വീട്ടിലെ ഇളം പ്രായക്കാരൊക്കെ ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോയിട്ടുണ്ടാകും. മറ്റ് മുതിർന്ന പുരുഷന്മാരാകട്ടെ, പാടത്തെ പണിയൊക്കെ കഴിഞ്ഞാൽ, തണുപ്പുകാലത്തെ ഉച്ചസമയങ്ങളിൽ ഹരിയാനയിലെ സോനീപത് ജില്ലയിലെ ഹർസാന കലാം ഗ്രാമത്തിലെ ഗ്രാമചത്വരത്തിൽ ശീട്ടുകളിച്ചും വിശ്രമിച്ചും സമയം കളയും.
സ്ത്രീകളെ അവിടെ കാണാറേയില്ല.
“ആ വലിയ ആളുകളുടെ കൂട്ടത്തിൽ എന്തിന് സ്ത്രീകൾ ഇരിക്കണം? ജോലി ഒഴിഞ്ഞ് അവർക്ക് ഒരിക്കലും സമയം കിട്ടാറില്ലല്ലോ“, വിജയ് മണ്ഡൽ എന്ന നാട്ടുകാരൻ പറഞ്ഞു.
ദില്ലിയിൽനിന്ന് കഷ്ടി 35 കിലോമീറ്ററുകൾക്കപ്പുറത്തുള്ള, 5,000-ത്തിനടുത്ത് ആളുകൾ താമസിക്കുന്ന ഈ ഗ്രാമത്തിലെ സ്ത്രീകൾ ഏതാനും വർഷങ്ങൾക്കുമുമ്പുവരെ, മുഖംമൂടി (പർദ്ദ) ധരിച്ചായിരുന്നു നടന്നിരുന്നത്.
“സ്ത്രീകൾ ഗ്രാമചത്വരത്തിലേക്ക് നോക്കുകപോലുമില്ല”, മണ്ഡൽ പറഞ്ഞു. ഗ്രാമത്തിന്റെ നടുക്കുള്ള ഈ സ്ഥലത്താണ് ഗ്രാമത്തിലെ പ്രശ്നങ്ങളും വഴക്കുകളും പറഞ്ഞുതീർക്കാൻ മുതിർന്ന പുരുഷന്മാർ സമ്മേളിക്കുക. “പണ്ടത്തെ സ്ത്രീകളൊക്കെ ആചാരങ്ങളെ ബഹുമാനിച്ചിരുന്നു” ഹർസാന കലാമിലെ സർപാഞ്ചായ സതീഷ് കുമാർ പറഞ്ഞു.
“ആത്മാഭിമാനവും അന്തസ്സുമുള്ളവരായിരുന്നു അവർ. മുഖംമൂടി ധരിച്ചല്ലാതെ ഗ്രാമചത്വരത്തിന്റെ ഭാഗത്തേക്ക് പോവുകപോലുമില്ല അവർ”, മുഖത്തെ ചുളിവുകൾ വിടർത്തിയ ഒരു ചിരിയോടെ മണ്ഡൽ പറഞ്ഞു.
36 വയസ്സുള്ള സായറയ്ക്ക് ഇതൊന്നും പുത്തനല്ല. ദില്ലിക്കടുത്തുള്ള മാജ്ര ഡബാസ് എന്ന ഗ്രാമത്തിൽനിന്ന് 20 വയസ്സിൽ ഈ ഗ്രാമത്തിലേക്ക് വധുവായി വന്നതിൽപ്പിന്നെ, കഴിഞ്ഞ 16 വർഷമായി ഈ നിയമങ്ങളൊക്കെ അനുസരിച്ച് അടങ്ങിയൊതുങ്ങി കഴിയേണ്ടിവന്നവളാണ് അവർ. പുരുഷന്മാരിൽനിന്ന് വ്യത്യസ്തമായി സ്ത്രീകൾ ഇവിടെ അറിയപ്പെടുന്നത് അവരുടെ ആദ്യത്തെ പേരിലാണ്.
“വിവാഹത്തിനുമുൻപ് എന്റെ ഭർത്താവിനെ കണ്ടിരുന്നെങ്കിൽ, ഈ വിവാഹത്തിന് ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു. ഈ ഗ്രാമത്തിലേക്കും വരില്ലായിരുന്നു”, തയ്യൽമെഷീനിന്റെ സൂചിക്കും ധൂമ്രവർണ്ണമുള്ള തുണിക്കുമിടയിലൂടെ സമർത്ഥമായി വിരലോടിച്ചുകൊണ്ട് സായറ പറഞ്ഞു. (ഈ കഥയിൽ, അവരുടേയും കുടുംബാംഗങ്ങളുടേയും പേരുകൾ മനപ്പൂർവ്വം മാറ്റിയിട്ടുണ്ട്)











