മദ്യത്തിന്റെ കൂട്ടുകളെക്കുറിച്ചും വളർത്തുമൃഗങ്ങളുടെ വിവാഹത്തിനെക്കുറിച്ചുമൊക്കെ എഴുതാനായിരിക്കും 2000-ങ്ങളിൽ നിങ്ങൾക്ക് കിട്ടിയിട്ടുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ ചുമതലകളിലധികവും. സാധാരണ മനുഷ്യരുടെ വിഷയങ്ങളെക്കുറിച്ചായിരിക്കില്ല. ആദർശങ്ങൾ മുറുകെപ്പിടിച്ചിരുന്നാൽ നിങ്ങളെ അവർ ഝോലാവാലയായി (പൊക്കണസ്സഞ്ചി തൂക്കി നടക്കുന്നവർ - ഇടതുപക്ഷക്കാരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രതീകം) മുദ്രകുത്താനും ഇടയുണ്ടായിരുന്നു
രാജ്യത്തിന്റെ 69 ശതമാനം ജനങ്ങളെ ഉൾക്കൊള്ളുന്ന – 800-ഓളം ഭാഷകൾ സംസാരിക്കുന്ന 833 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട് ആ ഭാഗങ്ങളിൽ – ഗ്രാമീണ ഇന്ത്യയെ വാർത്താമാധ്യമങ്ങൾ സ്പർശിക്കുകപോലും ചെയ്തിരുന്നില്ലെന്നും, അച്ചടിവാർത്താ പ്രസിദ്ധീകരണങ്ങളുടെ മുൻപേജിൽ അവരെക്കുറിച്ച് വന്നിരുന്ന വാർത്തകളുടെ ശതമാനം കേവലം 0.67 ആയിരുന്നുവെന്നും 2014-ൽ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് നടത്തിയ ഒരു പഠനം പറയുന്നു. ന്യൂ ദില്ലിയിൽനിന്നുള്ള വാർത്താ റിപ്പോർട്ടുകൾ മാത്രം ദേശീയ മാധ്യമങ്ങളുടെ മുൻപേജിന്റെ 66 ശതമാനവും കൈയ്യടക്കിയിരുന്നുവെന്നും അതേ റിപ്പോർട്ടിൽ സൂചിപ്പിച്ചു
“പത്രപ്രവർത്തനത്തിൽ 35 വർഷം പിന്നിടുമ്പോഴും, കൃഷി, തൊഴിൽ, മറ്റ് സാമൂഹികമേഖലകൾ എന്നിവയെക്കുറിച്ചെഴുതുന്ന മുഴുവൻ സമയ റിപ്പോർട്ടർമാരുള്ള ഒരു പത്രമോ ടിവി ചാനലോ ഞാൻ കണ്ടിട്ടില്ല”, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ (പാരി) സ്ഥാപക പത്രാധിപരായ പാലഗുമ്മി സായ്നാഥ് പറയുന്നു. 43 വർഷമായി ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ച് ഇടതടവില്ലാതെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന പ്രമുഖ് മാധ്യമപ്രവർത്തകനാണ് സായ്നാഥ്. 60-ലേറെ പുരസ്കാരങ്ങളാണ് ഇതുവരെയായി അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
ദൈനംദിന മനുഷ്യരുടെ ദൈനംദിന ജീവിതത്തെ രേഖപ്പെടുത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ഒരു മൾട്ടിമീഡിയ മാധ്യമ കലവറയാണ് പാരി. കൌണ്ടർ മീഡിയ ട്രസ്റ്റിന്റെ സംരംഭത്തിൻകീഴിൽ, 2014 ഡിസംബറിൽ, പന്ത്രണ്ടിൽത്താഴെ ആളുകളുമായി തുടങ്ങിയതാണ് ഇത്. ഗ്രാമീണ പത്രപ്രവർത്തന സൈറ്റായി തുടങ്ങിയ പാരിയിൽ ഇപ്പോൾ ഔദ്യോഗികറിപ്പോർട്ടുകളുടെയും, ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള അപൂർവ്വമായ രേഖകളുടേയും, ഗ്രാമീണജീവിതത്തെക്കുറിച്ചുള്ളതും അതിൽനിന്ന് ഉത്ഭവിച്ചതുമായ കലകളുടേയും ഒരു ഓൺലൈൻ ലൈബ്രറിയും, ഒരു വിദ്യാഭ്യാസ സംരംഭവും എല്ലാം ഉൾക്കൊള്ളുന്നു












