മാറ്റം വരുത്തുന്നത്തിനും തയ്ക്കുന്നതിനുമായി ഒരുകൂട്ടം തുണികൾ മോഹിനി കൗറിന്റെ ചെറു മുളം ഷെഡ്ഡിലെ ഇടുങ്ങിയ കട്ടിലിൽ കിടന്നിരുന്നു. "എനിക്ക് അത്ര നന്നായി തയ്ക്കാൻ ഒന്നും അറിയില്ല, പക്ഷേ പറ്റുന്നതുപോലെ ഞാൻ ചെയ്യുന്നു”, ന്യൂഡൽഹിയിലെ സ്വരൂപ് നഗറിൽ നിന്നുള്ള 61-കാരി പറഞ്ഞു. 2020-ലാണ് അവർ സിംഘു സമരസ്ഥലത്തെത്തിയത്. "സമരം ചെയ്യുന്ന കർഷകർക്ക് സേവനം ചെയ്യാനാണ് ഞാനിവിടെ എത്തിയത്. അവർ ഞങ്ങൾക്ക് ഭക്ഷണത്തിന് വേണ്ടത് വളർത്തുന്നു, ഇതായിരുന്നു എനിക്ക് അവർക്ക് ചെയ്യാൻ പറ്റുമായിരുന്നത്”, അവർ പറഞ്ഞു. മോഹിനി തിരികെ വീട്ടിലേക്ക് പോയില്ല, ഒരിക്കൽപോലും – 2021 ഡിസംബർ 9-ന് കർഷക യൂണിയനുകൾ അവരുടെ സമരങ്ങൾ പിൻവലിക്കുന്നതുവരെ.
ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ സന്നദ്ധ പ്രവർത്തകയായുള്ള അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചാബി ദിനപത്രമായ അജിത് വാർത്ത നൽകിയത് പഞ്ചാബിൽ നിന്നുള്ള വായനക്കാരനായ 22-കാരനായ ഹർജീത് സിംഗിനെ മോഹിനിക്ക് സഹായം നൽകാൻ പ്രേരിപ്പിച്ചു. ഈ വർഷം ജൂലൈയിൽ 22-കാരനായ ഹർജീത് സിംഗ് മോഹിനിയോടൊപ്പം ഷെഡ്ഡിൽ ജോലിക്കായി ചേർന്നു.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖന്ന നഗരത്തിൽ ഹർജീതിന് സ്വന്തമായി ഒരു തയ്യൽ കടയുണ്ട്. അദ്ദേഹത്തിന്റെ കർഷകനായ അച്ഛൻ അവരുടെ നാലേക്കർ പാടത്ത് നെല്ല്, ഗോതമ്പ്, ചോളം എന്നിവ കൃഷി ചെയ്യുന്നു. "ഞാൻ എന്റെ കട എന്റെ രണ്ട് കൈപ്പണിക്കാരുടെ ഉത്തരവാദിത്തത്തിൽ ഏൽപ്പിച്ചിട്ട് ജൂലൈയിൽ മോഹിനിജിയെ സഹായിക്കാനായി സിംഘുവിലേക്കു പോന്നു. ഇവിടെ വലിയ ജോലിയൊന്നുമില്ല. എല്ലാം അവർക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയും.”
കട്ടിലും ജോലിചെയ്യാനുള്ള മേശയും കൂടാതെ 2 തയ്യൽ മെഷീനുകളും നിലത്ത് സ്ഥാപിക്കാവുന്ന ഒരു ഫാനും ഷെഡ്ഡിൽ ഉണ്ടായിരുന്നു. അതിനാൽ മുറിയിൽ സ്ഥലം കുറവായിരുന്നു. പാൽ തിളപ്പിച്ചിരുന്ന, കൊണ്ടു നടക്കാൻ പറ്റുന്ന, ഒരു ഗ്യാസ് കാനിസ്റ്റർ സ്റ്റൗ തറയിൽ ഉണ്ടായിരുന്നു. മോഹിനിയോടോ ഹർജിത്തിനോടോ സംസാരിക്കാൻ ഒരു സമയത്ത് ഒരാൾക്ക് മാത്രമേ അകത്ത് കടക്കാൻ പറ്റുമായിരുന്നുള്ളൂ. ‘ഉപഭോക്താക്കൾ’ – കർഷകരും സമരഭൂമിയിലെ മറ്റുള്ളവരും – വാതിൽക്കൽ നിന്നിരുന്നു.







