കടുംമഞ്ഞ നിറത്തിലുള്ള സാരി ചുറ്റി, റബ്ബർ ചെരിപ്പിൽ അത് പിണയാതിരിക്കാൻ സാരിയുടെ വക്ക് അരയിൽക്കുത്തി മടമ്പുയരത്തിലാക്കി, ജനുവരിയിലെ തണുത്ത പ്രഭാതത്തിൽ തിരക്കിട്ട് നടക്കുകയായിരുന്നു അവർ. കാറ്റിലിളകുന്ന ഒരു പിങ്ക് സ്കാർഫുകൊണ്ട് തലമുടി മൂടിവെച്ചിട്ടുണ്ട് അവർ. കഷ്ടിച്ച് ഒരു കിലോ ഭാരംവരുന്ന ഇളം സ്വർണ്ണനിറത്തിലുള്ള ഒരു ചണക്കയർ (ക്രോട്ടാലാരിയ ജുൻസിയ) ചുരുട്ടി ചുമലിൽ തൂക്കിയിട്ടിട്ടുണ്ട്, ഒരു ഫാഷൻ സാധനംപോലെ.
ഇടത്തേ കൈയ്യിൽ ഒരു നൂലിൽ ധേര എന്ന, ലളിതവും നാല് കൂർത്ത അറ്റങ്ങളുമുള്ള മരത്തിൻ്റെ ചക്ലി പിടിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് അവർ ചുറ്റിവെച്ചിട്ടുള്ള കയറിൽനിന്ന് വലതുകൈകൊണ്ട് ഒന്നോ രണ്ടോ നാരെടുത്ത്, ഇരുകൈകൊണ്ടും വേഗത്തിൽ കനം കുറഞ്ഞ ഒരു കയറുണ്ടാക്കും. മാന്ത്രികവിദ്യയിലെന്നപോലെ അവരുടെ വിരലുകൾ പരുക്കൻ ചണയെ മിനുസമുള്ള തിളങ്ങുന്ന നാരുകളാക്കിക്കൊണ്ടിരുന്നു. അത് വലുതായി വലുതായി ഒടുവിൽ ധേര നിലത്തുവീഴും. “നട..നട..” എന്ന് സൗമ്യമായി കൽപ്പിച്ച്, അവർ മൂന്ന് പശുക്കളേയും രണ്ട് ആടുകളേയും തെളിക്കുകയും ചെയ്യുന്നുണ്ടായിരുനു. നിലത്ത് വീണ ചക്ലി കൈയ്യിലെടുത്ത് കനം കുറഞ്ഞ ആ നാരുകൾ വീണ്ടും അതിൽ ചുറ്റിവെച്ച്, ഇതെല്ലാം ആദ്യംതൊട്ട് വീണ്ടും തുടങ്ങി.
“ശ്രദ്ധ തെറ്റിയാൽ മതി, അത് പോവും..ഗോതമ്പ് പാടത്തേക്കോ കടുകുപാടത്തേക്കോ,” തന്നോടെന്ന മട്ടിൽ അവർ പറയുന്നു. 56 വയസ്സുള്ള ഫാഗുനി ഇതെല്ലാം ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുന്നത് - ആടിനെ തെളിക്കുന്നതും, കൂടെയുള്ള സ്ത്രീയോട് വർത്തമാനം പറയുനതും, റോഡിൽ ശ്രദ്ധിച്ച് നടക്കുന്നതും - ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. “ഞങ്ങൾ ചൗധരികൾ ജനിക്കുന്നതേ ഈ കഴിവുകളോടെയാണ്. ഗർഭപാത്രത്തിൽനിന്നുതൊട്ട് ഞങ്ങളിത് പഠിക്കുന്നു!” അവരുടെ ശബ്ദത്തിൽ അഭിമാനമുണ്ടായിരുന്നു. “ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും ഇതറിയാം.”


















