ഇടവിട്ടിടവിട്ട്, എല്ലാ മാസവും ഗായത്രി കച്ചാറാബിയെ അതികഠിനമായ വയറുവേദന പിടികൂടാറുണ്ട്. ഒരുവർഷം മുമ്പ് നിന്നുപോയ ആർത്തവത്തെക്കുറിച്ച് അവരെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നത് ഈ മൂന്ന് ദിവസങ്ങളിൽ നീണ്ടുനിൽക്കുന്ന വേദനമാത്രമാണ്.
“അങ്ങിനെയാണ് അത് എന്റെ ആർത്തവമാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ചോരപ്പോക്കുണ്ടാവാറില്ല, മൂന്ന് കുട്ടികളെ പ്രസവിച്ചതുകൊണ്ട്, ഇനി പോകാൻ ചോര ബാക്കിയില്ലാത്തതുകൊണ്ടായിരിക്കും”, 28 വയസ്സുള്ള ഗായത്രി പറയുന്നു. ആർത്തവമില്ലാത്തത്, മാസന്തോറുമുള്ള വയറുവേദനയ്ക്കോ നടുവേദനയ്ക്കും ഒരു ശമനവുമുണ്ടാക്കുന്നില്ല. പ്രസവസമയത്തുണ്ടാവുന്നതുപോലെയുള്ള വേദനയാണ് ആ ദിവസങ്ങൾ. “എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടാണ്”, അവർ പറയുന്നു.
ഉയരവും, മെലിഞ്ഞ ശരീരപ്രകൃതിയും, ആകർഷകമായ കണ്ണുകളും, നിർത്തിനിർത്തിയുള്ള സംഭാഷണരീതിയുമുള്ള സ്ത്രീയാണ് ഗായത്രി. മഡിഗാസ് എന്ന ദളിത് സമുദായാംഗമായ അവർ മഡിഗരുടെ കോളനിയിലാണ് താമസം. കർണ്ണാടകയിലെ ഹവേരി ജില്ലയിലെ റാണിബെന്നൂർ താലൂക്കിലുള്ള അസുണ്ടി ഗ്രാമത്തിന്റെ പുറമ്പോക്കിലാണ് ആ കോളനി. ഗായത്രി ഒരു കർഷകത്തൊഴിലാളിയും, കൈകളുപയോഗിച്ച് വിളകളിൽ പരാഗണവിതരണം നടത്തുന്നതിൽ വിദഗ്ദ്ധയുമാണ്.
ഏകദേശം ഒരുവർഷം മുമ്പ്, മൂത്രമൊഴിക്കുമ്പോൾ വേദന തോന്നിത്തുടങ്ങിയപ്പോഴാണ് അവർ വൈദ്യസഹായം തേടിയത്. ഗ്രാമത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ബയാഡ്ഗിയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് അവർ പോയി.
















