ബീഡിപ്പുകയൂതുന്നതിടെയും രത്തൻ സിംഗിന്റെ നോട്ടം എപ്പോഴും അദ്ദേഹത്തിന്റെ ആടുകളിലാണ്. ഫരീദാബാദിലെ മാംഗർ ഗ്രാമത്തിൽനിന്നുള്ള ഗുജ്ജർ സമുദായാംഗമായ ആട്ടിടയനാണ് രത്തൻ സിംഗ്. ആടുകളെയുംകൊണ്ട് ആരവല്ലി മലനിരകളിലെ കുത്തനെയുള്ള ഒരു കയറ്റം കയറി ഒരു പുൽമേട്ടിൽ എത്തിയതിനുശേഷം, ആടുകൾക്ക് വെള്ളം നൽകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. 'ട്ർർർ..ട്ർർർ" എന്നിങ്ങനെ അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള വിളി മുഴങ്ങുമ്പോഴേയ്ക്കും 45 ആടുകൾ കൂട്ടംകൂടിയെത്തുന്നു.
"വ്യത്യസ്ത ഈണത്തിലും മുഴക്കത്തിലുമുള്ള ഓരോ വിളിയും വ്യത്യസ്ത നിർദ്ദേശങ്ങളാണ് സൂചിപ്പിക്കുന്നത്; ആട്ടിൻകൂട്ടത്തെ നിയന്ത്രിക്കാനായി ഇത്തരത്തിലുള്ള ഒരു ഡസനിലധികം വ്യത്യസ്ത ശബ്ദങ്ങളുണ്ട്," അദ്ദേഹം പറഞ്ഞു.
ആടുകളെ ഇടയനടുത്തേയ്ക്ക് വിളിക്കാനായി "ആവോ ആവോ" എന്ന് സൗമ്യമായി വിളിക്കണം. ലളിതമായി പറഞ്ഞാൽ,'അടുത്തേയ്ക്ക് വരൂ' എന്ന് വിളിക്കുന്നതുപോലെ. അതേസമയം, ആടുകളെ ഉപ്പ് കഴിക്കാൻ വിളിക്കുന്നത് "ലേ ലേ ലേ" എന്ന വേറിട്ട വിളിയിലൂടെയാണ്.
"ആഊലേ, ആഊലേ ...ഊഹ് ഊഹ്" എന്ന വിളിയ്ക്ക് രണ്ട് ഉദ്ദ്യേശമുണ്ട്. ഇടയൻ അടുത്തുണ്ട് എന്ന് ആടുകൾക്ക് ധൈര്യം നൽകുന്നതിനൊപ്പം ചുറ്റുവട്ടത്ത് പതുങ്ങിയിരിക്കുന്ന ഇരപിടിയന്മാർക്ക് ആടുകൾ ഒറ്റയ്ക്കല്ലെന്ന മുന്നറിയിപ്പ് നൽകാൻ കൂടിയാണ് ഇടയന്മാർ അങ്ങനെ വിളിക്കുന്നത്.
ഇത്തരത്തിലുള്ള ഓരോ വിളികളും ഞങ്ങളെ കേൾപ്പിച്ച്, ഈണത്തിലും താളത്തിലും നേരിയ വ്യത്യാസമുള്ള വിളികൾ എങ്ങനെയാണ് ഇടയനും ആടുകളും തമ്മിലുള്ള പുരാതനമായ ബന്ധം നിലനിർത്തുന്നതെന്ന് 65 വയസ്സുകാരനായ രത്തൻ സിംഗ് ഞങ്ങൾക്ക് വിശദീകരിച്ചുതന്നു.
ഉയരമുള്ള, മെലിഞ്ഞ ശരീരപ്രകൃതിയുള്ള സിംഗ് കുർത്തയും പൈജാമയുമാണ് ധരിച്ചിരിക്കുന്നത്. തലയിൽ തലേക്കെട്ടുമുണ്ട്. കൂർത്ത പാറകളും മുള്ളുകളുമുള്ള കുന്നുകളിലൂടെ നടക്കാൻ സഹായിക്കുന്ന കട്ടിയുള്ള തുകൽ ഷൂസുകളും അദ്ദേഹം ധരിച്ചിട്ടുണ്ട്.
ഡൽഹി-ഹരിയാന അതിർത്തിയിലായി, ആരവല്ലി മലനിരകളിലുള്ള, സമ്പന്നമായ ജൈവവൈവിധ്യത്തിന് വിഖ്യാതമായ മാംഗർ ഗ്രാമമാണ് സിംഗിന്റെ സ്വദേശം.

















