്ങളിൽ നിന്നും 30 കുടുംബങ്ങളെ ഘോഡാമാരയ്ക്ക് തെക്കുള്ള സാഗർ ദ്വീപിൽ താൽക്കാലികമായി പാർപ്പിച്ചിട്ടുണ്ട്. അവർക്ക് അവിടെ പുനരധിവസിക്കുന്നതിനായി ഭൂമി അനുവദിച്ചു കൊടുത്തിരിക്കുകയാണ്.



























